പ്രളയാനന്തരം ബലക്ഷയം മൂലം റോഡരികിലെ കൽകെട്ട് ഇടിഞ്ഞിടത്ത് ക്രാഷ് ബാറുകൾ സ്ഥാപിക്കുന്നത് പൂർണ്ണമായും തകർന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്താതെ


തൊമ്മാന :
പ്രളയശേഷം ബലക്ഷയം മൂലം തൊമ്മാന സംസ്ഥാനപാതയുടെ കൽകെട്ട് ഇടിഞ്ഞു അപകടാവസ്ഥയിലായിടത്ത് പൊതുമരാമത്തു വകുപ്പ് ക്രാഷ് ബാറുകൾ സ്ഥാപിക്കുന്നു. എന്നാൽ ഇവിടെ പലഭാഗത്തും 15 അടിയിലേറെ താഴ്ചയുള്ള സംരക്ഷണ ഭിത്തിയും കൽകെട്ടും ഇപ്പോളും പൂർണമായും തകർന്ന അവസ്ഥയിലാണ്, ഇത് മൂലം നടപ്പാത പോലുമില്ലാത്ത വീതികുറഞ്ഞ റോഡരികിൽ ഇരുമ്പുകൊണ്ടുള്ള സംരക്ഷണകവചങ്ങൾ സ്ഥാപിക്കാനായി കുഴി എടുക്കുമ്പോൾ റോഡരിക്ക് വീണ്ടും ഇടിയുന്ന അവസ്ഥയാണുള്ളത്. ഇതുമൂലം പണികൾ താത്കാലികമായി ഈ ഭാഗത്തു മാത്രം നിറുത്തിവച്ചിരിക്കുന്നു. മറ്റു ഭാഗങ്ങളിലെല്ലാം ക്രാഷ് ബാറുകൾ സ്ഥാപിക്കൽ പൂർത്തിയായിട്ടുണ്ട്.

അഴിമതിയും നിലവാരകുറവുമൂലവും വർഷങ്ങളായി തകർന്നു കിടന്ന പോട്ടയിൽ നിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള സംസ്ഥാനപാത മാസങ്ങൾക്കു മുൻപ് അറ്റകുറ്റപണികൾ തീർത്തു വീണ്ടും ടാറിങ് പൂർത്തിയാക്കിയ പ്രോജെക്റ്റിൽ , തൊമ്മാനയിലും പുലൂർ ഉരിയച്ചിറയിലും പാത കടന്നുപോകുന്ന പാടങ്ങൾക്ക് ഇരുവശവും ക്രാഷ് ബാറുകൾ സ്ഥാപിക്കാനുള്ള പ്രവർത്തിയും ഉൾപ്പെട്ടിരുന്നു. എന്നാൽ ചെമ്മീൻചാൽ തോടിനോട് ചേർന്ന് വരുന്ന ഭാഗത്ത് വല്ലക്കുന്നു ഇറക്കത്തിനും തൊമ്മാന ജംക്ഷനും ഇടയിൽ പലയിടത്തും റോഡിൻറെ ഇടതുവശത്തെ കൽക്കെട്ടുകൾ പൂർണ്ണമായും ഇടിഞ്ഞു പോയത് പുനർനിർമ്മിക്കാനുള്ള തുക ഇപ്പോൾ ഉൾപെടുത്തിയിട്ടില്ലെന്ന് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അതിനാൽ ഇവിടെ തത്കാലം ക്രാഷ് ബാറുകൾ പൊളിഞ്ഞ സംരക്ഷണ ഭിത്തിയിൽ തന്നെ സ്ഥാപിക്കാനാണ് നീക്കം. അടിയന്തിരമായി പൂർണമായും തകർന്ന് അവസ്ഥയിലായ 15 അടിയിലേറെ താഴ്ചയുള്ള സംരക്ഷണ ഭിത്തിയും കൽകെട്ടും അറ്റകുറ്റ പണികൾ ചെയ്തില്ലെങ്കിൽ വൻ ദുരന്തമായിരിക്കും ഇവിടെ ഉണ്ടാവുക. ക്രാഷ് ബാറുകൾ ഇവിടെ വെറും അലങ്കാര വസ്തുവായി മാറുകയും ചെയ്യും. കേരളത്തിലെ ഏറ്റവും അപകടങ്ങൾ കൂടിയ ഒരിടം കൂടിയാണ് ഈ മേഖല.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top