കലാമണ്ഡലം എസ് . അപ്പുമാരാർക്ക് മാണിക്യശ്രീ പുരസ്കാരം


ഇരിങ്ങാലക്കുട :
ഭാരതീയകലകളെയും കലാകാരൻമാരെയും അർഹിക്കുന്നരീതിയിൽ പുരസ്കരിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ കൂടൽമാണിക്യം ദേവസ്വം ഏർപ്പെടുത്തിയ ബഹുമതിമുദ്രയായ മാണിക്യശ്രീ പുരസ്കാരം ഈ വർഷം വാദ്യകലാകാരനായ കലാമണ്ഡലം എസ്. അപ്പുമാരാർക്ക്. ഉദാത്തമായ അർപ്പണബോധം, ഭാവനാശേഷി, പ്രകടനമികവ് തുടങ്ങി തന്റെ കലാസപര്യയെ ഒരു തപസ്സാക്കി പ്രവർത്തിക്കുന്ന മികച്ച കലാകാരൻമാരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഓരോ വ്യക്തികൾക്കും ഓരോ വർഷവും മാണിക്യശ്രീ പുരസ്കാരം നൽകി ആദരിയ്ക്കുക എന്നതാണ് കൂടൽമാണിക്യം ദേവസ്വം ലക്ഷ്യമാക്കുന്നത്.

ദേശീയനൃത്തഗീതവാദ്യപ്രധാനമായ ശ്രീകൂടല്‍മാണിക്യം ഉത്സവത്തിന്‍റെ ഭാഗമായി ഈവര്‍ഷം മാണിക്യശ്രീ പുരസ്ക്കാരം നൽകി ആദരിക്കുന്ന ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന വാദ്യകലാകാരനായ കലാമണ്ഡലം എസ് . അപ്പുമാരാർ, കഥകളിച്ചെണ്ട കലാകാരനായാണ് അറിയപ്പെടുന്നതെങ്കിലും സമസ്ത ക്ഷേത്രവാദ്യങ്ങളിലും നിപുണനാണദ്ദേഹം . പ്രശസ്ത കഥകളിച്ചെണ്ട കലാകാരനായിരുന്ന കൊടുങ്ങല്ലൂര്‍ അലങ്കാരത്ത് മാരാത്ത് ശങ്കരന്‍കുട്ടി മാരാരുടെ മകനായ അപ്പുമാരാര്‍ 1952മുതല്‍ ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരകകലാനിലയത്തിലെ ചെണ്ടവിഭാഗം അദ്ധ്യാപകനായിരുന്നു. 1982 മുതല്‍ പ്രിന്‍സിപ്പാളും, പദ്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ , കലാനിലയം കുഞ്ചുണ്ണി തുടങ്ങിയവര്‍ ശിഷ്യരാണ്. കൂടല്‍മാണിക്യം ക്ഷേതവുമായി അറുപതിലധികം വര്‍ഷത്തെ അഭേദ്യമായ ബന്ധം അപ്പുമാരാര്‍ക്കുണ്ട് . ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അരങ്ങേറുന്ന ഏഴു രാത്രികഥകളിയുടെ നടത്തിപ്പിന് – പ്രത്യേകിച്ച് ‘ശ്രീരാമപട്ടാഭിഷേകത്തിന് – അദ്ദേഹം പ്രകടിപ്പിരുന്ന ഉത്തരവാദിത്തം അത്ഭുതപ്പെടുത്തുന്നതാണ് . ഒരു ‘കളിയച്ഛന്‍ ‘ എന്നനിലയില്‍ അര്‍പ്പിതമനസ്സോടെയാണ് ആ നിഷ്കാമകര്‍മ്മം ചെയ്തുപോന്നിരുന്നത് .ഇപ്പോള്‍ തൃക്കൂരില്‍ മകളുടെവീട്ടില്‍ വിശ്രമജീവിതം നയിച്ചുവരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top