റെക്കോർഡ് വിളവ്, പക്ഷെ മില്ലുകാർ നെല്ലെടുക്കൽ വൈകിപ്പിക്കുന്നുവെന്നു കർഷകരുടെ പരാതി

കാട്ടൂർ : വെള്ളപൊക്കത്തിനു ശേഷം കാട്ടൂർപാടത്തും തെക്കുംപാടത്തും റെക്കോർഡ് നെല്ലുത്പാദനം ഉണ്ടായെങ്കിലും വിളവെടുപ്പിനു ശേഷം സപ്ലൈകോയുമായുള്ള കരാറനുസരിച്ച് കർഷകരിൽ നിന്ന് എടുക്കേണ്ട നെല്ല് മില്ലുകാർ വൈകിപ്പിക്കുന്നതായി പരാതി. അതിനിടെ മില്ലുകാരുടെ ഇടനിലക്കാർ നെല്ലിലെ ഈർപ്പത്തിന്റെ കണക്കുപറഞ്ഞു അഞ്ചു ശതമാനത്തിലധികം കിഴിവ് ചോദിക്കുന്നത് കർഷകർക്ക് ഇരുട്ടടിയാകുന്നുണ്ട്. പാടശേഖരങ്ങളിലും, ഒഴിഞ്ഞ പറമ്പുകളിലും കൂട്ടത്തോടെ വീണ്ടും നെല്ലുണക്കുകയാണ് കർഷകരിപ്പോൾ. അതിനിടെ കഴിഞ്ഞ ആഴ്ച ഉണ്ടായ വേനൽ മഴയും,വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന കാലാവസ്ഥ പ്രവചനവും ഇവർ സംഭരിച്ച നെല്ല് നശിച്ചു പോകുമോയെന്ന ഭയത്തിലാണിവർ. മില്ലുകാർ എത്രെയും പെട്ടെന്ന് കർഷകരിൽ നിന്ന് നെല്ല് സംഭരിക്കണമെന്നാണ് ഇവരുടെ പ്രധാനപ്പെട്ട ആവശ്യം.

പ്രളയത്തിനുശേഷം കേരളമെമ്പാടും റെക്കോർഡ് വിളവാണ് ഈ വർഷം ഉണ്ടായിട്ടുള്ളത് അതുമൂലം എല്ലാ മില്ലുകാരുടെയും ഗോഡൗണുകൾ സംഭരിച്ച നെല്ലുകൊണ്ട് നിറഞ്ഞിരിക്കുകയാണ് . ഇത് മൂലമാണ് കർഷകനിൽ നിന്ന് നെല്ലെടുക്കാൻ മില്ലുകാർ വൈമനസ്യം കാണിക്കുന്നതിന് ഒരു കാരണം. ഇത് വരെ 5.9 ലക്ഷം മെട്രിക്ക് ടൺ നെല്ല് മില്ലുകൾ വഴി സപ്ലൈകോ സംഭരിച്ചിട്ടുണ്ട്. ഇത് സപ്ലൈകോന്റെ ചരിത്രത്തിലെ സർവ്വകാല റെക്കോർഡാണ്. ഇനിയും 14 ലക്ഷം ഹെക്ടർ പാടത്തെ നെല്ല് സംഭരിക്കാനുണ്ട്. അതോടെ 6 .75 ലക്ഷം മെട്രിക്ക് ടൺ നെല്ല് സംഭരിക്കാനാവുമെന്നാണ് സപ്ലൈകോ ലക്‌ഷ്യം വക്കുന്നത്. തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നാണ് ഇത്തവണ സംഭരണമേറെയും. അതിനാൽ തന്നെ പരാതിയും ഈ ജില്ലകളിൽ നിന്നാണ് അധികവും. മഴക്ക് മുൻപ് എത്രെയും പെട്ടെന്ന് നെല്ല് കർഷകരിൽ നിന്ന് സംഭരിക്കണമെന്നു തന്നെയാണ് പാടശേഖരസമിതികളും ആവശ്യപ്പെടുന്നത്. ഉണക്കാൻ ഇട്ട നെല്ല് ചാക്കുകളിലാക്കി മില്ലുകാരുടെ ലോറികളും കാത്തിരിക്കുകയാണ് കർഷകർ, ഇതിനിടെ മഴ വില്ലനായി വരുമോ എന്ന ആശങ്കയും.

Leave a comment

Top