കൂടൽമാണിക്യം ഗോപുര കവാടം സമർപ്പിക്കാം എന്നേറ്റ വ്യക്തി പാതിവഴിയിൽ നിർമ്മാണം നിറുത്തി പിന്മാറി- 17 ലക്ഷം രൂപ അനധികൃത പിരിവു നടന്നെന്നു വെളിപ്പെടുത്തൽ

ഇരിങ്ങാലക്കുട:   കൂടൽമാണിക്യത്തിന്‍റെ പേര് ദുരുപയോഗം ചെയ്ത് സ്വകാര്യ വ്യക്തികൾ നടത്തിയ മറ്റൊരു അനധികൃത പിരിവിന്‍റെ കണക്കുകൾ കൂടി പുറത്തുവരുന്നു. കഴിഞ്ഞ ദേവസ്വം ഭരണ സമിതിയുടെ കാലഘട്ടത്തിൽ ഏറെ കൊട്ടിഘോഷിച്ച് നടത്തിയ ഇരിങ്ങാലക്കുട നടയിൽ കൂടൽമാണിക്യം റോഡിൽ സ്വകാര്യ വ്യക്തി സമർപ്പണം എന്ന പേരിൽ ആരംഭിച്ച ഗോപുര കവാട നിർമ്മാണത്തിന് ഇതിനായി മറ്റു പിരിവുകൾ പാടില്ലെന്നിരിക്കെ ഭക്തജന സമിതിയുടെ പേരിൽ 17 ലക്ഷം രൂപ പിരിച്ചു എന്നാണ് വെളിപ്പെടുത്തൽ.

റോഡിൻറെ ഇരു വശത്തും ഗോപുര കവാടത്തിനായുള്ള തൂണുകളുടെ പണികൾ നിലച്ചിട്ട് നാളുകളേറെയായി. കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2019 മാർച്ച് 31 നു മുൻപ് പണികൾ പൂർത്തിയാക്കണമെന്ന് ദേവസ്വം, സമർപ്പണം നടത്തിയ വ്യക്തിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ മാർച്ച് 30 നു സമർപ്പണം നടത്തിയ വ്യക്തി തനിക്ക് ഇത് പൂർത്തീകരിക്കാൻ കഴിവില്ലെന്ന് ഉറപ്പുള്ളതിനാൽ ദേവസ്വം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് തിരികെ കത്ത് നൽകിയിരുന്നു. പുതിയ സ്‌പോൺസറെ കണ്ടെത്തി ഇരിങ്ങാലക്കുടക്കും കൂടൽമാണിക്യം ക്ഷേത്രത്തിനും അഭിമാനകരമാകുന്ന രീതിയിൽ ബസ്റ്റാന്റിന്‌ സമീപം കൂടൽമാണിക്യം റോഡിൽ സ്ഥിര ഗോപുര കവാടം പണിയാൻ ദേവസ്വം മുൻ കയ്യെടുക്കുന്നതിനിടയിൽ ഭക്തജന സമിതി എന്ന പേരിൽ ചില സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ 17 ലക്ഷം രൂപ പിരിച്ച് കവാട നിർമ്മാണത്തിനായി നേരെത്തെ നൽകിയിരുന്നതായി ചിലർ അറിയിക്കുകയും, ഈ വിഷയം ഇപ്പോൾ കോടതി പരിഗണനയിലാണെന്നും ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു.

ഗോപുര കവാടം സമർപ്പണമായി ഒരു വ്യക്തി ചെയ്യുന്നതിനാൽ ഇതിന്റെ പേരിൽ മറ്റൊരു രീതിയിൽ ഒരു പിരിവും ആരും നടത്തരുതെന്നിരിക്കെ കൂടൽമാണിക്യത്തിന്റെ പേര് ദുരുപയോഗം ചെയ്ത് ചിലർ വമ്പിച്ച പിരിവു നടത്തിയത് ഇപ്പോൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും ദേവസ്വം ചെയർമാൻ പറഞ്ഞു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുമെന്നതിനാലാണ് സ്വകാര്യ വ്യക്തികൾ കൂടൽമാണിക്യത്തിന്റെ പേര് ഉപയോഗിക്കരുതെന്നു ദേവസ്വം ആവർത്തിച്ചവശ്യപെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ചടങ്ങുകൾ നടത്തിയിരുന്ന ഒരു വ്യക്തിയും കഴിഞ്ഞ ഭരണ സമിതിയിലെ ഒരു യുവ കോൺഗ്രസ്സ് നേതാവും മുൻകൈയെടുത്താണ് പിരിവുകൾക്കായി തങ്ങളെ സമീപിച്ചതെന്ന് പലരും വെളിപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ പറഞ്ഞു. സ്ഥിരമായ ഗോപുര കവാട നിർമ്മാണം ബസ്റ്റാന്റ് പരിസരത്ത് പൂർത്തിയാകാതെ കിടക്കുന്നത് ദേവസ്വത്തിന് അപമാനകരമാണെന്നും ദേവസ്വം ചെയർമാൻ കൂട്ടിച്ചേർത്തു

Leave a comment

Top