ജനവാസ മേഖലയിലെ മൊബൈൽ ടവറിനെതിരെയുള്ള പ്രതിഷേധം നഗരസഭ ചെയർപേഴ്‌സന്‍റെ മുറിയിലും, നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകുമെന്ന് നഗരസഭ സെക്രട്ടറി


മാപ്രാണം : കുഴിക്കാട്ടുകോണത്ത് നഗരസഭയുടെ അനുമതിയില്ലാതെ ജനവാസ മേഖലയിൽ മൊബൈൽ ടവർ നിർമ്മാണം നടത്തുന്നതിനെതിരെയുള്ള പ്രതിഷേധം നാട്ടുകാർ വാർഡ് കൗൺസിലറോടൊപ്പം നഗരസഭ ചെയർപേഴ്‌സന്റെ മുറിയിലെത്തി പ്രകടിപ്പിച്ചു. ഇതേതുടർന്ന് നഗരസഭ സെക്രട്ടറി ഇന്ന് തന്നെ നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകുമെന്ന് അറിയിച്ചു. നഗരസഭ 9-ാം വാർഡിൽ കുഴിക്കാട്ടുകോണം ഷാപ്പ് വഴിയിലെ സ്വകാര്യാ വ്യക്തിയുടെ സ്ഥലത്ത് അനുമതിയില്ലാത്ത നിർമ്മാണം ആരംഭിച്ച മൊബൈൽ ടവറിനെതിരെ ആഴ്ചകൾക്കു മുൻപ് താൻ പരാതി നൽകിയിട്ടും ഇതുവരെ ഉദ്യോഗസ്ഥർ ആരും സംഭവസ്ഥലം സന്ദർശിക്കുകയോ നടപടിയെടുക്കുകയോ ചെയ്തില്ലെന്ന് വാർഡ് കൗൺസിലർ രമേശ് വാര്യർ പറഞ്ഞു.


എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചുവെന്ന് സെക്രട്ടറി പറഞ്ഞപ്പോൾ ചെയർപേഴ്‌സന്‍റെ മുറിയിൽ കൂടിയിരുന്ന സ്ത്രീകൾ അടക്കമുള്ളവർ ഒറ്റ സ്വരത്തിൽ ഇതിനെതിരെ പ്രതിഷേധിക്കുകയും ഒരു ഉദ്യോഗസ്ഥനും സംഭവസ്ഥലം സന്ദർശിച്ചിരുന്നില്ലെന്നും ചൊവ്വാഴ്ച രാവിലെ മാത്രമേ ഇവർ ആദ്യമായി എത്തിയതെന്നും പറഞ്ഞു. ഉദ്യോഗസ്ഥതലത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിക്കാമെന്നും ചെയർ പേഴ്സൺ നിമ്മ്യ ഷിജു പറഞ്ഞതോടെയാണ് പ്രതിഷേധക്കാർ ശാന്തരായത്.

Leave a comment

Top