ഗള്‍ഫ് കാഴ്ച്ച ഒരുക്കി ഇരിങ്ങാലക്കുട ശാന്തിനികേതൻ ക്യാമ്പസിൽ ഈന്തപ്പനകൾ കുലച്ചു


ഇരിങ്ങാലക്കുട : അറേബ്യൻ നാടുകളിൽ കണ്ടുവരാറുള്ള ഈന്തപ്പന ഇരിങ്ങാലക്കുടയിലും കായ്ച്ചു. ശാന്തിനികേതൻ പബ്ലിക്ക് സ്കൂളിലെ പൂന്തോട്ടത്തിലാണ് ഈ കൗതുക കാഴ്ച. ഉഷ്‌ണമേഘല പ്രദേശങ്ങളിലാണ് സാധാരണ ഈന്തപ്പന വളരുന്നത്. എന്നാൽ നമ്മുടെ നാട്ടിലുണ്ടായ കാലാവസ്ഥ മാറ്റമാണ് ഈന്തപ്പന കായ്ക്കാൻ സാഹചര്യമുണ്ടായതെന്നാണ്‌ ഈ മേഖലയിലെ വിദഗ്‌ദ്ധരുടെ അഭിപ്രായം. അറബ് രാജ്യങ്ങളെ കൂടാതെ അമേരിക്കയിലെ കാലിഫോർണിയ, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ, സ്പെയിൻ, പാകിസ്താൻ എന്നിവിടങ്ങളിലും ഈന്തപ്പനകൾ കൃഷി ചെയ്യുന്നുണ്ട്.


സാധാരണയായി പരപരാഗണ സംവിധാനം വഴി ബീജസങ്കലനം നടത്തുന്ന ഈന്തപ്പനകള്‍ ധാരാളമായി കൃഷി ചെയ്യുന്ന അറേബ്യന്‍ നാടുകളില്‍ പോലും പൂങ്കുലകളെ തമ്മില്‍ കൂട്ടിക്കെട്ടിയാണ്‌ ബീജസങ്കലനം നടത്താറുള്ളത്‌. എങ്കില്‍ മാത്രമേ കായ്‌ക്കുകയുള്ളൂ എന്നാണ്‌ പറയുന്നത്‌. എന്നാല്‍ ഇവിടെ ഷഡ്‌പദങ്ങളുടെ സാന്നിധ്യമാണ്‌ പരാഗണത്തിന്‌ സഹായകമാകുന്നതെന്നാണ്‌ വിദഗ്‌ദ്ധരുടെ അഭിപ്രായം. മൂന്ന് വർഷം മുൻപ് ക്യാമ്പസ് ബ്യുട്ടിഫിക്കേഷന്റെ ഭാഗമായി മദ്രാസിൽ നിന്ന് കൊണ്ടുവന്നതാണ് ഈ ഈന്തപ്പനകളെന്നും കഴിഞ്ഞ രണ്ടുവർഷമായി പൂക്കാറുണ്ടെങ്കിലും ഈ വർഷമാണ് ഈന്തപ്പനകൾ കായ്ച്ചതെന്നും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധി എ കെ ബിജോയ് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. ഈന്തപ്പന പൂത്തതറിഞ്ഞു നിരവധിപേർ ഇതിനു താഴെ നിന്ന് “ഗൾഫ് ഫീലിലുള്ള” സെൽഫിയെടുക്കാൻ ഇവിടെ എത്തുന്നുണ്ട് .

Leave a comment

Top