ദേശീയ സംഗീത-നൃത്തവാദ്യോത്സവമായി ശ്രീകൂടൽമാണിക്യം ഉത്സവം : കലാപരിപാടികൾ നിശ്ചയിച്ചു


ഇരിങ്ങാലക്കുട :
ദേശീയ – അന്തർദ്ദേശീയതലത്തിൽ പ്രമുഖരായ കലാകാരന്മാരെ ഉൾപ്പെടുത്തി ഇത്തവണയും *ശ്രീകൂടൽമാണിക്യം ഉത്സവം ദേശീയ സംഗീത-നൃത്തവാദ്യോത്സവമായാണ് നിശ്ചയിച്ചിരിക്കുന്നത് എന്ന് ദേവസ്വം. പ്രമുഖരായ കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് വിശേഷാൽപന്തലിലെ പ്രധാനപരിപാടികളെല്ലാം ക്രമീകരിച്ചിട്ടുള്ളത്. തിരുവാതിരക്കളിയും പ്രാദേശിക കലാകാരന്മാരുടെ പരിപാടികളും അവയോടൊപ്പം ഉൾച്ചേർത്തിട്ടുണ്ട്.

കൊടിപ്പുറത്തുവിളക്കുദിവസമായ മെയ് 15ന് വിശ്വവിഖ്യാത ലയവിദ്വാൻ മൃദംഗ ചക്രവർത്തി ഗുരു കാരൈക്കുടി ആർ. മണി പങ്കെടുക്കുന്ന കുന്നക്കുടി ബാലമുരളി കൃഷ്ണയുടെ സംഗീതക്കച്ചേരിയോടെയാണ് ദേശീയസംഗീതനൃത്തവാദ്യോത്സവത്തിനു തിരിതെളിയുന്നത്. കർണാടകസംഗീതലോകത്തെ അതിപ്രശസ്തരുടെ ഒരു നിരതന്നെ 2019 ഉത്സവത്തിന്റെ ആകർഷണമാണ്. കേരളത്തിൽനിന്നും ദേശീയതലത്തിൽ അറിയപ്പെടുന്ന വി. ആർ. ദിലീപ്കുമാര്‍ , വീണാ – വയലിന്‍ ജുഗല്‍ബന്ദിയില്‍ ഇന്നത്തെ ആവശമായ ജയന്തി -കുമരേഷ് , അന്തർദ്ദേശീയതലത്തിൽ അറിയപ്പെടുന്ന മല്ലാടി ബ്രദേഴ്സ്, പുല്ലാങ്കുഴല്‍ സംഗീതരംഗത്തെ യുവപ്രതിഭകളായ ബാംഗ്ലൂരിൽനിന്നുമുള്ള ഹേരംബയും ഹേമന്തയും ചെന്നൈയിൽനിന്നും ശ്രീരഞ്ജിനി സന്താനഗോപാലൻ, വിഗ്നേഷ് ഈശ്വർ ഇവരാണ് കർണാടകസംഗീത വിഭാഗത്തിലെ മുഖ്യആകർഷണ വ്യക്തിത്വങ്ങൾ.

ഈ മഹോത്സവത്തിന്‍റെ ഭാഗമായ ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി അവതരിപ്പിക്കുന്നത് ഉത്തരകർണ്ണാടകദേശത്തുനിന്നും വരുന്ന കിരാന ഖരാനയിലെ പ്രശസ്തഗായകനായ പണ്ഡിറ്റ് ജയതീർഥ് മേവുണ്ടിയാണ്. ശ്രീകൂടൽമാണിക്യം ഉത്സവത്തിന്റെ ചരിത്രത്തിലാദ്യമായി ബംഗാളിദേശത്തുനിന്നും ബാവ്ൾ സംഗീതവും കർണ്ണാടക ദേശത്തുനിന്നും യക്ഷഗാനവും അരങ്ങിലെത്തുന്നു. അന്താരാഷ്ട്രപ്രശസ്തയായ പാർവതിബാവ്ളാണ് ബാവ്ൾസംഗീതം അവതരിപ്പിക്കുന്നത്. കെരെമനെ ശിവാനന്ദ ഹെഗ്‌ഡെ സംവിധാനം ചെയ്ത ‘സീതാപഹരണം’ യക്ഷഗാനമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കുന്നത്.

നൃത്തവിഭാഗത്തിൽ പദ്മഭൂഷൺ മാളവിക സരൂകായ്, നൃത്തലോകത്ത് അറിയപ്പെടുന്ന നർത്തകൻ മലേഷ്യയിൽനിന്നുള്ള ശങ്കർ കന്തസാമി എന്നിവർ ഭാരതനാട്യവും ഭുവനേശ്വറിൽനിന്നുള്ള ലോകപ്രശസ്തയായ നർത്തകി സുജാത മഹോപാത്ര ഒഡീസിയും അന്താരാഷ്ട്രവേദികളിൽ പാരമ്പര്യത്തനിമകൊണ്ടും അവതരണമികവുകൊണ്ടും തന്റേതായ ഇടംനേടിയെടുത്ത ഇരിങ്ങാലക്കുടയുടെ അഭിമാനം ശ്രീലക്ഷ്മി ഗോവർദ്ധനൻ കൂച്ചിപ്പുടിയും, കഥകിൽ വളരെയേറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചുവരുന്ന വാരണാസിയിൽനിന്നുള്ള വിശാൽകൃഷ്ണ കഥകും ലാസ്യഭംഗികൊണ്ടും ചൊല്ലിയാട്ടമികവുകൊണ്ടും ശ്രദ്ധേയയായ യുവകലാകാരി കലാമണ്ഡലം വീണാവാര്യർ മോഹിനിയാട്ടവും അവതരിപ്പിക്കുന്നു.

ശ്രീകൂടൽമാണിക്യം ഉത്സവത്തിന്റെ ചരിത്രപ്രസിദ്ധമായ ഏഴുദിവസത്തെ കഥകളിരാവുകളിൽ ഇത്തവണ നൂറ്റമ്പതിലധികം കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. പദ്മശ്രീ ഡോക്ടര്‍ കലാമണ്ഡലംഗോപിയുടെ രുക്മാംഗദൻ, സദനം കൃഷ്ണൻകുട്ടിയുടെ നളചരിതം രണ്ടാംദിവസത്തിലെ നളൻ, കാവുങ്കൽ ദിവാകരപ്പണിക്കരുടെ ബകവധത്തിലെ ബകൻ, കോട്ടയ്ക്കൽ നന്ദകുമാരന്‍ നായരുടെ ദുര്യോധനവധത്തിലെ ദുര്യോധനൻ, കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താന്റെ ബാലിവധത്തിലെ ബാലി, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻറെ കാലകേയവധത്തിലെ അർജ്ജുനൻ, കലാമണ്ഡലം കൃഷ്ണകുമാറിന്റെ കർണ്ണശപഥത്തിലെ കണ്ണൻ, കലാനിലയം ഗോപിയുടെ കീചകവഥത്തിലെ കീചകൻ, ഇരിങ്ങാലക്കുടക്കാരിയായ എൻ.ഗീതയുടെ ലവണാസുരവധത്തിലെ ഹനൂമാൻ എന്നിവ മുഖ്യ ആകർഷണങ്ങളിൽ ചിലതാണ്.

ലോകപ്രശസ്തനായ നാട്യമർമ്മജ്ഞൻ വേണു ജി സംവിധാനം ചെയ്ത ശാകുന്തളം കൂടിയാട്ടവുമുണ്ട്. ഇവയ്ക്കുപുറമെ, കേരളത്തിലെ അറിയപ്പെടുന്ന കലാകാരന്മാരായ ഗീത പദ്മകുമാർ (കൂച്ചിപ്പുടി ) , മഞ്ജു വി. നായർ , പ്രദീപ് പ്രകാശ് (ഭരതനാട്യം ), ഡോ. മിനി പ്രമോദ് (മോഹിനിയാട്ടം ) , സന്തോഷ് എടക്കുളം (കേരളനടനം ) , സുനിത ഹരിശങ്കർ (വയലിന്‍ ), രാജേഷ് & രാകേഷ് , കുറിശാത്തമണ്ണ (കര്‍ണ്ണാടസംഗീതം ) , ഗായത്രി & കെ. എൻ. ദിനനാഥ്‌ (ഹിന്ദുസ്ഥാനി ഭജന്‍ ) എന്നിവരും അവതരണങ്ങൾ നടത്തുന്നു. നെല്ലുവായ് കൃഷ്ണൻകുട്ടിമാരാർ, പയ്യന്നൂർ കൃഷ്ണമണി മാരാർ, പെരുവനം ശങ്കരനാരായണ മാരാർ, ചോറ്റാനിക്കര സുഭാഷ് മാരാർ, എൻ.പി രാംദാസ്, അമ്പലപ്പുഴ വിജയകുമാർ, അങ്ങാടിപ്പുറം രഞ്ജിത് തുടങ്ങി കേരളത്തിലെ പ്രശസ്തരായ സോപാനസംഗീതഗായകരുടെ ഒരുനിരതന്നെ സോപാനത്ത് കൊട്ടിപ്പാടിസ്സേവ നടത്തുണ്ട്.

പാഠകം, കുറത്തിയാട്ടം, ആദ്ധ്യാത്മികപ്രഭാഷണം എന്നിവയ്ക്കായി ‘കുലീപിനീതീർത്ഥമണ്ഡപം’ എന്നപേരിൽ ഒരു പ്രത്യേകവേദിതന്നെ ഒരുക്കിയിട്ടുണ്ട് . പാഠകത്തിൽ കലാമണ്ഡലം കെ. പി. നാരായണൻ നമ്പ്യാർ, നന്ദകുമാർ രാജ, എടനാട്‌ രാമചന്ദ്രൻ നമ്പ്യാർ, ഡോ. എ. ആർ. ശ്രീകൃഷ്ണൻ, വില്ലുവട്ടത്ത് ശ്രീരാജ് നമ്പ്യാർ എന്നിവർ പങ്കെടുക്കുന്നു. എടമന വാസുദേവൻ നമ്പൂതിരി, മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി, വേന്ത്രക്കാട് കൃഷ്ണൻ നമ്പൂതിരി, വെണ്മണി ഭവദാസൻ നമ്പൂതിരി, തോട്ടം ശ്യാം നമ്പൂതിരി തുടങ്ങിയ പണ്ഡിതന്മാരാണ് നാരായണീയപ്രഭാഷണം നടത്തുന്നത്. കുറത്തിയാട്ടം, ഓട്ടൻതുള്ളൽ, ശീതങ്കൻതുള്ളൽ എന്നിവ അവതരിപ്പിക്കുന്നത് ഫോക് ലോര്‍ അക്കാദമി അവാർഡ് ജേതാവായ രാജീവ് വെങ്കിടങ്ങ് ആണ്.

പള്ളിവേട്ട ദിവസം മട്ടന്നൂർ ശ്രീകാന്തും മട്ടന്നൂർ ശ്രീരാജും സംഘവും ചേർന്നവതരിപ്പിക്കുന്ന ഇരട്ടതായംമ്പകയിൽ ഇത്തവണത്തെ ദേശീയസംഗീതനൃത്തവാദ്യോത്സവത്തിലെ വിശേഷാൽപ്പന്തലിലെ പരിപാടികൾക്ക് സമാപനം കുറിക്കും.

Leave a comment

Top