ഗെയിൽ പൈപ്പ് ലൈൻ പൂർത്തീകരിക്കാത്തതിനാൽ എടക്കുളം പള്ളിത്താഴം 500 പറ നിലത്തെ കൃഷി പ്രതിസന്ധിയിൽ

പൂമംഗലം : പൂമംഗലം പഞ്ചായത്തിലെ കോൾ നിലങ്ങളിലൂടെ കടന്നുപോകുന്ന ഗെയിൽ പൈപ്പ് ലൈൻ നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ കോൾകൃഷിക്കാർ പ്രതിസന്ധിയിലാണ്. രണ്ട് വർഷമായി പ്രവർത്തനം ആരംഭിച്ചു ഇപ്പോഴും പണി പൂർത്തീകരിക്കാത്തതിനാൽ എടക്കുളം പള്ളിത്താഴം പടവിലെ 500 പറ നിലത്തിലധികം സ്ഥലത്തു ഈ പ്രാവശ്യം പുഞ്ച കൃഷി ഇറക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. കഴിഞ്ഞ വർഷം പൈപ്പിടൽ അരംഭിച്ചതിനാൽ ഭൂരിഭാഗം നിലങ്ങളിലും കൃഷി ഇറക്കിയില്ല .ഈ വർഷം കൃഷി ഇറക്കുന്ന സമയമായിട്ടുപോലും പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തീകരിക്കുകയോ , നിർമ്മാണ പ്രവർത്തനത്തിന്‍റെ ഭാഗമായി ഇടിച്ചു നികത്തിയ കോൾ ബണ്ടുകളും,ഇടത്തോടുകളും പൂർവസ്ഥിതിയിൽ ആകുകയോ ചെയ്തിട്ടില്ല .എന്ന് മാത്രമല്ല ഈ പാടശേഖരത്തിന്‍റെ ജലസംഭരണികളായ പടിയൂർകുഴി, ആവുണ്ടറാച്ചാൽ എന്നി ജലാശയങ്ങളിൽ നിന്നുള്ള ജലസേചന മാർഗങ്ങളിൽ കൂറ്റൻ പൈപ്പ് ലൈൻ ജലോപരിതലത്തിൽ തന്നെ കിടക്കുന്നതിനാൽ നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. അടിയധിരമായി പൈപ്പ് സ്ഥാപിക്കൽ പൂർത്തീകരിച്ചു കൃഷി ഇറക്കാൻ കഴിയും വിധം ബണ്ടുകളും ഇടത്തോടുകളും പൂർവസ്ഥിതിയിലാകണമെന്നും അല്ലാത്തപക്ഷം കൃഷിയിറക്കാൻ കഴിയാത്ത കർഷകർക്കു ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും കേരള കർഷകസംഘം പൂമംഗലം പഞ്ചായത്തു കമ്മിറ്റീ ഗെയിൽ അധികൃതരോട് ആവശ്യപ്പെട്ടു. വി .എസ്. ബൈജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.വി. ജീനരാജാദാസൻ, എ .വി ഗോകുൽദാസ്, പി.കെ സുനിൽ ലാൽ, സി.ആർ അശോകൻ, സി പി ജയപ്രകാശ് എന്നിവർ സംസാരിച്ചു .

Leave a comment

Leave a Reply

Top