ഇരിങ്ങാലക്കുട ബുക്ക് ഫെസ്റ്റിവല്‍ ലോഗോ പിറന്നാള്‍ ദിനത്തില്‍ ഇന്നസെന്‍റ് പ്രകാശനം ചെയ്തു


ഇരിങ്ങാലക്കുട : എഴുപത്തൊന്നാം ജന്മദിനത്തില്‍ പുസ്തകങ്ങളോടും വായനയോടുമുള്ള തന്‍റെ ആഭിമുഖ്യം നടന്‍ ഇന്നസെന്‍റ് ഒരിക്കല്‍ കൂടി തെളിയിച്ചു. ഏപ്രില്‍ 13 മുതല്‍ 21 വരെ ജീവകാരുണ്യ സംഘടനയായ സേവിന്‍റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന പ്രഥമ ദേശീയ പുസ്തകോത്സവമായ ഇരിങ്ങാലക്കുട ബുക്ക് ഫെസ്റ്റിവലിന്‍റെ ലോഗോ പ്രകാശനം പിറന്നാള്‍ ദിനം പ്രഭാതത്തില്‍ തന്നെ അദ്ദഹം നിര്‍വഹിച്ചു. രോഗശയ്യയില്‍ കഴിയുന്ന സുഹൃത്തും ചുട്ടി കലാകാരനുമായ പരമേശ്വരനെ സന്ദര്‍ശിച്ച് മകന്‍ സോണറ്റുമൊത്ത് വീട്ടിലെത്തി പിറന്നാള്‍ കേക്കു മുറിച്ച ശേഷം ലോഗോ പ്രകാശനം നടത്തിയത്. വിഖ്യാതരായ എഴുത്തുകാര്‍ പുസ്തകോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയില്‍ ഒത്തു ചേരുന്ന അവസരം പ്രയോജനപ്പെടുത്തണമെന്ന് ഇന്നസെന്‍റ് അഭ്യര്‍ത്ഥിച്ചു. വലിയ എഴുത്തുകാരനായ ആനന്ദ് ഇരിങ്ങാലക്കുടക്കാരനാണെന്ന് എനിക്കറിയില്ലായിരുന്നു. പലചരക്കുകടയില്‍ സാധനം വാങ്ങാനെത്തിയ ആനന്ദിനെ യാദൃശ്ചികമായി പരിചയപ്പെടുത്തിയത് സുഹൃത്താണ്. പുസ്തക ലോകവുമായി തനിക്ക് അടുത്ത ബന്ധമുണ്ടായത് അപ്പോഴാണ്.


എട്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കാൻസർ വാര്‍ഡിലെ ചിരി പ്രധാന ഇന്ത്യന്‍ ഭാഷകളിലും വിവിധ ലോക ഭഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇറ്റാലിയന്‍ ഭാഷയിലുള്ളത് സോണിയാഗാന്ധിക്ക് കൈമാറാനും അവസരമുണ്ടായി. ഒരു ദക്ഷിണേന്ത്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട പുസ്തകം തന്‍റെ മാതൃഭാഷയായ ഇറ്റാലിയനില്‍ വിവര്‍ത്തനം ചെയ്തു വായിക്കാനിടയായത് ഇതാദ്യമാണെന്ന് സന്തോത്തോടെ അവര്‍ പ്രതികരിച്ചു. ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച പുസ്തകം 60,000 കോപ്പികള്‍ ചിലവായതായി അദ്ദേഹം അറിയിച്ചു. പുസ്തകങ്ങളേയും അക്ഷരങ്ങളേയും സ്‌നേഹിക്കുന്നവര്‍ക്ക് ഇരിങ്ങാലക്കുട ബുക്ക് ഫെസ്റ്റിവല്‍ ഒരു വിരുന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വര്‍ഷവും നടത്താനുദ്ദേശിക്കുന്ന പുസ്തകോത്സവം നിരവധി എഴുത്തുകാരുള്ള ഇരിങ്ങാലക്കുടയ്ക്ക് അലങ്കാരമാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല അദ്ദേഹം അഭിപ്രായപ്പെട്ടു.

പുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തിയ ലോഗോ മത്‌സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത് കാട്ടൂര്‍ സ്വദേശി നസീര്‍ റഹ്മാന്‍ ഡിസൈന്‍ ചെയ്ത ലോഗോയാണ്. സേവ് ചെയര്‍മാന്‍ അബ്ദുല്‍ സമദ്, സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ അഡ്വ. പി.ജെ ജോബി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ സി.കെ ഹസ്സന്‍കോയ, വിവിധ കമ്മറ്റി ഭാരവാഹികളായ ടി.ജി സച്ചിത്ത്, ഷെറിന്‍ അഹമ്മദ്, ജോസ് മഞ്ഞില, ടി.ജി സിബിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളകത്തിനകത്തും പുറത്തുനിന്നുമുള്ള ചെറുതും വലുതുമായ പ്രസാധകരുടെ പുസ്തകങ്ങൾ പ്രദർശനത്തിനുണ്ടാവും. പുസ്തകമേളയോട് അനുബന്ധിച്ച് സാംസ്കാരിക വാണിജ്യ പ്രദർശനങ്ങളും നടത്തുന്നുണ്ട്.

Leave a comment

Top