ഇരിങ്ങാലക്കുടയില്‍ ലാന്‍റ് ട്രിബ്യൂണല്‍ ഓഫീസ് അനുവദിക്കണം – ജോയിന്‍റ് കൗണ്‍സില്‍

ഇരിങ്ങാലക്കുട : റവന്യു ഡിവിഷന്‍ അധികാരപരിധിയാക്കി ഇരിങ്ങാലക്കുടയില്‍ ലാന്‍റ് ട്രിബ്യൂണല്‍ സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസ് അനുവദിക്കണമെന്ന് ജോയിന്‍റ് കൗണ്‍സില്‍ മേഖലാസമ്മേളനം ആവശ്യപ്പെട്ടു. ജോയിന്‍റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.സജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം.നൗഷാദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.ജെ.ക്ലീറ്റസ് കണക്കും അവതരിപ്പിച്ചു.

പട്ടയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലയില്‍ തൃശ്ശൂരില്‍ ഒരു ഓഫീസ് മാത്രമാണ് നിലവിലുള്ളത്. ഇക്കാരണത്താല്‍ വിവിധയിനം അവകാശങ്ങള്‍ തീര്‍പ്പാക്കി പട്ടയങ്ങള്‍ ലഭിക്കുന്നതിന് ജനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടതായിവരുന്നുണ്ട്.ഇരിങ്ങാലക്കുടയില്‍ ലാന്റ് ട്രബ്യൂണല്‍ ഓഫീസ് അനുവദിക്കുന്നതോടെ ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ച് പട്ടയം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും വേഗതയുണ്ടാക്കാനാകുമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

സി.പി.ഐ.മണ്ഡലം സെക്രട്ടറി പി.മണി,ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.യു.കബീര്‍,സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ.ഉണ്ണി,സംസ്ഥാന വനിതാകൗണ്‍സില്‍ അംഗം ജി.പ്രസീത,മേഖലാ കമ്മറ്റി അംഗങ്ങളായ സുഷമ, പി.ബി.മനോജ്കുമാര്‍, എന്‍.വി.വിപിന്‍നാഥ്, ഇ.ജി.റാണി എന്നിവര്‍ സംസാരിച്ചു.ഭാരവാഹികളായി പ്രസിഡന്റായി കെ.ജെ.ക്ലീറ്റസ് , വൈസ് പ്രസിഡന്റുമാരായി എന്‍.വി.വിപിന്‍നാഥ്, ജി.പ്രസീത എന്നിവരെയും സെക്രട്ടറിയായി എം. കെ.ജിനീഷ് , ജോയിന്റ് സെക്രട്ടറിമാരായി പി.ബി.മനോജ്കുമാര്‍, ഇ .ജി.റാണി, ട്രഷററായി പി.കെ.ഉണ്ണികൃഷ്ണന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Leave a comment

Top