വ്യാപാരിയെ കവർച്ച ചെയ്ത കേസിൽ പ്രതിയെ 7 വർഷം കഠിനതടവിനും മുപ്പതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു

ഇരിങ്ങാലക്കുട : തൃപ്രയാർ അമ്പലത്തിനു സമീപം ചാക്കോളാസ് എന്നപേരിൽ സിമൻറ് വ്യാപാരം നടത്തിവന്നിരുന്ന നാട്ടിക ചാലയ്ക്കൽ വീട്ടിൽ റോബിൻ എന്ന വ്യാപാരിയെ ദേഹോപദ്രവം ഏൽപ്പിച്ച് മുപ്പതിനായിരം രൂപ അടങ്ങിയ ബാഗ് കവർച്ചചെയ്ത കേസിൽ ആറാം പ്രതിയായ കൊടുങ്ങല്ലൂർ പടുവത്തിൽ അൻസാർ എന്നയാളെ 7 വർഷം കഠിനതടവിനും മുപ്പതിനായിരം രൂപ പിഴയൊടുക്കാനും ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജ് ജോമോൻ ജോൺ ശിക്ഷ വിധിച്ചു.

2008 ആഗസ്റ്റിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാരന്റെ സിമൻറ് കടയിൽ ജോലിക്കാരനായിരുന്ന ഒന്നാം പ്രതിയുടെ നേതൃത്വത്തിലാണ് കവർച്ച നടത്തുന്നതിനായി ആറ് പ്രതികൾ ഗൂഢാലോചന നടത്തിയത്. പരാതിക്കാരൻ പണമടങ്ങിയ ബാഗുമായി കട തുറക്കുവാൻ സ്ഥിരമായി പോകുന്ന വഴിയിൽ രാവിലെ എട്ടുമണിക്ക് പ്രതികൾ കാറിലെത്തി കാത്തിരിക്കുകയും പ്രതികളിലൊരാൾ ഫോൺനമ്പർ ചോദിക്കാനെന്ന വ്യാജേന മോട്ടോർസൈക്കിളിൽ വന്നിരുന്ന പരാതിക്കാരനെ തടഞ്ഞുനിർത്തുകയും വായ പൊത്തിപ്പിടിച്ചു ദേഹോപദ്രവം ഏൽപ്പിച്ച് പണമടങ്ങിയ ബാഗ് മുറിച്ചെടുത്ത് കവർച്ച ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്.

കേസിൽ ആറ് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ആറാം പ്രതിക്കെതിരായ വിചാരണയാണ് പൂർത്തിയായി ശിക്ഷ വിധിച്ചത്. നിരവധി കേസുകളിൽ പ്രതികളായ മറ്റു പ്രതികൾ ഒളിവിൽ ആയതിനാൽ വിചാരണ നടന്നിട്ടില്ല. വലപ്പാട് സബ് ഇൻസ്പെക്ടർ അജീഷ് കുമാർ രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന സിഎസ് ഷാഹുൽ ഹമീദ്, സി ആർ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകൾ ഹാജരാക്കുകയും ചെയ്തു. പിഴ സംഖ്യയിൽ നിന്നും ഇരുപതിനായിരം രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകുന്നതിനും വിധിയുള്ളതാണ്. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി ജെ ജോബി, അഡ്വക്കേറ്റായ ജിഷ ജോബി, ആൻറണി വി എസ്,ദിനൽ എന്നിവർ ഹാജരായി.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
Top