ഷണ്‍മുഖം കനാല്‍ രണ്ടാംഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട ഷണ്‍മുഖം കനാല്‍ രണ്ടാംഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് മരപാലത്തിന് സമീപം നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അധ്യക്ഷയായിരുന്നു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു, കൗണ്‍സിലര്‍ പി.വി ശിവകുമാര്‍, പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആര്‍ വിനോദ്, ഇറിഗേഷന്‍ വകുപ്പ് അസി. എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒന്നാംഘട്ടം കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷമാണ് രണ്ടാംഘട്ട സംരക്ഷണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ഏഴുകോടി രൂപ ചിലവഴിച്ച് ഇറിഗേഷന്‍ വകുപ്പാണ് കനാലിലെ മലിനജലം നീക്കം ചെയ്ത് ആഴം വര്‍ദ്ധിപ്പിച്ച് സംരക്ഷണ ഭിത്തി കെട്ടുന്നത്. ഇരിങ്ങാലക്കുട നഗരസഭ, പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളിലായി മൂന്നര കിലോ മീറ്റര്‍ ദൂരത്താണ് സംരക്ഷണ പ്രവര്‍ത്തികള്‍ നടത്തുന്നത്.

ഷൺമുഖം കനാൽ വീണ്ടും നിർമാണോദ്ഘാടനം നടത്തിയത് അപഹാസ്യം – തോമസ് ഉണ്ണിയാടൻ

കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ പണം അനുവദിക്കുകയും നിർമാണ നടപടികൾ പൂർത്തീകരിച്ച് കരാറുകാരനെ ഏൽപ്പക്കുകയും നിർമാണോദ്ഘാടനം നടത്തുകയും ചെയ്ത ഷൺമുഖം കനാൽ രണ്ടാം ഘട്ട നവീകരണത്തിന്റെ നിർമാണോദ്ഘാടനം വീണ്ടും നടത്തിയത് അപഹാസ്യമാണെന്ന് മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ. നടപടികൾ പൂർത്തീകരിച്ചിട്ടും നിർമ്മാണത്തിലുണ്ടായ സ്തംഭനാവസ്ഥ വരുത്തി വച്ചത് ഇപ്പോഴത്തെ എം എൽ എ യും സർക്കാരുമാണ്. ഇതിന്റെ ജാള്യത മറച്ചുവയ്ക്കാനും ഇത് തന്റെ പദ്ധതിയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് എം എൽ എ യുടെ ശ്രമം എന്നും ഉണ്ണിയാടൻ പറഞ്ഞു

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top