ദേശീയ പണിമുടക്കിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ട്രെയിൻ തടഞ്ഞു,  നൂറോളം പ്രവർത്തകർക്കെതിരെ  റെയിൽവേ പോലീസ് കേസെടുത്തു

കല്ലേറ്റുംകര :  തൊഴിലാളി യൂണിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്കിന്റെ ഭാഗമായി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിൻ തടഞ്ഞു.  രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ എത്തിച്ചേർന്ന 16308 കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ്‌ ട്രെയിനാണ് 10:10 മുതൽ 20 മിനിട്ടോളം തടഞ്ഞിട്ടത്. എ.ഐ.ടി.യു.സി തൃശ്ശൂർ ജില്ലാ ജോയിന്റ്  സെക്രട്ടറി ടി കെ സുധീഷ് ട്രെയിൻ തടയൽ ഉദ്ഘാടനം ചെയ്തു.  കർഷകസംഘം തൃശ്ശൂർ ജില്ലാ സെക്രട്ടറി ഡേവിസ് മാസ്റ്റർ അധ്യക്ഷനായിരുന്നു.  വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധികരിച്ചു  സി.ഐ.ടി.യു കെ ഗോപി,  ലതാ ചന്ദ്രൻ,   ഐ.എൻ.ടി.യു.സി ബാബുതോമസ്,  എഐടിയുസി സി വി ശശീന്ദ്രൻ, നേതാക്കളായ യു കെ പ്രഭാകരൻ എം.എസ് മൊയ്തീൻ, ജോജോ, ടി ജി ശങ്കരനാരായണൻ എന്നിവർ നേതൃത്വം നൽകി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് തൃശൂർ സബ് ഇൻസ്പെക്ടർ വി ഗിരിഷിന്റ  നേതൃത്വത്തിലെത്തിയ സംഘം കല്ലേറ്റുംകരയിലെ റെയിൽവേ സ്റ്റേഷനിൽ ശക്തമായ  സുരക്ഷ ഒരുക്കിയിരുന്നു.  സെക്ഷൻ 58 പ്രകാരം ട്രെയിൻ തടഞ്ഞതിന് നൂറോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തു സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. ആളൂർ പോലീസും സമരം നേരിടാനായി സംഭവസ്ഥലത്തെത്തിയിരുന്നു.  ദേശീയപണിമുടക്കിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ തൃശൂരും ഇരിങ്ങാലക്കുടയിലുമാണ് ട്രെയിൻ തടഞ്ഞത്.

Leave a comment

  • 80
  •  
  •  
  •  
  •  
  •  
  •  
Top