
ഇരിങ്ങാലക്കുട : ക്രിസ്തുമസിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ്ബ് ജയില്‍ സന്ദര്‍ശിക്കുകയും, അന്തേവാസികള്‍ക്ക് ക്രിസ്തുമസ്-പുതുവത്സര ആശംസകള്‍ നേരുകയും ചെയ്തു. ജീസസ് ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തിലാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. പ്രളയത്തിന്റെ അവസരത്തില്‍ എല്ലാം മറന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലുള്ളവര്‍ ഒരുമയോടെ മാതൃകാപരമായി പ്രവര്‍ത്തിച്ചതുപോലെ, സഹിഷ്ണുതയോടെ, സ്നേഹക്കൂട്ടായ്മയോടെ, സന്തോഷത്തോടെ, സമാധാന പരമായി ജീവിക്കുവാന്‍ ക്രിസ്തുമസ് പ്രചോദനമാകട്ടെയെന്ന് ബിഷപ്പ് തന്റെ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ജീസസ് ഫ്രട്ടേണിറ്റിയുടെ രൂപതാ ഡയറക്ടര്‍ ഫാദര്‍ ജോയ് തറയ്ക്കല്‍, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ആഗ്നസ്, കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജോസ്സി, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ജോണ്സണ് കെ.ജെ. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജീസസ് ഫ്രട്ടേണിറ്റിയുടെ പ്രവര്‍ത്തകരും, മറ്റ് നിരവധി സിസ്റ്റേഴ്സും സന്നിഹിതരായിരുന്നു. ജീസസ് ഫ്രട്ടേണിറ്റിയുടെ പ്രവര്‍ത്തകരും, അന്തേവാസികളും ജയില്‍ ഉദ്യോഗസ്ഥരും വിവധ കലാപരിപാടികള്‍ അവതരിപ്പിക്കുകയുണ്ടായി. ബിഷപ്പ് കേക്ക് മുറിച്ച് മുഴുവന്‍ അന്തേവാസികള്‍ക്കും നല്കി.