മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ച കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് പിടികൂടി

ഇരിങ്ങാലക്കുട  : കനാൽ ബേസിൽ തൈവളപ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ വീട്ടിൽ അതിക്രമിച്ചു കയറി മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ച കേസിൽ അയൽവാസിയായ മോന്തച്ചാലിൽ കൊട്ടാര എന്നറിയപ്പെടുന്ന വിനീതിനെ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എം .കെ . സുരേഷ് കുമാറും, സബ്ബ് ഇൻസ്പെക്ടർ ബിബിൻ . സി. വി. യും സംഘവും അറസ്റ്റു ചെയ്തു.

അടുത്തിടെ ഇരിങ്ങാലക്കുടയിൽ ചുണ്ണാമ്പിൻറെ കാര്യം പറഞ്ഞു നടന്ന ഗുണ്ടാ ആക്രമണ കൊലപാതകത്തിൽ കൊല ചെയ്യപ്പെട്ട മോന്തച്ചാലിൽ വിജയന്റെ മകനാണ് ഈ കേസിൽ പിടിയിലായ പ്രതി. ഏതാനും ആഴ്ചകൾക്കു മുൻപ് ഈ പ്രതിയും, സഹോദരൻ അനീഷും ചേർന്ന് ഇതേ അയൽവാസിയുടെ വീട്ടിൽ രാത്രി മദ്യപിച്ച് അതിക്രമിച്ചു കയറി തൈവളപ്പിൽ ഉണ്ണിക്കൃഷ്ണനേയും, ഭാര്യ സുനിതയേയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട് വീട് ആക്രമിക്കുകയും പോലീസ് വധശ്രമ കേസിൽ സഹോദരങ്ങളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

ആ കേസിൽ ജയിലിലായിരുന്ന പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയാണ് വീണ്ടും വാഹനം കത്തിച്ചത്.ആക്രമണത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ഫേമസ് വർഗ്ഗീസിന്റെ നേതൃത്ത്വത്തിൽ രൂപീകരിച്ച ആന്റീ ഗുണ്ടാ സ്ക്വാഡ് അംഗങ്ങളായ സീനിയർ സി. പി. ഓ .മുരുകേഷ് കടവത്ത്, സി.പി.ഒ.മാരായ എ .കെ മനോജ്. അനൂപ് ലാലൻ. എം.എസ്. വൈശാഖ് എന്നിവരാണ് ആളൂരിൽ നിന്നും പ്രതിയെ പിടികൂടിയത്.

Leave a comment

Top