നിരവധി മോഷണം വധശ്രമ കേസുകളിലെ പിടികിട്ടാപ്പുള്ളി കൊപ്ര പ്രശാന്ത് പോലീസ് പിടിയിൽ

ഇരിങ്ങാലക്കുട : നിരവധി മോഷണം വധശ്രമം മയക്കുമരുന്ന് കേസുകളിലെ പ്രതിയും പിടികിട്ടാപുള്ളിയുമായ മുരിയാട് കാപ്പാറ കൊച്ചു പറമ്പത്ത് പ്രശാന്ത് (32) അറസ്റ്റിലായി. 2017ൽ മുരിയാട് സ്വദേശിയുടെ വീടു തല്ലിത്തകർത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാപുള്ളിയാണ്. ഇൻസ്പെക്ടർ എം.കെ സുരേഷ്കുമാറും എസ്.ഐ സി.വി ബിബിനും സംഘവുമാണ് കൊപ്ര പ്രശാന്ത് എന്ന പ്രശാന്തിനെ പിടികൂടിയത്. ആളൂർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ഇയാൾ നിലവിൽ മൂന്നു വാറണ്ടുകളിൽ പിടികിട്ടാപുള്ളിയുമാണ് ഇരിങ്ങാലക്കുട മാടായിക്കോണത്തു നിന്നും ടോറസ് ലോറിയുടെ ടയറുകളും ബാറ്ററിയും മോഷ്ടിച്ച കേസ്സിൽ ഒരാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.ഈ കേസ്സിൽ കോടതിയിൽ നിന്ന് ജാമ്യമെടുത്ത് മുങ്ങി നടക്കുകയായിരുന്നു പ്രശാന്ത്. ലോറി ഡ്രൈവറായ ഇയാൾ കേരളത്തിലും പുറം സംസ്ഥാനങ്ങളിലുമായി മാറി മാറി താമസിക്കുകയാണ് പതിവ് എന്ന് പോലീസ് പറഞ്ഞു.

2016 ൽ ഒന്നര കിലോ കഞ്ചാവുമായി ഇരിങ്ങാലക്കുട പോലീസ് ഇയാളെ പിടികൂടിയിരുന്നു. മോഷണം വധശ്രമം മയക്കുമരുന്ന് അടിപിടി അടക്കം ഇയാൾക്കെതിരെ പത്തോളം കേസുകളുണ്ട്. കൂടാതെ ഒറ്റപ്പാലം സ്റ്റേഷനിൽ ആംസ് ആക്റ്റ് കേസിൽ പ്രതിയാണ്. പുതുക്കാട്, കൊടകര, വെള്ളിക്കുളങ്ങര,ചാലക്കുടി എന്നീ സ്റ്റേഷനുകളിലും സമാന രീതിയിലുള്ള കേസുകളിൽ പ്രതിയാണ്. കഞ്ചാവുമായി ഇരിങ്ങാലക്കുട എക്സൈസ് സംഘവും ഇയാളെ പിടികൂടിയിട്ടുണ്ട്. വളരെ ചെറുപ്പം മുതൽ മോഷണ ശീലിച്ച ഇയാൾക്ക് അയൽ വീട്ടിൽ നിന്ന് കൊപ്ര മോഷണം നടത്തിയതോടെ കൊപ്ര പ്രശാന്ത് എന്ന് പേര് വീഴുകയായിരുന്നു.

ആദ്യകാലത്ത് പാടത്തെ പമ്പു സെറ്റുകൾ മോഷ്ടിച്ചായിരുന്നു തുടക്കം, ചാലക്കുടിയിൽ നിന്ന് വിലകൂടിയ നായ്ക്കുട്ടിളെ മോഷ്ടിച്ച കേസുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗ്ഗീസിന്റെ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ സീനിയർ സിപിഒ മുരുകേഷ് കടവത്ത്, എ.കെ. മനോജ്, അനൂപ് ലാലൻ എ.കെ.രാഹുൽ, ടി.എസ്.സുനിൽ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a comment

  • 12
  •  
  •  
  •  
  •  
  •  
  •  
Top