വധശ്രമം – പ്രതിക്ക് 7 വർഷം കഠിനതടവും പിഴയും

ഇരിങ്ങാലക്കുട : പുത്തൻചിറ കോവിലകത്തുകുന്നിൽ കുഴികണ്ടത്തിൽ അലി അഷ്‌ക്കർ (32) , കൊടുങ്ങല്ലൂർ എസ് എൻ പുരം തൈപ്പറമ്പിൽ പ്രതീഷ് ( 41) എന്നിവരെ ആക്രമിച്ച് കത്തികൊണ്ട് കുത്തിയ കേസിൽ കൊടുങ്ങല്ലൂർ എടവിലങ്ങ് കുന്നത്തുപടി ചെപ്പു എന്ന് വിളിക്കുന്ന ഷഫീക്ക് ( 30) നെ കുറ്റക്കാരനെന്നു കണ്ട് 7 വർഷം കഠിനതടവിനും 60000 രൂപ പിഴ ഒടുക്കുന്നതിനും ഇരിങ്ങാലക്കുട അഡിഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ജോമോൻ ജോൺ ശിക്ഷ വിധിച്ചു.

2010 മെയ് മാസം വൈകീട്ട് 6:30ന് പ്രതി കൊടുങ്ങല്ലൂർ ചന്തപ്പുരയിലെ രാഗം ഇലക്ട്രോണിക്സ് ആൻഡ് സർവ്വീസ് സെന്ററിൽ അതിക്രമിച്ചു കയറി അലി അഷ്‌ക്കരിനെ മാരക ആയുധമായ കത്തികൊണ്ട് തലയിലോ കുത്തി പരിക്കേൽപ്പിക്കുകയും പ്രാണരക്ഷാർത്ഥം മുകളിലേക്ക് ഓടിക്കയറിയപ്പോൾ പിന്തുടർന്നെത്തിയ പ്രതി മുകളിൽ ജോലി ചെയ്തിരുന്ന പ്രതീഷിനെയും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കത്തി കൊണ്ട് കുത്തിയും വെട്ടിയും പരിക്കേൽപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. ഗുരുതരമായി പരിക്കേൽപ്പിച്ചതിന് പ്രതിക്ക് 7 വർഷം കഠിനതടവും 35000 രൂപ പിഴയും, കൊലപാതകശ്രമത്തിന് 7 വർഷം കഠിനതടവും 25000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

കൊടുങ്ങല്ലൂർ പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന ജി ബാലചന്ദ്രൻ രജിസ്റ്റർ ചെയ്ത കേസിൽ കൊടുങ്ങല്ലൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർമാരായിരുന്ന സി ആർ സന്തോഷ്, കെ എം ദേവസ്യ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി ജെ ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, അൽജോ പി ആന്റണി, തിനാൽ വി എസ് എന്നിവർ ഹാജരായി.

Leave a comment

  • 15
  •  
  •  
  •  
  •  
  •  
  •  
Top