എം.സി.പി കണ്‍വെന്‍ഷന്‍ സെന്ററിലെ അനധികൃത നിര്‍മ്മാണങ്ങളില്‍ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

ഇരിങ്ങാലക്കുട : എം.സി.പി കണ്‍വെന്‍ഷന്‍ സെന്ററിലെ അനധികൃത നിര്‍മ്മാണങ്ങളില്‍ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി.വൈ.എസ്.പി.യോട് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. എം.സി.പി കണ്‍വെന്‍ഷന്‍ സെന്റര്‍ അനധികൃത നിര്‍മ്മാണത്തിനും നികുതി വെട്ടിപ്പിനുമെതിരെ ഇരിങ്ങാലക്കുട സ്വദേശി ജോസഫ് മാര്‍ട്ടിന്‍ ആലേങ്ങാടന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. മുന്‍ മുനിസിപ്പല്‍ സെക്രട്ടറിമാരായ സജീവ് എം.കെ., സി.എം. പോള്‍, ബീന എസ്. കുമാര്‍, അസി. എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ പി.എ രാധാകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായിരുന്ന പി.ആര്‍. സ്റ്റാന്‍ലി, നജുമ എന്‍.എച്ച്, ഹെല്‍ത്ത് സൂപ്പര്‍വൈസറായിരുന്ന കെ.കെ. സീതാഭായി, മുകുന്ദപുരം തഹസില്‍ദാറായിരുന്ന സുനില്‍ എസ്. നായര്‍, എം.സി.പി. കണ്‍വെന്‍ഷന്‍ സെന്റര്‍ ചെയര്‍മാന്‍ എം.പി ജാക്‌സന്‍, സഹോദരങ്ങളും ഡയറക്ടര്‍മാരുമായ ടോമി, ജിജി, ബ്രൈറ്റ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

എം.പി ജാക്‌സന്‍ ചെയര്‍മാനായിരുന്ന കാലഘട്ടത്തില്‍ തണ്ണീര്‍തടം നികത്തി നിയമാനുസൃതം വേണ്ട രേഖകളില്ലാതെ കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ ലംഘിച്ചാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്. ഇതിന് മുനിസിപ്പല്‍ ഉദ്യോഗസ്ഥരും തഹസില്‍ദാരും ഒത്താശ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മുനിസിപ്പാലിറ്റിക്കും സര്‍ക്കാറിനും ലഭിക്കേണ്ടതായ കോടികണക്കിന് രൂപയുടെ നഷ്ടം നികുതി ഇനത്തില്‍ ഉണ്ടായെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും അഴിമതി നിരോധന നിയമത്തിലേയും വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ജോസഫ് മാര്‍ട്ടിന്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

related news:  എം.സി.പി കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം അനധികൃതമെന്ന് ഹൈക്കോടതി

Leave a comment

Leave a Reply

Top