തകര്‍ന്ന് കിടക്കുന്ന സണ്ണി സിൽക്സിന് മുന്നിലെ റോഡ് ഉയർത്തി റീടാറിങ് നടത്തും, അറ്റകുറ്റപണികൾ ആരംഭിച്ചു

ഇരിങ്ങാലക്കുട : റോഡ് തകര്‍ന്നിട്ട് നാളുകളേറെയായിട്ടും പുനര്‍നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധം കനത്ത സണ്ണി സിൽക്സിന് മുന്നിലെ റോഡ് ഉയർത്തി റീടാറിങ് നടത്തുന്ന പണികൾ ബുധനാഴ്ച രാവിലെ ആരംഭിച്ചു. 75 മീറ്റർ നീളത്തിൽ നിലവിൽ ഉയർന്നു നിൽക്കുന്ന ഇരുവശങ്ങളിലെയും കാനകൾക്കൊപ്പം റോഡ് ഉയർത്തിയാണ് ടാറിങ് നടത്തുക. ഇവിടെ അനധികൃതമായി വ്യാപാര സ്ഥാപനങ്ങൾ ഉയർത്തിക്കെട്ടിയ കാനമൂലം രൂപപ്പെട്ട വെള്ളക്കെട്ടിലാണ് റോഡ് തകർന്നത്. അറ്റകുറ്റപണികളുടെ ഭാഗമായി എ കെ പി ജങ്ഷൻ മുതൽ കാട്ടൂർ ബൈപാസ്സ് റോഡ് വരെ 4 ദിവസം ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാക്കും.

മാസങ്ങളോളം റോഡ് തകർന്ന് കിടന്നിട്ട് നഗരസഭ അനങ്ങാപ്പാറ നയം സ്വീകരിച്ചത് ഏറെ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. റോഡിൽ അനധികൃത നിർമ്മാണങ്ങൾ നടത്തിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഇതിനോടൊപ്പം ഉയർന്നിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് റോഡ് എന്ന നഗരസഭയുടെ വാദം പിന്നിട് മാറ്റേണ്ടിവന്നു. റോഡ് തീരെ ഗതാഗത യോഗ്യമല്ലാതായി തീർന്നതോടെ ഇത് വഴിയുള്ള വൺവേ ബഹിഷ്കരിക്കുമെന്ന് സ്വകാര്യ ബസുകൾ കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വഴി ഒഴിവാക്കി ബസ്സുകൾ ബൈപാസ്സ് വഴി റൂട്ട് തെറ്റിച്ചു ഓടുന്നതുമൂലം പല അപകടങ്ങളും സമീപദിവസങ്ങളിൽ ഉണ്ടായിരുന്നു.

ഇപ്പോൾ ആറു ലക്ഷം രൂപ പാതയിൽ വകയിരുത്തിയാണ് പണികൾ പുരോഗമിക്കുന്നത് എന്ന് നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു പറഞ്ഞു. ബൈപാസ്സ് റോഡ് അറ്റകുറ്റപണികൾ നേരെത്തെ നിശ്ചയിച്ച പ്രകാരം വരുന്ന ദിവസങ്ങളിൽ ആരംഭിക്കും.

Leave a comment

Top