ലഹരിക്കെതിരെ നടത്തിയ ഷോർട്ട്ഫിലിം മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനത്തിന് അർഹമായ മൂർക്കനാട് സെന്‍റ് ആന്റണീസ് നിർമ്മിച്ച ഹ്രസ്വചിത്രത്തിന്‍റെ റിലീസിംഗ് ഡിസംബർ 5ന്

ഇരിങ്ങാലക്കുട : ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്‌കീമും, കേരള സർക്കാർ എക്‌സൈസ് വകുപ്പും ലഹരിക്കെതിരെ നടത്തിയ സ്കൂൾതല ഷോർട്ട്ഫിലിം മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സമ്മാനത്തിന് അർഹമായ സെന്‍റ് ആന്റണിസ് എച്ച് എസ് എസ് മൂർക്കനാട് നിർമ്മിച്ച “ചുവട് നഷ്ടപ്പെട്ടവർ” എന്ന ഹ്രസ്വചിത്രത്തിന്‍റെ ഔദ്യോഗിക റിലീസിംഗ് ഡിസംബർ 5ന് 10:30ന് സ്കൂൾ അങ്കണത്തിൽ നടക്കും. ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ ഫാ. ജോയ് പാലിയേക്കര ചടങ്ങിന്‍റെ ഉദ്‌ഘാടനവും ഷോർട്ട് ഫിലിം പ്രകാശനവും നടത്തുമെന്ന് സ്കൂൾ അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒരുലക്ഷത്തിലധികം ചിലവിൽ നിർമ്മിച്ച ചിത്രത്തിൽ അഭിനേതാക്കൾ ഭൂരിപക്ഷവും സ്കൂൾ അധ്യാപകരും പി ടി എ അംഗങ്ങളും വിദ്യാർത്ഥികളുമാണ്.


ഹ്രസ്വചിത്രത്തിന്‍റെ കഥ, തിരക്കഥ ,സംവിധാന, സ്കൂൾ അദ്ധ്യാപകനായ ജോസ് വാറുണ്ണിയാണ് നിർവ്വഹിച്ചത്. ചിത്ര സംയോജനവും സെൻഡ് റെക്കോർഡിങ്ങും വിത്സൺ ആന്റണി, സിനിമാറ്റോഗ്രഫി ജിജോ ബാവാച്ചിത്ര, വേഴ്സസ് ജഗജീവൻ മാസ്റ്റർ, സംഗീതം അന്നമനട ബാബുരാജ് മാസ്റ്റർ, എന്നിവരാണ് നിർവ്വഹിച്ചത്. പത്രസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ മോളി എം ടി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രീതി ഡേവിസ്, പി ടി എ പ്രസിഡന്റ് കെ വി സുനിൽകുമാർ, ഷോർട്ട് ഫിലിം ഡയറക്ടറും അദ്ധ്യാപകനുമായ ഡോ ജോസ് വാറുണ്ണി, പി ടി എ എക്സ്ക്യൂട്ടീവ് അംഗങ്ങളായ സതീശൻ നമ്പൂതിരിപ്പാട്, ജോണി സി ജെ എന്നിവർ പങ്കെടുത്തു.

Leave a comment

Top