അനധികൃത പണവുമായി ഇരിങ്ങാലക്കുട ജോയിന്‍റ് ആർ.ടി.ഓയെ വിജിലൻസ് സംഘം വഴിയിൽ നിന്നും പിടികൂടി

തൊമ്മാന : രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ഇരിങ്ങാലക്കുട ജോയിന്‍റ് ആർ.ടി.ഓ എം.കെ പ്രകാശിനെ അനധികൃത പണവുമായി തൊമ്മാനയിൽ നിന്നും ശനിയാഴ്ച രാത്രി ഏഴരയോടെ വിജിലൻസ് സംഘം വഴിയിൽ നിന്നും പിടികൂടി. ഒരു മാരുതി 800 കാറിൽ രണ്ടു പേരോടൊപ്പം ചാലക്കുടിയിലേക്കുള്ള യാത്രാമധ്യേയാണ് 19,900 രൂപ സഹിതം അദ്ദേഹത്തെ വിജിലൻസ് പിടികൂടിയത്.

തൃശൂർ വിജിലൻസ് ഡി വൈ എസ പി മാത്യു രാജ് കള്ളിക്കാടന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, സി ഐ സുനിൽദാസും സംഘവും ജോയിന്‍റ് ആർ ടി ഓയെ നിരീക്ഷിച്ച് പിന്തുടർന്ന് പിടികൂടുകയായിരുന്നു . എ എസ് ഐമാരായ ഷാജി, ലോഹിതാക്ഷൻ, സീനിയർ സിവിൽ ഓഫീസർ ബിജു, ഡേവിസ്, ബിന്നൽ എന്നിവർ വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.

ദാരിദ്ര്യ ലഘൂകരണ വകുപ്പ് സീനിയർ സുപ്രണ്ട് ശ്രീകാന്തിന്‍റെ സാനിധ്യത്തിൽ വിജിലൻസ് സംഘം മേൽനടപടികൾ സ്വീകരിച്ചു.

ഇരിങ്ങാലക്കുട ജോയിന്‍റ് ആർ.ടി. ഓഫീസിൽ പതിവിലധികം ഫയലുകൾ കെട്ടിക്കിടക്കുന്നു എന്ന പരാതിയെ തുടർന്ന് ശനിയാഴ്ച രാവിലെ ഡിസ്ട്രിക്ട് ട്രാൻസ്‌പോർട് ഓഫീസറുടെ നിർദേശത്തെ തുടർന്ന് മറ്റൊരു പരിശോധനയും നടന്നിരുന്നു.

Leave a comment

Top