
ഇരിങ്ങാലക്കുട : പിതാവിനെ മർദ്ധിച്ച് കൊലപ്പെടുത്തിയ കേസിൽ കടുപ്പശ്ശേരി പുതുവട്ടിൽ ദീപു (43) നെ മനഃപൂർവമല്ലാത്ത നരഹത്യക്ക് 7 വർഷം കഠിന തടവിനും 50000 രൂപ പിഴക്കും ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി ഗോപകുമാർ ശിക്ഷിച്ചു. 2015 മെയ് മാസം 3-ാം തിയ്യതി പ്രതി, പിതാവ് കടുപ്പശ്ശേരി പുതുവട്ടിൽ കുട്ടൻ (70) നെ മദ്യലഹരിയിൽ വീട്ടിൽ വച്ച് മർദ്ധിച്ച് അവശനാക്കുകയും പരിക്കിന്റെ കാഠിന്യത്താൽ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ മരണപ്പെടുകയും ചെയ്തു.
ഇരിങ്ങാലക്കുട സബ് ഇൻസ്പെക്ടർ ആയിരുന്ന എം ജെ ജിജോ രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ടി എസ് സിനോജ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ പി ജെ ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, അൽജോ പി ആന്റണി, ഗോപുരം, സി ജി ഷിഷിർ, വി എസ് ദിനൽ എന്നിവർ ഹാജരായി. സർക്കിൾ ഇൻസ്പെക്ടർ സിനോജ്, എസ് ഐ ജിജോ , എൻ കെ അനിൽകുമാർ, പി സി സുനിൽ, അനിൽ ടി ഡി, മുരുകേഷ് കടവത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് .