അന്താരാഷ്ട്ര നാടകോത്സവത്തിലേക്ക് ഹിഗ്വിറ്റയടക്കം കേരളത്തിൽ നിന്ന് മൂന്ന് നാടകങ്ങൾ

ഇരിങ്ങാലക്കുട : നാഷണൽ സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന അന്തരാഷ്ട്ര നാടകോത്സവമായ ഭാരത് രംഗ് മഹോത്സവിലേക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പൂർവവിദ്യാർഥികൾ ഉൾപ്പെട്ട ആഗോള കാമ്പസ് തീയേറ്റര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ ശശിധരൻ നടുവിലിന്റെ ഹിഗ്വിറ്റയടക്കം കേരളത്തിൽ നിന്ന് മൂന്ന് നാടകങ്ങൾ. പ്രശാന്ത് നാരായണന്റെ ‘മഹാസാഗരം’ ഹസീം അമരവിളയുടെ ‘വീണ്ടും ഭഗവാന്റെ മരണം’ എന്നിവയാണ് മറ്റു രണ്ടു നാടകങ്ങൾ .

2019 ഫെബ്രുവരി 1 മുതൽ 20 വരെ ന്യുഡൽഹിയിലാണ് നാടകോത്സവം. എം ടി വാസുദേവൻ നായരുടെ സാഹിത്യ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് മഹാസാഗരം. മോഹൻലാലും മുകേഷും അഭിനയിച്ച ഛായാമുഖി അടക്കം മുപ്പതോളം നാടകങ്ങൾ രചിച്ച പ്രശാന്ത് നാരായണൻ ഗാനരചനയും ആവിഷ്ക്കാരവും നിർവ്വഹിച്ച നാടകമാണിത്. കളം നാടകപ്രസ്ഥാനമാണ് മഹാസാഗരം അവതരിപ്പിക്കുന്നത്. കെ ആർ മീരയുടെ ഭഗവാന്റെ മരണം എന്ന ചെറുകഥയെ ആധാരമാക്കി ഹസീം അമരവിള രചനയും സംവിധാനവുമൊരുക്കിയ നാടകമാണ് കനൽ സാംസ്കാരിക വേദി അവതരിപ്പിക്കുന്ന വീണ്ടും ഭഗവാന്റെ മരണം.

ഹിഗ്വിറ്റ എൻ എസ് മാധവന്റെ ഇതേ പേരിലുള്ള ചെറുകഥയുടെ രംഗാവിഷ്‌ക്കരമാണ്. കഥയിൽ നടക്കാൻ സാധ്യതയുള്ള സംഭവങ്ങൾ കൂട്ടിച്ചേർത്തുള്ള ആഖ്യാനമാണ് ഹിഗ്വിറ്റയുടേത്. ഫുട്‍ബോൾ കളിയുടെ പശ്ചാത്തലത്തിൽ തുറന്ന വേദിയിൽ അരീന തിയേറ്റർ സങ്കല്പത്തിലാണ് ഹിഗ്വിറ്റയുടെ അവതരണം .കാമ്പസ്സിലെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങള്‍ക്ക് എന്നും നിസ്സീമമായ പിന്തുണ നല്‍കിയിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ് തെക്കനച്ചന് നാടകത്തിലൂടെ സമുചിതമായ അനുസ്മരണം ഒരുക്കുകയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി നാടകക്കൂട്ടായ്മ. ഡൽഹിയിൽ ഈ വർഷം ആദ്യം നടന്ന രാജ്യത്തെ പ്രസിദ്ധമായ മഹിന്ദ്ര എക്സലൻസ് ഇൻ തിയേറ്റർ അവാർഡ് ഫെസ്റ്റിവിലിലും ഹിഗ്വിറ്റ അവതരിപ്പിച്ചിരുന്നു.

Leave a comment

Top