എം എൽ എ ഹോസ്റ്റലിൽ ഡി വൈ എഫ് ഐ നേതാവിന്‍റെ പീഡന ശ്രമത്തിൽ പരാതിക്കാരിയായ പെൺകുട്ടിക്ക് പോലീസിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്നു പരാതി

കാട്ടൂർ : ഇരിങ്ങാലക്കുട ഡി വൈ എഫ് ഐ ബ്ലോക്ക് ജോ: സെക്രട്ടറി ജീവൻലാൽ തിരുവനന്തപുരം എം എൽ എ ഹോസ്റ്റലിൽ വച്ച് ഇതേ സംഘടനയിൽ പ്രവൃത്തിക്കുന്ന തന്നെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പോലീസിൽ നിന്നും നീതി ലഭിക്കുന്നില്ലെന്നു പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും . ഡി വൈ എഫ് ഐ നേതാവിന്‍ ജാമ്യം നിഷേധിച്ചിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്നും പെൺകുട്ടി പറഞ്ഞു. കാട്ടൂരിലെ സ്വവസതിയിൽ മാധ്യമങ്ങളോട് ചൊവ്വാഴ്ച രാവിലെ സംസാരിക്കുകയായിരുന്നു അവർ.

ഡി വൈ എഫ് ഐ സംസ്ഥാന നേതാവ് എം സ്വരാജ് എം എൽ യ്ക്ക് പരാതി നല്കിയിരുന്നെന്നും , ഇതിൽ ഒരു മറുപടിപോലും ലഭിച്ചില്ലെന്നും അവർ പറഞ്ഞു. ആദ്യം പരാതി കൊടുത്തത് പാർട്ടിക്കാണെന്നും ഇതിൽ നടപടിയുണ്ടാവാത്തതിനാലാണ് പോലീസിനെ സമീപിച്ചതെന്നും അവർ വ്യക്തമാക്കി. ഇതിനിടെപ്രതിയായ ഡി വൈ എഫ് ഐ നേതാവ് ജീവൻലാൽ പെൺകുട്ടി [പറയുന്ന പരാതി കളവാണെന്നും ഇവരെ നുണ പരിശോധനക്കി വിധേയാക്കണമെന്നും പറഞ്ഞിരുന്നു. അന്വേഷണം ശരിയായ രീതിയിൽ നടക്കുവാൻ മുഖ്യ മന്ത്രിക്ക് പരാതി നല്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

പാർട്ടി പരാതി ലഭിച്ച ഉടനെ ഡി വൈ എഫ് ഐ യുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് നേതാവിനെ നീക്കം ചെയ്ത് നടപടി സ്വീകരിച്ചുവെന്ന് ഇരിങ്ങാലക്കുട സി പി ഐ എം ഏരിയ സെക്രട്ടറി കെ സി പ്രേമരാജൻ ഈ വിഷയത്തിൽ പ്രതികരിച്ചു. പ്രതിയെ സംരക്ഷിക്കുവാൻ പാർട്ടി ശ്രമിക്കുന്നുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത് തലസ്ഥാനത്തായതിനാൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്.

Leave a comment

Top