വൈദ്യുതി ബോർഡിന്റെയും നാട്ടുകാരുടെയും സുമനസ് – പ്രളയത്തിൽ തകർന്ന കല്യാണിയുടെ വീട്ടിലും 40 വർഷത്തിന് ശേഷം വെളിച്ചമെത്തി

കരുവന്നൂർ : ഒറ്റപ്പെട്ട സ്ഥലത്ത് പ്രളയത്തിൽ തകർന്ന 84 കാരിയായ കല്യാണിയുടെയും മകൻ ബാബുവിന്‍റെയും മൺകട്ടകൊണ്ടുണ്ടാക്കിയ പുരയിൽ കെ.എസ് .ഇ..ബി ഉദ്യാഗസ്ഥരുടെയും നാട്ടുക്കാരുടെയും കനിവിൽ ഒടുവിൽ 40 വർഷത്തിന് ശേഷം വൈദ്യുതി എത്തി. പ്രളയത്തിന് മുൻപ് സുമനസുകളുടെ സഹായത്താൽ വൈദ്യുതി കണക്ഷന് വേണ്ടി പൂർത്തിയാക്കിയ വയറിങ് എല്ലാം എട്ടടി ഉയരത്തിൽ പുരയിൽ വെള്ളം ഇരച്ചു കയറിയപ്പോൾ നശിച്ചു പോയിരുന്നു.

കരുവന്നൂർ വൈദുതി ഓഫീസിൽ നിന്നും വൈദ്യുതി ബോർഡ് അസിസ്റ്റന്റ് എൻജിനിയർ കെ ആർ പ്രിൻസ് വീട്ടിൽ എത്തി വിവരങ്ങൾ നേരിട്ടെത്തി പരിശോധിച്ച് ദയനീയസ്ഥിതി മനസിലാക്കുകയും കല്യാണിയും മകനും താമസിക്കുന്ന വീട്ടിലേക്ക് വൈദ്യുതി എത്തിക്കാൻ പോസ്റ്റിടാൻ അഞ്ചു അയൽവാസികളുടെ സമ്മതപത്രം വാങ്ങിക്കുകയും ചെയ്തു. ബി പി എൽ ക്കാർക്കുള്ള പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഏഴു വൈദ്യുതി പോസ്റ്റുകളും കണക്ഷനും ഉൾപ്പെടെ സൗജന്യമായി നൽകിയത്. ആരും ചൂണ്ടികാണിക്കാത്തതുകൊണ്ടാണ് അറിയാതെ പോയതെന്ന് എൻജിനിയർ പ്രിൻസ് പറഞ്ഞു

ഇതുവരെ വൈദ്യുതി എത്താത്ത ഈ പുരയിൽ താമസിക്കുന്ന ഇവരുടെ ഏക വരുമാനമാർഗമായ പഴയ തയ്യൽ മെഷീൻ പ്രളയത്തിൽ ചളിയും വെള്ളവും കയറി നശിച്ചു പോയിരുന്നു. എന്നാൽ ബാബുവിന്‍റെ കൂട്ടുകാർ ചേർന്ന് തയ്യൽ മെഷീൻ വാങ്ങി കൊടുത്തുവെങ്കിലും പുരയിൽ കാഴ്ച്ചക്കുറവുള്ളതിനാൽ വെളിച്ചമില്ലാതെ പകലും രാത്രിയും ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. കല്യാണിയുടെ ഈ ദുരവസ്ഥ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു. വലിയൊരു സ്വപ്നം പൂവണിയാൻ കാരണക്കാരായ നാട്ടുകാരായ ഹാഷിമിനോടും മനാഫിനോടുംവൈദ്യുതി ബോർഡ് ജീവനക്കാരോടും ഉള്ള നന്ദി മനസ്സിൽ സൂക്ഷിക്കുകയാണ് 84 കാരിയായ കല്യാണി.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top