റോഡരികിലെ കാടു വെട്ടിത്തെളിച്ച് കൊരുമ്പിശ്ശേരി റെസിഡന്‍റ്സ് അസോസിയേഷൻ മാതൃകയായി

ഇരിങ്ങാലക്കുട : കാടുപിടിച്ചു കിടന്നിരുന്ന റോഡുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കാൻ നഗരസഭ തയ്യാറാകാത്തതിനെ തുടർന്ന് റെസിഡന്‍റ്സ് അസോസിയേഷൻ കാടു വെട്ടിത്തെളിച്ച് മാതൃകയായി. കണ്ഠേശ്വരം, കൊരുമ്പിശ്ശേരി ഭാഗത്ത് റോഡിന്‍റെ ഇരുവശങ്ങളിലും പുല്ലും, ചെടികളും വളർന്ന് കാടു പിടിച്ച നിലയിലായിരുന്നു. പാമ്പ്, കുറുക്കൻ, ഉടുമ്പ് തുടങ്ങിയവയുടെ വിഹാരകേന്ദ്രമായി ഇവിടം മാറിയതിനെ തുടർന്ന് വിവരം നഗരസഭ അധികൃതരെ അറിയിച്ചു.

അവരുടെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടാകാത്തതിന്‍റെ വെളിച്ചത്തിലാണ് കൊരുമ്പിശ്ശേരി റെസിഡന്റ്സ് അസോസിയേഷൻ നേരിട്ട് റോഡ് വൃത്തിയാക്കാൻ രംഗത്തിറങ്ങിയത്. നാട്ടുകാർക്ക് സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി വിശേഷമായിരുന്നു ഇവിടെ. തങ്ങളുടെ പ്രവർത്തന പരിധിയിൽ പെട്ട നഗരസഭയിലെ 29, 30 വാർഡുകളിലെ റോഡുകളാണ് അസോസിയേഷൻ കാടു വെട്ടിത്തെളിച്ച് വൃത്തിയാക്കിയത്. റെസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡണ്ട് റിട്ടയേർഡ് വിങ്ങ് കമാണ്ടർ ടി എം രാംദാസ്, സെക്രട്ടറി എ സി സുരേഷ്, പോളി മാന്ത്ര, ടി കെ സുകുമാരൻ, രമാഭായി, ബിന്ദു ജിനൻ, വനജ രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Leave a comment

Top