യു.എ.ഇയിലെ ഏറ്റവും നല്ല പ്രവാസി ഗായകനായി ഇരിങ്ങാലക്കുടക്കാരൻ രജനീഷ് വാസുദേവൻ

ഇരിങ്ങാലക്കുട : അൽ ഫല ഗ്രൂപ്പും ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറയും റേഡിയോ മംഗോ യു.എ.ഇ 96.2 ഉം സംയുക്തമായി സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററെ അനുസ്മരിച്ച് രവീന്ദ്രം എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ ‘രവീന്ദ്ര നാദം സീസൺ 1’ എന്ന സംഗീത മത്സരത്തിൽ യു.എ.ഇയിലെ ഏറ്റവും നല്ല പ്രവാസി ഗായകനായി ഇരിങ്ങാലക്കുടക്കാരൻ രജനീഷ് വാസുദേവൻ തിരഞ്ഞെടുക്കപ്പെട്ടു. ഫുജൈറ ടെന്നീസ് & കൺട്രി ക്ലബ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ 600 ഓളം മത്സരാര്‍ത്ഥികളിൽ നിന്നും തിരഞ്ഞെടുത്ത 270 പേരുടെ ഓഡിഷൻ റൗണ്ടിന് ശേഷം 7 ഫൈനലിസ്റ്റുകളാണ് ഗാനഗന്ധർവ്വൻ യേശുദാസ് അടക്കമുള്ള നിരവധി സിനിമാ പിന്നണി ഗായികാഗായകന്മാർ പങ്കെടുത്ത വേദിയിൽ മത്സരിച്ചത് .

നജിം അർഷാദ്, രാഹുൽ രാജ്, അൻവർ സാദത്, ഷിബു ചക്രവർത്തി എന്നിവർ നേതൃത്വം നൽകിയ ജഡ്ജിങ് പാനൽ ആണ് വിധി നിർണയം നടത്തിയത്. വിജയിയായ രജനീഷിനു ഗാനഗന്ധർവൻ പത്മശ്രീ ഡോ. കെ ജെ യേശുദാസ് അവാർഡ് നൽകി ആദരിച്ചു. കേരള യൂണിവേഴ്സിറ്റി എം.എ മ്യൂസിക്കിൽ രണ്ടാം റാങ്ക് വാങ്ങിയ രജനീഷ് വാസുദേവൻ ദുബൈയിൽ കൈരളി കലാകേന്ദ്ര എന്ന സ്ഥാപനത്തിലെ മ്യൂസിക് ടീച്ചർ ആയി ഇപ്പോൾ ജോലി നോക്കുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സമീപം കാട്ടുങ്ങച്ചിറയിൽ പ്ലാവിട പറമ്പിൽ വാസുദേവന്‍റെ മകനാണ് രജനീഷ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി 2005-ഡി സോണിൽ കലാപ്രതിഭയായിരുന്നു. ക്രൈസ്റ്റ് വിദ്യാനികേതൻ, ചിന്മയ, ശ്രുതിഭാരതി എന്നിവിടങ്ങളിൽ സംഗീത അധ്യാപകനായിരുന്നു. ഭാര്യ അപർണ, മകൻ മാധവ്,  ‘അമ്മ സൗമിനി, സഹോദരന്മാർ രാജേഷ് വാസുദേവൻ (സോഫ്റ്റ്‌വെയർ എഞ്ചിനീയർ ദുബായ്), രതീഷ് വാസുദേവൻ ( ടീം അറേബ്യ മീഡിയ ദുബായ് ).

യു.എ.ഇയിലെ ഏറ്റവും നല്ല പ്രവാസി ഗായകനായി തിരഞ്ഞെടുക്കപ്പെട്ട രജനീഷ് വാസുദേവന് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്‍റെ ആശംസകൾ

ഗസ്റ്റ് റിപ്പോർട്ടിങ് : രാജേഷ് മേനോൻ മാപ്രാണം, യു.എ.ഇ.

Leave a comment

  • 314
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top