പു.ക.സ.യുടെ നവകേരള ഭാഗ്യക്കുറി പ്രചാരണം കെ വി രാമനാഥൻ മാസ്റ്റർക്ക് ടിക്കറ്റ് നൽകി കൊണ്ട് ആരംഭിച്ചു

ഇരിങ്ങാലക്കുട : പ്രളയ ദുരിതാശ്വാസത്തിനും കേരളത്തിന്റെ പുനർനിർമ്മിതിക്കും ധനസമാഹരണത്തിനായി സംസ്ഥാന സർക്കാർ ഇറക്കിയ ‘നവകേരള’ ഭാഗ്യക്കുറിയുടെ ഇരിങ്ങാലക്കുട മേഖലയിലെ പുരോഗമന കല സാഹിത്യ സംഘത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പ്രശസ്ത സാഹിത്യകാരൻ കെ വി രാമനാഥൻ മാസ്റ്റർക്ക് ആദ്യ ടിക്കറ്റ് കൈമാറിക്കൊണ്ട് പ്രൊഫ. കെ യു അരുണൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു.
ദുരിതബാധിതരുടെ കണ്ണീരൊപ്പാനും കേരളത്തിന്റെ പുനർനിർമ്മാണത്തിൽ പങ്കാളികളാകാനും എല്ലാവരും ലോട്ടറി എടുക്കണമെന്ന് പ്രൊഫ. കെ യു അരുണൻ എം എൽ എ അഭ്യർത്ഥിച്ചു. ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ 90 പേർക്ക് ലഭിക്കും. 5000 രൂപ വീതമുള്ള ഒരു ലക്ഷത്തി എണ്ണൂറ് സമ്മാനങ്ങളും നൽകും. 250 രൂപയാണ് ടിക്കറ്റ് വില .

താൻ ആദ്യമായിട്ടാണ് ഒരു ഭാഗ്യക്കുറി എടുക്കുന്നതെന്നും അത് നവകേരളത്തിന്റെ പുനർനിർമ്മിതിക്ക് ആയിട്ടുള്ള ഒരു സംരംഭത്തിന്റെ ഭാഗമാണെന്നുള്ളത് മനസിന് സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പുകാസ പ്രസിഡണ്ട് കെ രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി കെ പി ജോർജ്ജ്, കെ സി പ്രേമരാജൻ, ഖാദർ പട്ടേപ്പാടം , എം ബി രാജു മാസ്റ്റർ, രേണു രാമനാഥ്, അഡ്വ. കെ ജി അജയ്കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a comment

  • 23
  •  
  •  
  •  
  •  
  •  
  •  
Top