ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് 7 വർഷം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : പുല്ലൂറ്റ് ചാപ്പാറ ഐ ടി സി ക്ക് സമീപം താമസിച്ചിരുന്ന കാലടിപറമ്പിൽ ജിഷ (30) നെ കൊലപ്പെടുത്തിയ കേസിൽ കൊടകര കാരൂർ കൊടകര വീട്ടിൽ വേണുഗോപാൽ (50) നെ മനഃപൂർവമല്ലാത്ത നരഹത്യക്ക് 7 വർഷം കഠിന തടവിനും 50000 രൂപ പിഴയൊടുക്കുന്നതിനും ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി ഗോപകുമാർ ശിക്ഷ വിധിച്ചു.

2015 മാർച്ച് 24-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരണപ്പെട്ട ജിഷയും ഭർത്താവും ചാപ്പാറയിൽ വാടകക്ക് താമസിച്ചു വരുന്നതിനിടയിൽ വഴക്കുണ്ടാക്കുകയും വീട്ടിൽ നിന്നും പുറത്തേക്കോടിയ ജിഷയെ ബലമായി പിടിച്ചുകൊണ്ട് വീട്ടിലേക്ക് വരികയും വീട്ടിനുള്ളിൽ വച്ചും ഭർത്താവ് ജിഷയെ പരിക്കേൽപ്പിക്കുകയും പരിക്കേറ്റ ജിഷയെ ആശുപത്രിയിലാക്കുന്നതിനോ ചീകിത്സിക്കുന്നതിനോ ഭർത്താവ് തയ്യാറാകാതിരുന്നതിനെ തുടർന്ന് ജിഷ മരണപ്പെടുകയും ചെയ്യുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ് .

മരണപ്പെട്ട ജിഷയുടെയും പ്രതിയുടെയും മൈനറായ മകൾ കോടതി മുൻപാകെ നൽകിയ തെളിവിന്റെയും സാഹചര്യതെളിവിന്റെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഒടുക്കാത്ത പക്ഷം 6 മാസം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും. കൊടുങ്ങല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് കൊടുങ്ങല്ലൂർ പോലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി കെ പത്മരാജൻ, ഇൻസ്പെക്ടർമാരായിരുന്ന കെ ജെ പീറ്റർ, ടി എസ് സിനോജ്, എൻ എസ് സലീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ ഹാജരാക്കുകയും ചെയ്തു. കൊല്ലപ്പെട്ട ജിഷയുടെ 4 മൈനർ കുട്ടികൾക്കാവശ്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പു വരുത്താൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദേശം നൽകി. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി ജെ ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിൻ ഗോപുരൻ, അൽജോ പി ആന്റണി സി.ജി ശിശിർ, ദിനൽ വി എസ് എന്നിവർ ഹാജരായി.

Leave a comment

Top