ഇങ്ങനെയല്ലേ പോക്ക്, പിന്നെങ്ങിനെ അപകട മേഖല അല്ലാതാകും ?

തൊമ്മാന : കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്ന നൂറു മേഖലകളിൽ ഒന്ന്, റോഡിൻറെ ഇപ്പോഴത്തെ അവസ്ഥ അതി ശോചനീയം, ഫുട്പാത്തിൽ വളർന്നുനിൽക്കുന്ന പുല്ലും കാടും കാരണം വാഹനം ഒതുക്കാൻ പോലും സ്ഥലമില്ല. എന്നാലോ സ്പ്പീഡിന് ഒരു കുറവുമില്ല, പ്രത്യേകിച്ച് ഇതുവഴി പോകുന്ന സ്വകാര്യ ബസ്സുകൾക്ക്, പോരാത്തതിന് ചെറുവാഹനങ്ങളോട് ധാർഷ്ട്യവും. പോട്ട – ഇരിങ്ങാലക്കുട സംസ്ഥാന പാതയിലെ കല്ലേറ്റുംകര മുതൽ പുല്ലൂർ വരെയുള്ള റോഡിലെ അവസ്ഥയാണ് ഇത്. കഴിഞ്ഞ ദിവസം തൊമ്മാന പാലത്തിനു സമീപം തകർന്ന റോഡിലൂടെ കുഴികൾ ഒഴിവാക്കി സാവധാനം പോയിരുന്ന കാറിനെ അമിതവേഗതയിൽ മറികടന്ന ബസ്സിൽ നിന്നും കഷ്ടിച്ചാണ് എതിർ ദിശയിൽ നിന്ന് വന്ന ഇരുചക്രവാഹനക്കാർ രക്ഷപെട്ടത്. ഇവിടെ റോഡിനു ഇരുവശവും പാടവും 20 അടിയിലധികം താഴ്ച്ചയുമുണ്ട് കൂടാതെ റോഡിനു വീതികുറവും. എതിർ ദിശയിൽ നിന്നു വലിയ ഒരു വാഹനം വന്നാൽ ഇറങ്ങിനടക്കാനുള്ള സ്ഥലംപോലുമില്ല ഇവിടെ. സ്ഥിരം അപകട മേഖലയായതിനാൽ ഇവിടെ ബ്ലാങ്ക് സ്പോട് ട്രീറ്റ്മെന്‍റ് സംവിധാനമായ ബ്ലിങ്കിങ് അലെർട് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇതെലാം അവഗണിച്ചാണ് സ്വകാര്യ ബസ്സുകളുടെ അമിതവേഗതയിലുള്ള മരണപ്പാച്ചിൽ. ഇത്തരം വാഹങ്ങൾക്കെതിരെ അധികൃതർ നടപടികൾ എടുക്കാൻ മുതിരാത്തതു മൂലമാണ് നിയമലംഘനങ്ങൾ ധൈര്യപൂർവം നടത്താൻ ഇക്കൂട്ടർ മടി കാട്ടാത്തത്. വിലപ്പെട്ട ഒട്ടേറെ ജീവനുകൾ ഈ മേഖലയിൽ പൊലിഞ്ഞിട്ടുണ്ട്, നടപടികൾ വൈകിയാൽ അത് ഇനിയും തുടരും.

related news : അമിതവേഗത്തിനും ധാര്‍ഷ്ട്യത്തിനും പിഴവീണു: കര്‍ശന നടപടികളുമായി പൊലീസ്

Leave a comment

Leave a Reply

Top