ദുരിതാശ്വാസക്യാമ്പിൽ നിന്ന് വീട്ടിലേക്ക് പോകുന്നവർക്ക് സഹായകിറ്റുകളുമായി എടതിരിഞ്ഞി വെൽഫെയർ അസോസിയേഷൻ യു എ ഇ ( EWA- UAE)


എടതിരിഞ്ഞി : പ്രളയ ദുരിതം രൂക്ഷമായി ബാധിച്ച പടിയൂർ പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് വിട്ട് വീടുകളിലെത്തിയവർക്ക് സഹായ കിറ്റുകൾ വിതരണം ചെയ്ത് പ്രവാസികളുടെ സംഘടനയായ എടതിരിഞ്ഞി വെൽഫെയർ അസോസിയേഷൻ യു.എ.ഇ (EWA-UAE) മാതൃകയായി. അവധിക്ക് നാട്ടിലെത്തി തിരിച്ചു പോകാൻ കഴിയാതെ ഇവിടെയുള്ള പ്രവാസികളും വിദേശത്തുള്ളവരും നേതൃത്വം നൽകിയാണ് കിറ്റുകൾ തയ്യാറാക്കാൻ ആവശ്യമായ സാധന സാമഗ്രികൾ ശേഖരിച്ചത്. എടതിരിഞ്ഞിയിലുള്ള മുൻ പ്രവാസിയും എച്ച് ഡി പി സ്കൂൾ മാനേജരുമായ കണ്ടെങ്കാട്ടിൽ ഭരതന്റെ വസതിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി EWA പ്രവർത്തകരും എച്ച് ഡി പി സ്കൂളിലെ വിദ്യാർത്ഥികളും ദുരിത ബാധിതർക്ക് വിതരണം ചെയ്യാനുള്ള കിറ്റുകൾ തയ്യാറാക്കാനുള്ള തിരക്കിലാണ്.

ഒരാഴ്ചക്ക് ആവശ്യമായ പലചരക്കും വസ്ത്രങ്ങളും മറ്റാവശ്യ സാധനങ്ങളും അടങ്ങിയതാണ് കിറ്റുകളെന്ന് EWA യു എ ഇ സെക്രട്ടറി ദീപക്ക് പുരയാട്ടിൽ പറഞ്ഞു. എല്ലാ വർഷവും നടത്തിവരുന്ന വാർഷിക ആഘോഷങ്ങളും ഓണാഘോഷവും മാറ്റിവച്ചാണ് ഇതിനു വേണ്ട ഫണ്ടുകൾ കണ്ടെത്തിയത്. ഇതിനുപുറമെ ഒരാഴ്ചയായി EWA പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിനായി സഹായങ്ങൾ നൽകുവാനും ഉദ്ദേശിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. വിദേശത്തുള്ളവരെ EWA പ്രസിഡന്റ് രാജേഷ് അണകത്തിപ്പറമ്പിലിന്‍റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടിവരുന്ന സഹായങ്ങൾക്ക് ഏകോപിപ്പിക്കുന്നുണ്ട്. നാട്ടിൽ റിതേഷ് കെ ഭരതൻ, ഷിബുരാജ്, രാധാകൃഷ്‌ണൻ, ദിനേഷ് കണ്ടെങ്കാട്ടിൽ, ദിനേഷ് കൈമാപറമ്പിൽ, രാജേഷ് വെലുപറമ്പിൽ, സിജോയ് കെ വി, സുബിൻ മാധവൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Leave a comment

Top