പ്രളയ ദുരന്തത്തിൽ നിന്ന് എടതിരിഞ്ഞി പടിയൂർ മേഖല കരകയറുന്നു

എടതിരിഞ്ഞി : ആഗസ്റ്റ് 17 മുതൽ പടിയൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഇരച്ചു കേറിയ ജല പ്രളയത്തിൽ അയ്യായിരത്തിലധികം വീടുകളാണ് മുങ്ങിയത്. ഇതിൽ ഇരുനൂറോളം വീടുകൾ തകർന്നീട്ടുണ്ട് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി ഇപ്പോഴും ജനങ്ങൾ കഴിയുകയാണ്. ബാക്കി എല്ലായിടങ്ങളിലും വെള്ളമിറങ്ങി തുടങ്ങിയെങ്കിലും പടിയൂർ എടതിരിഞ്ഞി മേഖലകളിലും ഇപ്പോഴും ഭൂരിപക്ഷം വീടുകളും വെള്ളത്തിലാണ്.

എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ പോണ്ടിച്ചേരി ജിപ്മെറിൽ നിന്നെത്തിയ ഡോക്ടർമാരുടെ സംഘം പ്രതിരോധ മരുന്നുകൾ കഴിക്കുന്നതിനെ പറ്റിയുള്ള ക്ലാസ് നൽകുന്നു

എടതിരിഞ്ഞി എച്ച് ഡി പി സ്കൂളിലെ പ്രധാന ക്യാമ്പിൽ മൂവായിരത്തി അഞ്ഞൂറോളം പേരിൽ ചിലർ വീടുകളിലേക്ക് പോയി ബാക്കി ആയിരത്തി അഞ്ഞൂറോളം പേർ ഇവിടെ തുടരുന്നുണ്ട്. ഇവർക്ക് വേണ്ടി മെഡിക്കൽ സംഘങ്ങൾ പ്രവർത്തിക്കുന്നു. പോണ്ടിച്ചേരി ജിപ്മെറിൽ നിന്നെത്തിയ ഡോക്ടർമാരുടെ സംഘം പ്രതിരോധ മരുന്നുകൾ കഴിക്കുന്നതിനെ പറ്റിയുള്ള ക്ലാസ് ഇവിടെ നൽകുന്നു. താണിശ്ശേരി ഹരിപുരം കെ എൽ ഡി സി ബണ്ട് കരകവിഞ്ഞൊഴുകിയതും പൊട്ടിയതുമാണ് ഇത്തവണ പടിയൂർ എടതിരിഞ്ഞി മേഘലയെ പൂർണ്ണമായി വെള്ളത്തിനടിയിൽ ആക്കിയത്. പടിഞ്ഞാറൻ മേഖലയിൽ പുഴയിൽ വെള്ളം കൂടുമ്പോൾ സാധാരണ വെള്ളം കയറാറുണ്ട് , പക്ഷെ അത് കുറച്ചിടങ്ങളിൽ മാത്രമായിരുന്നു. ഇനിയും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ , കെ എൽ ഡി സി ബണ്ട് ഉയരംകൂടി പണിയണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു.

ഇരിങ്ങാലക്കുട മൂന്ന് പീടിക റോഡരികിലെ കെട്ടിടങ്ങളും മതിലുകളും ഭൂരിപക്ഷവും വെള്ള പാച്ചിലിൽ തകർന്നടിഞ്ഞ ദുരന്ത കാഴ്ച

ഇരിങ്ങാലക്കുട മൂന്ന് പീടിക റോഡ് ഒരാഴ്ചയായി പൂർണ്ണമായും വെള്ളത്തിലായിരുന്നു. ഇത് വഴിയുള്ള ബസ് ഗതാഗതം വെള്ളിയാഴ്ച രാവിലെ പുനരാരംഭിച്ചു. റോഡിനു ഇരുവശവുമുള്ള കെട്ടിടങ്ങളും മതിലുകളും ഭൂരിപക്ഷവും വെള്ള പാച്ചിലിൽ തകർന്നടിഞ്ഞ ദുരന്ത കാഴ്ചയാണ് ഇപ്പോൾ കാണാനാവുന്നത്. മുങ്ങിയ വാഹനങ്ങളും കടകമ്പോളങ്ങളിലെ കേടുവന്ന സാധനങ്ങളുംറോഡരികിൽ കൂട്ടിയിട്ടിരിക്കുന്നു. ഇപ്പോഴും വെള്ളക്കെട്ടുള്ള പറമ്പുകളിൽ ഉയർന്നു നിൽക്കുന്ന മൺകൂനകളിലും മറ്റും വസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്ന കാഴ്ചയും കാണാം .പൊതുവെ കുടിവെള്ള ക്ഷാമമുള്ള പടിയൂർ എടതിരിഞ്ഞി മേഘലകളിൽ പ്രളയംമൂലം കുടിവെള്ള സ്രോതസുകളും കിണറുകളും നശിച്ചത് വരും ദിനങ്ങളിൽ ഏറെ പ്രതിസന്ധി സൃഷ്ടിക്കും.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top