കൃത്യമായ ആസൂത്രണം കൊണ്ട് ജില്ലയിലെ ഏറ്റവും മികച്ച ദുരിതാശ്വാസ കേന്ദ്രങ്ങളിലൊന്നായി മാറുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ക്യാമ്പ്

ഇരിങ്ങാലക്കുട : കൃത്യമായ ആസൂത്രണം കൊണ്ട് ജില്ലയിലെ ഏറ്റവും മികച്ച ദുരിതാശ്വാസ കേന്ദ്രങ്ങളിലൊന്നായി മാറുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിക്കൂട്ടായ്മയില്‍ ആരംഭിച്ച ക്യാമ്പ് . ഇരിങ്ങാലക്കുടയിലെ വിവിധ
വ്യക്തികളും സാംസ്‌കാരിക സംഘടനകളും സര്‍ക്കാര്‍ സംവിധാനവും ഒത്തൊരുമിച്ചതോടെ നൂറ് കണക്കിന് പേര്‍ക്ക് മന:സമാധാനത്തോടെ കിടന്നുറങ്ങാന്‍ ഇടമൊരുക്കി. മഴ കനക്കും മുമ്പേ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ദുരിതാശ്വാസ ക്യാമ്പിന്റെ പ്രാഥമിക ഒരുക്കങ്ങള്‍ ആരംഭിച്ചു. നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച തവനീഷ് പ്രവര്‍ത്തകര്‍ 24 മണിക്കൂര്‍ എമര്‍ജന്‍സി ക്യാമ്പയിന്‍ ആരംഭിച്ചു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഇതില്‍ പങ്കു ചേര്‍ന്നു. മഴക്കെടുതി നാശംവിതച്ച് ഇരിങ്ങാലക്കുടക്കാര്‍ ആശങ്കയിലായപ്പോള്‍ സിനിമാതാരം ടോവിനോ അടക്കം ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ ക്രൈസ്റ്റില്‍ എത്തി.

ജില്ലാ മജിസ്ട്‌റേറ്റും തഹസീല്‍ദാറും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി രാവേറും വരെ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നു. നിലവില്‍ ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയ്ക്കു പുറമേ പൂമംഗലം, വെള്ളാങ്ങല്ലൂര്‍, കാട്ടൂര്‍, പുത്തഞ്ചിറ, മാള,കൊടുങ്ങല്ലൂര്‍, പറവൂര്‍,കൊമ്പിടി, പടിഞ്ഞാറേ ചാലക്കുടി എന്നിവിടങ്ങളിലെ ആയിരത്തിലധികം പേര്‍ക്ക് തലചായ്ക്കാന്‍ ഇടവും ഭക്ഷണവും നല്‍കിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ക്രൈസ്റ്റ്‌കോളേജിലെ ക്യാമ്പ് പ്രവര്‍ത്തകര്‍. 125 ക്യാമ്പുകളിലേയ്ക്ക് ഇരിഞ്ഞാലക്കുട ക്രൈസ്റ്റിന്റെ ക്യാമ്പില്‍നിന്ന് ഭക്ഷണം നല്‍കിയതായി പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ അറിയിച്ചു. ഉദ്ദേശം മുപ്പതിനായിരം പേര്‍ക്ക് സഹായം നല്‍കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വീടുകളിലേയ്ക്ക് തിരിച്ചുപോകുന്നവര്‍ക്ക് ശുച്ചികരണം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായി തവനീഷ് കണ്‍വീനര്‍ പ്രൊഫ. മൂവിഷ് മുരളി അറിയിച്ചു.

ഇതിനിടെ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും പൂര്‍വ്വവിദ്യാര്‍ത്ഥികളും നാട്ടുകാരും സംഭാവനയായി നല്‍കുന്ന നിത്യോപയോഗസാധനങ്ങള്‍ അടക്കമുള്ള വസ്തുക്കള്‍ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവ
ആവശ്യാനുസരണം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികാരികള്‍ അറിയിച്ചു. വൈസ് പ്രിന്‍സിപ്പല്‍ മാരായ പ്രൊഫ.വി.പി.ആന്റോ, ഫാ..ജോയി പീനിക്കാപ്പറമ്പില്‍, ഫാ.ജോളി അന്‍ഡ്രൂസ്, പ്രൊഫ. ടി.വിവേകാനന്ദൻ
എന്‍.എനില്‍കുമാര്‍, എന്‍.എസ്.എസ്. കോ ഓര്‍ഡിനേറ്റര്‍ പ്രൊഫ.അരുണ്‍ ബാലകൃഷ്ണന്‍, മൂവിഷ് മുരളി, സോണി ജോണ്‍ എന്നിവര്‍ക്കൊപ്പം ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളും നാഷണല്‍ സര്‍വ്വീസ് സ്‌കീം വൊളണ്ടിയർമാരും പങ്കാളികളായി.

Leave a comment

  • 62
  •  
  •  
  •  
  •  
  •  
  •  
Top