പ്രളയക്കെടുതിയിൽ കൈതാങ്ങാകാൻ ഓണത്തപ്പനെ വിൽപനക്കായി നിർമ്മിച്ച് ക്രൈസ്റ്റ് എൻജിനിയറിങ് കോളേജ് വിദ്യാർത്ഥികൾ – ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക്

ഇരിങ്ങാലക്കുട : പ്രളയക്കെടുതിയിൽ പുഞ്ചിരി നഷ്ടപെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകാൻ ഓണവിപണിയിലേക്കുള്ള തൃക്കാക്കരപ്പന്റെ രൂപങ്ങൾ നിർമ്മിച്ച് ഇവയുടെ വിൽപ്പനയിൽ നിന്നും ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കാൻ തയാറായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനിയറിങ് കോളേജ് വിദ്യാർത്ഥികൾ.

നാടിൻറെ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന ,തകർന്നു കൊണ്ടിരിക്കുന്ന കളിമൺ കുടിൽ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുക എന്ന സന്ദേശവും ഇതിൽ ഉൾകൊള്ളുന്നു . സുസ്ഥിര സാങ്കേതിക്കുക വിദ്യ (SUSTAINABLE ENGINEERING ) ഇന്ന് എൻജിനിയറിങ് കോളേജുകളിൽ പാഠ്യ വിഷയമാണ് . തടിയിലും സിമെന്റിലും തീർത്ത റെഡിമേഡ് തൃക്കാക്കരയപ്പന് പകരം കളിമണ്ണിൽ തീർത്ത തൃക്കാക്കരയപ്പനിലൂടെ ഇവർ മുന്നോട്ടു വെക്കുന്നതും ഇതേ ആശയം തന്നെയാണ് .

ഓണവിപണിയിൽ അറുപതു രൂപയോളം വില വരുന്ന ഓണത്തപ്പന്മാരെ ഉണ്ടാക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം മുഴുവനായും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുവാനാണ് ഇവരുടെ തീരുമാനം. തൊണ്ണുറുമിനിട്ടിനുള്ളിൽ ആയിരം ഓണത്തപ്പന്മാർ എന്ന വെല്ലുവിളിയാണ് കുട്ടികൾ ഏറ്റെടുത്തു നടപ്പിലാക്കിയത് .ഓണത്തപ്പനെ കാത്തിരിക്കുന്ന മലയാളിക്ക് ഇവരുടെ വിയർപ്പും കൈയൊപ്പും പതിപ്പിച്ച ഒരു കൊച്ചു ഓണസമ്മാനം. എല്ലാവരും ഒരേമനസ്സോടെ പ്രവർത്തിക്കുമ്പോൾ അവരുടെ നന്മ സമൂഹത്തിനു താങ്ങായി മാറുമെന്നതിൽ സംശയമില്ല.

Leave a comment

Top