ഒഴിഞ്ഞുകിടക്കുന്ന പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തിലേക്ക് മജിസ്‌ട്രേറ്റ് കോടതി ഉടൻ മാറ്റണം – കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : കച്ചേരിപ്പറമ്പ് കൂടൽമാണിക്യം ദേവസ്വത്തിന് സർക്കാർ പതിച്ചു നൽകിയിട്ട് എട്ടു വർഷമായിട്ടും ബഹുഭൂരിപക്ഷം കോടതികൾ സിവിൽസ്റ്റേഷനിലേക്ക് മാറ്റിയിട്ടും കച്ചേരിവളപ്പിൽ ഇപ്പോഴും തുടരുന്ന മജിസ്‌ട്രേറ്റ് കോടതി ഉടൻ മാറ്റണമെന്ന് പത്രക്കുറിപ്പിലൂടെ കൂടൽമാണിക്യം ദേവസ്വം ആവശ്യപ്പെട്ടു. മജിസ്‌ട്രേറ്റ് കോടതി ഇവിടെ തുടരുന്നതിനാൽ കച്ചേരിവളപ്പിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട പദ്ധതികൾ പ്രാവർത്തികമാക്കാൻ കഴിയുന്നില്ല. ബഹുനിലക്കെട്ടിടം പണിത് ദേവസ്വത്തിന്റ വരുമാനം പലമടങ്ങ് വർദ്ധിപ്പിക്കാൻ സമഗ്രമായ പദ്ധതികൾ ദേവസ്വത്തിന് ഉള്ളതാണ്. മിനി സിവിൽ സ്റ്റേഷൻ പണിത് റവന്യൂ ഓഫീസുകൾ അങ്ങോട്ടു മാറ്റിസ്ഥാപിച്ചതോടെ പഴയ താലൂക് ഓഫീസ് സമുച്ചയം ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കയാണ്.

കോടതികൾ എല്ലാം സ്ഥാപിക്കാവുന്ന ജുഡീഷ്യൽ കോംപ്ലക്സ് സ്ഥാപിതമാകും വരെ ഒന്നാം ക്ലാസ് മജിസ്റ്റേറ്റ് കോടതി പഴയ താലൂക്ക് ഓഫീസ് സമുച്ചയത്തിലേക്ക് മാറ്റിയാൽ ഇരിങ്ങാലക്കുടക്ക് മൊത്തത്തിലും ദേവസ്വത്തിനും അഭിഭാഷകർക്കും പ്രത്യേകിച്ചും ഗുണകരമാകുമെന്ന് ദേവസ്വം കമ്മിറ്റി വിലയിരുത്തി. ഇപ്രകാരം സത്വരനടപടികളിലൂടെ കച്ചേരി വളപ്പ് ദേവസ്വത്തിന് ഒഴിഞ്ഞു ലഭിക്കും വിധം പ്രവർത്തിക്കാൻ സർക്കാരിന്റെ വിവിധ വകുപ്പുകളോടും ഹൈക്കോടതിയോടും ആവശ്യപ്പെടുവാൻ ദേവസ്വം കമ്മിറ്റി തീരുമാനിച്ചു.

Leave a comment

Top