ഹൈമാസ്റ്റ് മിഴിയടഞ്ഞതോടെ സാമൂഹ്യ വിരുദ്ധർക്ക് താവളമായി ബസ്സ്റ്റാൻഡ് പരിസരം വീണ്ടും കൂരാകൂരിരുട്ടിൽ

ഇരിങ്ങാലക്കുട : സാമൂഹ്യ വിരുദ്ധർക്ക് ബസ്സ്റ്റാൻഡ് പരിസരം രാത്രി താവളമാക്കാൻ വീണ്ടും സൗകര്യം. പ്രഭ ചൊരിഞ്ഞു നിന്നിരുന്ന നഗരസഭയുടെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടഞ്ഞതോടെ ബസ്സ്റ്റാൻഡ് പരിസരം പൂർണ്ണമായി കൂരാകൂരിരുട്ടിലാണ്. പരിസരത്തെങ്ങും ഒരു തെരുവ് വിളക്കുപോലും കത്തുന്നില്ല. ഒമ്പതുമണിയോടെ ഈ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചവും കൂടെ അണയുന്നതോടെ നഗര ഹൃദയമെന്ന വിളിപ്പേര് ഒരു അലങ്കാരമാത്രമായ് മാറുന്നു ഇവിടെ.

നഗരസഭ ലക്ഷങ്ങൾ ചിലവഴിച്ച് കൊട്ടിഘോഷിച്ചു സ്ഥാപിച്ച ഇവ വളരെ പെട്ടന്ന് കേടാകുകയായിരുന്നു. ഒൻപതു ലൈറ്റുകളുടെ ശൃംഖലകളിൽ ഒരെണ്ണമാണ് കത്തിയിരുന്നത്. ഇപ്പോൾ അതും കത്തുന്നില്ല. സമയാസമയങ്ങളിലുള്ള അറ്റകുറ്റ പണികൾ നടത്താതതിലാണ് ഇവ കേടാക്കുന്നത്. അതിനു പുറമെ നഗരസഭ മെയിന്റനൻസ് കോൺട്രാറ്റർക്ക് കൊടുത്തു തീർക്കാനുള്ള തുകയും പലപ്പോഴും മുടങ്ങാറുണ്ട്. ഇതുമൂലം അറ്റകുറ്റ പണികൾ നീണ്ടുപ്പോകുന്നു. തല ഉയർത്തിനിൽകുന്ന ഹൈ മാസ്റ്റിനു മുന്നിലൂടെ തല കുമ്പിട്ട് പോകേണ്ട അവസ്ഥയാണിപ്പോൾ.

Leave a comment

Top