രാമന്‍റെ പേരുപറഞ്ഞുകൊണ്ട് രാവണന്‍റെ ദുഷ്കർമ്മം അനുഷ്ഠിക്കുന്നവരാണ് ഇപ്പോൾ രാമായണമാസാചരണ വിവാദങ്ങളുമായ് രംഗത്തുള്ളത് – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഇരിങ്ങാലക്കുട : മാനുഷിക ധർമ്മത്തിന്‍റെ പ്രതീകമായ രാമനെ വെറുപ്പിന്റെയും വർഗ്ഗിയതയുടെയും പ്രതിബിംബമാക്കാൻ ശ്രമിക്കുന്നവർ രാമന്‍റെ പേരുപറഞ്ഞുകൊണ്ട് രാവണന്‍റെ ദുഷ്കർമ്മം അനുഷ്ഠിക്കുന്നവരാണെന്നും ഇപ്പറയുന്നവർ യാഥാർഥ്യത്തിൽ പിന്തുടരുന്നത് രാമനെയല്ല പകരം മാരീചനാണ് അവരുടെ വഴികാട്ടിയെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൂടൽമാണിക്യ ക്ഷേത്രത്തിൽ രാമായണമാസാചരണ നാലമ്പല ദർശനത്തിന്‍റെ ഭാഗമായി ടൂറിസ്റ്റ് ഡിപ്പാർട്ട്മെന്‍റ് പണികഴിപ്പിച്ച ഭക്തർക്കുള്ള വിശ്രമകേന്ദ്രം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാമായണം അമർചിത്രകഥയിൽ മാത്രം വായിച്ചവരാണ് വിവാദമുണ്ടാക്കുന്നവരിൽ പലരുമെന്നും ഇതിനെ ചെറുക്കൻ നമുക്ക് ശ്രമിക്കണമെങ്കിൽ രാമായണം അതിന്‍റെ ത്യാഗ,നിർഭരമായ അർത്ഥം മനസിലാക്കി പാരായണം ചെയുക തന്നെ വേണമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ പ്രൊഫ. കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷതവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്മ്യഷിജു മുഖ്യാതിഥിയായിരുന്നു. ദേവസ്വം മാനേജിങ് കമ്മറ്റി അംഗങ്ങളായ ഭരതൻ കണ്ടെങ്കാട്ടിൽ, എ വി ഷൈൻ, അഡ്വ. രാജേഷ് തമ്പാൻ, കെ കെ പ്രേമരാജൻ, കെ ജി സുരേഷ്, എൻ പി പരമേശ്വരൻ നമ്പൂതിരിപാട് എന്നിവർ പങ്കെടുത്തു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ നന്ദിയും പറഞ്ഞു.

കൂടൽമാണിക്യം ക്ഷേത്രത്തെക്കുറിച്ചുള്ള മലയാളം ഇംഗ്ലീഷ് ,ഹിന്ദി തമിഴ് എന്നി നാലുഭാഷകളിലുള്ള ദർശനവഴികാട്ടിയുടെ പതിപ്പ് തന്ത്രിപ്രതിനിധി എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാടിന് നൽകി കൊണ്ട് ദേവസ്വം മന്ത്രി പ്രകാശനം ചെയ്തു.

Leave a comment

Top