വാർത്ത തുണയായി, നഷ്ടപ്പെട്ട പശുക്കളെ തേടി മൂന്നാം ദിനം ഉടമസ്ഥനെത്തി

ഇരിങ്ങാലക്കുട : മൂന്ന് ദിവസങ്ങൾക്കു മുൻപ് തന്‍റെ വീട്ടിൽ നിന്ന് രണ്ട് പശുക്കൾ നഷ്ടപ്പെട്ട മനോവിഷമത്തിലായ 78 കാരനായ അഖില ചന്ദ്രന് പശുക്കളെ കണ്ടെത്താൻ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്‍റെ വാർത്ത തുണയായി. തെക്കേ നട കളത്തുംപടി ക്ഷേത്രത്തിന് എതിർവശത്തെ പാടത്ത് രണ്ട് ദിവസമായ് രണ്ട് പശുക്കൾ അലഞ്ഞു നടക്കുന്നത് കഴിഞ്ഞ ദിവസം വാർത്ത കൊടുത്തിരുന്നു. പശുക്കൾ നഷ്ടപെട്ട വിവരം പോലീസിലറിയിക്കാൻ എത്തിയപ്പോൾ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്‌പെക്ടർ എം കെ സുരേഷ്‌കുമാർ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്‍റെ വാർത്തചിത്രം അദ്ദേഹത്തെ കാണിക്കുകയും പശുക്കൾ ഇതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

തെക്കേ നടയിൽ പശുക്കളെ തേടിയെത്തിയ അഖില ചന്ദ്രനെ വാർഡ് കൗൺസിലർ അമ്പിളി ജയൻ വെള്ളിയാഴ്ച ഉച്ചയോടെ പാടത്തെത്തിക്കുകയുമായിരുന്നു. ഈ സമയം സോൾവെന്റിലെ ജീവനക്കാരനായ കുഞ്ഞിലിക്കാട്ടിൽ മോഹനനും ഭാര്യാ പ്രീതിയും അഖില ചന്ദ്രന്‍റെ രണ്ട് പശുക്കൾക്ക് വെള്ളവും മറ്റും നൽകി പരിചരിക്കുകയായിരുന്നു. നഷ്ടപെട്ട പശുക്കളെ കണ്ട സന്തോഷത്തിൽ അദ്ദേഹം പശുക്കളെ പേര് ചൊല്ലി വിളിച്ചുടൻ രണ്ട് പശുക്കളും ഇദ്ദേഹത്തിന്‍റെ അടുത്തേക്ക് ഓടിയെത്തി.ബസ്റ്റാന്റിൽ നിന്ന് കാട്ടൂർ റോഡിലേക്കിറങ്ങുന്നിടത്താണ് അഖില ചന്ദ്രൻ താമസിക്കുന്നത്.. ഇദ്ദേഹം പശുക്കളേയും ആടുകളെയും ഇവിടെ വളർത്തുന്നുണ്ട്. ഇതേ ചൊല്ലി ചിലരുമായി ഇദ്ദേഹം തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനു മുന്നും പശുക്കളെ ഇവിടെ നിന്ന് പലരും അഴിച്ചു വിട്ടിട്ടുള്ളതായി അദ്ദേഹം പറയുന്നു.കൂടാതെ തന്‍റെ ആടിനെ സമീപവാസി കൊലപ്പെടുത്തിയതായും പറഞ്ഞു.

പശുക്കളെ നഷ്ടപെട്ട വിഷമത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രാത്ഥിക്കുവാൻ പോയിരിക്കുകയായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം. 78 കാരനായ അഖില ചന്ദ്രന് ദശകങ്ങൾക്കുമുൻപ് അഖിലേന്ത്യ അടിസ്ഥാനത്തിൽ അക്രഡിയേഷൻ നേടിയ ന്യൂസ് ക്യാമറമാനായിരുന്നു. ഉത്തരേന്ത്യയിലെയും കേരളത്തിലെയും പല പ്രധാനപ്പെട്ട വാർത്താചിത്രങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട് . ഇന്ത്യൻ പ്രധാനമന്തി ഇന്ദിര ഗാന്ധി ഇടുക്കി ഡാം ഉദ്‌ഘാടനം ചെയുന്ന ചിത്രം ഔദ്യോഗികമായ് പകർത്തിയത് ഇദ്ദേഹമായിരുന്നു. അദ്ദേഹം ചെയ്ത വിനോദ മേള എന്നൊരു ഹൃസ്വ ചിത്രം അക്കാലത്ത് ഏറെ ചർച്ച വിഷയമായിരുന്നു. മാധ്യമ രംഗത്തുനിന്നും ന്യൂസ് ഫോട്ടോഗ്രാഫി രംഗത്തുനിന്നും മാറി അവിവാഹിതനായ അഖില ചന്ദ്രൻ ഇപ്പോൾ പശുക്കളെ വളർത്തിയാണ് ജീവിക്കുന്നത്.

related news : പാടത്ത് അനാഥ പശുക്കൾ : രണ്ടു ദിവസമായിട്ടും ആരും എത്തിയില്ല

Leave a comment

Top