താലൂക്ക് വികസന സമിതി യോഗങ്ങൾ വെറും പ്രഹസനങ്ങളായ് മാറുന്നുവെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി മണി

ഇരിങ്ങാലക്കുട : താലൂക്ക് വികസന സഭയിൽ ജനങ്ങളുടെ വിഷയങ്ങൾ ജനപ്രതിനിധികൾ ആവർത്തിച്ച് പറഞ്ഞീട്ടും അതിൽ തീരുമാനം നടപ്പിലാക്കുന്നില്ലെന്ന് പറഞ്ഞാൽ അതിന്റെ പച്ചയായ അർത്ഥം താലൂക്ക് വികസന സമിതി യോഗങ്ങൾ വെറും പ്രഹസനമായി മാറുന്നുവെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി മണി ആരോപിച്ചു. എടതിരിഞ്ഞി അബേദ്ക്കർ കോളനിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ എ വൈ എഫ് പടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം


സമഗ്ര കുടിവെള്ള പദ്ധതി ഉടൻ പൂർത്തികരിക്കുക, അംബേദ്ക്കർ കോളനിയിൽ കുടിവെള്ള കണക്‌ഷൻ ഉടൻ സ്ഥാപിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ. പഞ്ചായത്ത് ഒരുലക്ഷത്തി മുപ്പത്താറായിരം രൂപ അടച്ചു എട്ടു മാസമായ് പൈപ്പ്‌ലൈൻ ഇട്ടിട്ടും വാട്ടർ അതോറിറ്റി ഇതുവരെ കണക്റ്റ് ചെയ്തിട്ടില്ല. താലൂക്ക് സഭകളിൽ ഈ വിഷയം വളരെ രൂക്ഷമായ് അവതരിപ്പിച്ചീട്ടും ഫലമില്ലാതായി വന്നിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ടി വി വിബിൻ അദ്ധ്യക്ഷനായിരുന്നു. കെ.എസ് രാധാകൃഷ്‌ണൻ, കെ സി ബിജു , കെ പി കണ്ണൻ, വി ആർ രമേഷ് എന്നിവർ സംസാരിച്ചു.

Leave a comment

Top