home  |   video  |  citizen journalist  |  exclusive  irinjalakuda 2020  |  contact  comments  |  irinjalakuda directory  |  features  |  classifieds  |  malayalam font

 

 


irinjalakuda POLITICAL DESK

 
   
 

ഒരു വഴിപോക്കനായി നിങ്ങളുടെ ഇടയിലൂടെ കടന്നു പോകുന്ന സഞ്ചാരിയെ ഒരു പക്ഷെ നിങ്ങള്‍ തിരിച്ചറിയില്ല. . . . . എന്നാല്‍ കേവലം ഒരു വഴിപോക്കനല്ല സഞ്ചാരി. . . രാഷ്ട്രീയ സ്പന്ദനമറിയാന്‍ നടത്തുന്ന പ്രയാണമാണ് സഞ്ചാരിയുടേത് . . . . . . നാട്ടിലെ വിശേഷങ്ങളും ജനസംസാരങ്ങളും സഞ്ചാരി നിങ്ങളെ അറിയിക്കും. . . . വീണുകിട്ടുന്ന സൂചനകളും അഭ്യൂഹങ്ങളും അണിയറ നീക്കങ്ങളും എല്ലാം സഞ്ചാരി നിങ്ങളിലെക്കെത്തിക്കും. . . . . സഞ്ചാരിയുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കപ്പെടില്ല എന്ന വിശ്വാസത്തോടെ ഇരിങ്ങാലക്കുടയുടെ അടഞ്ഞ രാഷ്ട്രീയ വീഥികളിലൂടെ സഞ്ചാരി പ്രയാണം ആരംഭിക്കുന്നു. . . . . .

 name    
 
 email
 
 contact number
 
 address
 
 comments/enquiry
 

 
 
 
 
install malayalam font from here
 
 
 
 
 

 
     
 

home    |  election 2011

   
 
 
ഗാന്ധിജയന്തി ദിനത്തിലെ സേവനവാര പ്രഹസനങ്ങള്‍
ഇരിങ്ങാലക്കുട: മഹാത്മാവിന്റെ ജന്മദിനത്തില്‍ സേവനവാരമോഹവുമായാണ് സഞ്ചാരി പുറത്തിറങ്ങിയത്. ഒക്ടോബര്‍ 2 ആഘോഷിക്കാന്‍ മുട്ടിനില്‍ക്കുന്ന ഖാദര്‍ധാരികളാണ് വഴിയിലെങ്ങും. ഈ ഒരു ദിവസത്തെ സേവനം മാത്രം "ഹോള്‍ സെയില്‍" ആയി ഏറ്റെടുത്ത ക്ലബ്ബുകളെയും വഴിയില്‍ കണ്ടുമുട്ടി. മറ്റുള്ളവര്‍ പണിയെടുക്കുമ്പോള്‍ നേതാക്കള്‍ ചമഞ്ഞ് നോക്കിനിന്നവര്‍ മാധ്യമ ക്യാമറകളുടെ വെട്ടം കണ്ടപ്പോള്‍ കൈക്കോട്ട് എടുത്ത് കിളയ്ക്കാന്‍ തുടങ്ങി. മാലിന്യങ്ങള്‍ കുട്ടയില്‍ കൊണ്ടു പോകുമ്പോള്‍ തന്റെ ഖദറില്‍ മുട്ടിയതിന് മാലിന്യത്തെക്കാള്‍ മലിനീമസമായ ഭാഷകള്‍ ഉപയോഗിക്കുന്നവരെയും ഈ സുദിനത്തില്‍ കണ്ടുമുട്ടി.
 
ഗാന്ധിജിയുടെ പിന്‍തലമുറക്കാര്‍ നിയോജകമണ്ഡലതല ആഘോഷം മുന്‍ പ്രധാനമന്ത്രിയുടെ പേരിലുള്ള ആസ്ഥാനമന്ദിരത്തില്‍ പതിവ് ചടങ്ങുകളോടെ ആഘോഷിക്കുന്നതിന് സാക്ഷിയാകാന്‍ സഞ്ചാരിയെ ക്ഷണിച്ചിരുന്നു. സ്ഥിരം കലാപ്രകടനങ്ങളോടെ മഹാത്മാവിന്റെ സേവന പ്രവര്‍ത്തനങ്ങളെയും, ലാളിത്യത്തെയും പുകഴ്ത്താന്‍ ഇവര്‍ മത്സരിച്ചു. പുഷ്പാഭിഷേകം നടത്തിയതിനുശേഷം ചായ സല്‍ക്കാരത്തിനായി ഇവര്‍ ആസ്ഥാനമന്ദിരത്തിനകത്ത് കയറി. സ്വയം കുടിച്ച ചായക്കോപ്പപോലും സേവനവാരദിനത്തില്‍ എടുത്തുമാറ്റാന്‍ തയ്യാറാകാതെ, മാധ്യമങ്ങളില്‍ തങ്ങളുടെ തല പ്രത്യക്ഷപ്പെട്ടുവെന്ന് ഉറപ്പ് വരുത്തിയതിനുശേഷം പലരും തിടുക്കത്തില്‍ സ്ഥലം വിട്ടു. പിന്നീട് സഞ്ചാരി കണ്ടത് സേവനവാര തല്പരരുടെ ശുചിത്വബോധമാണ്. ഒരു നേതാവ് ഒഴിഞ്ഞ ചായക്കോപ്പകള്‍ കൂട്ടത്തോടെ വാരിയെടുക്കുന്നത് കണ്ടപ്പോള്‍ സഞ്ചാരി വെറുതെ ആശിച്ചുപോയി. ഇവര്‍ നന്നാവാന്‍ തീരുമാനിച്ചോ? ഗാന്ധിയുടെ പിന്‍തലമുറക്കാര്‍ തന്നെയിവര്‍. തന്റെ എതിര്‍ ഗ്രൂപ്പുകാരുടെ ഉച്ചിഷ്ടംപോലും വാരിയെടുക്കാന്‍ തയ്യാറായത് നല്ലതുതന്നെ.
 
പക്ഷേ, പിന്നീട് പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. മാലിന്യ മുക്ത നഗരസഭയുടെ അദ്ധ്യക്ഷയുടെ സാന്നിധ്യത്തില്‍തന്നെ വാരിയെടുത്ത സല്‍ക്കാരമാലിന്യങ്ങള്‍ ആസ്ഥാനമന്ദിരത്തിന് പുറത്ത് അടുത്ത വീട്ടുകാരന്റെ ഒഴിഞ്ഞപറമ്പിന് മുന്നിലെ തോട്ടിലേക്ക് ഇട്ടു. അപ്പോഴും മന്ദിരത്തില്‍നിന്നും ഇന്ന് ചെയ്തു തീര്‍ക്കേണ്ട സേവന പ്രവര്‍ത്തികളുടെ ലിസ്റ്റ് ഖാദര്‍ധാരികള്‍ വായിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു
 
 
ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍
താടിവേഷങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍ !!



നല്ല ഒഴുക്കുള്ള കഥകളിപദം കേട്ടാണ് സഞ്ചാരി ഉണര്‍ന്നത്.
വാരാന്ത്യം നടക്കുന്ന ആട്ടക്കഥയുടെ മിനുക്കുപണിയാണ് അണിയറയില്‍ നടക്കുന്നത്. കാഴ്ച കാണാനിറങ്ങിയ തിരുമേനിയെയും സഞ്ചാരിക്ക് കൂട്ടുകിട്ടി. കഥകളി കാണാന്‍ ഇത്രയധികം ആളുകളോ. സഞ്ചാരിക്ക് ആശ്വാസമായി.
സാംസ്കാരിക നഗരമെന്ന ഖ്യാതി ഇരിങ്ങാലക്കുട നിലനിര്ത്തുകതന്നെചെയ്യും ഉറപ്പ്. പക്ഷേ, തെരഞ്ഞെടുപ്പിന് മുന്നണികള്‍ കൂട്ടത്തോടെ ചേര്‍ന്നവരായിരുന്നു അവിടെ കൂടിയിരുന്നതെന്ന യാഥാര്‍ത്ഥ്യം പിന്നീടാണ് സഞ്ചാരിക്ക് മനസിലായത്. തിരിഞ്ഞുനോക്കാന്‍ ആളുകള്‍ തയ്യാറാകാതിരുന്ന ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം കുറച്ചുനാളുകളായി ആള്‍ക്കൂട്ടത്തിലമരുകയാണ്. തിരുമേനിയും അന്തിച്ചുപോയി. അമ്പമ്പോ സംഗമേശന്റെ തട്ടകത്തില്‍ ഇത്രയേറെ കഥകളി പ്രേമികളോ!



ചുളിവുവീഴാത്ത ഖദര്‍വേഷധാരികളും, തോള്‍ സഞ്ചിക്കാരും, തിലകക്കുറിക്കാരും പരിസരമാകെ അരങ്ങ് തകര്‍ക്കുകയാണ്. അണിയറയില്‍നിന്നും ഇടയ്ക്കിടെ ഉയരുന്ന പോര്‍വിളികളും, അലര്‍ച്ചകളും അന്തരീക്ഷം കൊഴുപ്പിക്കുന്നു. പട്ടിണിപാവങ്ങളായ ആശാന്മാരും അനുയായികളും അടങ്ങുന്ന ഈ ലോകത്തെ മനസിലാക്കാനോ, വേദനയില്‍ പങ്കുകൊള്ളാനോ, അതിനേക്കാളുപരി ലോകോത്തര കലയെന്നനിലയില്‍ കഥകളിയെ അടുത്തറിയാനോ ശ്രമിക്കാത്തവരുടെ അരങ്ങേറ്റം ശുദ്ധഗതിക്കാരനായ തിരുമേനിയെ കുറച്ചൊന്നുമല്ല കുഴക്കിയത്. മാസങ്ങള്‍ക്കുമുമ്പ് ജീവസന്ധാരണത്തിനായി, കലാനിലയത്തിന്റെ കവാടത്തില്‍ സത്യാഗ്രഹമിരുന്ന ആശാന്മാരെ സമാശ്വസിപ്പിക്കാനും, സഹായിക്കാനും തന്നെപ്പോലുള്ളവര്‍ മാത്രമേ അരങ്ങത്തുണ്ടായിരുന്നുള്ളൂവെന്ന വാസ്തവം അദ്ദേഹമോര്‍ത്തുപോയി.


ആളും അര്‍ത്ഥവും ഒത്തുവന്നപ്പോള്‍ ഓടിയെത്തിയവരാണ് ഇവരെന്ന് മനസ്സിലാക്കാന്‍ താനല്‍പ്പം വൈകിപ്പോയതില്‍ ദു:ഖിതനായ തിരുമേനി അവരിലൊരാളായ അന്തോണിയേട്ടനുമായി കുശലപ്രശ്നമാരംഭിച്ചു. കഥകളിയില്‍ അഷ്ടകലാശം അത്യന്താപേക്ഷിതമാണോ എന്ന ചിന്തയ്ക്ക് മുന്നില്‍ അന്തോണിയേട്ടന് യാതൊരു സംശയമുണ്ടായില്ല. കലശം കൂടിയേ തീരൂ, അല്ലാതെന്തൂട്ടാ രസം. കഥകളി കൊഴുപ്പിക്കാന്‍ ഇതുകൂടിയെ തീരൂ. കാഴ്ചകള്‍ കണ്ടുമടങ്ങിയ തിരുമേനി ആകെ പരവശനായി. ചുരുക്കത്തില്‍ കീചകവധം ആട്ടക്കഥ ആടിത്തിമിര്‍ത്തപോലെ കീചകന്മാര്‍, നാടെങ്ങും കീഴടക്കുകയാണ്.

സാധാരണ കഥകളിയില്‍ കണ്ടുവരുന്നത്‌ നീചന്മാരും ദുഷ്ടകഥാപാത്രങ്ങളുമായ
ചുവന്ന താടിവേഷങ്ങളെ സ്വാതികരായ പച്ചവേഷ കഥാപാത്രങ്ങള്‍ വധിക്കുന്നതാണ്. കലാനിലയം തെരഞ്ഞെടുപ്പാകുന്ന രാഷ്ട്രീയ ആട്ടക്കഥയില്‍ നേരെമറിച്ചാണ്. സ്വാതികരായ യഥാര്‍ത്ഥ കഥകളി ആസ്വാദകരും കഥകളി പ്രേമികളുമായ പച്ചവേഷക്കാരെ കളിയും ബീഭത്സവും പൂണ്ട ചുവന്നതാടിക്കാര്‍ ദുഷ്ടവേഷങ്ങള്‍ മലര്‍ത്തിയടിച്ച് രക്തം പാനം ചെയ്യുന്നതാണ്.


ഫലം വന്നതിനുശേഷം പുതിയ ആട്ടക്കഥകള്‍ ഭരണപക്ഷത്തിന്റെ വക ഉണ്ടാകുമെന്നുറപ്പ്. സഞ്ചാരിക്ക് പുതിയ
വിഷയങ്ങളും......
ഇരിങ്ങാലക്കുടയിലെ റാലി വിശേഷങ്ങള്‍
ഇരിങ്ങാലക്കുടയിലെ റോഡുകളില്‍ സ്വസ്ഥമായൊന്ന് നടക്കാമെന്ന് വിചാരിച്ചാല്‍ പറ്റാത്ത അവസ്ഥ. സര്‍വ്വത്ര റാലിമയം. ആരോപണ റാലി, ആരോപണവിരുദ്ധ റാലി, ഫ്ലാറ്റ് റാലി, പാമോയില്‍ റാലി. പുറകെ വരുന്നവര്‍തെന്നിവീഴാന്‍ റാലി കടന്നുപോയ റോഡില്‍ നിറയെ പാമോയില്‍ തെളിച്ചാണ് ഒരുകൂട്ടര്‍ കടന്നുപോയത്. വാരാന്ത്യത്തില്‍ റാലി സംഘടിപ്പിക്കുന്നവര്‍ തീര്‍ത്ഥകുളം ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ മലിനമാക്കുന്നു എന്നാരോപിച്ചാണ്. അവരും പാമോയില്‍ റാലിക്കാരെപ്പോലെ മാതൃക പിന്തുടര്‍ന്നാല്‍ റോഡ്‌ മലിനമാകുമെന്നുറപ്പ്. പിന്നോരുകൂട്ടര്‍, ദേവസ്വംഭൂമി തിരികെ ലഭിക്കാതിരിക്കാന്‍ എം.എല്‍.എ കുതന്ത്രങ്ങള്‍ മെനയുന്നുണ്ടെന്ന് ആരോപിച്ച് കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തുനിന്നും എം.എല്‍.എ യുടെ വീട്ടിലേക്ക് റാലി സംഘടിപ്പിക്കുന്നു. എം.എല്‍.എ യെ രക്ഷിക്കാന്‍ പാര്‍ട്ടിക്കാര്‍ ബിഷപ്പ് ഹൗസിന്റെ മുമ്പില്‍നിന്നും ആല്‍ത്തറയിലേക്ക് റാലി സംഘടിപ്പിക്കുന്നു. പിന്നെ കേട്ടു ഇന്ദ്രപ്രസ്ഥത്തിലെ അഴിമതി കൂട്ടായ്മക്കെതിരെ ഉണ്ണാവ്രതമിരിക്കുന്ന ഹസാരെജിയെ പിന്തുണച്ച് പൊതുസമൂഹം ഈയാഴ്ച ഇരിങ്ങാലക്കുടയില്‍ റാലി നടത്തുന്നു. ഇതെല്ലാമാണ് ഈ വാരത്തിലെ റാലി വിശേഷങ്ങള്‍. റാലി ഇല്ലാത്ത
വഴി നോക്കി സഞ്ചരിക്കാന്‍ ഒരു റാലി സൈക്കിള്‍ തപ്പുകയാണ്‌ സഞ്ചാരി ഈ ഓണം ഓഫര്‍ നാളുകളില്‍.

ഹോ... ഈ നേതാക്കളുടെ ഒരു ദീര്‍ഘവീക്ഷണം !!!
സ്വാതന്ത്ര്യദിനാഘോഷം കണ്‍നിറയെ കണ്ട് മടങ്ങിയ സഞ്ചാരി ഒരു പിന്‍വിളികേട്ട് നോക്കിയപ്പോള്‍ ഒരോര്‍മ്മപ്പെടുത്തലുമായി അതാ ഒരു നഗരസഭാ കുറിപ്പ്... നഗരസഭയുടെ റീഡിങ്ങ് റൂമിലേക്ക്‌ പത്രമാധ്യമ സുഹൃത്തുക്കള്‍ തങ്ങളുടെ പത്രങ്ങള്‍ തരണമെന്ന് ആവശ്യപ്പെട്ട് കിട്ടിയ വാറോലയെപ്പറ്റി അപ്പോഴാണ്‌ ഓര്‍മ്മ വന്നത്. പഴയ ആര്‍.ടി.ഒ ഓഫീസ് വായനാമുറിയാക്കി മാറ്റിയതുകൊണ്ടാണോ എന്നറിയില്ല നിശബ്ദത എന്ന ഒന്ന് അവിടെ കേള്‍ക്കാനായില്ല.


പിന്നെ പത്രങ്ങളെക്കുറിച്ച് തിരക്കിയപ്പോള്‍ കാര്യമായ ഒന്നുംതന്നെ വന്നുതുടങ്ങിയിട്ടില്ല. തങ്ങളുടെ 'ഭരണകേമത്തങ്ങള്‍' അവിടെ വരുന്നവര്‍ വായിച്ചറിയേണ്ട എന്നുകരുതിയാകും ഇതെന്നും സഞ്ചാരി ആശ്വസിച്ചു. നഗരസഭ ഭരിക്കുന്നവരുടെ പാര്‍ടിപത്രം പോലും അവിടെയില്ല. അപ്പോഴാണ് സഞ്ചാരിക്ക് കഴിഞ്ഞമാസം നടന്ന ഒരു സംഭവം ഓര്‍മ്മവന്നത്. ഭരണപാര്‍ടിയുടെ മണ്ഡലതലം മുതല്‍ സംഘടനാതലം വരെ ബലപ്പെടുത്താന്‍ ഇരിങ്ങാലക്കുടയില്‍ മുന്‍പ്രധാനമന്തിയുടെ പേരിലുള്ള ഭവനത്തില്‍ തൃശ്ശൂരില്‍നിന്നും ഓടിയെത്തിയ നേതാവ് - നിങ്ങള്‍ പാര്‍ടിപത്രത്തിന്റെ വരിക്കാരാവണമെന്ന് കേണപേക്ഷിക്കുന്നത് കേട്ടിരുന്നു. നമ്മുടെ നേട്ടങ്ങള്‍ എഴുതാന്‍ മറ്റാരും ഉണ്ടാകില്ലെങ്കിലും സ്വയം എഴുതിവായിച്ചു നിര്‍വൃതി അടയാന്‍ എങ്കിലും ഒന്ന് എന്ന് കരുതിയാവണം. എന്തൊരു ദീര്‍ഘവീക്ഷണം.

 എന്നാല്‍ ഒരു കൗതുകത്തിന് ഇത് അണിക്കള്‍ എത്രപേര്‍ അനുസരിച്ചുവെന്ന് അറിയാന്‍ സഞ്ചാരിക്ക് ഒരു മോഹം. അന്വേഷണം പാര്‍ടി ഓഫീസില്‍ നിന്ന് ആരംഭിച്ചപ്പോള്‍തന്നെ നിരാശയായിരുന്നു ഫലം. ഗ്രൂപ്പ്‌ വ്യത്യാസമില്ലാതെ പല കൌണ്‍സിലര്‍മാരുടെയും, പഞ്ചായത്തംഗങ്ങളുടെയും വീടുകളിലും ഈ പത്രമില്ല. എന്തിന്. നഗരസഭാധ്യക്ഷയുടെ വീട്ടില്‍പോലുമില്ല. കാരണം അന്വേഷിച്ചപ്പോള്‍ തങ്ങളുടെ പാര്‍ട്ടിക്ക് ഇങ്ങനെ ഒരു പത്രം ഉണ്ടെന്നുപോലും ഇവരില്‍ പലര്‍ക്കും അറിയില്ല. മറ്റുചിലര്‍ക്ക് പത്രം വേണമെന്നുണ്ട്. പക്ഷേ സൗജന്യമായി... ഈ പത്രവിശേഷം അറിഞ്ഞതോടെ സഞ്ചാരി അന്വേഷണം നിര്‍ത്തി. ഹോ... ഈ നേതാക്കളുടെ ഒരു ദീര്‍ഘവീക്ഷണം !!!!

SG Complex Exclusive Company Showroom, Vadakke Stand, Thrissur

സഞ്ചാരിക്കൊരു മുന്നറിയിപ്പ് .....!!!
അങ്ങനെ സഞ്ചാരിക്ക് വീണ്ടുമൊരു മുന്നറിയിപ്പ് ...... വിഭാഗീയത തീരെയില്ലെന്ന് ഉത്തമവിശ്വാസമുള്ള നമ്മുടെ കാവിപാര്‍ട്ടിയുടെ വകയാണ് ഇത്തവണത്തെ വാറോല. ആശുപത്രിയുടെ ശോചനീയാവസ്ഥ ജനങ്ങളെ അറിയിക്കാന്‍ ഇറങ്ങി പുറപ്പെട്ട കാവിസംഘത്തെ കുറിച്ച് ഒരു ചിത്രം കൊടുത്തതിനാണ് നെറ്റിയില്‍ ചോദ്യചിഹ്നവുമായി ഒരു നേതാവിന്റെ സൈബര്‍ ഭീഷണി. ഈമെയിലില്‍ വന്ന വാറോലയില്‍ ഇങ്ങനെ പറയുന്നു വിഭാഗീയത എന്ന കാപ്ഷന്‍ കൊടുത്ത് അണികളെ ആശയക്കുഴപ്പത്തിലാക്കരുത്, ഇതൊരു മുന്നറിയിപ്പ് മാത്രമാണ്.
.
സഞ്ചാരിക്കറിയാന്‍ കഴിഞ്ഞത് കാവി പാര്‍ട്ടിയുടെ അണികളുടെ ഇപ്പോഴത്തെ ആശയക്കുഴപ്പം തങ്ങളുടെ നേതാവ് ആരെന്നാണ് ? ചിലര്‍ അകത്തായതും, പുറത്തായതും അണിയറ സംസാരമുണ്ട്. താമര വിരിയിച്ചവരെ ആശുപത്രി മാര്‍ച്ചില്‍ കണ്ടില്ല. പകരം ഒരു ഭാഗ്യാന്വേഷിയെ കണ്ടു. സഞ്ചാരിയുടെ ക്യാമറ അത് ഒപ്പിയെടുത്തു, ഇതാണ് പ്രശ്നമായത്‌. മുന്നറിയിപ്പ് നടപ്പിലാക്കുക ഏത് വിധേനെയാണെന്ന് സഞ്ചാരിക്കറിയില്ല. അടുത്ത വാരം കാണാമെന്ന പ്രതീക്ഷയോടെ ....

 

എന്താ ഈ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊമ്പുണ്ടോ?

ഇടവേളക്ക് ശേഷം സഞ്ചാരി നടക്കാന്‍ ഇറങ്ങിയപ്പോള്‍ നാടെങ്ങും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞ ഒരു പ്രതീതി. ക്ഷേത്രത്തിലെ ആന പാപ്പാന്‍റെ ക്രൂര മര്‍ദ്ദനമേറ്റ് ഇടഞ്ഞോടിയപ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ താണ്ഡവനൃത്തമാടിയ പാപ്പാന്‍റെ ചിത്രവും, വാര്‍ത്തയും പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് പാപ്പാന്‍‌ ഒളിവിലേക്ക് ഊളിയിട്ടപ്പോള്‍ അതാ വരുന്നു സദാചാരപോലീസ് ചമഞ്ഞ ആനപ്രേമികള്‍. പാപ്പാന്‍‌ പോയി, ആന ഒറ്റക്കായി. ഇനി നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പേന താഴെയിട്ട് ആനതോട്ടി എടുത്തോളൂ. "ഞങ്ങളുടെ ആനയെ" ഈ നിലയിലാക്കിയത് നിങ്ങളാണ്.... ഇക്കഴിഞ്ഞത് ഒരു ഫ്ലാഷ് ബാക്ക്. 2 ആഴ്ച മുമ്പത്തെ സംഭവങ്ങള്‍.


ഇതാ വരുന്നു പരിഷ്കൃത പാപ്പാന്‍. ആനക്ക് പകരം സ്റ്റെതസ്ക്കൊപ്പ്. നൃത്തം, താണ്ഡവം തന്നെ. സാഹചര്യം, സഹജീവിയുടെ കൈക്കൂലിക്കഥ കയ്യോടെ ക്യാമാറയിലാക്കിയത്. നിങ്ങള്‍ ചെയ്യുന്നത് തെണ്ടിത്തരം.... മാധ്യമ പ്രവര്‍ത്തകര്‍ ഒരു ക്യാമാറയും മൊബൈലും ഉണ്ടെങ്കില്‍ എവിടെയും കയറിച്ചെന്നു എന്തും ആകാം എന്നാണോ? ചോദ്യം കേട്ടാല്‍ ന്യായം. എന്താണ് സംഭവിച്ചതെന്ന് എന്നറിയണമെങ്കില്‍ 2 ദിവസം പുറകിലോട്ട് പോകാം.  ഈയിടെ ജനറല്‍ ആശുപത്രിയായി സ്ഥാനക്കയറ്റം ലഭിച്ചിടത്താണ് സംഭവപരമ്പരകളുടെ തുടക്കം. ആശുപത്രിയിലെ കത്തിവെപ്പുകാരനും, മയക്കുവീരനും കൈക്കൂലി കൊടുത്ത് മടുത്ത പാവം രോഗികള്‍ ഈകഥ പുറംലോകം അറിയാനായി രഹസ്യ ക്യാമാരക്കാരനെ കൂട്ടുപിടിച്ചു. ഒരു രോഗിയെ സംഘടിപ്പിച്ച് സഹായിയായി കൂടെ കൂടി. കേട്ടുകേള്‍വിയിലപ്പുറം യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടപ്പോള്‍ ഒളിക്യാമറ പോലും നാണിച്ചു പോയി. ഇതാരും അറിഞ്ഞില്ലെന്നായിരുന്നു ഒളിക്യാമറ സംഘത്തിന്‍റെ കണക്കുക്കൂട്ടല്‍.


എന്നാല്‍ "പ്രതിപക്ഷ ആശുപത്രി പഠന സംഘത്തിന്‍റെ" സന്ദര്‍ശനത്തോട് അനുബന്ധിച്ച് ആശുപത്രി മേധാവിയുടെ മുറിയില്‍ കയറിയപ്പോള്‍ പത്രപ്രവര്‍ത്തക നേതാവിന് നേരെ ചാടിക്കയറി ആശുപത്രി മേധാവി. അനുവാദമില്ലാതെ നിങ്ങളുടെ സംഘത്തിലെ ചിലര്‍ മഹാപാതകം ചെയ്തെന്ന് അദ്ദേഹം. അതായത് ആരോപണ വിധേയനായ ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെടുന്ന രംഗം ചിത്രീകരിക്കണമെങ്കില്‍ മുന്‍കൂട്ടി തന്‍റെ അനുവാദം വേണമെന്നും, തന്‍റെ മാത്രമല്ല ആ ഡോക്ടറുടെയും. എങ്ങനെയുണ്ട് കഥ.

ഇത്തരം സദാചാരക്കാര്‍ നോട്ടമിട്ടിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകരെ. എപ്പോള്‍ എവിടെ വെച്ച് മയക്കി കത്തി വെക്കുമെന്ന് അറിഞ്ഞു കൂടാ. ഒന്നും സംഭവിച്ചില്ലെങ്കില്‍ പുതിയ വിശേഷവുമായി വീണ്ടും കാണാം.

 

 
.  ആട് തേക്ക് മാഞ്ചിയം അക്ഷയ ത്രിതീയ
അതി പ്രാകൃതവും കാലഹരണ പെട്ടതുമായ ''അക്ഷയ ത്രിതീയയെ'' പുതു രൂപത്തിലും ഭാവത്തിലും ഒരു ജനതയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു കൊള്ള നടത്തുന്ന അതിബുദ്ധിമാന്മാരായ സ്വര്‍ണ വ്യാപാരികള്‍ക്കു അഭിവാദ്യങ്ങള്‍ .....

''അക്ഷയ ത്രിതീയയെ'' കുറിച്ചുള്ള വിവരണങ്ങളില്‍ ഒരിടത്ത്‌ പോലും ഈ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ഉണ്ടാകുന്ന കീര്‍ത്തിയേയോ സമ്പല്‍ സമൃദ്ധിയെ കുറിച്ചോ ഒന്നും തന്നെ പരാമര്‍ശിക്കുന്നില്ല !!! ഐശ്വര്യവും സമൃദ്ധിയും ഇങ്ങനെ സൂത്ര പണികളില്‍ ഉണ്ടാകുന്ന ഒന്നാണോ ????  ഈ ദിവസം നാം സ്വര്‍ണം വാങ്ങിയാല്‍ ഈ കൊള്ളക്കാര്‍ക്ക് സമൃദ്ധി ഉണ്ടാകുമെന്നെതില്‍ സംശയം വേണ്ട . അധ്വാനിക്കാതെ പണമുണ്ടാക്കാനുള്ള പുതു വഴികള്‍ തേടി നെട്ടോട്ടമോടുന്ന മലയാളികള്‍ക്കിടയില്‍ ഈ നുണ വന്‍ പ്രചാരം നേടിയതില്‍ അത്ഭുതപെടാനില്ല .. ...


വെയ് രാജാ വെയ്യ്.. .ആട് തേക്ക് മാഞ്ചിയം പോലെ ,ഒരു പാട് അനുഭവങ്ങള്‍ ഉള്ള നമുക്ക് ഇതും കൂടി ഇരിക്കട്ടെ . വെയ്യ് രാജ വെയ്യ് ..വെയ്യ് വെയ്യ് വെയ്യ് ......
 
മൈക്ക് ഓഫായതിനാല്‍ അണിയറ രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടായില്ല
 
തെരഞ്ഞെടുപ്പു കഴിഞ്ഞു. . . . .വോട്ടെടുപ്പും മറ്റും വീക്ഷിച്ച സഞ്ചാരിക്ക് ഒരു കാര്യം വ്യക്തമായി. . . . .ഇരിങ്ങാലക്കുട മണ്ഡലത്തില്‍ എല്ലാ വോട്ടര്‍മാരും നല്ല ഉണര്‍വോടെയാണ് തെരഞ്ഞെടുപ്പില്‍ ഭാഗഭാക്കായത്. . . . സമ്മതിദാനാവകാശം ഏവരും ഊര്‍ജസ്വലമായിത്തന്നെ വിനിയോഗിച്ചു. . . . .ഫലം ഇരിങ്ങാലക്കുടയില്‍ കനത്ത പോളിംഗ്. . . .75.4 ശതമാനത്തിലെത്തിയ പോളിംഗ് ആരെ തുണക്കും?????


ഒന്ന് നോക്കാം . . . . .സഞ്ചാരി സായാഹ്ന സവാരിക്കിറങ്ങി. . .. തേടിയ വള്ളി കാലിലേക്ക് തന്നെ വന്നു കയറി. . . . .എല്‍.ഡി.എഫ് സഖാക്കള്‍..... വിജയയുടെ വിജയ സാധ്യതയെ കുറിച്ച് ആരാഞ്ഞു....... 3000 മുതല്‍ 3500 വരെ ഭൂരിപക്ഷം ലഭിക്കും. . . . .കെ.ആര്‍.വിജയ ഇത്രയും ഭൂരിപക്ഷത്തില്‍ വിജയിക്കുമോ ???? സഞ്ചാരി വീണ്ടും ചോദിച്ചു. .തിരികെക്കിട്ടിയത് ഞെട്ടിക്കുന്ന മറുപടിയായിരുന്നു. . . . കെ.ആര്‍.വിജയയല്ല. . . യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ വിജയിക്കുന്ന കാര്യമാണത്രേ അവര്‍ പറഞ്ഞത്. . . . പക്ഷെ ഔദ്യോഗിക ഫലപ്രഖ്യാപനം വരാന്‍ ഒരുമാസം ബാക്കിയുണ്ടല്ലോ. . . .അതുവരെ പറഞ്ഞ് ആശ്വസിക്കാന്‍ എല്‍.ഡി.എഫിന് വകയുണ്ടെന്നാണ് ചിലര്‍ പറയുന്നത്.



കഴിഞ്ഞ തവണ ഏഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയ ഉണ്ണിയാടന്റെ ഭൂരിപക്ഷം കുറക്കാന്‍ കഴിഞ്ഞു എന്ന ആശ്വാസം എല്‍.ഡി.എഫിന് ബാക്കിയുണ്ടാകുമെന്ന് വഴിയില്‍ കേട്ട മറ്റൊരു കമന്റ്. ഉണ്ണിയേട്ടന്റെ തനിനിറം കാട്ടാനിറങ്ങിയവരില്‍ പലര്‍ക്കും പണ്ടത്തെ ആവേശം ഇല്ലത്രെ. . പോളിംഗ് കനത്തപ്പോള്‍ തന്നെ പലരും ഫലം മനസ്സില്‍ കണ്ടു തുടങ്ങി. എന്നാല്‍ ഇതെല്ലാം പാര്‍ട്ടിയിലെ തന്നെ ചില അസ്വാരസ്യങ്ങളുടെ ഭാഗമാണത്രേ. . .


ഊതി വീര്‍പ്പിച്ച ഐക്യം "പെരുമാറ്റച്ചട്ടം" കഴിഞ്ഞതോടെ പൊട്ടിത്തെറിച്ചതാണ് ഇത്തരം പ്രതികരണങ്ങള്‍ക്ക് പിന്നിലെന്ന് ഒരു രാഷ്ട്രീയ നിരീക്ഷകന്‍ പറഞ്ഞു. വിഭാഗീയതക്കും ഇതില്‍ പങ്കുണ്ടെന്ന് ചിലര്‍ പറയുന്നു. വി.എസ് അച്ചുതാനന്ദന്‍ ഇരിങ്ങാലക്കുടയില്‍ എത്തിയത് പാര്‍ട്ടി പറഞ്ഞിട്ടല്ലെന്നു ചിലരുടെ വാക്കുകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. . അസൂയയാകാം. . എന്നാലും കേട്ടത് പറയാതിരിക്കാന്‍ സഞ്ചാരിക്ക് കഴിയില്ല. . . . .ഇവര്‍ പറയുന്നതനുസരിച്ച് ഇരിങ്ങാലക്കുടയിലെ സാമുദായിക നേതാവിന്റെ അഭ്യര്‍ത്ഥന പ്രകാരമാണത്രെ വി.എസ് ഇരിങ്ങാക്കുടയിലെത്തിയത്. . . . .പാര്‍ട്ടി നേതൃത്വം വി.എസിനെ ക്ഷണിക്കാന്‍ വിമുഖത കാട്ടിയെന്നും ഇതേ തുടര്‍ന്ന് അത്യന്തം വാശിയോടെയാണ് വി.എസ് ഇരിങ്ങാലക്കുടയിലെത്തിയതെന്നും ഇവര്‍ പറയുന്നു. . . .ഒരിക്കല്‍ കൂടി പറയട്ടെ . . .ഇതിലെ വാസ്തവം ഇനിയും തെളിയിക്കപ്പെടെണ്ടിയിരിക്കുന്നു . . . . മൈക്ക് ഓഫായതിനാല്‍ അണിയറ രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടായി പരിണമിച്ചില്ലെന്നും കേട്ടു. . . ഇനി ഒരു മാസം പലയിടത്തും ഇതിനെയൊക്കെ ചൊല്ലി പൊട്ടലും ചീറ്റലും നടക്കുമെന്ന് സഞ്ചാരിക്ക് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. . . ഫലം വന്നാല്‍ ഇതെല്ലാം മൂര്‍ധന്യത്തിലെത്തുമെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. .


പോളിംഗ് ശതമാനത്തില്‍ വന്ന വര്‍ദ്ധനവ്‌ മറ്റൊരു രീതിയിലും വ്യാഖ്യാനിക്കപ്പെടുന്നു. . . . യു.ഡി.എഫ് ക്യാമ്പില്‍ നിന്നും വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നിട്ടുണ്ടെന്നും പോളിംഗ് കനത്തത് നിഷേധ വോട്ടുകള്‍ വര്‍ദ്ധിച്ചത് കൊണ്ടാണെന്നും ചിലര്‍ പറയുന്നത് കേട്ടു. . . . ശരിയാകാം. . . ജനമനം പലപ്പോഴും പലരെയും വീഴ്ത്തുമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. . . . പക്ഷെ അങ്ങനെ ഒരു വീഴ്ചയുണ്ടായാല്‍ അതു അവസാനത്തെ വീഴ്ചയാകാനേ തരമുള്ളൂ. . .
 
 
കുട്ടിക്കുരങ്ങന്റെ ചുടുചോറു വാരല്‍
ജനഹിതം ബാലറ്റില്‍ വീഴാന്‍ ഇനി മൂന്നു നാളുകള്‍ ബാക്കി. . . .പ്രചരണത്തില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ് . . . . .സഞ്ചാരി നടത്തത്തിനു വേഗത അല്പം കൂട്ടി. . . .പലയിടത്തും പല പ്രശ്നങ്ങളും നടകുന്നുണ്ടേ. . . എല്ലായിടത്തും എത്തണ്ടേ. . . . ഇതിനിടെ പ്രചാരണത്തില്‍ പലവിധ അടവുകളും കക്ഷികള്‍ പയറ്റുന്നതായും വിവരം ലഭിച്ചു. . . . എല്‍.സി.ഡി പ്രദര്‍ശനവുമായി സഞ്ചരിക്കുന്ന വാഹനങ്ങള്‍, കൂറ്റന്‍ ഫ്ലക്സുകള്‍ തുടങ്ങി നിരവധി പ്രചരണ പരിപാടികള്‍ . . . . . . . ഇതിനിടെയാണ് സഞ്ചാരിയുടെ ചെവിയില്‍ വ്യക്തിഹത്യാ പ്രചരണത്തെ കുറിച്ച് വാര്‍ത്ത എത്തിയത്. . . . .നഗര ഹൃദയത്തിലൂടെ നടന്നു നോക്കാം . . . . . .കേട്ടിടത്തോളം ശരിയാണ്. ഏകപക്ഷീയമായ വ്യക്തിഹത്യകള്‍ നടക്കുന്നുണ്ട്. . . യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ കണക്കിന് പരിഹസിക്കുകയും വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്യുന്ന നോട്ടീസുകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. . . . . യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം കുറെനാള്‍ പ്രവര്‍ത്തിച്ചയാളാണത്രെ നോട്ടീസിനു പിന്നില്‍. . . . .സ്ഥാനാര്‍ത്ഥി മോഹമോന്നുമല്ല മൂപ്പരെ പിണക്കിയത്. . . പിന്നെന്താണാവോ????ഒരുപാട് ദൂരം നടന്നു വിയര്‍ത്തിട്ടും കൃത്യമായ ഒരു മറുപടി ലഭ്യമായില്ല. . . . പക്ഷെ ചില സൂചനകള്‍ ലഭിച്ചു. . . . കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറു വാരിക്കുന്ന പണിയുടെ ഭാഗമാണിതത്രേ. . . . ഇപ്പോഴത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പത്തു വര്‍ഷം ഇരിങ്ങാലക്കുടയുടെ എം.എല്‍.എ ആയി ജോലി നോക്കിയപ്പോള്‍ ഇപ്പോള്‍ നോട്ടീസ് പുറത്തിറക്കിയ സഹോദരന്‍, എം.എല്‍.എയുടെ സന്തത സഹചാരിയായിരുന്നു. . . . . .ഈ ബലത്തില്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഏത് പറമ്പില്‍ വേണമെങ്കിലും കയറി എന്ത് തോന്ന്യാസവും കാട്ടാന്‍ സഹചാരി അനുമതി നല്‍കി. . . . .ഈ ധൈര്യത്തില്‍ സഹചാരിയുടെ ചില സഹചാരികള്‍ മദ്യലഹരിയില്‍ അഴിഞ്ഞാടിയെന്നും പോലീസ് തൂക്കിയെടുത്ത് അകത്തിട്ടെന്നും ഇതില്‍ എം.എല്‍.എ ഇടപെടാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും നാട്ടുകാര്‍ പറഞ്ഞ് ഒടുവില്‍ സഞ്ചാരിയും അറിഞ്ഞു. . . . .

പക്ഷെ ചിലര്‍ പറഞ്ഞ, കുട്ടിക്കുരങ്ങന്റെ ചുടുചോറു വാരല്‍ വ്യക്തമാകാന്‍ അല്പം കൂടി നടക്കണം. . . . നോട്ടീസുകള്‍ വ്യാപകമായതോടെ നോട്ടീസിനു പിന്നിലെ സഹചാരിയെ കുറിച്ചും ചര്‍ച്ചകള്‍ വ്യാപകമാണ്. . . .ഇടത്തിലേക്ക് ചാഞ്ഞ സഹചാരിയെക്കൊണ്ട് പഴയ സഹചാരിയെ ചീത്ത വിളിപ്പിക്കുന്നതിനെയാണ് കുട്ടിക്കുരങ്ങിന്റെ പ്രവര്‍ത്തനങ്ങളുമായി നാട്ടുകാര്‍ താരതമ്യം ചെയ്യുന്നതെന്ന് സഞ്ചാരിക്ക് വ്യക്തമായി. . . . .പക്ഷെ ഇപ്പോള്‍ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിലാണത്രെ നമ്മുടെ സഹചാരി. . . . എതിര്‍ പക്ഷത്തേക്ക് ഇദ്ദേഹത്തെ അടുപ്പിച്ചിട്ടില്ലത്രേ. . . . ഇപ്പോള്‍ എവിടേക്ക് പോകണമെന്നറിയാതെ നടുറോട്ടിലാണത്രെ സഹചാരിയുടെ നില്പ്. . . . .എങ്ങുമെത്തിയിട്ടില്ല സഹചാരി എന്നാണു ജനസംസാരത്തില്‍ നിന്നും മനസിലാകുന്നത്. . . . . ഗത്യന്തരമില്ലാതെ ഒരു പാണന്‍ കണക്കെ ഏതെങ്കിലും കാടുപിടിച്ച പറമ്പില്‍ അച്ചടിച്ച നോട്ടീസുകള്‍ വിരിച്ച് കിടക്കാനാണത്രെ ഇപ്പോള്‍ സഹചാരിയുടെ നീക്കം.

 
 
 
 തെരുവ്നാടകമേ ഉലകം !!!!
 
തെരഞ്ഞെടുപ്പു ദിനം അടുക്കുകയാണ്. . . . ജനവിധി ബാലറ്റ് പെട്ടിയില്‍ വീഴാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. . . കടുത്ത മത്സരം നിലനില്‍ക്കുന്നതിനാല്‍ ഇരിങ്ങാലക്കുടയില്‍ ഇരു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളില്‍ കടുത്ത സമ്മര്‍ദ്ദം പ്രകടമാണത്രെ . . . . ഇതേ തുടര്‍ന്ന് ഇരുപക്ഷവും ആരോപണങ്ങളും ആക്ഷേപങ്ങളുമായി രംഗത്തുണ്ട്. . . ഒരാള്‍ സഞ്ചാരിയോട് കഴിഞ്ഞ ദിവസം ഒരു ചോദ്യമുന്നയിച്ചു. . . . "സഞ്ചാരീ. . . .ഈ ആരോപണങ്ങളും ആക്ഷേപങ്ങളും ചൂണ്ടിക്കാട്ടലുമെല്ലാം ആരുടെയെങ്കിലും തറവാട്ടു വകയാണോ? എതിരാളിയാണെന്ന് വച്ച് വ്യക്തിഹത്യ നടത്തുന്നത് ശരിയാണോ? "ആദ്യം ഒന്നും മനസിലായില്ലെങ്കിലും അയാള്‍ ചൂണ്ടിക്കാട്ടിയ ഒരു ഫ്ലക്സ് ബോര്‍ഡ് കണ്ടപ്പോള്‍ കാര്യം ഏതാണ്ട് പിടികിട്ടി. . . . ഫ്ലക്സ് വീരന്‍ എട്ടുകാലി മമ്മൂഞ്ഞിന്റെ ഉണ്ണിയാട്ടം അവസാനിപ്പിക്കണമെന്ന വരികളുമായി ഒരു ഫ്ലക്സ്. . . .യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ഫ്ലക്സ് സ്ഥാപിച്ചതാണ് അയാളെ ചൊടിപ്പിച്ചത്. . . ഫ്ലക്സ് വക്കല്‍ അത്ര വലിയ കുറ്റമാണോ??? എന്തായാലും അയാള്‍ പറഞ്ഞ വഴിയെ സഞ്ചാരി നടന്നു. . . . പാര്‍ട്ടി ഓഫീസിനു സമീപമെത്തിയപ്പോള്‍ രണ്ടു യുവാക്കള്‍ ഇറങ്ങി വരുന്നത് കണ്ടു. . . .ഒന്ന് പരിചയപ്പെടാമെന്നു വച്ച് അടുത്തു ചെന്നു. . . . . സംസാരിച്ചു തുടങ്ങി അല്‍പ നേരം കഴിഞ്ഞപ്പോള്‍ അവര്‍ ചിലത് പറഞ്ഞു. . .


യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ്‌ ഉണ്ണിയാടന്‍ അഴിമതിക്കാരനാണത്രെ. . . . ഇത് ജനങ്ങളെ അറിയിക്കാന്‍ തെരുവ് നാടകം സംഘടിപ്പിക്കുന്നുണ്ടെന്നും അതില്‍ തങ്ങള്‍ വേഷമിടുന്നുണ്ടെന്നും അവര്‍ പറഞ്ഞു. . . .വൃന്ദാ കാരാട്ട് വരുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ നെറികേട് അവരെ അറിയിച്ചു രക്തം തിളപ്പിക്കലാണത്രേ ഉദ്ദേശം. . . മലയാളം മനസിലാകാത്ത വൃന്ദാ കാരാട്ടിനെ ആംഗ്യ ഭാഷയില്‍ കാര്യം മനസിലാക്കുകയായിരിക്കും ലക്‌ഷ്യം. . . തുടര്‍ന്നും വഴിയോരങ്ങളില്‍ നാടകം അവതരിപ്പിക്കാനും പരിപാടിയുണ്ടത്രേ. . . . ഫോട്ടോ എടുത്താല്‍ അസഭ്യം വിളിച്ചു തല്ലാന്‍ വരികയും. . . വാര്‍ത്ത നല്‍കിയാല്‍ വഴിയില്‍ തടഞ്ഞു ഭീഷണിപ്പെടുത്തുകയും മര്‍ഡോക്കിന്റെ ചാനലില്‍ ജോലി ചെയ്‌താല്‍ വളഞ്ഞിട്ട് തല്ലുകയും ചെയ്യുന്ന പ്രവണതയുടെ(ജയരാജമന്ത്രം) തുടര്‍ച്ചയാണിതെന്ന് ചില നാട്ടുകാര്‍ ഇതെല്ലാം കേട്ട് പറയുന്നത് സഞ്ചാരി കേട്ടു. . . . . .നാടകം ഒന്ന് കാണാന്‍ മനസ്സനുവദിച്ചില്ല. . . . ചിലപ്പോള്‍ വളഞ്ഞിട്ട് തല്ലിയാലോ . . . ? മൂന്ന് ചാനലും പത്രവും ആഴ്ചപ്പതിപ്പും പ്രസിദ്ധീകരണങ്ങളും കയ്യിലുള്ളവരാണേ. . . . മാധ്യമപ്രവര്‍ത്തനം എന്താണെന്ന് വളഞ്ഞു നിന്ന് പഠിപ്പിച്ചാല്‍ അംഗവൈകല്യവും ആശുപത്രി ചിലവും സഞ്ചാരിക്ക് സ്വന്തം. . . . അതിനാല്‍ യുവാക്കളോട് തന്നെ ആരാഞ്ഞു. . . തനിമയാണത്രെ വിഷയം. . . . ഉണ്ണിയാടന്‍ അഴിമതി നടത്തിയെന്നും അത് ആക്ഷേപ ഹാസ്യമായി അവതരിപ്പിക്കുകയുമാണ് ലക്ഷ്യം. .



യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഏതാണ്ട് അതേ രൂപമുള്ള ഒരാളാണത്രേ മുഖ്യ വേഷത്തില്‍. . . . വ്യക്തിപരമായ പരാമര്‍ശങ്ങളും ആക്ഷേപവും വ്യംഗ്യാര്‍ത്ഥത്തില്‍ ഒരുപാടുണ്ടത്രേ. . . . . . പിന്നെയും പറഞ്ഞു കുറെ കാര്യങ്ങള്‍. . . അവസാനം അവര്‍ തന്നെ പറഞ്ഞു. . . . ഒരാളെ ഇങ്ങനെ ക്രൂശിക്കാമോ??? എതിര്‍ സ്ഥാനാര്‍ത്ഥിയെ ക്രൂശിലേറ്റി ഒടുക്കം ദൈവിക പരിവേഷത്തിലെത്തിച്ചാല്‍ സാമുദായിക വോട്ടു നഷ്ടമാകാതെ തരമില്ല. . . എന്തായാലും കൊള്ളാം. . . . തെരഞ്ഞെടുപ്പു ചൂടല്ലേ. . . . ചൂട് തലയ്ക്കു പിടിച്ചാല്‍ പ്രശ്നമാണെന്ന് ആയുര്‍വേദം പറയുന്നു. . . . . നില തെറ്റിയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാം. . . വിധി പ്രകാരമുള്ള ചികിത്സ തന്നെ ഉത്തമമെന്നു ആയുര്‍വേദ മരുന്ന് കടയിലെ ജീവനക്കാരന്റെ കമന്റ്. . . .


ഇപ്പോള്‍ കിട്ടിയത് : ഫ്ലക്സ് വക്കുന്നത് എന്തോ വലിയ പാപമാണെന്നു പറയുന്നവര്‍ ഇപ്പോള്‍ ഫ്ലക്സിലാണത്രെ ഊണും ഉറക്കവും എല്ലാം . . . .
 
 താമര ഏതു വിഗ്രഹത്തെ പൂജിക്കാന്‍ ?
പാര്‍ട്ടിയെ ഗ്രസിച്ചിരിക്കുന്ന ഭൂതമാണ്‌ വിഭാഗീയത എന്ന് ഒരു വിമത സഖാവ് മാസങ്ങള്‍ക്ക് മുന്‍പ് പ്രസ്താവിച്ചതോര്‍ക്കുന്നു. . . . . ഓരോരോ പക്ഷങ്ങള്‍ പിടിച്ച് പാര്‍ട്ടിക്കാര്‍ തമ്മിലടിച്ചു നാശമായ കോണ്‍ഗ്രസിന് ശേഷം ഇടതുപക്ഷവും ഗ്രൂപ്പിസത്തിലെക്കും വിഭാഗീയതയിലെക്കും കൂപ്പു കുത്തുന്നതായി രാഷ്ട്രീയ നിരീക്ഷകരും ചിന്തകരും ഏക സ്വരത്തില്‍ പറയുന്ന കാലത്താണ് സഞ്ചാരി നടക്കുന്നത്. . . . . . .


 ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് എ, ഐ വിഭാഗങ്ങളുടെ കൂട്ടയടിയും കൂട്ടക്കരച്ചിലും ഏവര്‍ക്കും സുപരിചിതമാണ്. . . . സമീപ കാലത്തായി ഇടതുപക്ഷത്തിലും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ദൃശ്യമാകുന്നു. . . . . . ഗ്രൂപ്പിസം മൂലം ഇരിങ്ങാലക്കുടയിലെ ഇടതുപക്ഷത്തിന്റെ വളര്‍ച്ച പടവലങ്ങ പോലെയെന്ന പ്രശംസയും നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. . . .


 ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞു നിന്ന ബി.ജെ.പിയാണ് ഇപ്പോള്‍ വിഭാഗീയതയുടെ കരിനിഴലില്‍ മുങ്ങി നില്‍ക്കുന്നത്. . . .ഇരിങ്ങാലക്കുടയില്‍ ബി.ജെ.പിക്കുള്ളില്‍ വിഭാഗീയത രൂക്ഷമാണത്രേ. . . . . സ്ഥാനാര്‍ത്ഥിത്വത്തിലെ എതിര്‍പ്പുകളാണ് ബി.ജെ.പിയെ രണ്ടു തട്ടിലാക്കുന്നതെന്നാണ് ജനസംസാരം. . . . . . ഇത് സഞ്ചാരിക്ക് വ്യക്തമായത് ബി.ജെ.പി ഓഫീസിനു മുന്നിലെത്തിയപ്പോഴാണ്. . . . ഉമ്മറത്ത് വെള്ളം കെട്ടിക്കിടക്കുന്നു. . . . . താമര വിരിയിക്കാന്‍ സൂക്ഷിച്ച വെള്ളം വിഭാഗീയതയെ തുടര്‍ന്ന് മറിച്ചു കളഞ്ഞതാണെന്ന് ചിലര്‍ പറയുന്നത് കേട്ടു. . . . . .


ചരിത്രത്തിലാദ്യമായി തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ രണ്ടു അക്കൌണ്ട് തുറക്കാന്‍ കഴിഞ്ഞതിന്റെ അഹങ്കാരമാണത്രേ വിഭാഗീതയുടെ കാതല്‍. . . . .അഹങ്കാരം മൂത്ത് ഒരു പ്രചാരണവും നടത്തിയില്ലെങ്കിലും താമര വിരിയുമെന്ന് ചില കൂപ മണ്ടൂകങ്ങള്‍ ധരിച്ചു വച്ചതാണെന്നും ചിലര്‍ അടക്കം പറയുന്നു. . . .എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനായി നടത്തം തുടര്‍ന്ന സഞ്ചാരിക്ക് ഇതൊക്കെ ആരോപണങ്ങള്‍ മാത്രമാണെന്ന് വ്യക്തമായി. . . പാര്‍ട്ടിയിലെ നേതൃസ്ഥാനങ്ങള്‍ വഹിക്കുന്ന രണ്ടു നേതാക്കള്‍ തമ്മിലുള്ള സ്പര്‍ദ്ധയാണ് ബി.ജെ.പിയില്‍ വിഭാഗീയത വളര്‍ത്തുന്നതെന്ന നിരീക്ഷണമാണ് വിവരമുള്ളവരുടെ ചര്‍ച്ചയില്‍ ഉയര്‍ന്നു വരുന്നത്. . . .



നിയുക്ത നഗരസഭാ കൌണ്‍സിലറും സംസ്ഥാന ബന്ധങ്ങളുമുള്ള യുവനേതാവിനെയാണ് ബി.ജെ.പി ആദ്യം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നത് . . . . . എന്നാല്‍ ഇദ്ദേഹം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയും പകരം മത്സരിക്കാന്‍ മറ്റൊരാള്‍ നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തതോടെയാണ് വിഭാഗീയത ആരംഭിച്ചതത്രേ. . . . . യുവനേതാവിന് ഈ സമ്മര്‍ദം അത്ര രസിച്ചില്ല. . . .അദ്ദേഹം പണി കൊടുത്തു. . . അങ്ങനെ മുരളീമന്ത്രം ചൊല്ലി സമ്മര്‍ദം അവസാനിപ്പിച്ച് ആ മറ്റൊരാള്‍ പിന്‍മാറി. . . . പക്ഷെ അപമാനിതനായ അദ്ദേഹം പാര്‍ട്ടിക്ക് പണി കൊടുക്കാന്‍ ഇറങ്ങിത്തിരി ക്കുകയുമായിരുന്നു എന്ന് ഒരു പാര്‍ട്ടി അനുഭാവിയും പാര്‍ട്ടി നേതൃത്വത്തോട് ഭേദപ്പെട്ട ബന്ധം കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തി നാലാള്‍ കൂടുന്ന മേഖലകളില്‍ പറയുന്ന കേട്ടു. . . . . പാര്‍ട്ടി അണികളെ പലവഴിക്ക് തിരിച്ചു വിടാനും ശ്രമം നടക്കുന്നുണ്ടത്രേ. . . . . . ഇതെല്ലാം കേട്ടു നിന്ന ഒരാളുടെ കമന്റ് ഏറെ രസകരമായി തോന്നി. . . . . "ഇരിങ്ങാലക്കുടയില്‍ താമര വളരും. . . . വളരുന്തോറും പിളരുന്ന താമര ഏതു വിഗ്രഹത്തെ പൂജിക്കാന്‍ ഉപയോഗപ്പെടുമെന്ന് മാത്രം അറിഞ്ഞാല്‍ മതി. . . . . "
 
 
നിങ്ങള്‍ ഉദ്ദേശിക്കുന്ന ഗാന്ധി ഏതാ ?
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇരിങ്ങാലക്കുടയുടെ വിവിധ ഭാഗങ്ങളില്‍ കൂട്ടയടി നടക്കുന്നുണ്ടെന്ന വിവരമാണ് സഞ്ചാരിക്ക് കഴിഞ്ഞ ദിവസം കിട്ടിയത്. . . . പാര്‍ട്ടിയുടെ പേരില്‍ അടി. . പാര്‍ട്ടിക്കാരുടെ പേരില്‍ അടി. . .സ്ഥാനാര്‍ത്ഥിയുടെ പേരില്‍ അടി. . അങ്ങനെ അടിയുടെ പൊടിപൂരം ഇരിങ്ങാലക്കുടയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ടത്രേ. . . എന്നാല്‍ തെരഞ്ഞെടുപ്പു അടുക്കുന്നതിനാല്‍ സ്വന്തം പല്ലിട കുത്തി നാറ്റിക്കാന്‍ ആരും തയ്യാറല്ല. . .അപ്പോള്‍ അടിയും തിരിച്ചടിയും നടക്കുന്നത് രഹസ്യമായി. . . .

ഇരുളിന്റെ മറവില്‍. . . കഴിഞ്ഞ ദിവസം കൂടല്‍ മാണിക്യം ക്ഷേത്ര പരിസരത്തു കൂട്ടയടി നടന്നു. . . പാര്‍ട്ടിക്കാര്‍ തന്നെയാണ് അടിക്കു നേതൃത്വം നല്‍കിയത്. . . തങ്ങളുടെ പ്രിയ നേതാവ് ഗാന്ധിയെ അസഭ്യം പറഞ്ഞതിനാണത്രെ ഒരുവനെ പാര്‍ട്ടിക്കാര്‍ വട്ടമിട്ടു തല്ലിയത്. . . അടികൊണ്ട് ഒടുവില്‍ അയാള്‍ ദേവഭൂമിയിലേക്ക് കടന്നു. . . ദേവസ്വം ഭൂമി വിഷയം സജീവ ചര്‍ച്ചയായതിനാലാകാം പാര്‍ട്ടിക്കാര്‍ മര്‍ദ്ദനം ഉപേക്ഷിച്ചു. . . . സംഭവം ഒടുവില്‍ സഞ്ചാരിയുടെ ചെവിയിലെത്തി. .

വൈകിട്ട് നടക്കാനിറങ്ങിയപ്പോള്‍ വിഷയത്തെപ്പറ്റി ഗാന്ധിയുടെ പിന്‍ മുറക്കാരോട് ചോദിച്ചു. . . . . കോണ്‍ഗ്രസ് ഓഫീസിലെ സ്ഥിരം കലാപരിപാടിയായ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായുള്ള കൂട്ടയടിയാണോ ഇതെന്ന സംശയവും സഞ്ചാരി ഉന്നയിച്ചു. . . . അപ്പോഴാണ്‌ അടി കൊണ്ട് പാഞ്ഞവന്‍ പാര്‍ട്ടിയുടെ യുവ നേതാവാണെന്നറിഞ്ഞത്. . . . സ്ഥിരം മദ്യപിച്ചു വരുന്ന ഇയാള്‍ ഗാന്ധിയുടെ പിന്‍ മുറക്കാരനല്ലത്രേ. . . . ഗാന്ധിയുടെ വില കളഞ്ഞവനെ ഓടിച്ചു. . . അതാണുണ്ടായ തെന്ന് ചില നേതാക്കള്‍ പറഞ്ഞു. . . .


ഇതിനിടെ മണ്ഡലത്തിലെ ഒരു പ്രമുഖ നേതാവ് ഇടയ്ക്കു കയറി ഇത് കോണ്‍ഗ്രസ്‌ ഓഫീസിലെ സ്ഥിരം കലാപരിപാടിയുടെ ഭാഗമല്ലെന്നു സ്ഥിരീകരിച്ചു.. . . . ഞങ്ങളുടെ ഗാന്ധി. . . . . . നമ്മുടെ ഗാന്ധി. . . . . . എന്റെ ഗാന്ധി . . . . . . . ഗാന്ധിയെപ്പറ്റി ഒരുപാട് സൂക്തങ്ങള്‍ . . . . ഗാന്ധിയാണ് വഴികാട്ടി . . . ദൈവം. . . അവസാന വാക്ക് . . . അങ്ങനെയും ഒരുപാട് ധീര വചനങ്ങള്‍ നേതാക്കളുടെ ഭാഗത്തു നിന്ന്. . . . . . . ഇതൊക്കെ കേട്ട് സമീപത്തു നിന്ന ഒരു വോട്ടറുടെ കമന്റ്. . . .നിങ്ങള്‍ ഉദ്ദേശിക്കുന്ന ഗാന്ധി ഏതാ? ?  മഹാത്മാ ഗാന്ധിയല്ലെന്നു വ്യക്തം. . .

 പിന്നീട് കുറച്ചു കൂടി മുന്നോട്ടു നടന്ന സഞ്ചാരിക്ക് പ്രമുഖ പാര്‍ട്ടിയുടെ വിഭാഗീയതയെ സംബന്ധിച്ച ചില രഹസ്യങ്ങള്‍ വീണു കിട്ടി. .
 
 
സ്ഥാനാര്‍ത്ഥിയുടെ മംഗളപത്രം വായിക്കലല്ല എന്റെ തൊഴില്‍


തെരഞ്ഞെടുപ്പു തിയതി അടുക്കുന്തോറും മുന്നണികളിലെ നേതൃ തലകള്‍ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. . . . .കണ്‍വന്‍ഷനുകളും രഹസ്യ യോഗങ്ങളും അനുദിനം ഇരു പാളയത്തിലും പെരുകുന്നു. . . . ഇത്തരം യോഗങ്ങളില്‍ പൊട്ടലും ചീറ്റലും വര്‍ദ്ധിക്കുന്നുവെന്നാണ് രഹസ്യ വിവരം. . . രഹസ്യം പലപ്പോഴും പരസ്യമാകുന്നതിനു മുന്‍പ് ചര്‍ച്ചയാകും. . രണ്ടോ മൂന്നോ പേര്‍ തമ്മില്‍ നടക്കുന്ന ഇത്തരം ചര്‍ച്ചകളാണ് പലപ്പോഴും നാളത്തെ വന്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും പൊട്ടിത്തെറികളിലേക്കും എത്തുന്നത്. കഴിഞ്ഞ ദിവസം പാര്‍ട്ടി ഓഫീസിനു സമീപത്തു കൂടി സഞ്ചാരി ഒന്നുനടന്നു . . . .കിട്ടാനുള്ളത് കിട്ടി. എന്നും കിട്ടുന്ന പോലെ അടിയല്ല. . . മുന്നണി യോഗത്തിലുണ്ടായ അസ്വാരസ്യങ്ങളുടെ രഹസ്യക്കൂമ്പാരം. . . . .


സംഭവം നടന്നിട്ട് രണ്ടു ദിവസമായി.പരാജയ ഭീതിയില്‍ തലക്ക് എന്തോ സാരമായി പറ്റിയെന്ന് മുന്നണി നേതാവ് തന്നെ ഒരു സ്ഥാനാര്‍ത്ഥിയെ വിശേഷിപ്പിക്കുന്നത് കേട്ടു. . .തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ കഴിഞ്ഞ തല പുകഞ്ഞ് പുറത്തി റങ്ങിയതാണ് കക്ഷി. . . കണ്‍ വന്‍ഷനിലുണ്ടായ പൊട്ടി ത്തെറികളാണ് നേതാവിനെ കൊണ്ട് ഇത് പറയിച്ചത്. സ്ഥാനാ ര്‍ത്ഥിയെ പൊക്കിപ്പറയാതെ മുന്‍ തെരഞ്ഞെടുപ്പുകള്‍ വിശകലനം ചെയ്തതിന് നേതാവിനോട് സ്ഥാനാര്‍ത്ഥി കയര്‍ത്തു സംസാരിച്ചുവത്രേ. . . . . തന്റെ നേട്ടം മാത്രം പറയാന്‍ സ്ഥാനാ ര്‍ത്ഥി ആവശ്യപ്പെടുക കൂടി ചെയ്തതോടെ നേതാവിന്റെ സമനില തെറ്റി. പുറത്തിറങ്ങിയ നേതാവ് സ്ഥാനാര്‍ ത്ഥിക്ക് നല്‍കിയ വിശേഷണങ്ങളുടെ അര്‍ത്ഥം മലയാളഭാഷാ നിഘണ്ടുവില്‍ പോലും ലഭ്യമാകില്ല. . . . . . .


വര്‍ഷങ്ങളായി ഇരിങ്ങാലക്കുടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സ്ഥാനാ ര്‍ത്ഥിയെ കൈപിടിച്ച് വോട്ടര്‍മാരുടെ ഇടയിലേക്ക് കൊണ്ട് പോകാനാകില്ലെന്നാണ് നേതാവിന്റെ പക്ഷം. മറ്റു മുന്നണി നേതാക്കള്‍ ചെയ്യുന്നത് പോലെ സ്ഥാനാ ര്‍ത്ഥിയുടെ മംഗളപത്രം വായിക്കലല്ല തന്റെ തൊഴില്‍ എന്നും പുള്ളി പറയുന്നു. . . . എങ്കിലും മണ്ഡലത്തിലെ വോട്ടര്‍മാരെ തിരിച്ചറിയാനും പേരും വേണമെങ്കില്‍ വിലാസവും വരെ പറയാന്‍ തങ്ങളുടെ സ്ഥാനാര്‍ ത്ഥിക്ക് കഴിയുമെന്നും നേതാവ് സമ്മതിക്കുന്നു. . സഞ്ചാരത്തിലാ ണെന്നറിയാതെ നേതാവ് ഇക്കാര്യങ്ങളെല്ലാം രഹസ്യമായി പറഞ്ഞത് സഞ്ചാരിയുടെ ചെവിയില്‍ തന്നെയാണ് . . കിട്ടേണ്ടത് കിട്ടിയപ്പോള്‍ നേതാവിന് അഭിവാദ്യങ്ങള്‍ നേര്‍ന്ന് സഞ്ചാരി തിരികെ നടന്നു. . . .വിഭാഗീയതയുടെ കാണാപ്പുറങ്ങള്‍ തേടിയുള്ള അടുത്ത യാത്രക്കായി
. . .
 
ഇരിങ്ങാലക്കുടയിലെ അഭിനവ ജയരാജന്മാര്‍ 
തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോള്‍ സംസ്ഥാന വ്യാപകമായി ചാനലുകളും ചൂടിലാണ്. . . തെരഞ്ഞെടുപ്പു ചര്‍ച്ചകളാണ് ചാനലുകളുടെ മുഖ്യ പരിപാടി. . ജനത്തിനു ബഹു രസം. . .മനസ്സില്‍ കാലങ്ങളായി കൊണ്ട് നടന്ന ചോദ്യങ്ങള്‍ക്ക് ലൈവായും അല്ലാതെയും നേതാക്കള്‍ മറുപടി നല്‍കുന്നു. . . കുറിക്കു കൊള്ളുന്ന ചോദ്യങ്ങളുമായി നേതാക്കളെ വെള്ളം കുടിപ്പിക്കുന്ന അവതാരകര്‍. . . .അവതാരകന് നേരെ ഉള്ളില്‍ കത്തുന്ന അമര്‍ഷവുമായി പുഞ്ചിരിക്കുന്ന നേതാക്കളുടെ ദുരവസ്ഥ ഏറെ പരിതാപകരമാണ്. .അഥവാ ശബ്ദം ഒന്ന് കടുപ്പിച്ചാലോ. . . .വോട്ടു പോകുമെന്ന ഭീതിയും. . . .


എന്നാല്‍ സി.പി.എം നേതാക്കളുടെ കാര്യം ഇതൊന്നുമല്ല. . . എന്താ ധൈര്യം . . .നട്ടെല്ല്. . . കണ്ണൂരില്‍ ഒരു ചാനലിന്റെ ചര്‍ച്ചക്കിടെ ചോദ്യങ്ങള്‍ ഓവറായപ്പോള്‍ ജയരാജന്‍ സഖാവിനു സഹിച്ചില്ല. . .. കൊടുത്തു അവതാരകനൊന്ന് . . സാമ്രാജ്യത്വ വിരുദ്ധ വികാരമാകാം നേതാവിന്റെ കൈപ്രയോഗത്തിനു കാരണമെന്ന നിരീക്ഷണവും ഉയരുന്നുണ്ട്. . . ചര്‍ച്ച നടത്തിയ ചാനലിന്റെ മുതലാളി സാമ്രാജ്യത്വ "ഭീകരന്‍" റൂപ്പര്‍ട്ട് മര്‍ഡോക്ക് ആണല്ലോ. . . .


എന്തായാലും എങ്ങലടിക്കുന്ന ഷാജഹാന്റെ മുഖം എന്തോ മറ്റു മാധ്യമപ്രവര്‍ത്തകരില്‍ പ്രത്യേകിച്ച് ഇരിങ്ങാലക്കുടയിലെ ചാനലുകള്‍ക്ക് ഭയമുണ്ടാക്കിയിട്ടുണ്ട്. . . സ്വന്തം പ്രതിനിധികളെ അവതാരകരാക്കാതെ ചര്‍ച്ചക്കായി ഇറക്കുമതി അവതാരകരെയാണ് എത്തിച്ചത്. . . . . ജയരാജന്റെ നടപടി ഇരിങ്ങാലക്കുടയിലെ അണികളില്‍ വല്ലാത്ത ഒരാവേശം ഉണ്ടാക്കിയിട്ടുണ്ട്. . . കഴിഞ്ഞ ദിവസം 3  പ്രാദേശിക ചാനലുകളുടെ ചര്‍ച്ചാ പരിപാടികള്‍ ഇരിങ്ങാലക്കുടയില്‍ നടന്നു. . . ഇതിനിടെ നടന്ന സംഭവങ്ങള്‍ കണ്ണൂര്‍ സംഭവത്തിനൊപ്പം വന്നില്ലെങ്കിലും ജനങ്ങളുടെ തുടര്‍ ചര്‍ച്ചക്ക് കാരണമായിട്ടുണ്ട്. . . .ജനസംസാരം എന്തൊക്കെയെന്ന റിയാനാണ് സഞ്ചാരി പ്രയാണം ആരംഭിച്ചത്. . .


മൂന്നു ചര്‍ച്ചകളിലും ഇടതുപക്ഷം വളരെ സജീവമായിരുന്നു എന്ന പൊതു അഭിപ്രായം ആദ്യഘട്ടത്തില്‍ ലഭ്യമായി. . . .എന്നാല്‍ യാതൊരു വെളിവുമില്ലാത്ത ഒരു ഇടതുപക്ഷ ഇടപെടല്‍ മൂന്നു ചര്‍ച്ചകളിലും ഉണ്ടായിരുന്നു എന്ന് കുറച്ചുപേര്‍ പറഞ്ഞു. . . തരൂരുകാരന്‍ അല്ലാത്ത ഏതോ ഒരു ശിശു. . . . കൂടുതല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു പരിചയമുണ്ടാകില്ല. . .അതാകാം. . . മതനിരപേക്ഷതയുടെ കാവല ളാകേണ്ട പാര്‍ട്ടി പ്രവര്‍ത്തകന്‍ ജാതിയിലും മതത്തിലും പിടിച്ചു ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ജനം തടഞ്ഞെന്നും അറിയാന്‍ കഴിഞ്ഞു. . . .പരിപാടികള്‍ നേരിട്ട് കാണാന്‍ സാധിക്കാത്ത ചെറിയ വിഷമം സഞ്ചാരിക്കുണ്ട്. . . . ഇരിങ്ങാലക്കുടയിലെ അഭിനവ ജയരാജനാകാനും കക്ഷി ശ്രമം നടത്തിയത്രേ. . .ഒരുവേള അവതാരകന്റെ മൈക്കില്‍ പിടിച്ചുതടയാനും ശ്രമിച്ചുവത്രേ. . . . ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു മുന്‍ നിരയിലേക്ക് വന്നു മൈക്ക് ആവശ്യപ്പെട്ട ഇദ്ദേഹത്തിന് മൈക്ക് നല്‍കിയില്ലെന്നും കേള്‍ക്കുന്നു. . . . . .


ഇതിനിടെ ചില സ്ഥാനാര്‍ത്ഥികള്‍ വ്യക്തമായി മറുപടി നല്‍കിയില്ലെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു. . . . . അച്ഛന്റെ പേര് ചോദിച്ചപ്പോള്‍ ഞാന്‍ അമേരിക്ക കണ്ടിട്ടുണ്ടെന്ന് പറയും പോലെയാണത്രെ മറുപടി. . . എന്ത് ചോദ്യങ്ങള്‍ ചോദിച്ചാലും റോഡിന്റെയും പാലത്തിന്റെയും കണക്ക്. . . . . . ഞാന്‍ കുറെ തെരഞ്ഞെടുപ്പു കണ്ടിട്ടുണ്ടെന്ന ഒരു സ്ഥാനര്‍ത്ഥിയുടെ അവകാശവാദം കേട്ടയുടനെ അതൊന്നും ഇവിടെ പറയേണ്ടെന്ന കാര്യമില്ലെന്ന് പറഞ്ഞ് സ്ഥാനാര്‍ത്ഥിയെ ഇരുത്തിയ സംഭവവും ഉണ്ടായി. . . . പക്ഷെ കണ്ണൂര്‍ ആവര്‍ത്തിക്കപ്പെട്ടില്ലെന്നത് ചാനലുകാര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ആശ്വാസമായി. . . അഭിനവ ജയരാജന്‍ ചമഞ്ഞ വെളിവില്ലാത്തവനെ ജനങ്ങള്‍ ഇരുത്തിയതും രക്ഷയായി. . . . അല്ലെങ്കില്‍ അടി കൊണ്ട് ഇരിങ്ങാലക്കുടയിലും മാധ്യമപ്രവര്‍ത്തകന്‍ ഓടിയേനെ. . . . .


സഞ്ചാരി യാത്ര തുടരുകയാണ്. . . ചര്‍ച്ചക്കിടയില്‍ പൊങ്ങി വന്ന ചില വിവാദങ്ങളുടെ പുറകെ. . . പാര്‍ട്ടി ഓഫീസുകളിലും തെരഞ്ഞെടുപ്പു പ്രചാരണ വേളകളിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട വിവാദങ്ങളുടെ പിറകെ . . . .
 
കര്‍ക്കിടകത്തില്‍ മഴ പെയ്യിച്ച നേതാവിന് അഭിവാദ്യങ്ങള്‍
തെരഞ്ഞെടുപ്പിന് മുന്നോടിയായും അനുബന്ധമായും നിരവധി മാജിക്കുകളാണ് ഇരു മുന്നണികളും ഫ്ലക്സില്‍ തീര്‍ക്കുന്നത്. . ഇവ ജനങ്ങളില്‍ സൃഷ്ടിക്കുന്ന വികാരം എന്തെന്ന് അന്വേഷിക്കുകയാണ് സഞ്ചാരിയുടെ യാത്രോദ്ദേശം. . . . ഇത് ഫ്ലക്സ് ബോര്‍ഡുകളുടെ കാലം. പാലം പണിതാലും റോഡ്‌ പണിതാലും മുന്നിലും പിന്നിലും ഓരോ ഫ്ലക്സ് ബോര്‍ഡ് വേണമെന്ന് ചില നേതാക്കള്‍ക്ക് നിര്‍ബന്ധമാണ്‌. തെരഞ്ഞെടുപ്പിന് ഒരുപാട് കാലം മുന്‍പേ ഇരിങ്ങാലക്കുടയില്‍ പ്രചാരത്തിലായ ഒരു നടപടിയാണ് ഫ്ലക്സ് വയ്ക്കല്‍. . . .വികസന പ്രഖ്യാപനവും മറ്റുമാകും വിഷയം. . . ഇതേ പറ്റി ജനങ്ങളുടെ ഉള്ളിലിരുപ്പ് അന്വേഷിക്കാന്‍ സഞ്ചാരി ഒന്ന് നടന്നു. . . കിട്ടിയതോ. . . ഫ്ലക്സില്‍ മനം മടുത്ത ജനങ്ങളുടെ കടുത്ത വാക്കുകള്‍. . . ചെവി പോത്തിപ്പിടിക്കേണ്ട ഗതികേടിലായി സഞ്ചാരി. . . . . ഒരുവന്റെ പോക്കറ്റിലെ കാശെടുത്ത് മറ്റൊരുത്തന് കൊടുത്തിട്ട് തന്റെ കാശാണെന്ന് പറയുന്ന പോലെയാണത്രെ ഫ്ലക്സ് ബോര്‍ഡുകള്‍ക്ക് കാരണമാകുന്ന സംഭവങ്ങള്‍. . .

സര്‍ക്കാര്‍ നമ്മളില്‍ നിന്നും പിരിക്കുന്ന കാശാണ് ഫണ്ടായി നല്‍കുന്നത്. . . അവര്‍ അതുപയോഗിച്ചു റോഡോ, തോടോ, പാലമോ, കക്കൂസോ എന്ത് വേണമെങ്കിലും പണിയട്ടെ. . .പക്ഷെ ചിലവാക്കപ്പെടുന്നത് നമ്മുടെ കാശല്ലേ?? ഒരു സാധാരണ ഓട്ടോ തൊഴിലാളിയുടെ വാക്കുകള്‍. . . .പക്ഷെ നടക്കുന്നതെന്താ . . .പണിയുന്നവര്‍ അവരുടെ വീട്ടില്‍ നിന്നും കാശ് കൊണ്ട് വന്ന പോലെയാണ് ഫ്ലക്സ് ബോര്‍ഡുകള്‍ വയ്ക്കുന്നത്. . .അല്‍പനേരം കൂടി നഗരത്തിലൂടെ നടന്നു. . .ഒരു മധ്യവയസ്കനോട് ഫ്ലക്സിനെ പറ്റി ചോദിച്ചു. . . ആള്‍ അല്പം മദ്യപിച്ചിട്ടുണ്ട്. . .എന്നാല്‍ അത്ര അണ്‍ ഫിറ്റുമല്ല. . . ഉടന്‍ വന്നു പ്രതീകാത്മകമായ മറുപടി. . .തൂക്കണാംകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കോദണ്ടരാമന്‍ ജനങ്ങളുടെ ഫണ്ടെടുത്തു നാട്ടില്‍ കക്കൂസ് പണിതപ്പോള്‍ മുന്നിലും പിന്നിലും ഉദ്ദണ്ട വീട്ടില്‍ കോദണ്ടരാമന്‍ വക എന്നെഴുതി വച്ച പോലെയാണ് ഇപ്പോള്‍ ഇരിങ്ങാലക്കുടയിലെ കാര്യം. . . ഇതുകണ്ട് മനം മടുക്കുന്ന ജനങ്ങള്‍ ഒടുക്കം ഒരു ഫ്ലക്സ് വക്കും. . . കര്‍ക്കിടകത്തില്‍ മഴ പെയ്യിച്ച നേതാവിന് അഭിവാദ്യങ്ങള്‍ എന്ന്. . . . സഞ്ചാരം തുടര്‍ന്ന് കൊണ്ടേയിരിക്കും. . . രസകരമായ ഇത്തരം നിരവധി മാജിക്കുകളുടെ അനന്തര ഫലങ്ങള്‍ തേടി.
 
 
ആലോചിച്ചും അമാന്തിച്ചും സമയം കളയാത......
ആലോചിച്ചും അമാന്തിച്ചും സമയം കളയാതെ ഇരിങ്ങാലക്കുട നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയെ എല്‍.ഡി.എഫ് തീരുമാനിച്ചു. തെല്ല് ആലോചിച്ചും അല്പം അമാന്തിച്ചും യു.ഡി.എഫും. . . . ഫലം ഇരിങ്ങാലക്കുടയില്‍ തീപ്പൊരി മത്സരം. . . .ഇരു മുന്നണികളും പ്രചരണത്തില്‍ ഒപ്പത്തിനൊപ്പം. . . പ്രചാരണത്തെ കുറിച്ചറിയാനും ജനമനം മനസിലാക്കാനുമായി സഞ്ചാരി ഇരിങ്ങാലക്കുടയുടെ ചെറുതും വലുതുമായ വീഥികളിലൂടെ നടക്കാനിറങ്ങി. . . . .വൈകുന്നേരം 6 മണിയോടടുത്താണ് സഞ്ചാര സമയം. . . . . ബസ് സ്റ്റാന്റ് സമീപത്തു നിന്നും നിശബ്ദമായി സഞ്ചാരം ആരംഭിച്ചു. . . . . നടത്തം തുടങ്ങി 5 മിനിട്ടിനകം തന്നെ മനസിലായി ഫ്ലക്സ്, പോസ്റ്റര്‍ പ്രചാരണത്തില്‍ എല്‍.ഡി.എഫ് തന്നെ മുന്നില്‍. . . . അഡ്വ.കെ.ആര്‍.വിജയയുടെ ബഹുവര്‍ണ്ണ ചിത്രങ്ങളും അഭ്യര്‍ത്ഥനകളുമൊക്കെയായി അനവധി ഫ്ലക്സുകള്‍. . ചുവരെഴുത്തും പോസ്റ്ററുകളും നിരവധി. . ഈ സമയം അഡ്വ.തോമസ്‌ ഉണ്ണിയാടന്റെ ഫ്ലക്സുകള്‍ കുറഞ്ഞു പോയെന്ന ജനസംസാരം ശരിയാണെന്ന് തോന്നിപ്പോയി.


സിഗ്നല്‍ സ്തൂപത്തിനു സമീപത്തെക്കാണ് യാത്ര. ഇതിനിടെ നഗരത്തിലെ രണ്ടു മദ്യശാലകളുടെ മുന്നിലൂടെ കടന്നു പോകേണ്ടി വന്നു. അല്പം ലഹരി അകത്തു ചെല്ലുമ്പോഴാണല്ലോ പലപ്പോഴും ജനമനം പുറത്തു വരിക. എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യ സാധ്യത എന്ന നിഗമനത്തിലെത്തിച്ചേരേണ്ടി വന്നു സഞ്ചാരിക്ക്. തോമസ്‌ ഉണ്ണിയാടന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഒരു വിഭാഗം പ്രകീര്‍ത്തിക്കുമ്പോള്‍ അഴിമതിയും തനിമക്കെതിരെയുള്ള ആരോപണങ്ങളും മറു വശത്ത്‌ ആരോപിക്കപ്പെടുന്നു. സജീവ സാന്നിധ്യം, സ്ത്രീ, ഇരിങ്ങാലക്കുടയില്‍ വേരുറപ്പിച്ച രാഷ്ട്രീയ പരിചയം തുടങ്ങി കെ.ആര്‍.വിജയയുടെ അപദാനങ്ങള്‍ പലരും പാടിപ്പുകഴ്ത്തുന്നതും കേട്ടു. ആര് വന്നാലും ഇരിങ്ങാലക്കുടയില്‍ മദ്യത്തിന്റെ വില കുറയ്ക്കണമെന്നും ഇരിങ്ങാലക്കുട ജില്ലയാക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട ഉണ്ണിയാടന്‍ ഇത് ചെയ്തു തരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒരു മദ്യപന്റെ കമന്റ്. ആ വോട്ട് ഉണ്ണിയാടനെന്ന് ഉറപ്പായി..എങ്കിലും സ്വബോധം വരുമ്പോള്‍ തീരുമാനം മാറിയേക്കാം.


ഇതിനിടെ എല്‍.ഡി.എഫിലെ ഏതോ ഒരു സ്ഥാനാര്‍ത്ഥിമോഹിയുടെ കാര്യം പറയുന്നത് കേട്ടു. കുറെ വര്‍ഷങ്ങളായി പലരെയും പുകഴ്ത്തി പല കാലുകളും മാറി മാറി തിരുമ്മി സീറ്റ് നേടാന്‍ കുറെ പണവും വിയര്‍പ്പും ചിലവാക്കിയ ഒരു സഹോദരന്റെ പേരാണ് കേട്ടത്. . . ഒടുവില്‍ സീറ്റ് ലഭിച്ചില്ലെന്നറിഞ്ഞപ്പോള്‍ ഹൃദയം അല്‍പനേരം സ്തംഭിച്ചെന്നോ . . .കടുത്ത വിഷമത്തെ തുടര്‍ന്ന്‍ താടി വളരുകയും തടി കുറയുകയും ചെയ്തെന്നോ. . . . ജനസംസാരമാണ് . . . . സഞ്ചാരിക്ക് കേള്‍ക്കാതിരിക്കാന്‍ കഴിയില്ല. . .കേട്ട കാര്യങ്ങള്‍ പറയാതിരിക്കാനുമാകില്ല. . .


ആലോചിച്ചും അമാന്തിച്ചും സമയം നഷ്ടപ്പെട്ടത് ബി.ജെ.പിക്കാണ് . . ഇരിങ്ങാലക്കുടയില്‍ ബി.ജെ.പിയുടെ ഉജ്ജ്വല ശബ്ദമായി നിലകൊള്ളുകയും സംസ്ഥാന കമ്മിറ്റിയില്‍ മുഖം കാണിക്കുകയും ചെയ്ത യുവനെതാവിന്റെ(പ്രായം കൃത്യമായറിയില്ല. . പക്ഷെ ഇടപെടലുകളില്‍ ചെറുപ്പമുണ്ട്) പേരാണ് ഉയര്‍ന്നതെങ്കിലും പിന്നീടെന്തോ ആ നേതാവിന്റെ പേരല്ല കേട്ടത്. ഒടുവില്‍ കെ.സി വേണു മാസ്റ്ററാണ് സ്ഥാനാര്‍ത്ഥിയായി വന്നത്. എങ്കിലും പ്രചാരണത്തില്‍ ബി.ജെ.പിയും സജീവമാണ്. പക്ഷെ വിജയിക്കാന്‍ ബി.ജെ.പിക്ക് ഒരു സാധ്യതയുമില്ലെന്ന് അണികള്‍ തന്നെ അടക്കം പറയുന്നത് സഞ്ചാരി കേട്ടു . . പറയാനാകില്ല അട്ടിമറിക്ക് പേര് കേട്ട മണ്ഡലമാണ് ഇരിങ്ങാലക്കുട. . .


ഏതായാലും മുന്നണികള്‍ ഒന്നാം ഘട്ട പ്രചരണം അവസാനിപ്പിച്ചു കഴിഞ്ഞു. . . ഇതിനിടെ പ്രചാരണത്തിന് ആവേശം കൂട്ടാന്‍ പല മാജിക്കുകളും മുന്നണികള്‍ പ്രയോഗിക്കുന്നതായി ചിലര്‍ പറഞ്ഞ് അറിഞ്ഞു. . . അതെന്താണെന്ന് നോക്കാനിറങ്ങിയപ്പോള്‍ മാര്‍ഗം മുടക്കിയായി മഴ. . .കലികാലം. . . .സുനാമി, പേമാരി, ഇടിവെട്ട്, ഭൂകമ്പം പേടിയാകുന്നു. . .അതിനിടെയാണ് തെരഞ്ഞെടുപ്പ് . . .ആരും വഴിതടഞ്ഞില്ലെങ്കില്‍ വരും ദിവസങ്ങളില്‍ മുന്നണികളുടെ മാജിക്കുകള്‍ എന്തൊക്കെയെന്ന് വിശദമാക്കാം. . . . . . സഞ്ചാര സ്വാതന്ത്ര്യം ഹനിക്കപ്പെടില്ലെന്ന വിശ്വാസത്തോടെ. . . . .
 
വഴിയോരകാഴ്ച്ചകള്‍
  ഉണ്ണികൃഷ്ണന്‍ കിഴുതാണി

നമുക്ക് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കെട്ടുകാഴ്ചകളിലേക്കാണ് കടന്നു ചെല്ലാം.
 
ഒരു പ്രവാസി വോട്ടറുടെ ധര്‍മ്മസങ്കടങ്ങള്‍
  രാജീവ് മുല്ലപ്പിള്ളി , ബാംഗ്ലൂര

ഗള്‍ഫില്‍ നിന്നും വോട്ടു ചെയ്യാന്‍ വെറും കയ്യോടെ നാട്ടിലെത്തിയ പ്രവാസി. . . വോട്ടവകാശം വിനിയോഗിക്കാന്‍ മാത്രമായി പ്രവാസ ജീവിതത്തിന് രണ്ടുദിവസത്തെ താല്‍ക്കാലിക വിരാമമിട്ട് നാട്ടിലെത്തിയ കുഞ്ഞയമ്മദിന് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവം വിവരിക്കുകയാണ് ലേഖകന്‍. . . .
 


internet casino free counters

irinjalakudalive.com Political Desk





 SocialTwist Tell-a-Friend

 

 

 

 
     

home  |  news  |  photo  |  video  |  citizen journalist  |  exclusive  |  contact  comments  |  irinjalakuda directory  |  features  |  download malayalam font    

© 2011. designed by upasana4u.com Media Convergence  for www.irinjalakudalive.com
 
  Site Best Viewed in 800 x 600 pixels   Reproduction in whole or in part without written permission is prohibited.