
ഇരിങ്ങാലക്കുട
: സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയ
കമ്മിറ്റിയില്‍ അഭിപ്രായ ഭിന്നത
രൂക്ഷമാകുന്നതായി ഞങ്ങളുടെ
പൊളിറ്റിക്കല്‍ ഡെസ്ക്ക് റിപ്പോര്‍ട്ട്
ചെയ്യുന്നു. വിലക്കയറ്റത്തിനെതിരെ
നടത്തുന്ന കാല്‍ നട പ്രചാരണ ജാഥയില്‍
അണികളുടെ ഗണ്യമായ കുറവിനൊപ്പം ചില
നേതാക്കളുടെ സ്ഥിരമായ അഭാവവും
അഭിപ്രായഭിന്നതയുടെ മറനീക്കി പുറത്തു
വരലാണെന്നും വിലയിരുത്തപ്പെടുന്നു.
നേതൃ നിരയില്‍ നിന്നും ഒരു വിഭാഗം
വിട്ടു നില്‍ക്കുന്നതായും വ്യക്തമായ
സൂചന ലഭിക്കുന്നുണ്ട്. കാട്ടൂര്‍,
കാറളം, പൊറത്തിശേരി പഞ്ചായത്തുകളില്‍
സഞ്ചരിച്ച പ്രചാരണ ജാഥകളില്‍
അഡ്വ.എ.എം.പ്രകാശന്‍, അഡ്വ.കെ.ആര്‍.
വിജയ തുടങ്ങിയ ഏരിയ നേതാക്കള്‍ വിട്ടു
നിന്നിരുന്നു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന്
ഏരിയ നേതൃത്വം ഇവരെ
ഒഴിവാക്കിയതാണെന്നറിയുന്നു. കെ.ആര്‍.വിജയയുടെ
വാര്‍ഡിലെ എസ്.എന്‍.നഗറില്‍ നഗരസഭാ
അനുവാദത്തോടെ സ്വകാര്യ വ്യക്തി,
സ്ലാബിടുന്നതിന്റെ മറവില്‍ തോട്
നികത്തുന്നതിന് സമ്മതം നല്‍കിയ
കാര്യത്തെ ചൊല്ലി എല്‍.ഡി.എഫിലുണ്ടായ
ഭിന്നതയുടെ ഭാഗമാണിതെന്നും
വിലയിരുത്തലുകളുണ്ട്.
ഇത് സംബന്ധിച്ച സ്വകാര്യ വ്യക്തിയുടെ
അപേക്ഷ പരിഗണിക്കുമ്പോള്‍ വാര്‍ഡ്
കൌണ്‍സിലര്‍ കെ.ആര്‍.വിജയയടക്കമുള്ള
ഇടതുപക്ഷ കൌണ്‍സിലര്‍മാര്‍ അനുമതി നല്‍കിയിരുന്നു.
ഈ അനുമതിയുടെ മറവില്‍ സ്വകാര്യ വ്യക്തി
തോട് നികത്തുന്നത് ഇരിങ്ങാലക്കുട ലൈവ്
ഡോട്ട് കോമാണ് പുറത്തു കൊണ്ടുവന്നത്.
സംഭവം വിവാദമായതോടെ നികത്തല്‍
നടത്തുന്ന സ്ഥലം സന്ദര്‍ശിക്കാന്‍
ഇടതുപക്ഷം തീരുമാനിച്ചിരുന്നു. എന്നാല്‍
മേല്‍ ഘടകത്തില്‍ നിന്നുമുള്ള നിര്‍ദേശത്തെ
തുടര്‍ന്ന് ഈ തീരുമാനം നടപ്പായില്ല.
ഇതേ തുടര്‍ന്നാണ് പാര്‍ട്ടി ഏരിയ
കമ്മിറ്റിയില്‍ അഭിപ്രായഭിന്നത
രൂക്ഷമായത്. ഏറെനാളായി എ.എം.പ്രകാശന്‍
അടക്കമുള്ള ചിലരെ പാര്‍ട്ടി
പരിപാടികളില്‍ നിന്നും
തഴയാറുണ്ടായിരുന്നെന്ന് ഒരു മാസം മുന്‍പ്
പാര്‍ട്ടിവിട്ട ഒരു നേതാവ് പറഞ്ഞു. .
ഈ ഒഴിവാക്കല്‍ തുടര്‍ന്ന് ഒടുവില്‍
പാര്‍ട്ടി സമ്മേളനത്തിന് മുന്‍പ് ഏതാനും
നേതാക്കളെ സി.പി.എം ഇരിങ്ങാലക്കുട
ഏരിയ കമ്മിറ്റിയില്‍ നിന്നും
പുറത്താക്കുമെന്നും ചില വിശ്വസ്ത
കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നുണ്ട്.സി.പി.എം
ഏരിയ കമ്മിറ്റിയംഗമായ എ.എം.പ്രകാശന്‍
ടൌണ്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറിയും
കെ.ആര്‍.വിജയ മഹിളാ അസോസിയേഷന്‍ ജില്ലാ
പ്രസിഡണ്ടുമാണ്.