www.irinjalakudalive.com             current news   |   news archives    previous page                     scroll down for latest  news 

അപകടവളവുകളില്‍ ബ്ലാക്ക്സ്പോട്ട് ട്രീറ്റ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തി


ഇരിങ്ങാലക്കുട: തുടര്‍ച്ചയായി അപകടമുണ്ടാകുന്ന പുല്ലൂര്‍, വല്ലക്കുന്ന്, തൊമ്മാന, കരൂപ്പടന്ന എന്നിവിടങ്ങളില്‍ കൊടുംവളവുകളില്‍ പി.ഡബ്ലിയു.ഡി ബ്ലാക്ക്സ്പോട്ട് ട്രീറ്റ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തി. ഉയരമുള്ള ബോര്‍ഡില്‍ അപകടസാധ്യത മേഖല എന്ന് രേഖപ്പെടുത്തുകയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സോളാര്‍ പാനല്‍ സംവിധാനമുള്ള മഞ്ഞ ബ്ലിങ്കിംഗ് ലൈറ്റ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെല്‍ട്രോണ്‍ ആണ് പി.ഡബ്ലിയു.ഡി ക്ക് വേണ്ടി ഇത് സ്ഥാപിച്ചത്. പകലും രാത്രിയിലും വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടുന്ന രീതിയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.കേരളത്തില്‍ തുടര്‍ച്ചയായി റോഡ്‌ അപകടങ്ങള്‍ ഉണ്ടാകുന്ന 210 സ്ഥലങ്ങളില്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ബ്ലാക്ക്സ്പോട്ട് ട്രീറ്റ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പ്രഖ്യാപിച്ചിരുന്നു. ഇരിങ്ങാലക്കുട മേഖലയിലെ കൊടുംവളവുകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ അപഹരിച്ചത് നാല്പതോളം ജീവനുകള്‍. പുല്ലൂര്‍ മിഷന്‍ ആശുപത്രി വളവ്, ഉരിയന്‍ചിറ വളവ്, പുളിഞ്ചുവട്, വല്ലക്കുന്ന്, തൊമ്മാന വളവ്, എസ്റ്റെറ്റ് വളവ് എന്നിവയാണ് ജീവനുകള്‍ അപഹരിക്കുന്ന കൊടുംവളവുകള്‍. നൂറ്റി എന്പതോളം അപകടങ്ങളിലായാണ് നാല്പത് ജീവനുകള്‍ പൊലിഞ്ഞത്. ഇതില്‍ പുല്ലൂര്‍ മിഷന്‍ ആശുപത്രി വളവ്, പുല്ലൂര്‍ ഉരിയന്‍ചിറ വളവ് എന്നിവിടങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ നടന്നത്. റോഡ്‌ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും, കൊടും വളവുകളെക്കുറിച്ചുള്ള സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതും പ്രശ്നമാണ്. കൊടുംവളവുകളില്‍ സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതിനാലാണ് ഈ മേഖലയില്‍ അപകടങ്ങള്‍ എറുന്നതെന്ന് ഇരിങ്ങാലക്കുടലൈവ്.കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊമ്പ് അരങ്ങേറ്റം നടത്തി


ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ ശിവക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് തൃക്കൂര്‍ സജിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച 13 വിദ്യാര്‍ത്ഥികളുടെ കൊമ്പ് അരങ്ങേറ്റം നടത്തി. 12 വയസ്സിനും 22 വയസ്സിനും ഇടയ്ക്കുള്ള 12 കലാകാരന്മാരും 1 കലാകാരിയുമാണ് അരങ്ങേറിയത്.

കാറളം സ്കൂള്‍ വാര്‍ഷികം


കാറളം: കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വാര്‍ഷികവും അദ്ധ്യാപക രക്ഷാകര്‍ത്തൃദിനവും സാഹിത്യകാരന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി.ജി.ശങ്കരനാരായണന്റെ അദ്ധ്യക്ഷതയില്‍ പി.എസ്.സി അംഗവും സാഹിത്യകാരനുമായ അശോകന്‍ ചെരുവില്‍ മുഖ്യപ്രഭാഷണം നടത്തി. കാറളം പഞ്ചായത്ത് പ്രസിഡന്റ്‌ അല്ലി ദേവദാസ് എന്റൊവ്മെന്റ്റ് വിതരണം നടത്തി. വിരമിക്കുന്ന പ്രിന്‍സിപ്പല്‍ കെ.പി.മോളിയുടെ ഫോട്ടോ സ്കൂള്‍ മാനേജര്‍ കാട്ടിക്കുളം ഭരതന്‍ അനാച്ഛാദനം ചെയ്തു.

കേരള ഫീഡ്സ് കമ്പനിയില്‍ അനിശ്ചിതകാല സമരം


കല്ലേറ്റുംകര : പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ഓഫീസിന് മുമ്പില്‍ 25 കയറ്റിറക്ക് തൊഴിലാളികള്‍ (എച്ച്.എം.എസ് യൂണിയന്‍ ) സ്ഥിരമായി തൊഴില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അനിശ്ചിതകാല സമരം ആരംഭിച്ചു. രണ്ടാം ദിവസത്തെ സമരം ജില്ലാ സെക്രട്ടറി അരിമ്പൂര്‍ സേവിയര്‍ ഉദ്ഘാടനം ചെയ്തു. കെ.അ.ബിജു, അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സി.കെ.ബിജു പ്രസംഗിച്ചു.

കുഴഞ്ഞ് വീണ് മരിച്ചു


ഇരിങ്ങാലക്കുട: കാട്ടൂര്‍ ഇല്ലിക്കാട് കടവില്‍ ഗോപാലന്‍ (59) കുഴഞ്ഞ് വീണ് മരിച്ചു. ഭാര്യ അംബിക, മക്കള്‍: ഗ്രീഷ്മ, ഹിമ, മരുമകന്‍ മനോജ്‌.

പൈപ്പുകള്‍ അടച്ചിട്ടും ഹോട്ടലുകള്‍ മാലിന്യം ഒഴുക്കുന്നുവെന്ന പരാതിയില്‍ കമ്മീഷണര്‍ നേരിട്ട് അന്വേഷണത്തിന് എത്തി


ഇരിങ്ങാലക്കുട: രാമന്‍ചിറ തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നുവെന്ന പരാതിയില്‍ ഓംബുഡ്സ്മാന്റെ ഉത്തരവ് അനുസരിച്ച് കോടതി ഉത്തരവ് പ്രകാരം മുനിസിപ്പാലിറ്റി അടപ്പിച്ച ഹോട്ടലുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും മാലിന്യപൈപ്പുകള്‍ വഴി ഇപ്പോഴും മാലിന്യങ്ങള്‍ ഒഴുകുന്നുണ്ടെന്ന പരാതിയില്‍ കോടതി നിയോഗിച്ച കമ്മീഷണര്‍ അഡ്വ.കെ.ജെ.ജോണ്‍സണ്‍ മുനിസിപ്പല്‍ എഞ്ചിനീയറുടെ സാന്നിദ്ധ്യത്തില്‍ നേരിട്ടെത്തി അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബസ് സ്റ്റാന്‍ഡിലെ കൊളംബോ ഹോട്ടലിന്റെ മുന്‍വശത്തെ സ്ലാബുകള്‍ പൊളിച്ചുനീക്കി അദ്ദേഹം പരിശോധിച്ചു. ഹോട്ടലിന് പുറകിലൂടെ നഗരസഭ അടച്ച പൈപ്പിലൂടെ ഇപ്പോഴും മലിനജലം ഒഴുകുന്നത്‌ കമ്മീഷണര്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. അതിനുശേഷം വുഡ് ലാന്‍ഡ്സ് ഹോട്ടലിലും പരിശോധന നടത്തി. രാമന്‍ചിറ തോട്ടിലേക്ക് ഇപ്പോഴും മലിനജലം ഒഴുകിവരുന്നത്‌ എവിടെനിന്നാണെന്ന് കണ്ടുപിടിക്കാനാണ് കമ്മീഷണറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയത്.

ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വാര്‍ഷികാഘോഷം


ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളിന്റെ പതിനെട്ടാം വാര്‍ഷികാഘോഷം ഫെബ്രുവരി 4 ശനിയാഴ്ച 3.30 ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹനന്‍ ഉദ്ഘാടനം ചെയ്യും. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഗായികയായിരുന്ന ഡോ.ബിനീത കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ശ്രീനാരായണ എഡ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ്‌ അഡ്വ.കെ.ആര്‍.അച്യുതന്‍ അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ കൌണ്‍സിലര്‍ കെ.എന്‍.ഗിരീഷ്‌, പ്രിന്‍സിപ്പാള്‍ ടി.കെ.ഉണ്ണികൃഷ്ണന്‍ , പി.ടി.എ പ്രസിഡന്റ്‌ പി.ആര്‍.സ്റ്റാന്‍ലി, ട്രഷറര്‍ എം.കെ.സുബ്രഹ്മുണ്യന്‍, ബിജിഅജയകുമാര്‍, നിഷ ജിജോ, ജോര്‍ജ്ജ് മാവേലി എന്നിവര്‍ പങ്കെടുക്കും.

കടുത്ത ചൂടിന് സ്വാന്തനമേകാന്‍ കരൂപ്പടന്നയില്‍ തണ്ണിമത്തന്‍ വിപണി സജീവം


കരൂപ്പടന്ന: കടുത്ത ചൂടിന് സ്വാന്തനമേകാന്‍ കരൂപ്പടന്നയില്‍ തണ്ണിമത്തന്‍ വിപണി സജീവം. കരൂപ്പടന്ന തൈവളപ്പില്‍ ജബ്ബാറും, നമ്പിപുന്നിലത്ത് ബഷീറും ചേര്‍ന്നാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കരൂപ്പടന്ന പള്ളിനടയില്‍ ജുമാമസ്ജിദിന് മുന്‍വശം തണ്ണിമത്തന്‍ കച്ചവടം നടത്തുന്നത്. കൊടുങ്ങല്ലൂര്‍ മുതല്‍ ചാവക്കാട് വരെയുള്ള സ്ഥലങ്ങളിലെ വില്പന കേന്ദ്രങ്ങളിലേക്ക് ഇവിടെനിന്നും ദിനംപ്രതി തണ്ണിമത്തന്‍ കൊണ്ടുപോകുന്നു. പ്രധാനമായും ആന്ധ്രയില്‍ നിന്നാണ് ഇപ്പോള്‍ തണ്ണിമത്തന്‍ കൊണ്ടുവരുന്നത്. ആഴ്ചയില്‍ കുറഞ്ഞത്‌ നാല് ലോഡ് എങ്കിലും കൊണ്ടുവരും. ഒരു ലോഡ് 10 ടണ്‍ തൂക്കമുണ്ടാകും. ഒരുമാസം ശരാശരി 2 ലക്ഷത്തോളം രൂപയുടെ കച്ചവടം ഉണ്ടാകും.

സ്മാര്‍ട്ട് ക്ലാസ് ഉദ്ഘാടനം ചെയ്തു


ഇരിങ്ങാലക്കുട: മുകുന്ദപുരം പബ്ലിക് സ്കൂളിലെ സ്മാര്‍ട്ട് ക്ലാസ്സിന്റെ ഉദ്ഘാടനം സെന്‍ട്രല്‍ റേഞ്ച് ഐ.ജി.എസ് ഗോപിനാഥ്‌.പി.എസ് നിര്‍വഹിച്ചു. വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ മേക്സ് പ്രസിഡന്റ്‌ ഒ.എന്‍ .ജയന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. പിന്നണി ഗായകന്‍ മധുബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. പ്രൊഫ.കെ.ആര്‍.വര്‍ഗ്ഗീസ്, ടി.ഡി.ലാസര്‍, പി.ഐ.ജോസ്, കെ.കെ.ബാബു, എം.ദുര്‍ഗ്ഗ ,കൃഷ്ണ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പാള്‍ മാത്യു ജോര്‍ജ്ജ് സ്വാഗതവും സ്മിത ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.

അഖിലേന്ത്യ യങ്ങ് ടാലന്റ് മീറ്റ്‌ ക്രൈസ്റ്റ് കോളേജില്‍


ഇരിങ്ങാലക്കുട: അഖിലേന്ത്യാതലത്തില്‍ യുവജനങ്ങള്‍ക്കായി നടത്തുന്ന ബീക്കണ്‍ 2012 എന്ന യങ്ങ് ടാലന്റ് മീറ്റ്‌ ക്രൈസ്റ്റ് കോളേജില്‍ ഫെബ്രുവരി 4 ന്. ക്വിസ് കമ്പ്യൂട്ടര്‍ ഗെയിമിങ്ങ് ഡിബേറ്റ് പേപ്പര്‍ പ്രെസന്റേഷന്‍ , പേഴ്സണാലിറ്റി കോണ്ടെസ്റ്റ്, സ്കോട്ട് ഫോട്ടോഗ്രാഫ്, പോസ്റ്റര്‍ മേക്കിങ്ങ്‌ എന്നീ വിഭാഗങ്ങളിലായാണ് വിദ്യാര്‍ത്ഥികള്‍ക്കായി അഖിലേന്ത്യാതലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. അയ്യായിരം രൂപയോളം മത്സരസമ്മാനം നല്‍കുന്നുണ്ടെന്ന് സംഘാടകസമിതിക്ക് വേണ്ടി കോളേജ് പ്രിന്‍സിപ്പാള്‍ റവ.ഫാ.ജോസ് തെക്കന്‍ സി.എം.ഐ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടുകൂടിയാണ് ബീക്കണ്‍ 2012 സംഘടിപ്പിച്ചിരിക്കുന്നത്. നാലാം തിയ്യതി രാവിലെ 9 .30 മുതല്‍ പരിപാടി ആരംഭിക്കും.

മഹാകവി ജി.ശങ്കരക്കുറുപ്പിനെ അനുസ്മരിച്ചു


ഇരിങ്ങാലക്കുട: ആദ്യത്തെ ജ്ഞാനപീഠ പുരസ്ക്കാര ജേതാവ് മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ മുപ്പത്തിനാലാം ചരമവാര്‍ഷികം ശക്തി സാംസ്ക്കാരികവേദി വിവിധ പരിപാടികളോടെ ആചരിച്ചു.പ്രസിഡന്റ്‌ ഉണ്ണികൃഷ്ണന്‍ കിഴുത്താനി അദ്ധ്യക്ഷത വഹിച്ചു. എ.പി.ദാമോദരന്‍ നമ്പീശന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ആര്‍.നാരായണചാക്യാര്‍ , പി.മുരളീകൃഷ്ണന്‍ , എം.കെ.മോഹനന്‍ , ബാബുരാജ് പൊറത്തിശ്ശേരി, ടി.ജി.സിബിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിജിലന്‍സ് കേസന്വേഷണ വിവരമറിയാനായി കാറളം പഞ്ചായത്താഫീസിലെത്തിയ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും, ഇതിനെതിരെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

രസതന്ത്ര വര്‍ഷത്തോട് അനുബന്ധിച്ച് പൂമംഗലത്ത് ബാലസഭ


ഇരിങ്ങാലക്കുട: പൂമംഗലം പഞ്ചായത്ത് ബാലസഭയുടെയും, ബാലസഭയുടെ കുട്ടികള്‍ക്ക് രസതന്ത്ര വര്‍ഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിന്റെയും ഉദ്ഘാടനം അഡ്വ.ജോസ് മുഞ്ഞേലി നിര്‍വഹിച്ചു. വടക്കുംകര ഗവണ്‍മെന്റ് യു.പി.സ്കൂളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ്‌ എം.കെ.കമലമ്മ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വിവിധ സ്കൂളുകളില്‍നിന്നും നൂറ്റമ്പത്തോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്ലാസ്സും, രസതന്ത്രവുമായി ബന്ധപ്പെട്ട് വിവിധ പരിശീലനവും നടന്നു. പഞ്ചായത്ത് അംഗങ്ങളായ കത്രീന ജോര്‍ജ്ജ് , വത്സല ബാബു, മണി ഗംഗാധരന്‍ , ബാലന്‍ .കെ.കെ, ലീന.പി.എസ്, വാര്‍ഡ്‌ മെമ്പര്‍ ജൂലി ജോയ് സ്കൂള്‍ പ്രധാനധ്യാപിക പി.നന്ദിനി ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അവിട്ടത്തൂര്‍ ദേവാലയത്തിലെ അമ്പു തിരുനാളിന് പതാക ഉയര്‍ത്തി


ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തിലെ അമ്പു തിരുനാളിന് വികാരി റവ.ഫാ.ഫ്രാന്‍സീസ് കൊടിയന്‍ പതാക ഉയര്‍ത്തി. കൈക്കാരന്മാരായ സെബാസ്ട്യന്‍ തെക്കിനിയത്ത്, ജേക്കബ്ബ് പട്ടത്ത്, ജനറല്‍ കണ്‍വീനര്‍ സേവിയര്‍ കോക്കാട്ട്, പബ്ലിസിറ്റി കണ്‍വീനര്‍ ജോര്‍ജ്ജ് കോലങ്കണ്ണി, ഇടവക പ്രതിനിധി വര്‍ഗ്ഗീസ് മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബീക്കണ്‍ ലോഗോ പ്രകാശനം ചെയ്തു


ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജും ഫെഡറല്‍ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ബീക്കണ്‍ - 2012 ദേശീയ യുവ പ്രതിഭാസംഗമത്തിന്റെ ലോഗോ ഫെഡറല്‍ ബാങ്ക് ഇരിങ്ങാലക്കുട മാനേജര്‍ സാജന്‍ ജോര്‍ജ്ജ്, ക്രൈസ്റ്റ് കോളേജ് കൊമേഴ്സ്‌ വിഭാഗം തലവന്‍ പ്രൊഫ.പി.ജി.തോമസിന് കൈമാറികൊണ്ട് പ്രകാശനം ചെയ്തു. ക്രൈസ്റ്റ് കോളേജ് മാനേജര്‍ റവ.ഫാ.ജോണ്‍ പാലിയേക്കര സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെമിസ്ട്രി വിഭാഗം തലവന്‍ പ്രൊഫ.ടി.ഐ.ജോണ്‍സണ്‍, അസിസ്റ്റന്റ്റ് പ്രൊഫ.ടോം ജേക്കബ്ബ്, യൂണിയന്‍ ചെയര്‍മാന്‍ ഷബീര്‍ഖാന്‍ , എന്നിവര്‍ പ്രസംഗിച്ചു.

മുരിയാട് പഞ്ചായത്തിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തി


ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിലെ അഴിമതിക്കും കുടിവെള്ള പദ്ധതിയിലെ കേടു കാര്യസ്ഥതക്കും എതിരെ ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.നാഗേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ ബിജേഷ് വര്‍ഗെസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.വി.ഷാജി , ഇ.മുരളീധരന്‍ , ക്രിപെഷ് ചെമ്മണ്ട, ടി.ആര്‍.രാജേഷ് എന്നിവര്‍ സംസാരിച്ചു.

പുസ്തകപ്രകാശനം


ഇരിങ്ങാലക്കുട:രാധികാസനോജിന്റെ ആദ്യ കവിതാസമാഹാരമായ 'മായ്ച്ചും വരച്ചും' ഫെബ്രുവരി 4 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് തൃശൂര്‍ സുഹൃദ് സമിതിയുടെ നേതൃത്വത്തില്‍ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നടക്കും. ലളിതാലെനിന് ആദ്യപ്രതി നല്‍കികൊണ്ട് പ്രൊഫസര്‍ വി.ജി.തമ്പി പുസ്തകപ്രകാശനം നിര്‍വഹിക്കും. പി.കെ.ഭരതന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ യു.ടി.പ്രേംനാഥ്‌, ഡോ.സി.കെ.രവി, ബക്കര്‍ മേത്തല , പി.എന്‍ .ഗോപീകൃഷ്ണന്‍ , റോസി തമ്പി, സെബാസ്ട്യന്‍ , വിജേഷ് എടക്കുന്നി, രോഷ്നി സ്വപ്ന, സുനില്‍.പി.മതിലകം, എബ്രഹാം, ബിലു.സി.നാരായണന്‍ , ശ്രീജിഷ്.കെ.പൊയ്യാറ, സംഗീത.കെ.കെ.പി, രാധിക സനോജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. തൃശൂര്‍ എച്ച് & സി ബുക്ക്സ് ആണ് പുസ്തകം പ്രസാധനം ചെയ്യുന്നത്.

അവിട്ടത്തൂര്‍ അമ്പുതിരുനാള്‍ ഫെബ്രുവരി 5 ന്


ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തിലെ വിശുദ്ധ സെബാസ്ത്യോനോസിന്റെ അമ്പുതിരുനാള്‍ ഫെബ്രുവരി 4, 5, 6 തിയ്യതികളില്‍ നടക്കുമെന്ന് വികാരി റവ.ഫാ.ഫ്രാന്‍സിസ് കൊടിയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2 ന് രാവിലെ 6 .30 ന് കൊടിയേറ്റം. നാലാം തിയ്യതി വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. 5 ഞായറാഴ്ച തിരുനാള്‍ ദിനത്തില്‍ ഫാ.ജോണി മേനാച്ചേരിയുടെ തിരുനാള്‍ പാട്ട് കുര്‍ബാനയും, ഫാ.വിത്സണ്‍ തറയിലിന്റെ തിരുനാള്‍ സന്ദേശവും ഉണ്ടാകും. വൈകീട്ട് 7 ന് പ്രദക്ഷിണ സമാപനത്തിന് ശേഷം സിനിമാല ടീമിന്റെ മെഗാ സ്റ്റേജ് ഷോഉണ്ടായിരിക്കും. 6 ന് തിങ്കളാഴ്ച പൂര്‍വ്വികരുടെ അനുസ്മരണദിനം ആചരിച്ചു. വൈകീട്ട് 7 ന് കാഞ്ഞിരപ്പിള്ളി അമലയുടെ നാടകം 'കടം കൊടുത്ത ജീവിതം' ഉണ്ടാകുമെന്ന് തിരുനാള്‍ സംഘാടകസമിതി അംഗങ്ങളായ സെബാസ്ട്യന്‍ തെക്കിനിയത്ത്, ജേക്കബ്ബ് പട്ടത്ത്, സേവി കോലങ്കണ്ണി, ജോര്‍ജ്ജ് കോലങ്കണ്ണി എന്നിവര്‍ അറിയിച്ചു.

വാരിയര്‍ സമാജം സ്ഥാപക ദിനം പതാകദിനമായി ആചരിക്കും


ഇരിങ്ങാലക്കുട: വാരിയര്‍ സമാജം സ്ഥാപകദിനമായ ഫെബ്രുവരി 2 ന് പതാകദിനമായി ആചരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി.മുരളീധരനും പി.ആര്‍.ഒ എ.സി.സുരേഷും അറിയിച്ചു. കേന്ദ്ര, ജില്ലാ, യൂണിറ്റ് ആസ്ഥാന മന്ദിരത്തില്‍ പതാക ഉയര്‍ത്തി വിശേഷാല്‍ യോഗം നടത്തുകയും സമൂഹ നന്മക്കായി വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും അവര്‍ പറഞ്ഞു.

മധ്യവയസ്കന്‍ മരത്തില്‍നിന്നു വീണുണു മരിച്ചു


ഇരിങ്ങാലക്കുട: പുളിപറിക്കാന്‍ കയറി മധ്യവയസ്കന്‍ മരത്തില്‍നിന്നു വീണു മരണമടഞ്ഞു. പീച്ചി സ്വദേശി കൊഞ്ഞനംകുന്നത്ത് വീട്ടില്‍ സാമുവലിന്റെ മകന്‍ തോമസ് (53) ആണ് മരിച്ചത്. ഇന്നലെ തുമ്പൂരില്‍ പുളി പറിക്കാനെത്തിയതായിരുന്നു ഇയാള്‍. മരത്തില്‍നിന്നു വീണ ഉടന്‍ മരണം സംഭവിച്ചു. മൃതദേഹം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

കര്‍ഷക തൊഴിലാളികള്‍ വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി


ഇരിങ്ങാലക്കുട: കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ആയിരം രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി. സിപിഐ മണ്ഡലം സെക്രട്ടറി ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കോരന്‍ അധ്യക്ഷത വഹിച്ചു. പി.എ. നൂറുദ്ദീന്‍, സി.വി. വാസു, കെ.എം. ഭാസ്കരന്‍, കെ.ആര്‍. മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.

പുല്ലിനു തീപടര്‍ന്നു റബര്‍ത്തോട്ടവും തെങ്ങിന്‍ത്തോപ്പും കത്തിനശിച്ചു


കല്ലേറ്റുങ്കര : കേരള ഫീഡ്സിനു കിഴക്കുവശം റയില്‍വേ പാളത്തിനു സമീപം കണ്ണംപുഴ പാടത്തു പുല്ലിനു തീപിടിച്ചതിനെ തുടര്‍ന്നു റബര്‍ത്തോട്ടവും തെങ്ങിന്‍ത്തോപ്പും കത്തിനശിച്ചു.അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. ഇന്നലെ ഒന്നിനാണു സംഭവം. തണ്ട്യേക്കല്‍ ജേക്കബിന്റെ റബര്‍ത്തോട്ടവും തണ്ട്യേക്കല്‍ ജോണ്‍സന്റെ ജാതി തൈകളും തണ്ട്യേക്കല്‍ ആന്റുവിന്റെ കൃഷിയിടവും കത്തിനശിച്ചു. ശക്തിയായ കാറ്റുണ്ടായിരുന്നതിനാല്‍ തീ പെട്ടെന്നു പടരുകയായിരുന്നു. മൂന്നോടെയാണു തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. സ്റ്റേഷന്‍ ഓഫിസര്‍ പി. വെങ്കിട്ടരാമന്‍, ലീഡിങ് ഫയര്‍മാന്‍ ജോജി വര്‍ഗീസ്, ഫയര്‍മാന്മാരായ കെ.കെ. ഹനീഫ, കെ.എസ്. സുബിഷ്മോന്‍, ടി.ടി. പ്രദീപ്, ടി.കെ. മോഹനന്‍ എന്നിവര്‍ ചേര്‍ന്നാണു തീ അണച്ചത്.

എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവുമായി എത്തിയ വിദ്യാര്‍ഥികള്‍ പിടിയില്‍


ആളൂര്‍ : അര കിലോ കഞ്ചാവുമായി മൂന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനീയറിങ് കോളേജിലെ അവസാന വര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ പാല സ്രാമ്പിക്കല്‍ ജോസ്(22), തിരുവല്ല കല്ലൂഴത്തില്‍ എഡ്‌വിന്‍(21), പത്തനംതിട്ട വയലാ കുഴിവിളയില്‍ റിനോ(21) എന്നിവരെയാണ് എസ്.ഐ. ലാല്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കൊടകര എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവെത്തിക്കാന്‍ ചാലക്കുടിയിലെത്തിയപ്പോഴാണ് കെ.എസ്.ആര്‍.ടി.സി. പരിസരത്തുവെച്ച് ഇവരെ പിടികൂടിയത്. ഉന്നതകുടുംബങ്ങളില്‍ നിന്ന് വരുന്ന മൂന്നുപേരും കോളേജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന പതിവാക്കിയവരാണെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരും കഞ്ചാവ് ഉപയോഗിക്കുന്നുമുണ്ട്.

കേരള ഫീഡ്‌സില്‍ കയറ്റിറക്ക് തടസ്സപ്പെടുത്തി; തൊഴിലാളികളെ അറസ്റ്റ് ചെയ്തുനീക്കി


കല്ലേറ്റുംകര: കേരളാ ഫീഡ്‌സ് കമ്പനിയില്‍ കയറ്റിറക്ക് തടസ്സപ്പെടുത്താന്‍ ശ്രമിച്ച 35 തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. കയറ്റിറക്കിനായി മാനേജ്‌മെന്റ് നിശ്ചയിച്ചിരുന്ന മറ്റ് 25 തൊഴിലാളികളെ ജോലിചെയ്യാന്‍ അനുവദിക്കില്ലെന്നറിയിച്ച് 40 പേരടങ്ങുന്ന തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലുള്ളവരാണ് കമ്പനിയില്‍ കയറിയത്. ചൊവ്വാഴ്ച 25 പേരടങ്ങുന്ന സംഘമായാണ് കയറ്റിറക്കിന് ചുമതലപ്പെടുത്തിയിരുന്നത്. ഇതിനായി പോലീസ് സംരക്ഷണവും കമ്പനി ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്ത തൊഴിലാളികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

മന:ശുദ്ധിയോടെയുള്ള ഭക്തി അക്രമങ്ങള്‍ കുറയ്ക്കും:ടി.വി.ചന്ദ്രമോഹന്‍


ഇരിങ്ങാലക്കുട: അനുദിനം ക്ഷേത്രങ്ങള്‍ നവീകരിക്കപ്പെടുകയും ഭക്തജനങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ദിനംപ്രതി അക്രമസംഭവങ്ങള്‍ നാട്ടില്‍ വര്‍ദ്ധിക്കുകയാണെന്നും തീര്‍ത്ഥാടനങ്ങള്‍ മന:ശുദ്ധിയോടെ ഉള്ളവയാണെങ്കില്‍ ഇത്തരം ആക്രമങ്ങള്‍ കുറയ്ക്കുവാന്‍ ആകുമെന്നും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍, കാരുകുളങ്ങര ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവവഴിപാടു സമര്‍പ്പണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്‌ എം.സനല്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

ഉച്ചയ്ക്ക് ശേഷം കടകള്‍ അടച്ചിട്ടത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി


ഇരിങ്ങാലക്കുട: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച തൃശ്ശൂരില്‍ നടക്കുന്ന തൊഴില്‍ സംരക്ഷണ സംഗമത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മേഖലയിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും ഉച്ചയ്ക്ക് ശേഷം അടച്ചിട്ടത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. നേരത്തെ അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ടൌണില്‍ എത്തിയവര്‍ക്ക് കടകള്‍ അടഞ്ഞുകിടന്നതുമൂലം ആവശ്യങ്ങള്‍ നടത്താനാവാതെ ബുദ്ധിമുട്ടി. ഇരിങ്ങാലക്കുടയിലെയും സമീപ ഗ്രാമപ്രദേശങ്ങളിലെയുംകടകള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു.

നന്മ സാംസ്കാരികോത്സവം വെള്ളാങ്ങല്ലൂരില്‍ ഏപ്രില്‍ 13 ന് ആരംഭിക്കും


വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ മേഖല ടൂറിസം ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്കാരികോത്സവമായ 'നന്മ വെള്ളാങ്ങല്ലൂര്‍' വിഷുവിനോട് അനുബന്ധിച്ച് ഏപ്രില്‍ 13, 14, 15 തിയ്യതികളില്‍ കരൂപ്പടന്ന ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്നു. സ്വാഗതസംഘം രൂപീകരണയോഗം ടി.എന്‍ .പ്രതാപന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ഭാരവാഹികള്‍ - രക്ഷാധികാരികള്‍ - കെ.വി.ധനപാലന്‍ എം.പി, ടി.എന്‍ .പ്രതാപന്‍ എം.എല്‍.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.വി.ദാസന്‍ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ആലീസ് തോമസ്‌, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അനില്‍ മാന്തുരുത്തി , ചെയര്‍മാന്‍കെ.ഐ.നജീബ് , ജനറല്‍ കണ്‍വീനര്‍ അയൂബ്ബ് കരൂപ്പടന്ന , ചീഫ് കോഡിനേറ്റര്‍ എ.ആര്‍.രാംദാസ്, പ്രോഗ്രാം ചെയര്‍മാന്‍ - കെ.എ.മുഹമ്മദ്‌, ഫിനാന്‍സ് ചെയര്‍മാന്‍ പി.എസ്.സജീന്ദ്രനാഥ്‌, റിസപ്ഷന്‍ ചെയര്‍മാന്‍ ചെയര്‍മാന്‍ ഇ.വി.സജീവ്‌, പബ്ലിസിറ്റി ചെയര്‍മാന്‍ എം.എം.അബ്ദുള്‍നിസാര്‍ എന്നിവരെ തിരഞ്ഞെടുത്തു.

1952 ലെ ബാച്ചിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുചേര്‍ന്നു


മൂര്‍ക്കനാട്: അറുപതാണ്ടുകള്‍ക്ക് ശേഷം മൂര്‍ക്കനാട് സെന്റ്‌ ആന്റണീസ് ഹൈസ്കൂളിലെ 1952 ലെ ബാച്ചിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുചേര്‍ന്നു. പഠിച്ച അതെ സ്കൂളിലെ അതെ ക്ലാസ് മുറിയില്‍. പലര്‍ക്കും പറഞ്ഞ് പരിചയപ്പെടുത്തേണ്ടിവന്നു. തിരിച്ചറിഞ്ഞപ്പോള്‍ അത്ഭുതവും ആഹ്ലാദവും. അനാരോഗ്യവും അസുഖങ്ങളും വകവെക്കാതെ അവര്‍ വീണ്ടും വിദ്യാര്‍ത്ഥികളായി. ആറുപതിറ്റാണ്ട് മുമ്പ് എടുത്ത ഫോട്ടോയുടെ പകര്‍പ്പുകള്‍ ഓര്‍മ്മചിത്രംപോലെ എല്ലാവര്‍ക്കും കൊടുത്തു. പരസ്പരം വിശേഷങ്ങള്‍ പറഞ്ഞു. ഉച്ചഭക്ഷണം കഴിച്ചു. കാലംവരുത്തിയ വിസ്മയകരമായ മാറ്റങ്ങള്‍ സ്വയം ഉള്‍ക്കൊണ്ട് എല്ലാവര്‍ക്കും വേണ്ടി അവര്‍ പ്രാര്‍ത്ഥിച്ചു. അന്ന് ക്ലാസില്‍ ഉണ്ടായിരുന്നവരില്‍ ജീവിച്ചിരിക്കുന്ന പത്തൊമ്പതുപേരില്‍ 17 പേരും ഒത്തുചേരലിനെത്തി. ഈ ഒത്തുചേരലിന് നേതൃത്വം നല്‍കിയത് കരുവന്നൂരിലെ ബിസിനസുകാരനായ കെ.പി.അബ്ദുള്ളയും അദ്ധ്യാപകരായിരുന്ന ടി.എ.ആന്റണിയും സി.പി.വറീതുമാണ്. ഫാദര്‍ എ.ഡി.ഫ്രാന്‍സിസ് ചിറയത്ത് വന്നത് ജര്‍മ്മനിയില്‍ നിന്നാണ്. ചങ്ങനാശ്ശേരിയില്‍ നിന്ന് മകളും കൊച്ചുമക്കളുമൊത്ത് അല്ലി വന്നു.ദിവസവും നാഴികകള്‍ ഒന്നിച്ചുനടന്നു വന്നു പഠിച്ചതിന്റെ ഓര്‍മ്മകള്‍ കാറളം കോട്ടുവലെ തങ്കവും കളപ്പുരക്കല്‍ ഭാര്‍ഗ്ഗവിയും ഗൗരിക്കുട്ടിയും പങ്കുവെച്ചു. കാലയവനികക്കുള്ളില്‍ മറഞ്ഞ സഹപാഠികളുടെ സ്മരണക്കുമുമ്പില്‍ അവര്‍ നിശ്ശബ്ദരായി. അദ്ധ്യാപകരായും ഉദ്യോഗസ്ഥരായും കുടുംബിനികളായും ജീവിതകാലം കഴിച്ചുകൂട്ടിയ പലര്‍ക്കും പറയാനേറെയുണ്ടായിരുന്നു. തുടര്‍പഠനം, ജോലി, കുടുംബം, ജീവിതം എല്ലാം പറഞ്ഞു തീരാതെ പിരിയുമ്പോള്‍ നിറഞ്ഞ മനസ്സോടെ ഇനിയും കാണണമെന്ന ആഗ്രഹത്തോടെ അവര്‍ പിരിഞ്ഞു.

അഴിമതിക്കെതിരെ ഗാന്ധിസ്മൃതി സംഗമം


ഇരിങ്ങാലക്കുട: അഴിമതി കുഴിച്ചുമൂടുക എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ ഗാന്ധിസ്മൃതി സംഗമം നടന്നു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ്‌ ടി.ജി.ശങ്കരനാരായണന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗം എ.എസ്.കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. സി.പി.ഐ.(എം)ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.

ഉച്ചക്ക് ശേഷം വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുടക്കം


ഇരിങ്ങാലക്കുട: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച തൃശ്ശൂരില്‍ നടക്കുന്ന തൊഴില്‍ സംരക്ഷണ സംഗമത്തിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് 2 മണിമുതല്‍ ഇരിങ്ങാലക്കുടയിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും മുടക്കമായിരിക്കുമെന്ന് സമിതി ചെയര്‍മാന്‍ ടെന്നിസന്‍ തെക്കേക്കര അറിയിച്ചു.

കൂടുതല്‍ ബസുകള്‍ അനുവദിക്കണം


ഇരിങ്ങാലക്കുട: വേണ്ടത്ര യാത്രാബസുകള്‍ ഇല്ലാത്തതിനാല്‍ യാത്രാദുരിതം അനുഭവിക്കുന്ന കല്ലേറ്റുംകര പഞ്ഞപ്പിള്ളി പ്രദേശത്തേക്ക് കൂടുതല്‍ ബസ്സുകള്‍ അടിയന്തിരമായി അനുവദിക്കണമെന്ന് മുകുന്ദപുരം താലൂക്ക് ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ യോഗം അധികാരികളോട് ആവശ്യപ്പെട്ടു. കേരള ഫീഡ്സ്, സഹൃദയ എഞ്ചിനീയറിംഗ് കോളേജ് അടക്കം പല പ്രധാന സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഈ റൂട്ടില്‍ രാവിലെയും വൈകീട്ടും മാത്രമാണ് ബസ് ഓടുന്നത്. ഇരിങ്ങാലക്കുട ഭാഗത്തേക്കും കൊടകര ഭാഗത്തേക്കും ജനങ്ങള്‍ ഓട്ടോറിക്ഷയെയാണ് ശരണം പ്രാപിക്കുന്നത്. യോഗത്തില്‍ മുകുന്ദപുരം താലൂക്ക് ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്‌ എ.കെ.മുഹമ്മദ്‌, അദ്ധ്യക്ഷത വഹിച്ചു. ടി.എ.കാദര്‍, പി.റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

ഡി.വൈ.എഫ്.ഐ ക്ക് ആര്‍.എസ്.എസിന്റെ വക അഭിനന്ദനം


ഇരിങ്ങാലക്കുട: "നല്ലകാര്യം, നിങ്ങളെങ്കിലും ഇതുചെയ്തല്ലോ, ആര്‍.എസ്.എസ് കിഴുത്താണി ശാഖയുടെ വക അഭിനന്ദനങ്ങള്‍." ", പരീക്ഷാര്‍ത്ഥികള്‍ക്ക് സഹായകമായി ശനിയാഴ്ച ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ ഡി.വൈ.എഫ്.ഐ യുടെ PSC ഹെല്പ് ഡെസ്ക്കിനെക്കുറിച്ചുള്ള ഇരിങ്ങാലക്കുടലൈവ്.കോം വാര്‍ത്തക്കുള്ള പ്രതികരണമാണ് മുകളില്‍ കണ്ടത്. മാതൃകാപരമായ ഒരു സഹായ പ്രവര്‍ത്തിക്ക് അതിലും മാതൃകാപരമായ രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു അഭിനന്ദനത്തിന് വേദിയായത് ഫെയ്സ് ബുക്കിലെ ഇരിങ്ങാലക്കുടലൈവ്.കോം ടൈം ലൈനിലാണ്. രാഷ്ട്രീയ ചേരിപോരുകള്‍ മറന്ന് നല്ല മാതൃകകള്‍ കാണുമ്പോള്‍ അഭിനന്ദിക്കാന്‍ കാണിക്കുന്ന തുറന്ന മനസ്സിനെ നമ്മുക്ക് മാതൃകയാക്കാം. comment on this news

ഊരകം സ്റ്റാര്‍ നഗര്‍ ആമ്പിപ്പാടം റോഡ്‌ നിര്‍മ്മാണം ആരംഭിച്ചു


ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ യുടെ പ്രാദേശികവികസന ഫണ്ടില്‍നിന്നും അനുവദിച്ച പണം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഊരകം സ്റ്റാര്‍ നഗര്‍ - ആമ്പിപ്പാടം റോഡിന്‍റെ നിര്‍മ്മാണോദ്ഘാടനം തോമസ്‌ തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ നിര്‍വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ്‌ എം.ബി.രാഘവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം തോമസ്‌ തത്തംപിള്ളി, എം.കെ.കോരുക്കുട്ടി, പി.ജി.റപ്പായി, കെ.കെ.പൈലി കെ.ഒ.ജോര്‍ജ്ജ്, വിജയന്‍ നാര്യാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്കൂളില്‍ വാര്‍ഷികദിനാഘോഷവും അദ്ധ്യാപക രക്ഷാകര്‍ത്തൃദിനവും ഫെബ്രുവരി 1 ന്


മുരിയാട്: ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്കൂളിലെ വാര്‍ഷികദിനാഘോഷവും അദ്ധ്യാപക രക്ഷാകര്‍ത്തൃദിനവും വിരമിക്കുന്ന അദ്ധ്യാപകരുടെ യാത്രയയപ്പ് ചടങ്ങും ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 10 മുതല്‍ സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരും. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി.ജി.ശങ്കരനാരായണന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കൈപ്പമംഗലം എം.എല്‍.എ അഡ്വ.വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം സുധീഷ്‌ മുഖ്യാതിഥിയായിരിക്കും. സ്കൂള്‍ മാനേജര്‍ ലീല അന്തര്‍ജ്ജനം ഫോട്ടോ അനാച്ഛാദനം ചെയ്യും. മുരിയാട് ഗ്രാമപഞ്ചായത്തംഗം കെ.കെ.സന്തോഷ്‌ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് കുട്ടികളുടെ കലാവിരുന്നും ഉണ്ടായിരിക്കും.

വിവേകാനന്ദ ജയന്തി സത്സംഗം


ഇരിങ്ങാലക്കുട: സ്വാമി വിവേകാനന്ദന്റെ 150-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുടയിലെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 31ന് സത്സംഗം നടക്കും.കുടല്‍മാണിക്യം ക്ഷേത്രത്തിന് മുന്‍പിലുള്ള ശക്തി നിവാസില്‍ വൈകിട്ട് 5.30ന് നടക്കുന്ന യോഗത്തില്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ അധ്യാപകനും ബാലഗോകുലം മുന്‍ സംസ്ഥാന അധ്യക്ഷനുമായ ഹരീന്ദ്രന്‍ മാസ്റര്‍ പ്രഭാഷണം നടത്തും.പി.എന്‍. ഈശ്വരന്‍ അധ്യക്ഷത വഹിക്കും.

കാറളം പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്


കാറളം: കാറളത്തെ വിവാദമായ ഭൂമി ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വിജിലന്‍സ് ആന്‍ഡ്‌ ആന്റി കറപ്ഷന്‍ ബ്യൂറോവില്‍ നിന്നും ഉദ്യോഗസ്ഥര്‍ കാറളം പഞ്ചായത്തോഫീസില്‍ റെയ്ഡ് നടത്തി. ഭൂമി വാങ്ങിയ രേഖകളും മറ്റും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. പഞ്ചായത്ത് പ്രസിഡന്റിനോട് ഭൂമി ഇടപാടിനെ സംബന്ധിച്ച രേഖകളെപ്പറ്റി വിശദമായി ചോദ്യംചെയ്തു. സി.വൈ.എസ്.പി എസ്.ആര്‍.ജ്യോതിഷ്കുമാറിന്റെ നിര്‍ദ്ദേശാനുസരണം സി.ഐ.കെ.കെ.സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫീസ് റെയ്ഡ് നടത്തിയത്. എസ്.ഐ.അംബുജാക്ഷന്‍ .കെ.ബി, എ.എസ്.ഐ നന്ദകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുകുമാര്‍.എന്‍ .ബി, ഫിലിപ്പ്.ടി.വി എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. 74 സെന്റ്‌ സ്ഥലം 34000 രൂപ വിലവെച്ച് എസ്.സി /എസ്.ടി വിഭാഗങ്ങള്‍ക്ക് വേണ്ടി വാങ്ങിയ സ്ഥലവും വനിതാ തൊഴില്‍ സംരംഭകര്‍ക്ക് തൊഴില്‍കേന്ദ്രം നിര്‍മ്മിക്കുന്നതിന് വേണ്ടി വാങ്ങിയ ഭൂമി ഇടപാടിലാണ് വിവാദമായത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഭൂമി വാങ്ങിയതെന്ന ആരോപണമാണ് വിജിലന്‍സ് റെയ്ഡിലേക്ക് നയിച്ചത്.

അദ്ധ്യാപകരേക്കാള്‍ കുട്ടികളില്‍ സ്വാധീനം ചെലുത്തുന്ന മറ്റൊരുവിഭാഗം ഇല്ലെന്ന് ഡോ.വി.പി.ഗംഗാധരന്‍


ഇരിങ്ങാലക്കുട: നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ എഴുപത്തിയാറാം വാര്‍ഷികദിനത്തോട് അനുബന്ധിച്ച് വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. അദ്ധ്യാപകരെക്കാള്‍ കുട്ടികളില്‍ സ്വാധീനം ചെലുത്തുന്ന മറ്റൊരുവിഭാഗം ഇല്ലെന്ന് പ്രസിദ്ധ ക്യാന്‍സര്‍ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളിന്റെ വാര്‍ഷികദിനത്തിന്റെ ഭാഗമായി നടന്ന വിരമിക്കുന്ന അദ്ധ്യാപകരുടെ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാലത്ത് വിദ്യാര്‍ത്ഥികളില്‍ അവരുടെ കുട്ടിക്കാലം നഷ്ടപ്പെടുന്നത് നമുക്കനുഭവപ്പെടുന്നു. തന്റെ വ്യക്തിത്വത്തെ ഏറെ സ്വാധീനിച്ചത് ഇരിങ്ങാലക്കുടയും നാഷണല്‍ സ്കൂളുമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ കെ.വി.രാമനാഥന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു.വിരമിക്കുന്ന അദ്ധ്യാപകരായ വി.ശ്രീദേവി (ഡെപ്യൂട്ടി എച്ച്.എം വി), എം.പ്രസന്ന (എച്ച്.എസ്.എ) എന്നിവരുടെ ഫോട്ടോ ഡി.ഇ.ഒ സി.സി.ജേക്കബ്ബ് അനാച്ഛാദനം ചെയ്തു. മാനേജര്‍ രുക്മണി രാമചന്ദ്രന്‍ , പി.ടി.ഐ പ്രസിഡന്റ്‌ അഷ്‌റഫ്‌.വി.ഐ എന്നിവര്‍ സ്നോഹോപഹാരസമര്‍പ്പണം നടത്തി. മുനിസിപ്പല്‍ കൌണ്‍സിലര്‍ രാജി സുരേഷ്, പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എസ്.സിനോജ്, റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ ഇ.അപ്പുമേനോന്‍ , റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രെസ് എന്‍ .വി.രാധ, ഒ.എസ്.എ പ്രസിഡന്റ്‌ അഡ്വ.അജയകുമാര്‍.കെ.ജി, മാനെജ്മെന്റ് പ്രതിനിധി വി.പി.ആര്‍.മേനോന്‍ , ടി.ഗീത (സീനിയര്‍ എച്ച്.എസ്.എ), വി.വി.ലിഷ (സീനിയര്‍ എച്ച്.എസ്.എസ്.ടി), നരേന്ദ്രന്‍ (എച്ച്.എസ്.എസ്.ടി), സ്റ്റാഫ് സെക്രട്ടറി കെ.കമലം, നോണ്‍ ടീച്ചിങ്ങ് സ്റ്റാഫ് പ്രതിനിധി ജയശങ്കര്‍. പി.എസ് , സ്കൂള്‍ വൈസ് ചെയര്‍മാന്‍ ആനന്ദ് കൃഷ്ണ.എസ്.കുമാര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ഹെഡ്മിസ്ട്രെസ് പി.രമാദേവി സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ മിനി.സി നന്ദി രേഖപ്പെടുത്തി.

മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചത് ബഹളത്തിനിടയാക്കി


കാറളം: കാറളം പഞ്ചായത്തോഫീസില്‍ വിജിലന്‍സ് റെയ്ഡ് നടക്കുന്നുണ്ടെന്നറിഞ്ഞ് ഓഫീസില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചത് ബഹളത്തിനിടയാക്കി. പഞ്ചായത്ത് സി.പി.ഐ അംഗം അജയഘോഷിന്റെ നേതൃത്വത്തില്‍ ആണ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതും ഓഫീസിനകത്ത് കടന്ന് ഫോട്ടോ എടുക്കരുതെന്നും പറഞ്ഞതും. റെയ്ഡിന്റെ വാര്‍ത്ത എവിടെനിന്നും അറിഞ്ഞെന്ന് ചോദിച്ചാണ് മാധ്യമപ്രവര്‍ത്തകരെ ഇവര്‍ തടഞ്ഞത്. മുന്‍പഞ്ചായത്ത് പ്രസിഡന്റും മുതിര്‍ന്ന പഞ്ചായത്ത് അംഗവുമായ ഹരിദാസ് പട്ടത്ത് എത്തിയാണ് രംഗം ശാന്തമാക്കിയത്. കാറളം ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ താമരപ്പാടം തരിശുനിലത്ത് കൃഷിയിറക്കുന്ന ചടങ്ങിനുപകരം മാധ്യമപ്രവര്‍ത്തകര്‍ വിജിലന്‍സ് റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതാണ് ഭരണപക്ഷക്കാരെ പ്രകോപിതരാക്കിയത്.

കാണാതായ യുവാവ് കിണറ്റില്‍ മരിച്ചനിലയില്‍


ഇരിങ്ങാലക്കുട: നാലുദിവസം മുമ്പ് പെരുവല്ലി പാടത്തുനിന്നും കാണാതായ ഗുരുവിലാസം കുട്ടന്റെ മകന്‍ ദിനേശിനെ (32) ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അവിവാഹിതനാണ് .അമ്മ തങ്കമ്മ. തിങ്കളാഴ്ച രാവിലെ കിണറ്റില്‍ മീന്‍ നോക്കാന്‍ പോയ ഒരാള്‍ ദിനേശിന്റെ ചെരുപ്പ് പുറത്ത് കാണുകയും സംശയം തോന്നി കിണറ്റില്‍ നോക്കിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. എസ്.ഐ അനില്‍കുമാര്‍ മേപ്പള്ളിയുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. കൈകള്‍ പുറകില്‍ കെട്ടിയനിലയില്‍ മൃതദേഹം കണ്ടത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു.

നാഷണല്‍ സ്കൂള്‍ എഴുപത്തിയാറാം വാര്‍ഷികാഘോഷം


ഇരിങ്ങാലക്കുട: നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ എഴുപത്തിയാറാം വാര്‍ഷികവും അദ്ധ്യാപക രക്ഷാകര്‍ത്തൃദിനവും മാതൃസംഗമവും നടന്നു. പരിപാടികളുടെ ഉദ്ഘാടനം റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ ഇ.അപ്പുമേനോന്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ്‌ അഷ്‌റഫ്‌.വി.ഐ അദ്ധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രെസ് എന്‍ .വി.രാധ അനുസ്മരണ പ്രഭാഷണം നടത്തി. മാനേജ്മെന്റും സ്റ്റാഫും ഉപഹാരസമര്‍പ്പണം നടത്തി. സ്കൂള്‍ മാനേജര്‍ രുക്മണി രാമചന്ദ്രന്‍ എന്‍ഡോവ്മെന്റ് സമ്മാനദാനം നിര്‍വഹിച്ചു. ചടങ്ങിന് മുന്നോടിയായി ഗവര്‍ണ്ണര്‍ എം.ഒ.എച്ച് ഫാറൂഖ് , സുകുമാര്‍ അഴീക്കോട് , സ്കൂള്‍ അദ്ധ്യാപകരായ കോമളം ടീച്ചര്‍, രാധാകൃഷ്ണന്‍ മാസ്റ്റര്‍ , വിജയലക്ഷ്മി ടീച്ചര്‍ എന്നിവരുടെ അകാലനിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. പ്രിന്‍സിപ്പാള്‍ മിനി.സി സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രെസ് പി.രമാദേവി നന്ദി രേഖപ്പെടുത്തി.

പഠനവൈകല്യങ്ങളും ബുദ്ധിമാന്ദ്യവും രോഗമല്ല


ഇരിങ്ങാലക്കുട: പഠനവൈകല്യങ്ങളും ബുദ്ധിമാന്ദ്യവും രോഗമല്ലെന്നും എത്രയും നേരത്തെ അവ കണ്ടെത്തി പരിഹാരം നല്‍കാന്‍ കഴിഞ്ഞാല്‍ അവരെ മിടുക്കന്മാരായി ഉയര്‍ത്തി കൊണ്ടുവരുവാന്‍ കഴിയുമെന്നും ആള്‍ കേരള റേഡിയോ ഡയറക്ടര്‍ ഡി.പ്രദീപ്കുമാര്‍ പറഞ്ഞു. അല്‍ബാബ് ചാരിറ്റബിള്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ കാമ്പസില്‍ സംഘടിപ്പിച്ച പഠനവൈകല്യങ്ങളും പരിഹാരമാര്‍ഗങ്ങളും എന്നവിഷയത്തെ ആസ്പദമാക്കികൊണ്ടുള്ള ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയര്‍മാന്‍ പി.ക്കെ.ബാവദാരമി അദ്ധ്യക്ഷനായിരുന്നു. അസോസിയേഷന്‍ ഫോര്‍ ലേണിങ്ങ് ഡിസ്സെബിലിറ്റീസ് സെക്രട്ടറി വി.വി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ സണ്ണിച്ചന്‍ സ്വാഗതവും, സെക്രട്ടറി സി.വി.മുസ്തഫ സഖാഫി നന്ദിയും പറഞ്ഞു. കെ.എം.അസബുള്ള ഹാജി, പി.എ.സിദ്ദിഖ് ഹാജി, പി.ബി.അബ്ദുള്ളക്കുട്ടി ഹാജി, എം.പി.ടി.എ പ്രസിഡന്റ്‌ പി.കെ.ജോര്‍ജ്ജ്, പി.ഐ.ശംസുദ്ദീന്‍ , കെ.കെ.മുഹമ്മദ്‌ ഹാജി, എന്‍.പി.ഹനീഫ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കാട്ടൂര്‍ക്കാരന്റെ സോപ്പ് ബുക്ക് ഓഫ് റെക്കാര്‍ഡ്‌സില്‍


കാട്ടൂര്‍ : വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന സോപ്പിന്റെ കണ്ടുപിടിത്തം റിക്കാര്‍ഡ്‌സ് ബുക്കിലേക്ക്. കാട്ടൂര്‍ പഞ്ചായത്തിലെ കരാഞ്ചിറയില്‍ പുല്ലോക്കാരന്‍ വിന്‍സന്റിന്റെ പേരാണ് ടോപ്പ് 120 ടാലന്റ്‌സ് ഓഫ് ഇന്ത്യ, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ബുക്കിലുള്ളത്. ബാംഗ്ലൂരില്‍ നടന്ന ഇന്ത്യ ബുക്ക് റെക്കോര്‍ഡ് ഡെ ദിനാഘോഷത്തില്‍ വെച്ചാണ് 2012ാമത് എഡിഷന്‍ രണ്ടു ഭാഷകളിലായി പുറത്തിറക്കിയത്. 2009ല്‍ ദില്ലിയില്‍ നടന്ന 5ാമത് നാഷണല്‍ ഗ്രാസ് റൂട്ട് ഇനൊവേഷന്‍സ് അവാര്‍ഡ് വിന്‍സന്റിന് ലഭിച്ചിട്ടുണ്ട്.

സി.പി.ഐ യുടെ കൊടികാല്‍ നശിപ്പിച്ചു


ഇരിങ്ങാലക്കുട: നടവരമ്പ് സെന്ററില്‍ സി.പി.ഐ സ്ഥാപിച്ചിരിക്കുന്ന കൊടിമരക്കാല്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കി. വൈക്കര, നടവരമ്പ് ബ്രാഞ്ചുകള്‍ സംഭവത്തില്‍ പ്രതിഷേധിച്ചു.

വനിതാ കൂട്ടായ്മയിലൂടെ കാര്‍ഷികരംഗം പുന:രുജ്ജീവിപ്പിക്കണം: കെ.പി.രാജേന്ദ്രന്‍


ഇരിങ്ങാലക്കുട: വനിതകളും, വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ മുഴുവന്‍ ജനങ്ങളും കൃഷിയോട് ആഭിമുഖ്യം പുലര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, വനിതകളുടെ വിപുലമായ കൂട്ടായ്മയിലൂടെ കാര്‍ഷികരംഗം പുന:രുജ്ജീവിപ്പിക്കുന്നതിന് ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്ന് സി.പി.ഐ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രന്‍ പറഞ്ഞു. അഖിലേന്ത്യ കിസാന്‍ സഭ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ഭകഷ്യസുരക്ഷയുടെ മാത്രമല്ല മനുഷ്യന്റെ അതിജീവനത്തിന്റെയും സാംസ്ക്കാരിക മുന്നേറ്റത്തിന്റെയും ഉറപ്പ് കാര്‍ഷികമേഖലയുടെ പുരോഗതിയാണെന്നും എന്നാല്‍ സാം പെട്രോഡയുടെ ഉപദേശപ്രകാരം യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുള്ള 'വിഷന്‍ 2030 ല്‍ കാര്‍ഷികമേഖലയെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണെന്നും കെ.പി.രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. സമ്മേളനത്തില്‍ ലളിതാ ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.മീനാക്ഷി തമ്പാന്‍ വനിതാ കര്‍ഷകരെ ആദരിച്ചു. ഡോ.പ്രസന്ന കാര്‍ഷികോത്പന്നത്തില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. രമ ശിവശങ്കരന്‍, കെ.ശ്രീകുമാര്‍, ഷീല വിജയകുമാര്‍, കിസാന്‍ സഭ ജില്ലാ സെക്രട്ടറി വി.കെ.മോഹനന്‍, ടി.കെ.സുധീഷ്‌ എന്നിവര്‍ സംസാരിച്ചു. കെ.സി.ഗംഗാധരന്‍ മാസ്റ്റര്‍, സ്വാഗതവും, ടി.വി.ലീല നന്ദിയും പറഞ്ഞു.

ഷഷ്ഠി മഹോത്സവം : കാവടിസെറ്റുകള്‍ ക്ഷേത്രാങ്കണത്തില്‍ പ്രവേശിച്ചു


ഇരിങ്ങാലക്കുട: എസ്.എന്‍.ബി.എസ് സമാജം വകവിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ഞായറാഴ്ച ആഘോഷിച്ചു. പുലര്‍ച്ചെ 4 .30 ന് പള്ളി ഉണര്‍ത്തല്‍ , ഗണപതിഹോമം , 5 ന് കലശാഭിഷേകം , വിശേഷാല്‍ പൂജകള്‍ എന്നിവ നടന്നു . രാവിലെ 8 മുതല്‍ പുല്ലൂര്‍, തുറവന്‍കാട് , ടൌണ്‍ പടിഞ്ഞാട്ടുമുറി, കോമ്പാറ എന്നീ നാല് പ്രാദേശിക ആഘോഷകമ്മിറ്റികളുടെ നേതൃത്വത്തിലുള്ള കാവടിസെറ്റുകള്‍ അഭിശേകത്ത്തോടെ ക്ഷേത്രാങ്കണത്തില്‍ പ്രവേശിച്ചു . ഉച്ചതിരിഞ്ഞ് പ്രാദേശിക ആഘോഷകമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പൂരംവരവ് 4 .30 ന് ക്ഷേത്രാങ്കണത്തില്‍ പ്രവേശിക്കും. 5 ന് 9 ആനകളുടെ കൂട്ടി എഴുന്നള്ളിപ്പ്. മേളത്തിന് കലാമണ്ഡലം ശിവദാസ് നേതൃത്വം നല്‍കും.

ഇരിങ്ങാലക്കുട കാവടിയുടെ നിറച്ചാര്‍ത്തില്‍


ഇരിങ്ങാലക്കുട: ഷഷ്ഠി മഹോത്സവത്തിന്റെ ഭാഗമായി പ്രാദേശിക ഉത്സവാഘോഷ കമ്മിറ്റികളുടെ കാവടികള്‍ വരവായി. പുല്ലൂര്‍ വിഭാഗം,തുറവന്‍ക്കാട് വിഭാഗം, ടൌണ്‍ പടിഞ്ഞാട്ടുമുറി വിഭാഗം, കോമ്പാറാ വിഭാഗം എന്നിവയായിരുന്നു കാവടി സെറ്റുകള്‍.

ഇരിങ്ങാലക്കുട ഷഷ്ഠി: ട്രാഫിക് നിയന്ത്രണം


ഇരിങ്ങാലക്കുട: വിശ്വനാഥപുരം ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് ഇന്ന് ടൌണില്‍ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തും. ചാലക്കുടിയിലേക്കു പോകുന്ന വാഹനങ്ങള്‍ പകല്‍ 10.30 മുതല്‍ 11.30 വരെ ഠാണാവ്, മെറീന ആശുപത്രി, ഗാന്ധിഗ്രാം വഴി പുല്ലൂര്‍ ആശുപത്രി ജംക്ഷനില്‍ എത്തിച്ചേരേണ്ടതാണ്. പകല്‍ 11.30 മുതല്‍ 2.30 വരെ ചാലക്കുടി ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍നിന്നു എകെപി ജംക്ഷന്‍, ഗാന്ധിഗ്രാം വഴി പുല്ലൂര്‍ ഭാഗത്തേക്കു പോകേണ്ടതാണ്. പകല്‍ 10.30 മുതല്‍ 2.30 വരെ ചാലക്കുടി ഭാഗത്തുനിന്ന് ഇരിങ്ങാലക്കുടയിലേക്കു വരുന്ന വാഹനങ്ങള്‍ പുല്ലൂര്‍ അണ്ടികമ്പനി വഴി അവിട്ടത്തൂര്‍, ഉൌരകം, അറവുശാല വഴി തെക്കേ അങ്ങാടിയില്‍ എത്തിച്ചേരേണ്ടതാണ്. പകല്‍ 10.30 മുതല്‍ 1.00 വരെ തൃശൂരില്‍നിന്നു കൊടുങ്ങല്ലൂരിലേക്കു വരുന്ന വാഹനങ്ങള്‍ മാപ്രാണം ബ്ളോക്ക് ജംക്ഷനില്‍നിന്നു തിരിഞ്ഞു സിവില്‍ സ്റ്റേഷന്‍, എകെപി ജംക്ഷന്‍ ചന്തക്കുന്ന് വഴി പോകേണ്ടതാണ്. ഉച്ചതിരിഞ്ഞ് അഞ്ചു വരെ ഠാണാവ് ആസാദ് റോഡ് കൊട്ടിലിങ്ങപ്പാടം ഗാന്ധിഗ്രാം വഴി പുല്ലൂര്‍ ഭാഗത്തേക്കു പോകണം.

ഷഷ്ഠി മഹോത്സവം ഇരിങ്ങാലക്കുടലൈവ്.കോമില്‍ തല്‍സമയ സംപ്രേഷണം


ഇരിങ്ങാലക്കുട: ഷഷ്ഠി മഹോത്സവത്തിന്റെ ഭാഗമായി www.irinjalakudalive.com വെബ് സൈറ്റില്‍ തല്‍സമയ സംപ്രേഷണം രാവിലെ 10.30 (IST) മുതല്‍...

ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം


ഇരിങ്ങാലക്കുട: എസ്.എന്‍.ബി.എസ് സമാജം വകവിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ഞായറാഴ്ച ആഘോഷിക്കും. പുലര്‍ച്ചെ 4 .30 ന് പള്ളി ഉണര്‍ത്തല്‍ , ഗണപതിഹോമം , 5 ന് കലശാഭിഷേകം , വിശേഷാല്‍ പൂജകള്‍ , രാവിലെ 8 മുതല്‍ പ്രാദേശിക ഉത്സവാഘോഷ കമ്മിറ്റികളുടെ കാവടി വരവ്. പുല്ലൂര്‍, തുറവന്‍കാട് , ടൌണ്‍ പടിഞ്ഞാട്ടുമുറി, കോമ്പാറ എന്നീ നാല് പ്രാദേശിക ആഘോഷകമ്മിറ്റികളുടെ നേതൃത്വത്തിലുള്ള കാവടിസെറ്റുകള്‍ 1 .45 ന് അഭിശേകത്ത്തോടെ സമാപിക്കും. ഉച്ചതിരിഞ്ഞ് 3 മുതല്‍ പ്രാദേശിക ആഘോഷകമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പൂരംവരവ് 4 .30 ന് ക്ഷേത്രാങ്കണത്തില്‍ പ്രവേശിക്കും. 5 ന് 9 ആനകളുടെ കൂട്ടി എഴുന്നള്ളിപ്പ്. മേളത്തിന് കലാമണ്ഡലം ശിവദാസ് നേതൃത്വം നല്‍കും. രാത്രി 7 ന് കളഭചാര്‍ത്ത്, ചുറ്റുവിളക്ക്, നിറമാല, ദീപാരാധന, 7 .30 ന് വിശേഷാല്‍ പൂജ എന്നിവ ഉണ്ടായിരിക്കും. രാത്രി 8 .30 ന് തൃപ്പുണ്ണിത്തറ ജയഭാരത് നൃത്തകലാലയത്തിന്റെ 'നരസിംഹാവതാരം' ബാലെ. രാത്രി 12 .30 മുതല്‍ പ്രാദേശിക ആഘോഷകമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ഭാസ്മക്കാവടി വരവ്. രാത്രി 2 ന് അവസാനിക്കും. 30 ന് പുലര്‍ച്ചെ 2 മണിമുതല്‍ ആറാട്ടുബലി, 3 ന് ആറാട്ട്‌ , 3 .30 ന് ശിവലി, 5 .30 ന് കൊടിക്കല്‍പറ നിറക്കല്‍. 5 .45 ന് കൊടിയിറക്കല്‍ തുടര്‍ന്ന് കലശാഭിഷേകം, മംഗളപൂജ.

കല്ലേറ്റുംകര ഓവര്‍ബ്രിഡ്ജിന് സമീപം വീണ്ടും ലോറി മറിഞ്ഞു


കല്ലേറ്റുംകര: അപകടം സ്ഥിരമായ റെയില്‍വേ കല്ലേറ്റുംകര ഓവര്‍ബ്രിഡ്ജിന് സമീപം വീണ്ടും ലോറി മറിഞ്ഞു. കഴിഞ്ഞ നാലുമാസത്തിനിടയില്‍ ഈ മേഖലയില്‍ ഉണ്ടാകുന്ന ഒമ്പതാമത്തെ അപകടമാണിത്. ചാലക്കുടി എഫ്.സി.ഐ ഗോഡൌണില്‍ നിന്നും ചോളത്തവിടുമായി ഇരിങ്ങാലക്കുട കാലിത്തീറ്റ ഫാക്ടറിയിലേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. പി.ഡബ്ലിയു.ഡി സ്കെച്ച് തയ്യാറാക്കിയ പോസ്റ്റോഫീസ് ജംഗ്ഷനില്‍നിന്ന് എസ്റ്റേറ്റ് വരെ നിലവിലെ റോഡിലെ രണ്ടു അപകടവളവുകള്‍ ഒഴിവാക്കി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ബൈപാസ് റോഡിന്‍റെ പണി എത്രയുംപെട്ടെന്ന് ആരംഭിക്കനമെന്നാണ് ഇവിടുത്തെ അപകടപരമ്പര കണ്ടുമടുത്ത ജനങ്ങളുടെ ആവശ്യം.

പത്തുദിവസം നീണ്ടുനില്‍ക്കുന്ന അവിട്ടത്തൂര്‍ ഉത്സവം കൊടികയറി


ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ ശിവക്ഷേത്രത്തിന് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ്‌ ജാതവേദന്‍ നമ്പൂതിരി കൊടിയേറ്റി. കൂരയും പവിത്രവും നടുവം വാസുദേവന്‍ നമ്പൂതിരി നല്‍കി. കൊടിപ്പുറത്ത് വിളക്കിന് കുട്ടങ്കുളങ്ങര രാമദാസ് തിടമ്പേറ്റി. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം ഫെബ്രുവരി 5 ന് സമാപിക്കും.

പൂമംഗലം വെങ്ങാട്ടുംപിള്ളി ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഫെബ്രുവരി 3 ന്


പൂമംഗലം: പൂമംഗലം വെങ്ങാട്ടുംപിള്ളി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഫെബ്രുവരി 3 വെള്ളിയാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫെബ്രുവരി 5 ഞായറാഴ്ച മഹാമൃത്യുഞ്ജയഹോമം ഫെബ്രുവരി 9 വ്യാഴാഴ്ച മുതല്‍ 20 തിങ്കളാഴ്ച വരെ ശിവപുരാണ എകാദശാഹ മഹായജ്ഞം, ഫെബ്രുവരി 20 തിങ്കളാഴ്ച ശിവരാത്രി മഹോത്സവം തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കും.. ഫെബ്രുവരി 9 മുതല്‍ 20 കൂടി ക്ഷേത്രത്തില്‍ ഏകാദശാഹം(പുണ്യപുരാണമായ ശിവപുരാണ പാരായണത്തിലൂടെ ശിവമാഹാത്മ്യ കഥകള്‍ മുഴുവന്‍ വ്യാഖ്യാനിക്കുന്നു) യജ്ഞാചാര്യന്‍ കരങ്ങാട്ട് കൃഷ്ണന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടത്തും. ഫെബ്രുവരി 5 ന് ഞായറാഴ്ച രോഗദുരിത ശാന്തിക്കായി മഹാമൃത്യുഞ്ജയഹോമം (ഏഴ് ഹോമകുണ്ഡങ്ങളിലായി) നടത്തുന്നു. ശിവരാത്രിദിവസം ശിവമഹാത്മ്യ കഥാവ്യാഖ്യാനത്തിന്റെ സമാപനം നടക്കും.

news last updated 3:30pm, 3rd February 2011


current news   |   news archives    previous page |   © 2011  designed by upasana4u.com Media Convergence