|
www.irinjalakudalive.com
scroll down for
todays detail news |
|
|
| അമിതവേഗത്തിലെത്തിയ സ്വകാര്യബസ് ഇരുചക്രവാഹനങ്ങളിലിടിച്ചു |
|
ഇരിങ്ങാലക്കുട : മാപ്രാണം പുത്തന്‍തോടില്‍ അമിതവേഗത്തിലെത്തിയ സ്വകാര്യബസ് നിയന്ത്രണം വിട്ട് ബൈക്കിലും സ്കൂട്ടറിലും ഇടിച്ചു. തൃശൂരിലേക്ക് പോയിരുന്ന സ്വകാര്യ ഓര്‍ഡിനറി ബസ്സാണ് ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്കിലും വഴിയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറിലും ഇടിച്ചത്. പരുക്കേറ്റ ബൈക്ക് യാത്രികനെ മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടര്‍ യാത്രികന്‍ സമീപത്തെ കടയില്‍ സാധനം വാങ്ങാന്‍ ഇറങ്ങി സെക്കന്റുകള്‍ക്കകമാണ് അപകടം. ദൂരേക്ക് തെറിച്ചുവീണ സ്കൂട്ടര്‍ റോഡരികില്‍ പുല്ലുവേട്ടിയിരുന്ന മധ്യവയസ്കന്റെ ദേഹത്തേക്കും വീണു.
|
|

|
| മുസിരിസ് പദ്ധതിയില്‍ താലൂക്കിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് |
|
ഇരിങ്ങാലക്കുട ; കൊടുങ്ങല്ലൂര്‍ കേന്ദ്രമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നടപ്പിലാക്കി വരുന്ന മുസിരിസ് പൈതൃകപദ്ധതിയില്‍ താലൂക്കിലെ വെള്ളാങ്കല്ലൂര്‍, ആളൂര്‍, കുഴൂര്‍, അന്നമനട, പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തണമെന്ന് താലൂക്ക് വികസന സമിതിയോഗം സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു. എം.എല്‍.എ അഡ്വ.തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.കെ.ചന്ദ്രന്‍ എം.എല്‍.എ , തഹസില്‍ദാര്‍ ഇ.വി.സുശീല, ആന്റോ പെരുമ്പിള്ളി, പി.കെ.എം.അഷറഫ്, ടി.എ.കാസിം, വിവിധവകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 90 മുതല്‍ രജിസ്ട്രെഷന്‍ പുതുക്കാത്തവര്‍ക്ക് സീനിയോരിറ്റി നഷ്ടപ്പെടാതെ സപ്തംബര്‍ 30 വരെ പുതുക്കാനുള്ള അവസരമുണ്ടെന്ന് എമ്പ്ലോയ്മെന്റ് ഓഫീസര്‍ യോഗത്തെ അറിയിച്ചു.
|
|

|
| ശിഖരങ്ങളുള്ള കൂണ്‍ കൌതുകമാകുന്നു |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തെക്കേത്തല ജോബിയുടെ വീട്ടില്‍ അപൂര്‍വ്വയിനം കൂണ്‍ കണ്ടെത്തി. ഒരടിയോളം ഉയരമുള്ള കൂണിനു ആറോളം ശിഖരങ്ങളും ശിഖരങ്ങള്‍ക്ക് വൃത്താകൃതിയുമാണുള്ളത്. പത്ത് ദിവസത്തോളമാണ് കൂണിന്റെ പ്രായം.
|
|

|
| നഗരസഭകളില്‍ അയ്യങ്കാളിയുടെ പേരില്‍ തൊഴിലുറപ്പ് പദ്ധതികള്‍ ആരംഭിക്കും ; കെ.പി.രാജേന്ദ്രന്‍ |
|
ഇരിങ്ങാലക്കുട :സംസ്ഥാനത്തെ നഗരസഭകളില്‍ അയ്യങ്കാളിയുടെ പേരില്‍ തൊഴിലുറപ്പ് പദ്ധതികള്‍ ആരംഭിക്കുമെന്ന് റവന്യൂവകുപ്പ് മന്ത്രി കെ.പി രാജേന്ദ്രന്‍ പറഞ്ഞു. മുരിയാട് ഗ്രാമപഞ്ചായത്തിലെ കീറായിക്കുളം ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതി ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികലാംഗര്‍ക്കും തയ്യല്‍ തൊഴിലാളികളുമാടക്കം സംസ്ഥാനത്തെ 5 ലക്ഷം പേര്‍ക്ക് 2 രൂപ നിരക്കില്‍ അരി നല്‍കും. സംസ്ഥാനത്ത് നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി കാര്‍ഷികാവശ്യത്തിനു കൂടുതല്‍ ജലസേചനപദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുരിയാട് പഞ്ചായത്തിലെ ജലസേചന പദ്ധതികളും പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളും ഏറെ ശ്ലാഘനീയമാണെന്നു പറഞ്ഞ മന്ത്രി പ്രതിപക്ഷാഭിപ്രായം കൂടി കണക്കിലെടുത്ത് കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ നന്മക്കു വഴിവക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ. തോമസ് ഉണ്ണിയാടന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണി ഉണ്ണികൃഷ്‌ണന്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.പി ദിവാകരന്‍ മാസ്റ്റര്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി പ്ലസ്‌ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ബി രാഘവന്‍ മാസ്റ്റര്‍ വിവാഹധന സഹായ വിതരണവും നിര്‍വ്വഹിച്ചു. പി.കെ വേലായുധന്‍, ശശിധരന്‍ തേറാട്ടില്‍, പി.ആര്‍ സുന്ദരരാജന്‍, ലളിത ബാലന്‍, ടി.കെ കരുണാകരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
|
|

|
| പ്രതീക്ഷാഭവന്‍ രജതജൂബിലിയോടനുബന്ധിച്ച് അദ്ധ്യാപക ദിനാഘോഷം |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രതീക്ഷാഭവന്റെ രജതജൂബിലിയോടനുബന്ധിച്ച് സ്‌ക്കൂളില്‍ അദ്ധ്യാപക ദിനാഘോഷം നടന്നു. ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ റവ.ഫാ. ജോസ് ഇരിമ്പന്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട എ.ഇ.ഒ എന്‍.കെ മല്ലിക അദ്ധ്യക്ഷത വഹിച്ചു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ.മദര്‍ ലുസീന സിഎസ്‌സി അനുഗ്രഹ പ്രഭാഷണം നടത്തി. സി. പുഷ്‌പ, സി.നൈസി എന്നിവര്‍ സംസാരിച്ചു.
|
|

|
| ഇരിങ്ങാലക്കുട നഗരസഭയിലെ സംവരണവാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ സംവരണവാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. എറണാകുളം ഇ.എം.എസ് മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ വച്ചാണ് സംവരണവാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ കണ്ടെത്തിയത്. 41 വാര്‍ഡുകളില്‍ 21 എണ്ണത്തിലും വനിതാസംവരണമാണ്. ഇതില്‍ മൂന്നിടത്ത് എസ്.സി.വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
|
|

|
| നീഡ്സ് ജലപരിശോധന ; പടിയൂരില്‍ കുടിവെള്ളത്തില്‍ ക്ലോറൈഡിന്റെ ആധിക്യം കണ്ടെത്തി |
|
ഇരിങ്ങാലക്കുട : നീഡ്സ് ജലസൗഹൃദ പദ്ധതി നടത്തിവരുന്ന ജലപരിശോധനക്യാമ്പും സെമിനാറും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഫെബ്രുവരി ,മാര്‍ച് മാസങ്ങളില്‍ എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായി പടിയൂര്‍ പഞ്ചായത്തില്‍ നടത്തിയ ജലപരിശോധനയില്‍ ജലത്തില്‍ കൂടുതല്‍ അമ്ലസ്വഭാവവും ക്ലോറിന്റെ അംശവും കണ്ടെത്തിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജലവിഭവ വകുപ്പ്, മഴപ്പൊലിമ എന്നിവയുടെ സഹായത്തോടെ പടിയൂര്‍ ഗ്രാമപഞ്ചാത്തില്‍ മെയ് 17ന് നടത്തിയ ജലപരിശോധനാ ക്യാമ്പില്‍ 183 സാമ്പിളുകളുടെ ഗുണനിലവാരം തിട്ടപ്പെടുത്തിയതിന്റെ വെളിച്ചത്തിലാണ് ഈ കണ്ടെത്തല്‍. 44 ശതമാനവും സാമ്പിളുകളിലും ഇരുമ്പിന്റെ അംശവും, ക്ലോറിന്റെ ആധിക്യം 22 ശതമാനം സാമ്പിളുകളിലും കണ്ടെത്തി. 8 ശതമാനം സാമ്പിളുകളും അമ്ലസ്വഭാവം കാണിക്കുന്നുണ്ട്. ജലത്തിന്റെ ഗുണനിലവാരം തിട്ടപ്പെടുത്തിയ കാര്‍ഡും, നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ലോറിന്റെ ആധിക്യമുള്ള ജലസ്രോതസ്സുകളെ ശുദ്ധ ജലമാക്കി മാറ്റാന്‍ ജലപോഷണപദ്ധതികള്‍ പോലുള്ള സംവിധാനങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും, അതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. എസ് ശ്രീകുമാര്‍, കണ്‍വീനര്‍ ഗുലാം മഹമ്മദ്, പി.ആര്‍ സ്റ്റാന്‍ലി, തങ്കപ്പന്‍ മാസ്റ്റര്‍, കെ.പി ദേവദാസ്, സി.എം ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ പത്രസേളനത്തില്‍ അറിയിച്ചു.
|
|

|
| കേരള കോണ്‍ഗ്രസ്സ് (എം) ഇരിങ്ങാലക്കുട നിയോജക മണ്ഡലം സമ്മേളനം കെ.എം.മാണി ഉദ്ഘാടനം ചെയ്യും |
|
ഇരിങ്ങാലക്കുട :കേരള കോണ്‍ഗ്രസ്സ് (എം) ഇരിങ്ങാലക്കുട നിയോജക മണ്ഡലം സമ്മേളനം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി ഉദ്‌ഘാടനം ചെയ്യു മെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 6 ന് ഉച്ചക്ക് 2 മണിക്ക് ഇരിങ്ങാലക്കുട വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡണ്ട് റോക്കി ആളൂക്കാരന്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എല്‍ സെബാസ്റ്റ്യന്‍ മാസ്റ്റര്‍, ജില്ലാ പ്രസിഡണ്ട് എം.പി പോളി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി.കെ വര്‍ഗ്ഗീസ് മാസ്‌റ്റര്‍, ഒ.എസ് ടോമി, ജോസ് ചെമ്പകശ്ശേരി, വര്‍ഗ്ഗീസ് മാവേലി, ഷൈജോ ഹസ്സന്‍, വനിതാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് സി.യു മേഴ്‌സി ടീച്ചര്‍ എന്നിവര്‍ പ്രസംഗിക്കും. ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഐകൃജനാധിപത്യ മുന്നണിയുടെ വിജയത്തിനു വേണ്ടിയുള്ള കര്‍മ്മ പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നതിനും, കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തനം വാര്‍ഡുതലം തൊട്ട് നിയോജകമണ്ഡലതലം വരെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ സജീവമാകുന്നതിനും മറ്റും ആവശ്യമായ പദ്ധതികള്‍ സമ്മേളനത്തില്‍ തയ്യാറാക്കുമെന്നും, ആനുകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
|
|

|
| കോടതിയും ആര്‍.ഡി.ഒയും ഉത്തരവിട്ടിട്ടും പുലയരുടെ കളരിപ്പറമ്പിലെ കയ്യേറ്റം ഒഴിപ്പിച്ചില്ല |
|
പുല്ലൂര്‍ : കയ്യേറ്റഭൂമി ഒഴിപ്പിക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും അധികൃതര്‍ നിസ്സംഗത പാലിക്കുന്നതായി ആക്ഷേപം. ഇരിങ്ങാലക്കുട പുല്ലൂര്‍ മാത്തക്കലി പുലയരുടെ കളരിപ്പറമ്പ് ഒഴിപ്പിക്കുന്നതിലാണ് കോടതി ഉത്തരവിട്ടിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുന്നതായി പരാതിയുയര്‍ന്നിരിക്കുന്നത്. പ്രസ്തുത ഭൂമി ഒഴിപ്പിക്കാന്‍ ഒരു മാസം മുന്‍പ് ആര്‍.ഡി.ഒ ഉത്തരവിട്ടിട്ടും അഡീഷണല്‍ തഹസില്‍ദാരോ വില്ലേജ് ഒഫീസറോ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പുറമ്പോക്ക് ഭൂമിയായ 21 സെന്റ് സ്ഥലം രാജഭരണം നിലനില്‍ക്കുന്ന കാലത്ത് കൊച്ചിരാജാവ് പുലയര്‍ക്ക് ആചാരത്തിനായി നല്‍കിയിട്ടുള്ളതാണ്. ജനാധിപത്യ ഭരണസംവിധാനം നിലവില്‍ വന്നപ്പോഴും ഈ സ്ഥിതി തുടര്‍ന്നിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തുമ്പരത്തി ബാലകൃഷ്ണന്‍ എന്ന വ്യക്തി ഭൂമി കയ്യേറി തങ്ങളുടെ ക്ഷേത്രാചാരങ്ങള്‍ തടസ്സപ്പെടുത്തുകയും കളരിപ്പറമ്പ് സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് മാത്തക്കലി പുലയരുടെ പരാതി. ഇതിനായി കളരിപ്പറമ്പിലെക്കുള്ള വഴി കൊട്ടിയടക്കുകയും മറ്റും ചെയ്തതായും പരാതിയുണ്ട്. ഇത് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയെത്തുടര്‍ന്ന് ഈ ഭൂമി തുമ്പരത്തി ബാലകൃഷ്ണന്‍ കയ്യേറിയിട്ടുള്ളതാണെന്ന് വ്യക്തമായിട്ടുള്ളതാണെന്നും ഇതിനു വിരുദ്ധമായ രേഖകള്‍ കോടതിയില്‍ നല്‍കാത്തതിനാല്‍ ഭൂമികയ്യേറ്റം ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു. ചേര്‍പ്പുംകുന്ന് കോളനിയിലെ കൊളയാട്ടില്‍ അനില്‍കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയും ആര്‍.ഡി.ഒയും ഉത്തരവിറക്കിയത്. സ്ഥലം ഒഴിപ്പിക്കാത്തതിനു പിന്നില്‍ ഉദ്യോഗസ്ഥവൃന്ദം ഒത്തുകളിക്കുകയാണെന്നും ആരോപണമുണ്ട്
|
|

|
| ദുരിതങ്ങള്‍ക്കിടെ ഷംസുദ്ദീന്റെ മൃതദേഹം കാത്ത് കുടുംബം |
|
കരൂപ്പടന്ന: അപ്രതീക്ഷിതമായി വന്ന ദുരിതങ്ങള്‍ക്കിടെ വിദേശത്ത് നിന്നുള്ള കുടുംബനാഥന്റെ മൃതദേഹവും കാത്ത് വേദനയോടെയാണ് പള്ളിനട ചുണ്ടേക്കാട്ട് ഷംസുദ്ദീന്റെ കുടുംബം ദിനങ്ങള്‍ തള്ളി നീക്കുന്നത്.ഒമാന്‍ റോയല്‍ നേവിയില്‍ ജീവനക്കാരനായ ഷംസുദ്ദീന്‍ കഴിഞ്ഞ ദിവസമാണ് തലക്കടിയേറ്റ് മരിച്ചത്.ഇനിയും മൃതദേഹം എന്ന് നാട്ടി ലെത്തുമെന്ന് കുടുംബാംഗങ്ങള്‍ക്കറിയില്ല. ഷംസുദ്ദീന്റെ ഭാര്യ സഫിയ അര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയില്‍ എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭാര്യയുടെ ചികില്‍സയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ ഷംസുദ്ദീന്‍ കഴിഞ്ഞ മാസം 30നാണ് തിരിച്ചുപോയത്. ഷംസുദ്ദീന്‍ ജോലി സ്ഥലത്ത് തിരിച്ചെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് താമസസ്ഥലത്ത് അടിയേറ്റ് അബോധാവസ്ഥയിലായത്. തലച്ചോറില്‍ രക്തം കട്ടപിടിച്ച് ചലനശേഷി നഷ്ടപ്പെട്ട് 'കോമ' അവസ്ഥയിലാണ് ഒമാനിലെ റുസ്താഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികില്‍സക്ക് ഖൗല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഷംസുദ്ദീനൊപ്പം താമസിച്ച ശ്രീലങ്കന്‍ സ്വദേശിയെയും മലയാളി സുഹൃത്തിനെയും റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്കും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കി. ഇന്ത്യന്‍ എംബസി അധികൃതരും റോയല്‍ ഒമാന്‍ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ഥികളായ രണ്ട് ആണ്‍മക്കളും ഒരു മകളുമാണ് ഷംസുദ്ദീനുള്ളത്. മാതാവിന്റ അസുഖംമൂലം പ്രയാസപ്പെടുന്ന മക്കള്‍ക്ക് പിതാവിന്റെ മരണം താങ്ങാവുന്നതിനപ്പുറമായി.(News courtesy ; Raoof karuppadanna)
|
|

|
| ഡോ.എസ് ശ്രീകുമാറിന് ശാസ്‌ത്രാധ്യാപക പുരസ്‌ക്കാരം |
|
ഇരിങ്ങാലക്കുട : പ്രഗത്ഭരായ ശാസ്‌ത്രാധ്യാപകര്‍ക്കുള്ള കോന്നിയൂര്‍ നരേന്ദ്രനാഥ് സ്‌മാരക പുരസ്‌ക്കാരം പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഡോ. എസ് ശ്രീകുമാറിനെ കോളേജ് വിദ്യാഭ്യാസത്തിന്‍ നിന്നും, തൃശ്ശൂര്‍ കേരള അഗ്രികള്‍ച്ചറല്‍ സ്‌ക്കൂളിലെ നജീമ ഉണ്ണിക്കാമുവിനെ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ നിന്നും തെരഞ്ഞെടുത്തു. ട്രസ്‌റ്റ് ജനറല്‍ സെക്രട്ടറി കോന്നിയൂര്‍ രാധാകൃഷ്‌ണനും, മത്സര കമ്മിറ്റി കണ്‍വീനര്‍ എസ്. സന്തോഷ്‌കുമാറുമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പ്രൊഫ. സി.എന്‍ പരമേശ്വരന്‍ നായര്‍, ഡോ.ജോര്‍ജ്ജ് കോശി, പ്രൊഫ. എ.ജി തോമസ് എന്നീ അംഗങ്ങള്‍ അടങ്ങിയ വിദഗ്‌ദ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. സാഹിതൃക്കാരനും, ശാസ്‌ത്ര സാഹിത്യ പരിഷത്ത് സ്ഥാപക വൈസ് പ്രസിഡണ്ടുമായിരുന്ന കോന്നിയൂര്‍ നരേന്ദ്രനാഥിന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണ പരിപാടികളുടെ ഭാഗമായാണു അവാര്‍ഡുകള്‍ നല്‍കുന്നത്. ഈ മാസം 11ന് ഉച്ചയ്‌ക്ക് രണ്ടിനു കോന്നി റിപ്പബ്ലിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ സംഘടിപ്പിക്കുന്ന അനുസ്‌മരണ പരിപാടിയില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി മാധവന്‍ നായര്‍ ജേതാക്കള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.
|
|

|
| ഇരിങ്ങാലക്കുട ലോകത്തിനു സമ്മാനിച്ച ഗണിതശാസ്‌ത്രപ്രതിഭ നാടിന് ഇന്നും അജ്ഞാതന്‍ |
|
കല്ലേറ്റുംകര : ഇരിങ്ങാലക്കുടയെ ജ്യോതിശാസ്‌ത്ര-ഗണിതശാസ്‌ത്ര രംഗത്തെ തക്ഷശിലയാക്കി മാറ്റിയ 'സംഗമഗ്രാമം മാധവന്‍' നാട്ടില്‍ അജ്ഞാത നക്ഷത്രമായി തുടരുന്നു, നൂറ്റാണ്ടുകളായി. അതേസമയം പാശ്ചാത്യ ശാസ്‌ത്ര ലോകത്തു മാധവന്‍ നമ്പൂതിരിയുടെ തിളക്കം അനുദിനം ഏറിവരികയും ഒടുവില്‍ ലോക പ്രശസ്‌ത ഗണിത ശാസ്‌ത്രജ്ഞന്‍ ജയിംസ് ഗ്രിഗറിയുടെ ആചാര്യ സ്ഥാനം വരെ മാധവന്‍ കവരുകയാണ്. അപ്പോഴും അതിപുരാതനമായ കല്ലേറ്റുംകര ഇരിങ്ങാടപ്പിള്ളി മനയിലെ മാധവന്‍ നമ്പൂതിരിയുടെ പെരുമ സ്വക്ഷേത്രമായ ശ്രീകൃഷ്‌ണ ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയില്‍ എത്തിയിട്ടില്ല. എന്നാല്‍, നാടിന്റെ പഴ മനസ്സുകളില്‍ പൂര്‍വ്വസൂരിയായ ശ്രേഷ്‌ഠ ബ്രാഹ്മണന്റെ ഓര്‍മ്മകള്‍ക്ക് തെല്ലുമില്ല മങ്ങല്‍. അമേരിക്കയിലേയും ബ്രിട്ടനിലേയും ശാസ്‌ത്രലോകം മാധവന്റെ പേരിനു വൈരക്കല്‍ കിരീടം ചാര്‍ത്തുമ്പോള്‍ അദ്ദേഹം ഉപയോഗിച്ചുവെന്നു കരുതുന്ന കരിങ്കല്‍ പീഠം ക്ഷേത്ത്രിന്റെ നാലമ്പലത്തിനുള്ളില്‍ കേടു പറ്റാതെയുണ്ട്. ആറടി നീലവും രണ്ടടിയിലേറെ വീതിയുമുള്ള ഈ കരിങ്കല്‍ പീഠത്തില്‍ ഇരുന്നും കിടന്നുമാണത്രെ മാധവന്‍ നമ്പൂതിരി വാനനിരീക്ഷണം നടത്തിയിരുന്നത്. ഇരിങ്ങാടപ്പിള്ളി മനയുടെ കുടുംബ ക്ഷേത്രത്തിനു 1700 വര്‍ഷത്തെ പഴക്കമുണ്ടെന്നാണു കണക്കുകൂട്ടല്‍. വാസ്‌തവത്തില്‍ പാശ്ചാത്യ ലോകത്തിന്റെ ശാസ്‌ത്ര നേട്ടങ്ങളെ ഒരു പടി പിന്നിലാക്കുന്നതാണു മാധവന്റെ കണ്ടുപിടുത്തങ്ങള്‍. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച മാധവന്‍ ത്രികോണമിതി, ജ്യാമ്യതി, കാല്‍ക്കുലസ് തുടങ്ങിയവ സംബന്ധിച്ചു സിദ്ധാന്തങ്ങള്‍ രൂപവല്‍ക്കരിച്ചിരുന്നുവത്രെ. പില്‍ക്കാലത്ത് ഇവയുടെ പിതാവെന്ന് ലോകം അംഗീകരിച്ച ഗ്രിഗറിയും, ലിറ്റ്‌മസും അടിസ്ഥാനമാക്കിയതു മാധവന്റെ കണ്ടുപിടുത്തങ്ങളെ ആയിരുന്നു. സംഖ്യകളുടെ അനന്തത സംബന്ധിച്ചു മാധവനാണത്രെ ആദ്യം സിദ്ധാന്തം രൂപവല്‍ക്കരിച്ചത്. സംഖ്യകള്‍ അനന്തമല്ലെന്ന് അന്നത്തെ ചിന്താഗതി മാറുന്നത് മാധവന്റെ ആഗമനത്തോടെയായിരുന്നു. വാസ്‌തവത്തില്‍ സൈന്‍, കോസൈന്‍ തുടങ്ങിയ ത്രകോണമിതി സിദ്ധാന്തങ്ങള്‍ ആദ്യം രൂപപ്പെടുത്തിയത് മാധവനായിരുന്നു. ഈ വാക്കുകള്‍ പാശ്ചാത്യ ശാസ്‌ത്ര ലോകത്തിന്റേതാണ്. നിലത്തു കിടന്ന് ചന്ദ്രന്റെ പ്രയാണത്തെ അടിസ്ഥാനമാക്കിമാധവനും നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ചന്ദ്രാഖ്യായിനി എന്ന ഗ്രന്ഥം പിന്നീട് അദ്ദേഹം എഴുതുകയും ചെയ്‌തു. മുളങ്കമ്പുകൊണ്ട് അദ്ദേഹം ക്രമപ്പെടുത്തിയ കണക്കുകളാണ് വേണുവാരോഹ്. (വേണുവെന്നാല്‍ മുള). സ്വദേശി ശാസ്‌ത്ര പ്രസ്ഥാനം അടുത്തിടെ നടത്തിയ അന്വേഷണങ്ങളുടെ ഫലമായി ഈ പുസ്‌തകത്തിന്റെ ഒരു പകര്‍പ്പ് ലഭിച്ചിരുന്നു. അച്യുത പിഷാരടിയുടെ മലയാളം വ്യാഖ്യാനമാണ് തരണനെല്ലൂര്‍ മനയില്‍ നിന്നും ലഭിച്ചത്. അദ്ദേഹം എഴുതിയ മറ്റു ഗ്രന്ഥങ്ങളായ മധ്യമനയന, മധ്യമപ്രകരണ, ഗോളാവിത് തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇന്ന് ഇന്ത്യയില്‍ പോലുമില്ല. അതേ സമയം ഇവയെല്ലാം ടെക്‌സാസ്, ന്യൂ ആന്‍ഡ്രൂസ്, മാഞ്ചസ്‌റ്റര്‍ സര്‍വ്വകലാശാലകളില്‍ ലഭ്യവുമാണ്. കേരളത്തില്‍ മത പ്രചാരണം നടത്തിയ ജെസ്യൂട്ട് പാതിരിമാരാണു മാധവന്റെ നിഗമനങ്ങളുടെ തിളക്കം തിരിച്ചറിഞ്ഞു പാശ്ചാത്യലോകത്ത് എത്തിച്ചതെന്നാണ് അറിവ്. വാസ്‌തവത്തില്‍ മാധവന്റെ ചരിത്രം ഇരിങ്ങാലക്കുടയുടെ ചരിത്രം കൂടിയാണ്. സംഗമഗ്രാമം എന്ന സംജ്ഞ പോലും ഇരിങ്ങാലക്കുടയെയാണു സൂചിപ്പിക്കുന്നത്. ഇരു അങ്ങാടികളുടെ കൂടല്‍ എന്നതില്‍ നിന്നും ഉത്ഭവിച്ച ഇരിങ്ങാലക്കുട തന്നെയാണു സംഗമഗ്രാമം സൂചിപ്പിക്കുന്നതും. കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വ്വകലാശാല ജ്യോതി ശാസ്‌ത്ര വിഭാഗം അദ്ധ്യാപകന്‍ ഡോ. വി.പി.എന്‍ നമ്പൂതിരി, മനയിലെ അംഗം പി.ഐ രാജ്‌കുമാര്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണു മാധവപ്പരുമ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.(News and photo courtesy ; Malayalamanorama Daily - 02/09/2010)
|
|

|
| വാഹനപ്രചരണ ജാഥക്ക് സ്വീകരണം |
|
ഇരിങ്ങാലക്കുട ; സെന്‍ട്രല്‍ ട്രേഡ് യൂണിയനുകളുടേയും, കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ ഫെഡറേഷനുകളുടേയും സംയുക്താഭിമുഖ്യത്തില്‍ കോണ്‍ഫെഡറെഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്സ് സെപ്റ്റംബര്‍ 7 ന് നടത്തുന്ന പൊതുപണിമുടക്കിന്റെ ഭാഗമായി നടത്തുന്ന ജില്ലാ വാഹനപ്രചരണജാഥക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കി. പി.കെ സുബ്രഹ്മണ്യന്‍, പി.കെ മോഹനന്‍ മാസ്‌റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
|
|

|
| ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് പണിതീരാത്ത കെട്ടിടമെന്ന് പഞ്ചായത്തംഗം |
|
പൊറത്തിശ്ശേരി : പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത് കേരളപിറവി സ്മാരകമായി നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം പണി തീരാതെയാണ് നിര്‍വഹിക്കുന്നതെന്ന് പഞ്ചായത്തംഗം കെ.വി.ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അഞ്ചാം തിയതി ആഭ്യന്തരമന്ത്രിയെ കെട്ടിടം കാണിക്കാതെ മാപ്രാണത്ത് വച്ചാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. അഞ്ചുവര്‍ഷം മുന്‍പ് അഴിമതി സുതാര്യമാക്കിയാണ് പഞ്ചായത്ത് ഭരണസമിതി ഭരണം നിര്‍വഹിച്ചത്. വികസനം 14 കോടിയുടെ എന്ന് പ്രചരിപ്പിക്കുമ്പോള്‍ അനുവദിച്ച സംഘ്യയുടെ 50 ശതമാനം പോലും ചിലവഴിക്കാന്‍ സാധിചിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ കെ.വി.ചന്ദ്രന്‍ ആരോപിച്ചു. പഞ്ചായത്തിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപണമുയര്‍ന്നു. പഞ്ചായത്തംഗമായ കെ.വി.ചന്ദ്രന്‍ മുന്‍ സഐ.ടി.യു നേതാവും ഇപ്പോള്‍ സി.പി.എം വിട്ട് സി.എം.പിയില്‍ ചേക്കേറിയവരില്‍ പ്രമുഖനുമാണ്. സി.എം.പി നേതാക്കളായ മുരളി കല്ലിക്കാട്, എം.ആര്‍.സുബ്രഹ്മണ്യന്‍, ടി.കെ.ഷാജു തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു.
|
|

|
| ചന്തക്കുന്നില്‍ നിന്നും നിരോധിച്ച പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചെടുത്തു |
|
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭ ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍ നഗരസഭാതിര്‍ത്തിക്കുള്ളിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധയില്‍ ചന്തക്കുന്നിലെ റാഫേല്‍, നെയ്യന്‍ ഹൌസ് എന്നയാളുടെ കടയില്‍ നിന്നും 30 മൈക്രോണില്‍ താഴെയുള്ള നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു.നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകളോ, ഉല്‍പ്പന്നങ്ങളോ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി പി.കെ സജീവ് അറിയിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സെപെക്ടര്‍മാരായ പി.ആര്‍ സ്റ്റാന്‍ലി, ബിജോ.പി. ജോസഫ് എന്നിവര്‍ പരിശോധനയ്‌ക്ക് നേതൃത്വം നല്‍കി.
|
|

|
| കൂടല്‍മാണിക്യം ക്ഷേത്രം മുന്‍ തൃക്കോല്‍ പ്രവൃത്തിക്കാരന്‍ നിര്യാതനായി |
|
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മുന്‍ തൃക്കോല്‍ പ്രവര്‍ത്തി ചെയ്തിരുന്ന പാരമ്പര്യ കഴകക്കാരന്‍ ചിറയത്ത് ഇല്ലത്ത് പുരുഷോത്തമന്‍ മൂസ്സത് (88 ) നിര്യാതനായി. മക്കള്‍:ബാബു, പരമേശ്വരന്‍, സതി, മണി, സന്തോഷ്, വാസുദേവന്‍. മരുമക്കള്‍:ബിന്ദു, സീന, ഉണ്ണികൃഷ്ണന്‍, ഉമ, വിജി.
|
|

|
| സ്റ്റുഡന്റ്സ് പി.ജി സെന്ററിലെ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിയാഴ്ച അവാര്‍ഡുകള്‍ സമ്മാനിക്കും |
|
ഇരിങ്ങാലക്കുട : എം.ജി.യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ഇരിങ്ങാലക്കുട സ്റ്റുഡന്റ്സ് പി.ജി സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിയാഴ്ച അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് സ്റ്റുഡന്റ്സ് പി.ജി സെന്റര്‍ ഡയറക്ടര്‍ അഡ്വ.ജോര്‍ജ് അറക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് 1 ന് പാരിഷ് ഹാളില്‍ നടക്കുന്ന അവാര്‍ഡ്ദാനസമ്മേളനം ഇരിങ്ങാലക്കുട രൂപത പ്രഥമമെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ ആര്‍.ബിന്ദു മുഖ്യപ്രഭാഷണം നടത്തും. മാതൃഭുമി ഡെപ്യൂട്ടി എഡിറ്റര്‍ എം.പി.സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഉന്നത വിജയം നേടിയ സിന്ധു പി.ജെ, ശ്രീലക്ഷ്മി വി, ശ്രീവിദ്യ ദാമോദരന്‍, കെ.ബി.സാഹിറ എന്നിവര്‍ക്ക് പഴയാറ്റില്‍ പിതാവ് അവാര്‍ഡുകള്‍ സമ്മാനിക്കും.
|
|

|
| മുരിയാട് കോള്‍ കൃഷി പുനരാരംഭിക്കാന്‍ സാധ്യതയേറുന്നു ; ഒരാഴ്ച മുന്‍പ് 10,60,000 രൂപ അനുവദിച്ച എം.എല്‍.എ മൂന്നിടങ്ങളില്‍ സ്ലൂവിസുകള്‍ക്കായി ധനസഹായം നല്‍കി |
|
ഇരിങ്ങാലക്കുട : മുരിയാട് കായല്‍ പാടശേഖരത്തില്‍ കോള്‍ കൃഷി പുനരാരംഭിക്കാന്‍ സാധ്യതകള്‍ ഏറുന്നു. കോള്‍ കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ.തോമസ് ഉണ്ണിയാടന്‍ തുകകള്‍ അനുവദിക്കുന്നതാണ് കോള്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയെകുന്നത്. ഒരാഴ്ച മുന്‍പ് മുരിയാട് കായലില്‍ ഉടനെ കൃഷിയിറക്കുന്നതിനായി കെ.എല്‍.ഡി.സി. കനാലിലെ ചണ്ടി നീക്കുന്നതിനും നിലവിലുള്ള മോട്ടോര്‍ ഷെഡുകള്‍ ഉയര്‍ത്തുന്നതിനുമായി 10,60,000 രൂപ ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ.തോമസ് ഉണ്ണിയാടന്‍ അനുവദിച്ചിരുന്നു. ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളില്‍ നടന്ന കൃഷിക്കാരുടെ യോഗത്തില്‍ കൃഷിയിറക്കാന്‍ മുന്നോട്ടു വന്ന ജില്ലാ കോള്‍ കര്‍ഷക സംഘത്തിന് എം.എല്‍.എ, തുക കൈമാറിയത് അന്ന് തന്നെ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു ശേഷമാണ് മുരിയാട് കായല്‍ പാടശേഖരത്തില്‍ മൂന്നിടങ്ങളില്‍ സ്ലൂവിസ് നിര്‍മ്മിക്കാന്‍ 44 .65 ലക്ഷം രൂപ അനുവദിച്ചതായി എം.എല്‍.യുടെ ഓഫീസ് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനെ അറിയിച്ചത്. താമരവളയം റോഡ് ഡബിള്‍ സ്ലൂവിസ് നിര്‍മ്മിക്കാന്‍ 15 .70 ലക്ഷം, നെടുംതോട് സെക്കണ്ട് റീച്ച് കൊക്കരച്ചാല്‍ ഡബിള്‍ സ്ലൂവിസ് നിര്‍മ്മാണത്തിന് 15 .70 ലക്ഷം, നെടുംതോട് ഫസ്റ്റ് റീച്ച് പുല്ലൂര്‍ മേഖല കൂട്ടുകൃഷി സംഘം പടവ് സിങ്കില്‍ സ്ലൂവിസ് നിര്‍മ്മാണത്തിന് 13.25 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ ത്തിയായതായും നിര്‍ മ്മാണം ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍.എ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. സ്ലൂവിസുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വര്‍ഷങ്ങളായി മേഖലയിലുള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനും ഇതുവഴി കോള്‍ കൃഷി പുനരാരംഭിക്കാനും സാധിക്കും.
|
|

|
| നഗരസഭക്കെതിരെ എല്‍.ഡി.എഫിന്റെ പദയാത്ര |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ ജനദ്രോഹ നടപടികളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്ന് ആരോപിച്ച് എല്‍.ഡി.എഫ് ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പദയാത്ര സി.പി.എം ഏരിയാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട് ഉദ്‌ഘാടനം ചെയ്തു. സി.പി.എം ലോക്കല്‍ സെക്രട്ടറി അഡ്വ. എ.എം പ്രകാശന്‍ ക്യാപ്‌റ്റനായും, സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി വിന്‍സെന്റ് മാസ്റ്റര്‍ വൈസ് ക്യാപ്‌റ്റനുമായി പ്രചാരണം നടത്തുന്ന ജാഥ ഇന്ന് വൈകീട്ട് ഇരിങ്ങാലക്കുട ബസ്സ് സ്‌റ്റാന്‍ഡ് പരിസരത്ത് പൊതുസമ്മേളനത്തോടു കൂടി സമാപിക്കും. ജാഥയ്‌ക്ക് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനില്‍ നല്‍കിയ സ്വീകരണത്തില്‍ ഉല്ലാസ് കളക്കാട്ട്, എ.എം പ്രകാശന്‍, ടി.ബി ദിലീപ്, വിന്‍സെന്റ് മാസ്റ്റര്‍, അഡ്വ. ജോബി തുടങ്ങിയവര്‍ സംസാരിച്ചു.
|
|

|
| കരുവന്നൂരില്‍ യുവാവിനെ വെട്ടിയ മൂന്നുപേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു |
|
ഇരിങ്ങാലക്കുട :കരുവന്നൂരില്‍ യുവാവിനെ വെട്ടിയ സംഭവത്തില്‍ മൂന്നു പേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കരുവന്നൂര്‍ പനംകുളം സ്വദേശികളായ കൈതക്കാപ്പുഴ വീട്ടില്‍ സുധീപ് (25), മുറ്റിച്ചൂര്‍ വീട്ടില്‍ സവ്യസാജി (22), കല്ലടവീട്ടില്‍ ജിതിന്‍ (19) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി തൃശൂര്‍ റെയില്‍ വെ സ്റ്റേഷന്‍ പരിസരത്തു നിന്‍നു ഇരിങ്ങാലക്കുട സി.ഐ.സോണി ഉമ്മന്‍ കോശിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കരുവന്നൂര്‍ സ്വദേശി ചാമപറമ്പില്‍ ഖാദര്‍ മകന്‍ സലീഷി(30)നെ കഴിഞ്ഞ 29 ന് കരുവന്നൂര്‍ വലിയ പാലത്തിനു സമീപം വച്ച് വെട്ടിപരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. ആക്രമണത്തിനുപയോഗിച്ച വാള്‍, ഇരുമ്പു പൈപ്പുകള്‍ , പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ എന്നിവ പ്രതികളുടെ വീടിനു സമീപത്തു നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പൂര്‍വ്വ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നും ഇനിയും 4 പേരെ കൂടി കിട്ടാനുണ്ടെന്നും പിടിയിലായവര്‍ ബി.ജെ.പി.പ്രവര്‍ത്തകരാണെന്നും പോലീസ് പറഞ്ഞു. ഗുരുതരമായി വെട്ടേറ്റ സലീഷ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഇപ്പോഴും ചികിത്സയിലാണ്.
|
|

|
| ട്രാഫിക് പരിഷ്കരണം നടപ്പാകുന്നില്ല ; മിനി ബസ് സ്റ്റാന്റ് അനാഥം |
|
ഇരിങ്ങാലക്കുട: ട്രാഫിക് അഡ്വൈസറി ബോര്‍ഡ് തീരുമാനം നടപ്പിലാക്കുന്നതില്‍ അനാസ്ഥ, മാര്‍ക്കറ്റിലുള്ള മിനി ബസ് സ്റ്റാന്റ് അനാഥമായി. ട്രാഫിക് പരിഷ്കരണം ആരംഭിച്ചതിന്റെ പിറ്റേ ദിവസം മുതല്‍ തന്നെ സ്റ്റാന്റില്‍ കയറാത്ത സ്വകാര്യ ബസ്സുകളുടെ പ്രവണത അന്ന് തന്നെ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റു മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റുപിടിക്കുകയും ചെയ്തിരുന്നു. ജനങ്ങളും കൌണ്‍സിലില്‍ പ്രതിപക്ഷവും പലവുരു ഇതേപ്പറ്റി പരാതികള്‍ ഉന്നയിച്ചിട്ടും ഇന്നും സ്ഥിതി തഥൈവ. ഏകദേശം രണ്ട് മാസം മുമ്പ് ഏര്‍പെടുത്തിയ പുതിയ ട്രാഫിക് പരിഷ്കാരം അനുസരിച്ച് മാര്‍ക്കറ്റിലെ മിനി ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ എത്തിയിരുന്നു. ബസുകള്‍ മിനി ബസ് സ്റ്റാന്‍ഡില്‍ കൃത്യമായി എത്തുന്നുണ്ടോയെന്ന് ശ്രദ്ധിക്കാന്‍ എസ്.ഐ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് അതീവജാഗ്രത പുലര്‍ത്തുകയും രാവിലെ മുതല്‍ വൈകീട്ട് വരെ ഒരു കോണ്‍സ്റ്റബിളിനെ മിനിബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിക്കുകയും ചെയ്തിരുന്നു. മിനി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ വരുന്നതിനായി പഞ്ചിംഗും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഡ്യൂട്ടിക്കായി പോലീസ് ബസ് സ്റ്റാന്‍ഡില്‍ എത്തുന്നില്ല. പോലീസിന്റെ അസാന്നിധ്യം മനസിലാക്കി ബസുകളും വരുന്നില്ല. ഇതിനു പിന്നില്‍ ബസുടമകളും അധികൃതരും തമ്മില്‍ ഈ പ്രദേശത്തെ വികസനം അട്ടിമറിക്കുന്നതിനായുള്ള ഗൂഢശ്രമങ്ങള്‍ നടന്നിട്ടുണ്ടോയെന്നും ജനങ്ങളില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ മാര്‍ക്ക റ്റി ലെത്തുന്ന ലോറികള്‍ വിശ്രമത്തിനായി രണ്ടും മൂന്നും ദിവസം സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്നത് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന് ലോറികള്‍ വരാതായെങ്കിലും ബസ്സുകളുടെ കാര്യം ഒന്നുമായില്ല. ഇവിടെ നിന്നും യാത്ര ചെയ്യുവാന്‍ എത്തിച്ചേരുന്നവര്‍ മണിക്കൂറോളം ബസ് കാത്തുനിന്നും നിരാശരായി മടങ്ങുകയാണ് ഇപ്പോള്‍ . പടിഞ്ഞാറന്‍ മേഖലയായ കാക്കാത്തിരുത്തി, കാട്ടൂര്‍, തൃപ്രയാര്‍, പടിയൂര്‍, മൂന്നുപീടിക എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകളാണ് മിനി ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കേണ്ടത്. എന്നാല്‍ ഇവ പഴയ ബസ് സ്റ്റാന്‍ഡിലെത്തി ട്രിപ്പ് അവസാനിപ്പിച്ച് മുനിസിപ്പല്‍ മൈതാനത്തിനു സമീപം പാര്‍ക്കു ചെയ്യുകയാണ് പതിവ്. ട്രാഫിക് പരിഷ്കരണം ആരംഭിച്ചപ്പോള്‍ മുതലുള്ള ഈ അവസ്ഥയെ കുറിച്ച് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം തെളിവുസഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മേഖലയില്‍ നിന്നും വരുന്ന ചാലക്കുടി, കൊടകര ബസുകള്‍ക്കാണു മിനി ബസ് സ്റ്റാന്‍ഡിലൂടെ കടന്നുപോകാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നത്. പോലീസിനെ കാണുമ്പോള്‍ മാത്രം ബസുകള്‍ മിനി ബസ് സ്റ്റാന്‍ഡ് വഴി പോകും. അല്ലാത്ത സമയങ്ങളില്‍ പഴയതുപോലെ പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോകും. ബസുകള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് പല വഴികളിലൂടെയും പോകുന്നതു കൊണ്ട് മാര്‍ക്കറ്റു ഭാഗത്തു നിന്നും കയറുന്നവര്‍ ഏറെ പ്രയാസം അനുഭവിക്കേണ്ടി വരുന്നതായാണ് പരാതി. ഒരിടത്തു ബസുകാത്തു നില്‍ക്കുമ്പോള്‍ വേറെ വഴികളിലൂടെയായിരിക്കും ബസുകള്‍ കടന്നു പോകുക. എത്തിപ്പെടുന്ന ബസുകള്‍ അമിതവേഗതയിലായതിനാല്‍ യാത്രക്കാര്‍ തികച്ചും ദുരിതത്തിലാണ്. കിഴക്കുനിന്നും വരുന്ന ബസുകള്‍ സെന്റ് മേരീസ് ഹൈസ്കൂളിനു മുന്നിലൂടെയാണ് കടന്നു പോകുന്നത്. പോലീസ് നിര്‍ദേശങ്ങളൊന്നും ഇവര്‍ക്ക് ബാധകമല്ല. മാത്രമല്ല ഈ വഴിയിലൂടെ അമിത വേഗതയില്‍ ബസുകള്‍ കടന്നു പോകുന്നതു മൂലം ഇവിടത്തെ കുട്ടികള്‍ ഭയപ്പാടിലാണ്. നാലു ലക്ഷം രൂപയോളം ചെലവഴിച്ചാണ് നഗരസഭ അധികൃതര്‍ മിനി ബസ് സ്റാന്‍ഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മിനി ബസ് സ്റ്റാന്‍ഡ് സജീവമാകുന്നതോടെ മാര്‍ക്കറ്റിന്റെ വികസനം സ്വപ്നം കണ്ടവര്‍ തികച്ചും നിരാശരാകാനാണ് സാധ്യത. മിനി ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകള്‍ വന്നു പോകുന്നതിനാവശ്യമായ നടപടികള്‍ ഈ പ്രദേശത്തെ നഗരസഭയെ പ്രതിനിധീകരിക്കുന്നവര്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ അനുകൂലമായ നടപടികള്‍ ഭരണ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പ്രതീക്ഷ ജനങ്ങളില്‍ ഇപ്പോഴുണ്ട്.
|
|

|
| ശ്രീകൃഷ്ണജയന്തി വര്‍ണ്ണാഭമായി ആഘോഷിച്ചു |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും ശ്രീകൃഷ്ണജയന്തി വര്‍ണ്ണാഭമായി ആഘോഷിച്ചു. മിക്കയിടത്തും ശോഭായാത്രകളും നാടന്‍ കലാരൂപങ്ങളുടെയും അവതരണവും ഉണ്ടായിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാവടിയാട്ടവും, കരകാട്ടവും ശോഭായത്രകള്‍ക്ക് താളക്കൊഴുപ്പേകി. ഏടക്കുളത്തും കോമ്പാറയിലും പുല്ലൂരും ബാലാഗോകുലത്തിന്റെ നേതൃത്വത്തിലാണ് ശോഭായാത്ര നടത്തിയത്.
|
|

|
| എസ്.എന്‍ നഗറിലെ തോട് കയ്യേറ്റം ; നഗരസഭാ ചെയര്‍മാന്റെ വാദം തെറ്റെന്ന് വിവരാവകാശ രേഖ |
|
ഇരിങ്ങാലക്കുട : എസ്.എന്‍ നഗറിലെ തോട് കയ്യേറിയിട്ടില്ലെന്നും ഗതാഗതത്തിനല്ല തോടിന് മുകളില്‍ സ്ലാബിടുന്നതെന്നുമുള്ള നഗരസഭാ ചെയര്‍മാന്റെ വാദം പൊളിയുന്നു. ചെയര്‍മാന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖയുമായി ഭൂമാഫിയ വിരുദ്ധ സമിതി രംഗത്തെത്തി. ഇതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സമിതി പ്രവര്‍ത്തകര്‍ രേഖകള്‍ പ്രദര്‍ശിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ ഇരിങ്ങാലക്കുടയിലെ ജനങ്ങളേയും മാധ്യമങ്ങളേയും കബളിപ്പിക്കുകയാണെന്ന മുഖവുരയോടെയാണ് സമിതി വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ചെയര്‍മാന്റെ വീടിനു സമീപത്തെ പുറംമ്പോക്ക് തോട് സ്ലാബിട്ട് മൂടി ഗതാഗത യോഗ്യമാക്കുന്നത് പുതുതായി ആരംഭിക്കുന്ന എം.സി.പി കണ്‍വെന്‍ഷന്‍ സെന്ററിലേക്കുള്ള വഴി ഉണ്ടാക്കാനാണന്നും ഇതിനു വ്യക്തമായ തെളിവാണ് വിവരാവകാശ രേഖയെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. എസ്.എന്‍.നഗറില്‍ സ്ലാബിടുന്നതിന്റെ മറവില്‍ തോട് നികത്തുന്നത് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമാണ് പുറത്തു കൊണ്ട് വന്നത്. വാര്‍ത്ത സംപ്രേഷണം ചെയ്തു ആഴ്ചകള്‍ക്കകം സംഭവം വന്‍ വിവാദമാവുകയായിരുന്നു. തുടര്‍ന്ന് പ്രസ്തുത ഭൂമിയില്‍ ഭൂമാഫിയ വിരുദ്ധ സമിതി ബോര്‍ഡ് സ്ഥാപിച്ച് സമരം നടത്തിയിരുന്നു. സമരം നടന്നു ദിവസങ്ങള്‍ പിന്നിടും മുന്‍പ് ചെയര്‍മാന്‍ പത്രസമ്മേളനം നടത്തുകയും തന്റെ പക്ഷം ന്യായീകരിക്കാന്‍ ചീഫ് ടൌണ്‍ പ്ലാനിംഗ് ഓഫീസറുടെ അനുമതി മാധ്യമപ്രവര്‍ത്തകരെ കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് കൊണ്ടൊന്നും നികത്തലിനെയും നിയമലംഘനത്തെയും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും ഭൂമാഫിയ വിരുദ്ധ സമിതി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭൂമാഫിയ വിരുദ്ധ സമിതി പ്രവര്‍ത്തകനായ അജോ ജോണ്‍ വിവരാവകാശ നിയമമനുസരിച്ച് തോടിന്റെ ആഴം, നീളം, വീതി എന്നിവ അറിയുന്നതിനായി നഗരസഭാ സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയ്‌ക്ക് കൃത്യമായ രേഖകള്‍ ഒന്നും തന്നെ നഗരസഭാ ഓഫീസില്‍ ലഭ്യമല്ലെന്നുള്ള മറുപടിയാണ് ലഭ്യമായതെന്ന് തെളിവ് സഹിതം സമിതി ഹാജരാക്കി. തന്റെ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് വേറെ വഴിയുണ്ടെന്ന് അവകാശവാദം ഉന്നയിച്ച ചെയര്‍മാന്‍ തോട് റോഡാക്കി മാറ്റുന്ന വഴിയില്‍ കൂടി താനോ തന്റെ കുടുംബാംഗങ്ങളോ മറ്റുള്ളവരോ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് വാഹന ഗതാഗതം നടത്തില്ലെന്ന് ജനങ്ങളുടെ മുന്നില്‍ പരസ്യ പ്രഖ്യാപനം നടത്താന്‍ ധൈര്യമുണ്ടോയെന്ന് ഇവര്‍ ചെയര്‍മാനെ വെല്ലുവിളിച്ചു. വിരുദ്ധ സമിതിയുടെ രണ്ടാംഘട്ട സമര പരിപാടിയുടെ ഭാഗമായി കൈയ്യേറ്റ ഭൂമിയില്‍ നിരാഹാര സമരവും പാരിസ്ഥിതിക പ്രവര്‍ത്തകരായ വന്ദനാശിവ, മേധാപട്‌കര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുടയില്‍ ഒരു പാരിസ്ഥിതിക കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും സമരസമിതി ചെയര്‍മാന്‍ ആന്റണി തെക്കേക്കര, അജോ ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
|
|

|
| കാത്തലിക് മൂവ്‌മെന്റിന്റെ എസ്.എസ്.എല്‍.സി അവാര്‍ഡ് ദാനം 5 ന് |
|
ഇരിങ്ങാലക്കുട : കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളേയും രൂപതാ അടിസ്ഥാനത്തില്‍ മതബോധന പരീക്ഷയില്‍ ഒന്ന്,രണ്ട്, മൂന്ന് റാങ്ക് ജേതാക്കളേയും ആദരിക്കുന്നതിന്റെ ഭാഗമായി കാത്തലിക് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ 5ന് അവാര്‍ഡ് ദാനചടങ്ങ് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് ഇരിങ്ങാലക്കുട രൂപതാ പ്രഥമ മെത്രാന്‍ മാര്‍ ജയിംസ് പഴയാറ്റില്‍ ഉദ്ഘാടനം ചെയ്യും. ഉപവികാരി ജനറാള്‍ മോണ്‍.ജോസ് ഇരിമ്പന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ. തോമസ് ഉണ്ണിയാടന്‍ മുഖ്യപ്രഭാഷണം നടത്തും. കത്തീഡ്രല്‍ വികാരി റവ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍, സി: ആനി കുര്യാക്കോസ്, ഫാ.തോമസ് നെട്ടേക്കാടന്‍, പി.ഐ ആന്റണി മാസ്റ്റര്‍, റോസി ലാസര്‍ തുടങ്ങിയവര്‍ അനുമോദന പ്രസംഗം നടത്തും. രൂപതാ ഡയറക്ടര്‍ ജെയ്‌സണ്‍ കുടിയിരിക്കല്‍, കെ.ടി വര്‍ഗ്ഗീസ്, തോമസ് തൊകലത്ത്, വര്‍ഗ്ഗീസ് മാവേലി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
|
|

|
| പൊറത്തിശ്ശേരി പഞ്ചായത്ത് ഗ്രാമോത്സവം : ഭാഗമായി കുടുംബശ്രീ വനിതാ സംഗമവും സഹകാരി സംഗമവും 5 ന് |
|
ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 'ഗ്രാമോത്സവം' എന്ന സാംസ്‌ക്കാരിക പരിപാടിയുടെ ഭാഗമായി കുടുംബശ്രീ വനിതാ സംഗമവും, സഹകാരി സംഗമവും 5 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 3 ന് കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മാപ്രാണത്തുള്ള സഹകരണഹാളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സംസ്ഥാന ആഭ്യന്തര-വിജിലന്‍സ്-ടൂറിസം വകുപ്പു മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ. തോമസ് ഉണ്ണിയാടന്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ വച്ച് മികച്ച കുടുംബശ്രീ മൈക്രോ സംരഭങ്ങള്‍ക്കുള്ള പുരസ്‌ക്കാരവും, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് മാച്ചിങ് ഗ്രാന്റ്, ഉല്‍പ്പാദന ബോണസ് എന്നിവയും മന്ത്രി വിതരണം ചെയ്യും. ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച കേരള പിറവി സുവര്‍ണ്ണ ജൂബിലി സ്‌മാരകത്തിന്റെ ഉദ്‌ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. 'വികേന്ദ്രീകൃത ആസൂത്രണം- കൊടകര സുസ്ഥിര വികസന പദ്ധതി' യെക്കുറിച്ച് പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ പ്രഭാഷണം നടത്തും. ഗ്രാമോത്സവത്തോടനുബന്ധിച്ച് ബാലസംഗമവും, കുട്ടികളുടെ കലാപരിപാടികളും, സെപ്‌തംബര്‍ 4ന് പൊറത്തിശ്ശേരി മഹാത്മാ യു.പി സ്‌ക്കൂളില്‍ പ്രശസ്‌ത ചെറുകഥാകൃത്ത് അശോകന്‍ ചെരുവില്‍ ഉദ്‌ഘാടനം ചെയ്യും. സാംസ്‌ക്കാരിക ഘോഷയാത്രയും വയോജന സംഗമവും, മെഡിക്കല്‍ ക്യാമ്പും, വിവിധ കലാ-സാഹിത്യ മത്സരങ്ങളും ഗ്രാമോത്സവത്തിന്റെ ഭാഗമായി നടത്തും. സെപ്‌തംബര്‍ 17ന് ഗ്രാമോത്സവം സമാപിക്കും. സംഘാടക സമിതി ചെയര്‍മാന്‍ എം.ബി.രാജു മാസ്റ്റര്‍, വൈസ് ചെയര്‍മാന്‍ ജസ്റ്റിന്‍ എം.വി., കെ.ഡി.അല്‍ഫോന്‍സ ടീച്ചര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
|
|

|
| കരൂപ്പടന്ന സ്വദേശി മസ്ക്കറ്റില്‍ തലക്കടിയേറ്റ് മരിച്ചു |
|
കരൂപ്പടന്ന : മസ്ക്കറ്റില്‍ തലക്കടിയേറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന കരൂപ്പടന്ന സ്വദേശി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കരൂപ്പടന്ന പള്ളിനട ചൂണ്ടെക്കാട്ട് ഷംസുദീനാ(52 ) ണ് മസ്ക്കറ്റില്‍ ഖൌല ആശുപത്രിയില്‍ മരിച്ചത്. കൂട്ടുകാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തില്‍ ഒപ്പമുണ്ടായിരുന്ന ശ്രീലങ്കന്‍ സ്വദേശിയുടെ അടിയേറ്റാണ് ഇദ്ദേഹത്തിനു പരുക്കേറ്റത്. റോയല്‍ നേവി ഉദ്യോഗസ്ഥനായിരുന്ന ഷംസുദീന്‍ വുദാം നേവല്‍ ബസിലാണ് താമസിച്ചിരുന്നത്. നാട്ടില്‍ അവധിക്കു പോയി തിരിച്ചെത്തിയ തൊട്ടടുത്ത ദിവസമാണ് ഇദ്ദേഹത്തിനു തലക്കടിയേറ്റത്. സംഭവത്തെ കുറിച്ച് ഇന്ത്യന്‍ എംബസിയും റോയല്‍ ഒമാന്‍ പോലീസും അന്വേഷണം ആരംഭിച്ചു. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിക്കും മസ്ക്കറ്റിലെ ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിട്ടുണ്ട്. സഫിയയാണ് ഷംസുദീന്റെ ഭാര്യ. സൈഫുദീന്‍, ഷറഫുദീന്‍ , ഫാത്തിമ എന്നിവര്‍ മക്കളാണ്.(news courtesy ; Raoof Karuppadanna ;august 31st 2010, 9:30pm)
|
|

|
| വിശ്രമമുറി ലേലം കൂടുതല്‍ വിവാദത്തിലേക്ക് ; നഗരസഭക്കെതിരെ യൂത്ത്- ദളിത് കോണ്‍ഗ്രസുകളും എല്‍.ഡി.എഫും പ്രക്ഷോഭത്തിന് |
|
ഇരിങ്ങാലക്കുട : നഗരസഭാ ബസ് സ്റ്റാന്റിലെ താഴെനിലയിലുള്ള വിശ്രമമുറികള്‍ ലോട്ടറി വില്പന കേന്ദ്രത്തിനായി നല്‍കിയ നഗരസഭയുടെ നടപടികള്‍ കൂടുതല്‍ വിവാദത്തിലേക്ക്. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയുടെ നടപടിക്കെതിരെ യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസും പോഷകസംഘടനയായ ദളിത് കോണ്‍ഗ്രസും പരസ്യമായി രംഗത്തെത്തിയതോടെയാണ് സംഭവം വന്‍ വിവാദത്തിലേക്ക് നീങ്ങുന്നത്. ലോട്ടറി ഏജന്‍സിക്ക് മാസങ്ങള്‍ക്ക് മുന്‍പാണ് നഗരസഭ വിശ്രമമുറി ലേലത്തില്‍ നല്‍കിയത്. തുടര്‍ന്ന് മുറി ഏതാണ്ട് പൂര്‍ണ്ണമായി പൊളിച്ചുനീക്കി കഴിഞ്ഞു. നീക്കം ആരംഭിച്ചപ്പോള്‍ തന്നെ ബി.ജെ.പി പ്രക്ഷോഭവുമായി രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ആഴ്ചകള്‍ക്കകം പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ സ്ഥലം സന്ദര്‍ശിക്കുകയും നഗരസഭയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നഗരസഭക്കെതിരെ ദളിത് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും തുറന്ന യുദ്ധത്തിനൊരുങ്ങുന്നത്. 1963 ല്‍ പണികഴിപ്പിച്ച ബസ് സ്റ്റാന്റ് ബില്‍ഡിംഗില്‍ 44 മീറ്റര്‍ സ്ക്വയര്‍ വിസ്തീര്‍ണ്ണത്തിലാണ് രണ്ട് വിശ്രമമുറികള്‍ പണി കഴിപ്പിച്ചത് . ഈ മുറികളാണ് 29 ലക്ഷം രൂപയ്ക്കു നഗരസഭ ലേലം ചെയ്തിരിക്കുന്നത്. പകരം സംവിധാനങ്ങളൊന്നും ഇല്ലാതെ കച്ചവട ആവശ്യത്തിനു വിശ്രമമുറി ലേലം ചെയ്തു വില്‍ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ദളിത് , യൂത്ത് കോണ്‍ ഗ്രസ് ഭാരവാഹികള്‍ പറയുന്നത്. എത്രയും പെട്ടെന്ന് മുറികള്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്നും ലേല നടപടികള്‍ മരവിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇവര്‍ പറയുന്നു. സമാനമായ നിലപാടുകളാണ് എല്‍.ഡി.എഫും ഈ വിഷയത്തില്‍ കൈക്കൊണ്ടിട്ടുള്ളത്. സെപ്റ്റംബര്‍ 2 ന് നഗരസഭക്കെതിരെ ഈ വിഷയം മുന്‍നിര്‍ത്തി പ്രക്ഷോഭം ആരംഭിക്കുമെന്നാണ് എല്‍.ഡി.എഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. താമസിയാതെ തന്നെ ബി.ജെ.പിയും പ്രക്ഷോഭത്തിനിറങ്ങുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നഗരസഭക്കെതിരെ ഉയര്‍ന്നു വരുന്ന ഇത്തരം ആരോപണങ്ങള്‍ വന്‍ വിവാദത്തിലേക്ക് നീങ്ങുമെന്ന് വിലയിരുത്തപ്പെടുന്നു.
|
|

|
| മികച്ച അദ്ധ്യാപികക്കുള്ള അവാര്‍ഡ് പി. ശ്രീദേവി ടീച്ചര്‍ക്ക് |
|
ഇരിങ്ങാലക്കുട : ഈ വര്‍ഷത്തെ ദേശീയ അദ്ധ്യാപക അവാര്‍ഡ് എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്കൂളിലെ അദ്ധ്യാപികയായ പി.ശ്രീദേവി ടീച്ചര്‍ക്ക് ലഭിച്ചു. 29 വര്‍ഷമായി സ്കൂളില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച് വരികയാണ് ഇവര്‍. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്ത് മികച്ച മാതൃകാ അദ്ധ്യാപികക്കുള്ള അവാര്‍ഡും, പുറമെ 2007-2008 ലെ ഏറ്റവും നല്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ജില്ലാ കണ്‍വീനര്‍ക്കുള്ള അവാര്‍ഡും, ഈ വര്‍ഷം തൃശ്ശൂര്‍ ജില്ലാ പി.ടി.എ നല്‍കുന്ന എയിഡ സ്കൂളിലെ മികച്ച മാതൃകാ അദ്ധ്യാപികക്കുള്ള അവാര്‍ഡും ഇവരെ തേടിയെത്തിരുന്നു. റിട്ടയേര്‍ഡ് കെ.എസ്.ഇ.ബി ഫിനാന്‍സ് ഓഫീസര്‍ എം മുരളീധരനാണ് ഭര്‍ത്താവ്. മക്കള്‍: രശ്മി, രമ്യ. കൊച്ചുമകള്‍:അനുഷ്ക. കൈപ്പമംഗലത്തെ ഗവ.ഫിഷറീസ് സ്ക്കൂളിലെ ഹെഡ് മാസ്റ്ററായിരുന്ന ബാലന്‍ മാസ്റ്ററാണ് അച്ഛന്‍. അമ്മ ലീല കളരിപ്പറമ്പ് യു.പി സ്കൂളിലെ അധ്യാപികയാണ്. അവാര്‍ഡ് സ്വീകരിക്കുന്നതിനായി ബുധനാഴ്ച്ച ഡല്‍ഹിയിലേക്ക് പോകാനിരിക്കുകയാണ് ടീച്ചര്‍.
|
|

|
| അയ്യങ്കാവ് മൈതാനമെന്ന പേര് നിലനിര്‍ത്താന്‍ ക്ഷേത്രരക്ഷാസമിതി രംഗത്ത് |
|
ഇരിങ്ങാലക്കുട : അയ്യങ്കാവ് മൈതാനത്തിന്റെ പേര് മുനിസിപ്പല്‍ മൈതാനമെന്നാക്കാനുള്ള നഗരസഭാ നീക്കത്തില്‍ പ്രതിഷേധിച്ച് ക്ഷേത്രരക്ഷാസമിതി മൈതാനത്ത് ബോര്‍ഡ് സ്ഥാപിച്ചു. അയ്യങ്കാവ് മൈതാനമെന്ന പേര് മാറ്റിയാല്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി. ഭാരവാഹികളായ സന്തോഷ് ബോബന്‍, കൃപേഷ് ചെമ്മണ്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 1942 ല്‍ ബ്രിട്ടീഷ് നിയമം ലംഘിച്ച് ഇന്ത്യന്‍ പതാക ആദ്യമായി ഉയര്‍ത്തപ്പെട്ടത് അയ്യങ്കാവ് മൈതാനിയിലാണ്. കുട്ടംകുളം സമരത്തിന് ജാഥ ആരംഭിച്ചതും ഇവിടെ നിന്ന് തന്നെ. ഇത്തരം നിരവധി ചരിത്ര സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച അയ്യങ്കാവ് മൈതാനത്തിന്റെ പേര് മാറ്റുന്നതിലൂടെ സ്വകാര്യ ലാഭം നേടാനുള്ള ഭരണകൂടത്തിന്റെ നീക്കത്തെ ചെറുത്തു തോല്‍പിക്കുക തന്നെ ചെയ്യുമെന്നും ഇതിന്റെ തുടക്കമാണ് ബോര്‍ഡ് സ്ഥാപിക്കലെന്നും ഭാരവാഹികള്‍ പറഞ്ഞു.
|
|

|
| തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി |
|
തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തീയതി തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കോടതി പറഞ്ഞു. നവംബര്‍ ഒന്നിന് മുമ്പ് പുതിയ സമിതികള്‍ അധികാരത്തില്‍ വരണമെന്നും കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച പൊതുതാല്പര്യ ഹരജിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.നേരത്തെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ആറ് ജില്ലകളിലെ വോട്ടര്‍മാര്‍ രണ്ട് തവണ വോട്ട് ചെയ്യാന്‍ പോകേണ്ടിവരും. ഇത് ഇരട്ടിചെലവുണ്ടാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായി നടത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്.
|
|

|
| കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് റദ്ദാക്കി |
|
കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന പെരിയാര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് റദ്ദാക്കിയത്. ആഴ്ചയില്‍ ഒരു നറുക്കെടുപ്പ് മാത്രമേ പാടുള്ളൂ എന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ബമ്പര്‍ ലോട്ടറി കൂടാതെ സംസ്ഥാന ലോട്ടറി ഒരെണ്ണം മാത്രമേ ഇനിമുതല്‍ വിപണിയിലുണ്ടാകൂ. ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള വിന്‍-വിന്‍ ലോട്ടറി നിലനിര്‍ത്താനാണ് ലോട്ടറി വകുപ്പ് ആലോചിക്കുന്നത്.
|
|

|
| ടി.കെ.ബാലന്‍ ചരമവാര്‍ഷികദിനം ആചരിച്ചു |
|
കാട്ടൂര്‍ : ഇരിങ്ങാലക്കുട ഏരിയ കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) സ്ഥാപക നേതാവായ ടി.കെ.ബാലന്റെ പതിനഞ്ചാം ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി കാട്ടൂരില്‍ അനുസ്മരണസമ്മേളനവും എന്‍ഡോവ്മെന്റ് വിതരണവും നടന്നു. യൂണിയന്‍ ഏരിയ പ്രസിഡന്റ് ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. ഏരിയസെക്രട്ടറി എ.വി അജയന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി വി.എ.മനോജ് കുമാര്‍ , യൂണിയന്‍ അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രീ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് എന്‍ഡോവ്മെന്റ് വിതരണം ചെയ്തു. യൂണിയന്‍ ഏരിയ വൈസ് പ്രസിഡന്റ് പി.എ.രാമചന്ദ്രന്‍ , കെ.എസ്.ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
|
|

|
| കുപ്രസിദ്ധ ഗുണ്ട ഇരുമ്പന്‍ ഷാജിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി |
|
ഇരിങ്ങാലക്കുട : കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമായ ഇരുമ്പന്‍ ഷാജി എന്ന പോത്താനി മതിരംപിള്ളി ഷാജി(30 ) ഗുണ്ടാ ആക്റ്റ് പ്രകാരം പോലീസ് പിടികൂടി. സി.ഐ.സോണി ഉമ്മന്‍ കോശി , എസ്.ഐ.പ്രേമാനന്ദ കൃഷ്ണന്‍, കാട്ടൂര്‍ എസ്.ഐ. സോണി മത്തായി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരിങ്ങാലക്കുടയില്‍ നഗരമധ്യത്തില്‍ വച്ച് ഓടിച്ചിട്ട് പിടികൂടിയത്. ഇരിങ്ങാലക്കുട സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളിനെ ആക്രമിച്ച കേസടക്കം ഇരിങ്ങാലക്കുട സ്റ്റേഷനില്‍ അഞ്ചും കാട്ടൂര്‍ സ്റ്റേഷനില്‍ ഒന്‍പതും കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
|
|

|
| മുരിയാട് കായലില്‍ കോള്‍കൃഷി പുനരാരംഭിക്കാന്‍ സാധ്യത |
|
മുരിയാട് : മുരിയാട് കായലില്‍ കോള്‍ കൃഷി പുനരാരംഭിക്കാന്‍ സാധ്യത തെളിയുന്നു. ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ.തോമസ് ഉണ്ണിയാടന്റെ ശ്രമങ്ങളാണ് മുരിയാട് കോള്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നത്. കായലില്‍ ഉടനെ കൃഷിയിറക്കുന്നതിനായി കെ.എല്‍.ഡി.സി. കനാലിലെ ചണ്ടി നീക്കുന്നതിനും നിലവിലുള്ള മോട്ടോര്‍ ഷെഡുകള്‍ ഉയര്‍ത്തുന്നതിനുമായി 10 ,60 ,000 രൂപയാണ് എം.എല്‍.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിരിക്കുന്നത്. ഈ തുക ഫലപ്രദമായി വിനിയോഗിച്ചാല്‍ മുരിയാട് കായലില്‍ വീണ്ടും കോള്‍ കൃഷി ആരംഭിക്കാം. ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളില്‍ നടന്ന കൃഷിക്കാരുടെ യോഗത്തില്‍ കൃഷിയിറക്കാന്‍ മുന്നോട്ടു വന്ന ജില്ലാ കോള്‍ കര്‍ഷക സംഘത്തിന് എം.എല്‍.എ, തുക കൈമാറി. സംഘം പ്രസിഡന്റ് കെ.കെ.കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു. പൊറത്തിശേരി പഞ്ചായത്ത് പ്രസിഡന്റ് എം.ബി രാജു മാസ്റ്റര്‍ , ജോ.സെക്രട്ടറി എന്‍.എം.ബാലകൃഷ്ണന്‍, എക്സി.അംഗങ്ങളായ മങ്ങാട്ട് രാധാകൃഷ്ണ മേനോന്‍, സി.എസ്.മെഹബൂബ്, കുണ്ടില്‍ ദിവാകരന്‍, കെ.വി.ജോഷി എന്നിവര്‍ സംസാരിച്ചു.
|
|

|
| മാപ്രാണം ഹോളി ക്രോസ് ദേവാലയം വീണ്ടും ലിംകാ റെക്കോര്‍ഡിലേക്ക് |
|
മാപ്രാണം : മാപ്രാണം ഹോളി ക്രോസ് ദേവാലയം വീണ്ടും ലിംകാ റെക്കോര്‍ഡിലേക്ക്. മാര്‍ സ്ലീവ അസോസിയേഷന്‍ ഫോര്‍ റൂറല്‍ ഗൈഡന്‍സിന്റെ ആഭിമുഖ്യത്തില്‍ 1 കിലോ മുതല്‍ തുടര്‍ച്ചയായി 100 കിലോ വരെയുള്ള 100 മാര്‍ഗ ദീപങ്ങളുടെ പ്രദര്‍ശനം നടത്തിയാണ് ദേവാലയം വീണ്ടും ലിംകാ റെക്കോര്‍ഡില്‍ ഇടം നേടുന്നത്. ൦.75 അടി മുതല്‍ 6 അടി വരെ ഉയരവും 9 ഇഞ്ച് മുതല്‍ 38 ഇഞ്ച് വരെ വണ്ണവുമുള്ള മെഴുകുതിരികളുടെ ആകെ ഭാരം 5050 കിലോഗ്രാമാണ്. ദേവാലയത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ച പ്രദര്‍ശനം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍.പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ.തോമസ് ഉണ്ണിയാടന്‍ ആശംസകള്‍ നേര്‍ന്നു. വികാരി ആന്റ് റെക്ടര്‍ ജോജി കല്ലിങ്ങല്‍, ജോണ്‍സന്‍ നായങ്കര, സെബാസ്റ്റ്യന്‍ , ജെയിംസ് നെല്ലിശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാവിലെ 7 .30 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രദര്‍ശനം.
|
|

|
| കെ.എസ്.ആര്‍.ടി.സിയെ മറികടക്കാന്‍ സ്വകാര്യ ബസ്സുകള്‍ അയ്യങ്കാവ് മൈതാനിയിലൂടെ " പറക്കുന്നു' |
|
ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂര്‍ റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസുകളെ മറികടക്കാന്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ്സുകള്‍ അയ്യങ്കാവ് മൈതാനിയിലൂടെ " പറക്കുന്നു' . ട്രാഫിക് പരിഷ്കരണവും പോലീസിന്റെ വാഹന പരിശോധനയും അരങ്ങു തകര്‍ക്കുമ്പോഴാണ് പുതിയ നഗരസഭാ ഓഫീസിനു മുന്നിലൂടെ നിയമലംഘനം നടത്തി സ്വകാര്യ ബസ്സുകള്‍ പായുന്നത്. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വന്നതോടെ കളക്ഷന്‍ കുറഞ്ഞ സ്വകാര്യ ബസ്സുകള്‍ ലാഭാകരമാക്കാന്‍ നടത്തുന്ന അഭ്യാസങ്ങളില്‍ ഏറ്റവും ഒടുവിലത്തെതാണിത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ കണ്ണുരുട്ടി പേടിപ്പിച്ചിട്ടും കയ്യേറ്റം ചെയ്തിട്ടും ബസ്സുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയിട്ടും രക്ഷയില്ലെന്ന് കണ്ടതോടെയാണ് സ്വകാര്യ ബസ്സുകള്‍ വഴിമാറി ഓടല്‍ പരീക്ഷിക്കുന്നത്. മുന്നില്‍ പോകുന്ന കെ.എസ്.ആര്‍.ടി.സി സിഗ്നല്‍ കഴിഞ്ഞ് ബി.എസ്.എന്‍.എല്‍ ഓഫീസിനു സമീപത്തെ ബസ് സ്റ്റോപ്പില്‍ എത്തുന്നതിനു മുന്‍പ് സ്റ്റോപ്പിലെത്തി ആളെ കയറ്റി മുന്നേറുവാനാണ് ഈ രീതി പരീക്ഷിക്കപ്പെടുന്നത്. അയ്യങ്കാവ് മൈതാനിയിലൂടെയുള്ള ജനങ്ങളുടെ സ്വൈര്യവിഹാരത്തിന് വിലങ്ങുതടിയാകുകയാണ് ഈ മത്സരയോട്ടം. ഇരു ചക്രവാഹനങ്ങളും ചെറു വാഹനങ്ങളും നഗരത്തിലെ ഗതാഗത കുരുക്കില്‍ നിന്ന് രക്ഷ നേടാന്‍ അയ്യങ്കാവ് മൈതാനി വഴി പോകുമ്പോള്‍ അപ്രതീക്ഷിതമായി പാഞ്ഞെത്തുന്ന സ്വകാര്യബസ്സുകള്‍ അപകടഭീതി വര്‍ദ്ധിപ്പിക്കുകയാണ്.
|
|

|
| മണ്ണാത്തിക്കുളം റസിഡന്‍സ് അസ്സോസിയേഷന്‍ ഓണാഘോഷം |
|
ഇരിങ്ങാലക്കുട : മണ്ണാത്തിക്കുളം റസിഡന്‍സ് അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എം.പി ജാക്സണ്‍ നിര്‍വ്വഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും ഓണ സദ്യയും നടത്തി. ഇരിങ്ങാലക്കുട എസ്.ഐ പ്രേമാനന്ദകൃഷ്ണന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിന് മുന്നോടിയായി കുമ്മാട്ടിക്കളിയും, ശിങ്കാരിമേളവും, ഘോഷയാത്രയും നടന്നു.
|
|

|
| കരുവന്നൂരില്‍ ആറംഗ സംഘം യുവാവിനെ വെട്ടി |
|
കരുവന്നൂര്‍ : കരുവന്നൂരില്‍ ബൈക്കിലെത്തിയ ആറംഗ സംഘം യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. കരുവന്നൂര്‍ സ്വദേശി ചാമപറമ്പില്‍ ഖാദര്‍ മകന്‍ സലീഷ്(30 ) നാണ് വെട്ടേറ്റത്. കരുവന്നൂര്‍ പാലത്തിന് സമീപം കൂട്ടുകാരുമൊത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്ന സലീഷിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. പൂര്‍വ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് ഭാഷ്യം. രണ്ട് മാസം മുന്‍പ് ചേര്‍പ്പിലുണ്ടായ ഒരു വെട്ട് കേസ്സിലെ രണ്ടാം പ്രതിയാണ് സലീഷ്. കൂടാതെ രണ്ട് ദിവസം മുന്‍പ് നടന്ന ഓണാഘോഷത്തിനിടെ ഇയാള്‍ ചിലരുമായി വാക്കേറ്റമുണ്ടായതായും പറയപ്പെടുന്നു. നെഞ്ചില്‍ ഗുരുതരമായി പരിക്കേറ്റ സലീഷ് ഇപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
|
|

|
| പനിബാധിതര്‍ കൂടുന്നു |
|
ഇരിങ്ങാലക്കുട : ചെറിയ ഇടവേളയ്ക്കുശേഷം വൈറല്‍ പനി വീണ്ടും പടരുന്നു.മഴയ്ക്കുശേഷം ഈഡിസ് കൊതുകിന്റെ സാന്ദ്രത വര്‍ധിച്ചതാണ് പനിക്കു കാരണമെന്ന് അധികൃതര്‍ പറയുന്നു.കൊതുകു നിയന്ത്രണമാണ് പനി നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാര്‍ഗം. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയോ സമയത്ത് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
|
|

|
| കാര്‍ട്ടൂണ്‍ പ്രദര്‍ശനം, പുരസ്കാരം: എന്‍ട്രികള്‍ ക്ഷണിച്ചു |
|
ലളിതകലാ അക്കാദമിയുടെ കാര്‍ട്ടുണ്‍ പ്രദര്‍ശനത്തിനും പുരസ്കാരത്തിനുമായി എന്‍ട്രികള്‍ ക്ഷണിക്കുന്നു. 20,000 രൂപയുടെ ഒരു അവാര്‍ഡ് 10,000 രൂപയുടെ രണ്ട് ഓണറബിള്‍ മെന്‍ഷന്‍ എന്നിവയാണ് നല്കുന്നത്. പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2009 ജനുവരി ഒന്നിനുശേഷം രചിച്ച മൂന്നുകാര്‍ട്ടൂണുകളുടെ പത്ത് ഇഞ്ച് നീളവും ആനുപാതിക വീതിയുമുള്ള ഫോട്ടോഗ്രാഫുകള്‍, കാര്‍ട്ടൂണിന്റെ ശീര്‍ഷകം, കലാകാരന്റെ ലഘുജീവചരിത്രക്കുറിപ്പ്, പൂര്‍ണമേല്‍വിലാസം എന്നിവ രേഖപ്പെടുത്തി നവംബര്‍ ഒന്നിനകം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20 എന്ന മേല്‍വിലാസത്തില്‍ അയക്കണം. കവറിനു പുറത്ത് സംസ്ഥാന കാര്‍ട്ടൂണ്‍ പ്രദര്‍ശനം-2011 എന്ന് രേഖപ്പെടുത്തണം. ഫോട്ടോഗ്രാഫുകള്‍ നിര്‍ബന്ധമായും തിരികെ സ്വീകരിക്കണം. അതിനായി സ്വന്തം മേല്‍വിലാസമെഴുതി മതിയായ സ്റാമ്പ് പതിച്ച കവര്‍ കൂടി അയക്കണം. പ്രദര്‍ശനത്തിനുള്ള പ്രാഥമിക തെരഞ്ഞെടുപ്പിനു ശേഷം അര്‍ഹരായ കലാകാരന്‍മാരെ വിവരം നേരിട്ട് അറിയിക്കും. പ്രദര്‍ശനത്തിനു തെരഞ്ഞെടുക്കപ്പെടുന്ന കാര്‍ട്ടൂണ്‍ എന്‍ട്രികള്‍ എന്‍ട്രി ഫോറം ലഭിച്ചതിനുശേഷം പ്രദര്‍ശനത്തിന് അനുയോജ്യമായ വിധത്തില്‍ എ-3 സൈസില്‍ ഫ്രെയിം ചെയ്ത് 13 ദിവസത്തിനകം പൂരിപ്പിച്ച എന്‍ട്രിഫോം സഹിതം എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ എത്തിക്കണം. എന്‍ട്രിഫീസായ അമ്പതുരൂപയും അടയ്ക്കണം.
|
|

|
| നിയമവിരുദ്ധ ലോട്ടറികള്‍ നിരോധിക്കണം: എഐവൈഎഫ് |
|
അന്യസംസ്ഥാനങ്ങളുടെ പേരില്‍ കേരളത്തില്‍ നടത്തുന്ന നിയമവിരുദ്ധ ലോട്ടറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. മദ്യത്തേക്കാള്‍ ഭയാനകമായ സാമൂഹ്യവിപത്തായി അന്യ സംസ്ഥാന ലോട്ടറികള്‍ മാറിയിരിക്കുന്നതിനാല്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും എഐവൈഎഫ് പ്രസിഡന്റ് ജി.കൃഷ്ണപ്രസാദും സെക്രട്ടറി കെ.രാജനും ആവശ്യപ്പെട്ടു.
|
|

|
| പഞ്ചായത്തുകളിലെ വനിതാ സംവരണം പൂര്‍ത്തിയായി |
|
ഇരിങ്ങാലക്കുട : സംസ്ഥാനത്ത് ആകെയുള്ള 978 ഗ്രാമപഞ്ചായത്തുകളില്‍ 489 പഞ്ചായത്തുകളില്‍ വനിതകള്‍ പ്രസിഡണ്ടാകും. കാട്ടൂര്‍, പടിയൂര്‍, പൂമംഗലം, കാറളം എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതില്‍ കാറളം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതക്കാണ് സംവരണം ചെയ്തിരിക്കുന്നത്. മുരിയാടും വെലൂക്കരയിലും ജനറല്‍ സീറ്റുകളാണ്. തദ്ദേശഭരണസ്ഥാപനങ്ങളിലെ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള വനിതാപ്രാതിനിധ്യനിര്‍ണയം ഇതോടെ പൂര്‍ത്തിയായി.
|
|

|
| 'ജലോത്സവം 2010' നാടന്‍ വള്ളംകളി : നന്തി ജലരാജ് ജേതാക്കള്‍ |
|
കരുവന്നൂര്‍ : ഓണാഘോഷത്തിന്റെ ഭാഗമായി കാറളം ആലുംപറമ്പ് ഡ്രൈവേഴ്‌സ് സഹായനിധിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 'ജലോത്സവം 2010' നാടന്‍ വള്ളംകളിയില്‍ നന്തി ജലരാജ ബോട്ട് ക്ലബ്ബ് ജേതാക്കളായി. എട്ട് ബോട്ട് ക്ലബ്ബുകള്‍ പങ്കെടുത്ത അത്യന്തം വാശിയേറിയ മത്സരത്തില്‍ പേരിനെ അന്വര്‍ത്ഥമാക്കുന്ന പ്രകടനമാണ് ശൈലജന്‍ പൊഞ്ചരിയുടെ നേതൃത്വത്തിലുള്ള ജലരാജാക്കന്മാരായ നന്തി ജലരാജ് ക്ലബ്ബ് കാഴ്ച വച്ചത്. ജിബിന്റെ നേതൃത്വത്തിലുള്ള പഴുവില്‍ രാവണന്‍ ബോട്ട് ക്ലബ്ബിനാണ് രണ്ടാം സ്ഥാനം. പി.ബി ജയന്റെ നേതൃത്വത്തിലുള്ള കരാഞ്ചിറ പൊഞ്ഞനത്തമ്മക്ക് മൂന്നാം സ്ഥാനം ലഭിച്ചു. മത്സരത്തിനിടെ ഒരു വള്ളം മറിഞ്ഞെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. വള്ളം കളി നേരിട്ട് കാണാന്‍ ആയിരക്കണക്കിന് പേരാണ് എത്തിയിരുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍ ജനാവലിയുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. കാറളം ഇല്ലിക്കല്‍ ഡാം പരിസരത്ത് നടന്ന വള്ളംകളിയുടെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ. തോമസ് ഉണ്ണിയാടന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. ശ്രീകുമാര്‍, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി ഭരതന്‍, എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വള്ളംകളി മത്സരത്തില്‍ പങ്കെടുത്ത എട്ട് ടീമുകള്‍ക്കും ചേര്‍പ്പ് എം.എല്‍.എ വി.എസ് സുനില്‍കുമാര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
|
|

|
| വൈലോപ്പിള്ളി സ്‌മൃതി സദസ്സോടെ 'എഴുത്തു വിളക്ക്' സമാപിച്ചു |
|
ഇരിങ്ങാലക്കുട : കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തി വന്നിരുന്ന 'എഴുത്തു വിളക്ക്' എന്ന ദ്വിദിന ശില്‍പ്പശാലക്ക് വൈലോപ്പിള്ളി സ്‌മൃതി സദസ്സോടെ സമാപനമായി. റോഷ്‌നി സ്വപ്‌നയുടെ വൈലോപ്പിള്ളി കവിതയോടു കൂടി ആരംഭിച്ച സമാപന സമ്മേളനത്തില്‍ ചെന്നൈ ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ സി.കെ രവി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.പി ശങ്കരന്‍ 'വൈലോപ്പിള്ളിയും മലയാള കവിതയും ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍ ഹരി ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്‌തു. പി.കെ ഭരതന്‍ ശില്‍പ്പശാല അവലോകനം നടത്തി. ഖാദര്‍ പട്ടേപ്പാടം സ്വാഗതവും, വി.എന്‍ കൃഷ്‌ണന്‍ കുട്ടി നന്ദിയും പറഞ്ഞു.
|
|

|
| വൃക്കകള്‍ തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു |
|
ഇരിങ്ങാലക്കുട : വൃക്കരോഗം ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു. ചാലക്കുടി മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായ പുത്തഞ്ചിറ വെള്ളൂര്‍ സ്വദേശി തരൂപീടികയില്‍ കുഞ്ഞുമുഹമ്മദാണ് ഒരുവര്‍ഷമായി മാരകമായ വൃക്കരോഗത്തെ തുടര്‍ന്ന് രോഗശയ്യയില്‍ കഴിയുന്നത്. ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായതിനാല്‍ കുഞ്ഞുമുഹമ്മദ് ഇപ്പോള്‍ തൃശൂര്‍ ജൂബിലീ മിഷന്‍ ആശുപത്രിയില്‍ ഡയാലിസിസിനു വിധേയനായിരിക്കുകയാണ്. നിര്‍ദ്ധനകുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന കുഞ്ഞുമുഹമ്മദ് കിടപ്പിലായതോടെ ദൈനംദിന വീട്ടുചിലവിനു പോലും കുടുംബം പാടുപെടുകയാണ്. കുഞ്ഞുമുഹമ്മദിന് ചികിത്സാസഹായം നല്‍കുന്നതിനായി മഹല്ല് നിവാസികള്‍ ചികിത്സാ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. കുഞ്ഞുമുഹമ്മദിന് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്ന സുമനസ്സുകള്‍ 9846635660 ( നൌഷാദ് സഅദി : പുത്തഞ്ചിറ പടിഞ്ഞാറെ മഹല്ല് ഖത്തീബ്) , 2893909 (വൈസ് ചെയര്‍മാന്‍ :പുത്തഞ്ചിറ പടിഞ്ഞാറെ മഹല്ല് ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
|
|

|
| ഇരിങ്ങാലക്കുട നഗരസഭയ്ക്ക് സി.ആര്‍.നീലകണ്ഠന്റെ രൂക്ഷ വിമര്‍ശനം |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വകാര്യ ബസ് സ്റ്റാന്റിനുള്ളിലെ പുരുഷന്മാരുടെ കംഫര്‍ട്ട് സ്റ്റേഷന്‍ ലോട്ടറി വില്പനക്കായി നല്‍കിയ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്റെ രൂക്ഷ വിമര്‍ശനം. ലോട്ടറി വില്പനകെന്ദ്രതിനായി നിര്‍മ്മാണം നടത്തുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം നഗരസഭക്കെതിരെ തിരിഞ്ഞത്. പൊതുമുതല്‍ വിറ്റുതിന്നുന്ന ഭരണകൂടത്തിന്റെ നടപടിയാണിതെന്ന് തുറന്നടിച്ചു കൊണ്ടായിരുന്നു അദ്ദേഹം വിമര്‍ശനം ആരംഭിച്ചത്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന രീതിയാണ് ഇരിങ്ങാലക്കുട നഗരസഭയില്‍ നഗരസഭാ അധികൃതര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പൊതുമുതലുകളെല്ലാം ബി.ഒ.ടി അടിസ്ഥാനത്തില്‍ കച്ചവടവല്‍ക്കരിക്കപ്പെടുകയാണെന്നും ഇതിന്റെ തുടര്‍ച്ചയാണ് നഗരസഭാ ബസ് സ്റ്റാന്റിലെ ഈ നിര്‍മ്മാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|
|

|
| 'മുളപാടും രാവ്' മുളവാദ്യ സെമിനാറും അവതരണവും |
|
ഇരിങ്ങാലക്കുട : ആദിദ്രാവിഡ കള്‍ച്ചറല്‍ ഫോറത്തിന്റെയും സെര്‍ച്ചിന്റെയും ക്രിയേറ്ററിന്റെയും ആഭിമുഖ്യത്തില്‍ 'മുളപാടും രാവ്' എന്ന പേരില്‍ മുളവാദ്യ സെമിനാര്‍ ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ ആരംഭിച്ചു. നടനകൈരളി ഡയറക്ടര്‍ വേണുജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. 'മുളപാടും രാവ്: പ്രകൃതിയുടെ ഭാവിയും ഭാഗ്യവും' എന്ന വിഷയത്തെക്കുറിച്ച് തൃശൂര്‍ നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടര്‍ സി.ആര്‍.രാജഗോപാല്‍ ക്ലാസ്സെടുത്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി രാവുണ്ണി, സെന്തില്‍, ഉല്ലാസ് കുമാര്‍, വാസു ശങ്കര്‍, കര്‍ഷക മുന്നേറ്റം ചീഫ് ഓര്‍ഗനൈസര്‍ വര്‍ഗീസ് തൊടുപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഡോ.അനസൂയ കുല്‍ക്കര്‍ണിയുടെ ഇന്തോനേഷ്യന്‍ കര്‍ണ്ണാടക സംഗീതസമന്വയം, മുളപാടും രാവ് എന്നിവ അരങ്ങേറി .
|
|

|
| "എഴുത്ത് വിളക്ക്' ദ്വിദിന ശില്പശാല ആരംഭിച്ചു |
|
ഇരിങ്ങാലക്കുട : പ്രകൃതിയെയും മനുഷ്യരെയും മറ്റു ജീവികളെയും ഒന്നായി കാണുമ്പോഴാണ് എഴുത്തുകാര്‍ ഋഷി തുല്യരാകുന്നതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും പ്രശസ്ത നോവലിസ്റ്റുമായ പി.വത്സല പറഞ്ഞു. ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുവ എഴുത്തുകാര്‍ക്കായി സാഹിത്യ അക്കാദമി സംഘടിപ്പിച്ച "എഴുത്ത് വിളക്ക്' ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. എഴുത്തിന്റെ ശക്തി വായനയാണ്. വാത്മീകിയും കാളിദാസനും വ്യാസനും അവര്‍ക്ക് മുന്‍പ് എഴുതിയ അക്ഷരങ്ങള്‍ വായിച്ചിട്ടില്ലെങ്കിലും അവര്‍ ജീവിതത്തെ അതിന്റെ സമഗ്രതയില്‍ വായിച്ചവരാണെന്നും പി.വത്സല കൂട്ടിച്ചേര്‍ത്തു. അഡ്വ.തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി, ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍മാന്‍ എം.പി.ജാക്സന്‍, പി.കെ.ഭരതന്‍ , ഐ.ബാലഗോപാല്‍, കെ.ആര്‍.വിജയ, കെ.കെ.ചന്ദ്രന്‍ , എം.കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
|
|

|
| കെ.എസ്.ഇ പാര്‍ക്കില്‍ മഹാത്മാക്കളുടെ പൂര്‍ണ്ണകായ പ്രതിമകള്‍ സ്ഥാപിക്കുന്നു |
|
ഇരിങ്ങാലക്കുട : കെ.എസ്.ഇ ലിമിറ്റഡിന്റെ ചില്‍ഡ്രന്‍സ് പാര്‍ക്കായ കെ.എസ്.ഇ പാര്‍ക്കില്‍ മഹാത്മാഗാന്ധി , ജവഹര്‍ലാല്‍ നെഹ്‌റു, സ്വാമി വിവേകാനന്ദന്‍, മദര്‍ തെരേസ എന്നിവരുടെ പൂര്‍ണ്ണകായപ്രതിമകള്‍ സ്ഥാപിക്കുമെന്ന് കെ.എസ്.ഇ ലിമിറ്റഡ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എം.സി.പോള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 28 ന് വൈകിട്ട് 5 ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍.പോളി കണ്ണൂക്കാടന്‍ പ്രതിമകള്‍ അനാശ്ചാദനം ചെയ്യും. അഡ്വ.തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കെ.എസ്.ഇ.ലിമിറ്റഡ് ചെയര്‍മാന്‍ എം.സി.പോള്‍ വിശിഷ്ടാതിഥികള്‍ക്ക് ഉപഹാരം സമര്‍പ്പിക്കും. നഗരസഭാ ചെയര്‍മാന്‍ എം.പി.ജാക്സന്‍ അനാശ്ചാദനത്തിന് വിശിഷ്ടാതിഥിയെ ക്ഷണിക്കും. കെ.എസ്.ഇ ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജര്‍ ആനന്ദ് മേനോന്‍, എക്സി.ഡയറക്ടര്‍ പി.കെ.വര്‍ഗീസം ഡയറക്ടര്‍ കെ.പി.ജോണ്‍, ഡയറക്ടര്‍ ആന്‍ഡ് ലീഗല്‍ അഡ്വൈസര്‍ എ.പി.ജോര്‍ജ് , അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ കെ.വി.രാമനാഥന്‍, സി.മോഹന്‍ദാസ്, വര്‍ക്ക്സ് മാനേജര്‍ സി.മോഹന്‍ദാസ്, കര്‍ത്തവ്യ സ്നേഹ, എംപ്ലോയീസ് വെല്‍ഫെയര്‍ ട്രസ്റ്റ് സെക്രട്ടറി ഒ.എസ്.ജോണി, എന്നിവര്‍ സംസാരിക്കും. കെ.എസ്.ഇ ലിമിറ്റഡ് ചെയര്‍മാന്‍ എം.സി.പോളിന്റെ സ്വന്തം ചിലവിലാണ് പ്രതിമകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
|
|

|
| കടുപ്പശ്ശേരി കെ.സി.വൈ.എമ്മിന്റെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഓണാഘോഷം ആരംഭിച്ചു |
|
കടുപ്പശ്ശേരി : തിരുവോണ പുലരിയില്‍ കടുപ്പശ്ശേരി കെ.സി.വൈ.എം കൊടിമരം സ്ഥാപിച്ച് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഓണാഘോഷത്തിന് തുടക്കം കുറിച്ചു. കെ.സി.വൈ.എം സംസ്ഥാന സെനറ്റ് അംഗം ജിയോ ജി.അരിക്കാട്ട് ഉദ്ഘാടനം ചെയ്തു. മാള മേഖല പ്രസിഡന്റ് മിഥുന്‍ പിയൂസ് അധ്യക്ഷത വഹിച്ചു. മേഖല ട്രഷറര്‍ റിജോയ് വര്‍ഗീസ്, യൂണിറ്റ് പ്രസിഡന്റ് ജിറില്‍, സെക്രട്ടറി വിജോ ലോറന്‍സ്, ട്രഷറര്‍ ചാള്‍സ് തേറാട്ടില്‍, ഭക്ത സംഘടന ഏകോപന സമിതി അംഗം സിറില്‍ പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
|
|

|
| എസ്.എന്‍.ചന്ദ്രിക എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് സ്ഥാപക ദിനാചരണവും സി.ആര്‍.കേശവന്‍ വൈദ്യര്‍ അനുസ്മരണവും |
|
ഇരിങ്ങാലക്കുട : എസ്.എന്‍.ചന്ദ്രിക എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് സ്ഥാപക ദിനാചരണവും സി.ആര്‍.കേശവന്‍ വൈദ്യര്‍ അനുസ്മരണവും അഡ്വ.തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചാലക്കുട ഗായത്രി ആശ്രമ മടാധിപതി സച്ചിതാനന്ദ സ്വാമികള്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മനോരമ ചീഫ് എഡിറ്റര്‍ കെ.എം.മാത്യുവിന്റെയും ഡോ.പിഭാസ്കരന്റെയും നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ചടങ്ങില്‍ ശ്രീ നാരായണ ജയന്തി സാഹിത്യരചനാ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചന്ദ്രിക എജ്യൂക്കേഷണല്‍ ട്രസ്റ്റ് മാനേജര്‍ ഡോ.സി.കെ.രവി സ്വാഗതവും പി.കെ.ഭരതന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഇന്നത്തെ കലുഷിതമായ ജീവിത സാഹചര്യത്തില്‍ സി.ആര്‍.കേശവന്‍ വൈദ്യരുടെ ജീവിത മാതൃക നമുക്കേവര്‍ക്കും സ്വീകരിക്കാവുന്ന ഒന്നാണെന്ന് സച്ചിതാനന്ദ സ്വാമികള്‍ പ്രഭാഷണത്തില്‍ പറഞ്ഞു.
|
|

|
|
last updated
11:10am,
september 7th ; 2010 |