www.irinjalakudalive.com    scroll down for todays detail news

ബി.എസ്‌.എന്‍.എല്‍ ദേശീയ ബാഡ്‌മിന്റണ്‍ ടൂര്‍ണ്ണമെന്റ്‌ സമാപിച്ചു


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ നടന്നു വന്നിരുന്ന ദേശീയ ബി.എസ്‌.എന്‍.എല്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു. ബി.എസ്‌.എന്‍.എലിന്റെ 22 സര്‍ക്കിളുകളില്‍ നിന്നായി 200-ഓളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ ടീം ചാമ്പ്യന്‍ഷിപ്‌ പുരുഷ ഭാഗത്തില്‍ വെസ്റ്റ്‌ ബംഗാളും വനിതാ വിഭാഗത്തില്‍ ആസ്സാമും നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആന്ധ്രാ പ്രദേശില്‍ നിന്നുള്ള കെ.തനിഷ്കയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആസ്സാമില്‍ നിന്നുള്ള മനാലി സിന്‍ഹ യും വ്യക്തിഗത ചാമ്പ്യന്‍മാരായി. ബി.എസ്‌.എന്‍.എല്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ്‌ ഡയറക്ടര്‍ ഗോപാല്‍ ദാസ്‌ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമാപന യോഗത്തില്‍ പ്രേംചന്ദ്ര അദ്ധ്യക്ഷത വഹിച്ചു. ഡോ.തോമസ്‌ ഫിലിപ്പ്‌, ജോര്‍ജ്‌ ടി.മത്തായി, എന്‍.കെ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

ശ്രീദേവി ടീച്ചര്‍ക്ക് സ്നേഹോപഹാരം


എടതിരിഞ്ഞി : ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ എടത്തിരിഞ്ഞി എച്.ഡി.പി സമാജം ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപിക പി.ശ്രീദേവി ടീച്ചര്‍ക്ക് എ.ഐ.എസ്.എഫ്., എ.ഐ.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റികള്‍ സംയുക്തമായി സ്നേഹോപഹാരം നല്‍കി.വി.വി.രാമന്‍ സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് സ്നേഹോപഹാരം സമ്മാനിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ശ്രീകുമാര്‍, പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബിജു, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് പി.മണി, ജില്ലാ സെക്രട്ടറി കെ.കെ.ജോബി തുടങ്ങിയവര്‍ സംസാരിച്ചു

കുടിവെള്ളമില്ല ; ജനങ്ങള്‍ പഞ്ചായത്തോഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി


കാട്ടൂര്‍ : കാട്ടൂര്‍ പഞ്ചായത്തിലെ 13,14 വാര്‍ഡുകളില്‍ പെടുന്ന വലക്കഴ റോഡ്‌, ചെമ്പന്‍ചാല്‍ എന്നീ പ്രദേശങ്ങളില്‍ കുടിവെളളം കിട്ടുന്നില്ലെന്നാരോപിച്ച്‌ ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ പഞ്ചായത്ത്‌ ഓഫീസ്‌ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. തിലകന്‍ കണ്ടംകുളത്തി, റഷീദ്‌ വി.എസ്‌, സലീം മഠത്തില്‍ എന്നിവര്‍ ധര്‍ണ്ണയ്‌ക്ക്‌ നേതൃത്വം നല്‍കി. നാളുകളായി ഈ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നു ഇവര്‍ കുറ്റപ്പെടുത്തി.

അഖില കേരള ചിത്ര രചന മത്സരവും തീവ്രവാദ വിരുദ്ധ സെമിനാറും


ഇരിങ്ങാലക്കുട : കോണത്തുകുന്ന് ക്ലിന്റ് ബാലവേദിയുടെ ആഭിമുഖ്യത്തില്‍ അഖില കേരള ചിത്ര രചന മത്സരവും തീവ്രവാദ വിരുദ്ധ സെമിനാറും 14 ന് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് കൊച്ചിന്‍ ഹനീഫ, ഗിരീഷ്‌ പുത്തഞ്ചേരി അനുസ്മരണവും മികച്ച സാമൂഹ്യ പ്രവര്‍ത്തക അവാര്‍ഡ് ജേതാവ് ജോണ്‍സന്‍ കൊലംകണ്ണിക്ക് സ്വീകരണവും കലാപരിപാടികളും നടത്തും. രാവിലെ 10 ന് കരൂപ്പടന്ന ജെ ആന്റ് ജെ സ്കൂളില്‍ നടക്കുന്ന പരിപാടികള്‍ വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബീന മജീദ്‌ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സി.ചന്ദ്രശേഖരമേനോന്‍ അധ്യക്ഷത വഹിക്കും. അനില്‍ മാന്തുരുത്തി, ഇടപ്പള്ളി അബ്ദുല്‍ ഖാദര്‍ , അബ്ദുല്‍ നാസര്‍, ബെന്നി പട്ടേരി തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നാ സെമിനാര്‍ കേശവന്‍ വെള്ളിക്കുളങ്ങര ഉദ്ഘാടനം ചെയ്യും. കെ.കെ.അപ്പുക്കുട്ടന്‍, ജോണ്‍ സാന്‍ മാപ്രാണം, തങ്കരാജ് അനാപ്പുഴ , പി.കെ.എം അഷറഫ് തുടങ്ങിയവര്‍ പങ്കെടുക്കും. മാടത്തിങ്കല്‍ മനോഹരന്‍,. കെ.പി.ജലജ, എം.എം.മഹേഷ്‌ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കഥകളി ശില്പശാല അരങ്ങ് 2010 ന് തുടക്കമായി


ഇരിങ്ങാലക്കുട : ശാസ്ത്രീയ കലകളുടെ അവതരണവും സംരക്ഷണവും ലക്ഷ്യമാക്കി കേരളത്തിലും ദുബായിലും പ്രവര്‍ത്തിക്കുന്ന തിരനോട്ടത്തിന്റെ കഥകളി ശില്പശാല ആരംഭിച്ചു. ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലനിലയത്തിന്റെയും ഡോ.കെ.ഇ.എന്‍ പിഷാരടി കഥകളി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശില്പശാല അരങ്ങ് 2010 പ്രശസ്ത കഥകളി നടനായ കോട്ടക്കല്‍ ശിവരാമന്റെ സ്മരണയായാണ്‌ സംഘടിപ്പിച്ചിരിക്കുന്നത്. കലാനിലയത്തില്‍ നടന്ന ചടങ്ങില്‍ വി.കലാധരന്‍, ശിവരാമന്‍ അനുസ്മരണ പ്രഭാഷണം നടത്തി. നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, വാഴേങ്കട വിജയന്‍, സദനം കൃഷ്ണന്‍ കുട്ടി തുടങ്ങിയ പ്രഗത്ഭര്‍ ആചാര്യന്മാരായ ശില്പശാലയില്‍ ഡയറക്ടര്‍ കെ.ബി രാജാനന്ദ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. പൂതനാമോക്ഷത്തിന്റെ ആമുഖപ്രഭാഷണവും ലളിതയുടെ അവതരണവും ഹരിപ്രിയ നമ്പൂതിരി നിര്‍വഹിച്ചു.

'പ്രതിഭകള്‍ വാഴും സംഗമപുരി' പ്രകാശനം ചെയ്തു


ഇരിങ്ങാലക്കുട :ആമുഖം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയുടെ സ്പന്ദനങ്ങളെ ഒപ്പിയെടുത്ത ഛായാഗ്രാഹകന്‍ ബാബുരാജ്‌ പൊറത്തിശ്ശേരി രചിച്ച 'പ്രതിഭകള്‍ വാഴും സംഗമപുരി' എന്ന പുസ്തകത്തിന്റെ പ്രകാശനം ചലച്ചിത്ര താരം ഇന്നസെന്റ് നിര്‍വഹിച്ചു. സീരിയല്‍ താരം മനേക്ഷാ ആദ്യ പ്രതി ഏറ്റുവാങ്ങി. നഗരസഭാ ചെയര്‍മാന്‍ എം.പി.ജാക്സന്‍ അധ്യക്ഷത വഹിച്ചു. തൃപ്പെക്കുളം അച്യുതമാരാര്‍ , ജി.വേണുഗോപാല്‍, ഉണ്ണികൃഷ്ണന്‍ കിഴുത്താനി, ഹരി ഇരിങ്ങാലക്കുട , പ്രസ് ക്ലബ് സെക്രട്ടറി കെ.കെ.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുടയിലെ പ്രതിഭാധനരായ 51 വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകമാണിത്.

സംസ്ഥാനത്തെ വിലക്കയറ്റം പിടിച്ചു നിര്‍ത്തും : സി.ദിവാകരന്‍


അരിപ്പാലം : സംസ്ഥാനത്തെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി സി.ദിവാകരന്‍. പൂമംഗലം പഞ്ചായത്ത് സപ്ലൈക്കോ മാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും ഓണകിറ്റുകള്‍ ലഭ്യമാകുന്നതിനായി പിടിച്ചു വച്ചിട്ടുള്ള റേഷന്‍ കാര്‍ഡുകള്‍ തിരിച്ചു നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എല്‍.എ അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കെ.സി.പ്രേമരാജന്‍ ആദ്യ വില്പന നിര്‍വഹിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് അംബികാ ചാത്തു, ജില്ലാ പഞ്ചായത്തംഗം കെ.ശ്രീകുമാര്‍തുടങ്ങിയവര്‍ സംബന്ധിച്ചു.

സി.ആര്‍ നീലകണ്ഠന്‍ "വിവാദ തോട്' സന്ദര്‍ശിച്ചു


ഇരിങ്ങാലക്കുട : എസ്.എന്‍ നഗറില്‍ നികത്തുന്ന വിവാദ തോട് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ സന്ദര്‍ശിച്ചു. ഉച്ചക്ക് 2 മണിയോടെയാണ് അദ്ദേഹം എസ്.എന്‍ നഗറിലെ നികത്തുന്ന തോട് സന്ദര്‍ശിക്കാന്‍ എത്തിയത്. പ്രഥമ ദൃഷ്ട്യാല്‍ തന്നെ തോട് നികത്തിയിട്ടുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. നഗ്നമായ നിയമലംഘനം ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തോടിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുകയോ വീതി കുറയ്ക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ പല മേഖലകളെയും വെള്ളക്കെട്ടിലാക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമാണ് സ്ലാബിടുന്നതിന്റെ മറവില്‍ തോട് നികത്തുന്ന വിഷയം പുറത്തു കൊണ്ട് വന്നത്‌. ഇത്തരം കയ്യേറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാധ്യമങ്ങളുടെ സഹായം തുടര്‍ന്നും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജനാധിപത്യ ബോധമുണ്ടാകേണ്ട മാധ്യമങ്ങള്‍ ഇത്തരം കയ്യേറ്റങ്ങള്‍ കണ്ടില്ലെന്നു നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു പാട് പണമൊഴുകുന്ന ഇത്തരം ഇടപാടുകളെ എതിര്‍ക്കാന്‍ ഇടതു വലതു കക്ഷികള്‍ ഒരു പോലെ മടി കാണിക്കുകയാണെന്നും പരിസ്ഥിതി പ്രശ്നങ്ങളില്‍ ഇവര്‍ ഇടപെടുന്നത് പങ്കുവയ്പു രാഷ്ട്രീയം മുന്‍ നിര്‍ത്തിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരള മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസന്ററ്റീവ്സ് അസോസിയേഷന്‍ പ്രചാരണ ജാഥ


ഇരിങ്ങാലക്കുട : 17 , 18 തിയതികളില്‍ മെഡിക്കല്‍ സെയില്‍സ് റെപ്രസന്ററ്റീവുമാര്‍ അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം കേരള മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസന്ററ്റീവ്സ് അസോസിയേഷന്‍ നടത്തുന്ന പ്രചാരണ ജാഥ ഇരിങ്ങാലക്കുടയിലെത്തി. ഔഷധ നിയമങ്ങളും തൊഴില്‍ നിയമങ്ങളും ലംഘിക്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ഫെടരേശന്‍ ഓഫ് മെഡിക്കല്‍ ആന്റ് സെയില്‍സ് റെപ്രസന്ററ്റീവ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പണിമുടക്ക്‌ നടത്തുന്നത്.

ബി.എസ്‌.എന്‍.എല്‍ ദേശീയ ബാഡ്‌മിന്റണ്‍ ടൂര്‍ണ്ണമെന്റ്‌ 12ന്‌ സമാപിക്കും


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ നടക്കുന്ന ദേശീയ ബി.എസ്‌.എന്‍.എല്‍ ബാഡ്‌മിന്റണ്‍ ടൂര്‍ണ്ണമെന്റ്‌ ആഗസ്റ്റ്‌ 12ന്‌ സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബി.എസ്‌.എന്‍.എലിന്റെ 22 സര്‍ക്കിളുകളില്‍ നിന്നായി 200-ഓളം പേര്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്‌. ആഗസ്റ്റ്‌ 7മുതല്‍ സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌ ഇന്റോര്‍ സ്‌റ്റേഡിയത്തിലാണ്‌ ടൂര്‍ണ്ണമെന്റ്‌ നടക്കുന്നത്. 12ന്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ ബി.എസ്‌.എന്‍.എല്‍ ചെയര്‍മാന്‍ ഗോപാല്‍ദാസ്‌ മുഖ്യാതിഥിയാകും.

കത്തീഡ്രല്‍ സി.വൈ.എം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ;ഫാ.ഡേവിസ് ചിറമ്മലിന് സേവന്‍മിത്ര് ; വിദ്യാശ്രേഷ്ഠ എ.ആര്‍.പത്മകുമാറിന്


ഇരിങ്ങാലക്കുട : കത്തീഡ്രല്‍ സി.വൈ.എം രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി സേവന്മിത്ര അവാര്‍ഡ് ഫീ.ഡേവിസ് ചിറമ്മലിനും വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തി നല്‍കുന്ന വിദ്യാശ്രേഷ്ഠ അവാര്‍ഡ് എ.ആര്‍.പത്മകുമാറിനും സമ്മാനിക്കുമെന്ന് സി.വൈ.എം ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ ഈഴെക്കാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൃക്കരോഗികള്‍ക്ക് സഹായം നല്‍കുന്നതിനു വേണ്ടി രൂപീകരിച്ച കിഡ്നി ഫെഡറെഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക ചെയര്‍മാനും അപകടത്തില്‍ പെടുന്നവരെ സഹായിക്കാന്‍ രൂപീകരിച്ച ആക്ട്സ് എന്ന സംഘടനയുടെ സ്ഥാപകനുമാണ് ഫാ.ഡേവിസ് ചിറമ്മല്‍.എക്കൌണ്ട് സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടറാണ് എ.ആര്‍ പത്മകുമാര്‍. ആഗസ്റ്റ് 15 ന് വൈകിട്ട് 5 .30 ന് കത്തീദ്രല്‍ പാരിഷ് ഹാളില്‍ നടക്കുന്ന സമ്മേളനം രൂപതബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍.ജെയിംസ് പഴയാറ്റില്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. എം.എല്‍.എ അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ മുഖ്യ പ്രഭാഷണം നടത്തും. ഫാ.സെബാസ്റ്റ്യന്‍ ഈഴെക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. രജതജൂബിലിയുടെ സ്മാരകമായി നിര്‍ധന വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് 1000 പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം.പി.ജാക്സന്‍ നിര്‍വഹിക്കും. സി.വൈ.എമ്മിന്റെ വളര്‍ച്ചക്ക് സഹായിച്ച ഫാ.ജെയ്സന്‍ കുടിയിരിക്കല്‍, സി.ക്രിസ്റ്റി, സി.ശാലിനി, ടെല്‍സന്‍ കോട്ടോളി എന്നിവരെ ആദരിക്കും. ലിജോ വലിയപറമ്പില്‍, തോംസണ്‍ ചിരിയങ്കണ്ടത്ത്, അനീഷ്‌ അയ്യമ്പിള്ളി , അഡ്വ. ജോണ്‍ നിധിന്‍ തോമസ്‌, റെന്നി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു.

നഗരസഭാ ചെയര്‍മാന് വിഭ്രാന്തിയെന്ന് എല്‍.ഡി.എഫ്


ഇരിങ്ങാലക്കുട : നഗരസഭാ ചെയര്‍മാന് വിഭ്രാന്തിയുടെ ലക്ഷണമാണെന്ന് എല്‍.ഡി.എഫ് ടൌണ്‍ കമ്മിറ്റിയുടെ ആരോപണം. കഴിഞ്ഞ ദിവസം നഗരസഭാ ചെയര്‍മാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എല്‍.ഡി.എഫിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇരിങ്ങാലക്കുടയില്‍ എല്‍.ഡി.എഫിന്റെ വളര്‍ച്ച പടവലങ്ങ പോലെയാണെന്നും , നഗരസഭാ തെരഞ്ഞെടുപ്പില്‍ ഒരു വ്യാപാര പ്രമുഖന്റെ ഭാര്യയെ ചെയര്‍പേഴ്സന്‍ ആക്കാമെന്ന് പറഞ്ഞ് എല്‍.ഡി.എഫ് കോഴ വാങ്ങിയിട്ടുണ്ടെന്നും അന്ന് എം.പി.ജാക്സന്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയെന്നോണമാണ് എല്‍.ഡി.എഫ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. ചെയര്‍മാന്റെ ഈ വെളിപാട് തികഞ്ഞ വിഭ്രാന്തിയുടെ ലക്ഷണമാണെന്നാണ് എല്‍.ഡി.എഫ് ലഘുലെഖയിലൂടെ ആരോപിക്കുന്നത്. വിവാദമായ രണ്ടു കയ്യേറ്റങ്ങളും ചെയര്‍മാന്റെ സ്വകാര്യ ലാഭത്തിനു വേണ്ടിയുള്ളതാണെന്ന് തുടങ്ങി ചെയര്‍മാന്റെ സകല ആരോപണങ്ങള്‍ക്കുമുള്ള പ്രത്യാരോപണങ്ങളും ഇതിലുണ്ട്. പടവലങ്ങ പോലെ വളരുന്നത്‌ സി.പി.എമ്മാണോ യു.ഡി.എഫാണോ എന്ന് വരുന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമാകുമെന്ന് വെല്ലു വിളിക്കാനും എല്‍.ഡി.എഫ് തയ്യാറായി. മന്ത്രിമാര്‍ പങ്കെടുത്ത പരിപാടിയില്‍ ആളുകള്‍ കുറഞ്ഞെന്ന ചെയര്‍മാന്റെ പ്രസ്താവനയെ തികച്ചും ബാലിശമെന്നാണ് എല്‍.ഡി.എഫ് വിശേഷിപ്പിച്ചിരിക്കുന്നത്. സ്വന്തം പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിന്റെയും പടലപിണക്കങ്ങളുടെയും ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമാണ് ചെയര്‍മാന്റെ ഇത്തരം പ്രസ്താവനകള്‍. വരുന്ന തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയില്‍ വന്‍ ഭൂരിപക്ഷത്തിന് എല്‍.ഡി.എഫ് വിജയിക്കുമെന്ന ആത്മവിശ്വാസവും ടൌണ്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ.എ.എം.പ്രകാശന്റെ ഒപ്പോടു കൂടിയ ലഘുലേഖയില്‍ എല്‍.ഡി.എഫ് പ്രകടിപ്പിക്കുന്നുണ്ട്.

മാപ്രാണം സ്വദേശിയായ മധ്യവയസ്ക്കന്‍ ബാറിനു സമീപം കുഴഞ്ഞുവീണ് മരിച്ചു


മാപ്രാണം: പെരുമ്പിള്ളിശേരി ബാറിനു സമീപം മധ്യവയസ്ക്കന്‍ കുഴഞ്ഞുവീണ് മരിച്ചു. മാപ്രാണം സ്വദേശിയായ കൊളിയങ്ങാട്ട് പറമ്പില്‍ കുട്ടന്‍ എന്ന ഉണ്ണിമോന്‍(55) ആണ് മരിച്ചത്. പൂച്ചുന്നിപ്പാടം ലക്ഷ്മി ഓട്ടുകമ്പനി തൊഴിലാളിയാണ്. മദ്യപിക്കാനായി ബാറിലേക്ക് പോയ സുഹൃത്തിനെ കാത്ത് ഗേറ്റിനു സമീപം നില്‍ക്കുകയായിരുന്നു ഉണ്ണിമോന്‍.

ആളൂരില്‍ നിര്‍മാണത്തിലിരുന്ന ഇരുനില വീട് തകര്‍ന്നു


ആളൂര്‍: നിര്‍മാണത്തിലിരിക്കുന്ന ഇരുനില വീടു തകര്‍ന്നുവീണു. ആളൂര്‍ ബിഎല്‍എം സെന്ററിനു സമീപമുള്ള പാലയ്ക്കല്‍ തോമന്റെ മകന്‍ വര്‍ഗീസിന്റെ വീടാണ് രാത്രി പൂര്‍ണമായും തകര്‍ന്നുവീണത്. ഒന്നരാഴ്ച മുമ്പാണ് ഈ വീടിന്റെ വാര്‍ക്ക കഴിഞ്ഞത്.

യാത്രയയപ്പ് നല്കി


കരുവന്നൂര്‍: സ്ഥലംമാറിപോകുന്ന കരുവന്നൂര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. പോളി പുതുശേരിക്ക് ഇടവകസമൂഹം യാത്രയയപ്പു നല്കി. ഫാ. ജോയ് മടത്തുംപടി അധ്യക്ഷത വഹിച്ചു.

ഏടത്തിരുത്തിയില്‍ വീടിന് തീപിടിച്ചു ; ഫയര്‍ഫോഴ്സിന്റെ കൃത്യതമൂലം വന്‍ ദുരന്തം ഒഴിവായി


കാട്ടൂര്‍ : കാട്ടൂര്‍ ഏടത്തിരുത്തിയില്‍ വീടിനു തീപിടിച്ചു. ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സിന്റെ തക്ക സമയത്തുള്ള ഇടപെടല്‍ നിമിത്തം വന്‍ ദുരന്തം ഒഴിവായി. ഏടത്തിരുത്തി പുതിയവീട്ടില്‍ മുഹമ്മദിന്റെ വീടാണ് അഗ്നിക്കിരയായത്. വൈകിട്ട് 3 മണിയോടെയാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് തീപിടിച്ചത്. ഉടന്‍ തന്നെ തീ വീട്ടുപകരണങ്ങളിലേക്കും വസ്ത്രങ്ങളിലേക്കും പടര്‍ന്നു. ഈ സമയം വീട്ടിലുണ്ടായിരുന്നവര്‍ ഓടി പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. 20 മിനിട്ടിനകം സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. പക്ഷെ കനത്ത പുക നിമിത്തം വീടിനകത്ത് കടക്കല്‍ ദുഷ്കരമായിരുന്നു. ഇതിനിടെ മൂന്നു ഗ്യാസ് കുറ്റികള്‍ വീടിനകത്തുണ്ടെന്നു വീട്ടുകാര്‍ പറഞ്ഞത് പരിഭ്രാന്തി പരത്തി. തുടര്‍ന്ന് കനത്ത പുകയെ അവഗണിച്ച് അതിസാഹസികമായി അകത്തു കടന്ന ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സ് ഗ്യാസ് സിലിണ്ടറുകള്‍ വീടിനു പുറത്തെതിച്ചതോടെയാണ് ജനങ്ങളുടെ പരിഭ്രാന്തി അകന്നത്. തുടര്‍ന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും പുറത്തെത്തിച്ചതോടെയാണ് തീ പൂര്‍ണ്ണമായും അണക്കാനായത്. രണ്ട് എ.സികള്‍, ഫ്രിഡ്ജ്, എല്‍.സി.ഡി ടി.വി എന്നിവ കത്തി നശിച്ചു. വീടിന്റെ സീലിംഗും ഭിത്തിയുമ വിണ്ടു കീറിയിട്ടുണ്ട്. വിവരമറിഞ്ഞ് കാട്ടൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സ്റ്റേഷന്‍ ഓഫീസര്‍ എസ്.എസ്‌.പ്രിന്‍സ്, ലീഡിംഗ് ഫയര്‍മാന്‍ ബിജു സുരേഷ് ജോര്‍ജ്, കെ.ടി.സജീഷ്, നജ്മുദീന്‍, ടി.ടി.പ്രദീപ്‌, കെ.എ.ഷിജോര്‍, കെ.ആര്‍.ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

മരണപ്പാച്ചില്‍ ; ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ വീണ്ടും അപകടം


ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍ നിമിത്തം ഇരിങ്ങാലക്കുട നഗരസഭാ ബസ് സ്റ്റാന്റില്‍ വീണ്ടും അപകടം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലെ ലിമിറ്റഡ് സ്റ്റോപ് ബസ്സുകളാണ് ഇത്തവണയും അപകടമുണ്ടാക്കിയത്. ജനങ്ങളുടെ ആയുസിന്റെ ബലം കൊണ്ട് ആളപായം ഉണ്ടായില്ല. അമിതവേഗം തന്നെ അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ ആണയിടുന്നു. ഉച്ചക്ക് ഒരു മണിയോടെ ഒരു കെ.എസ്.ആര്‍.ടി.സി ബസ്സിനെ മറികടക്കാന്‍ കൊടുങ്ങല്ലൂര്‍ക്കുള്ള തെക്കിനിയത്ത് എന്ന ബസ് അമിതവേഗത്തില്‍ ബസ് സ്റ്റാന്റിനുള്ളിലേക്ക് കടന്നു. ഈ സമയം തൃശൂര്‍ക്കുള്ള കുഴിപ്പില്‍ മോട്ടോഴ്സ് എന്ന ബസ്സും മറ്റൊരു കെ.എസ്.ആര്‍.ടി.സിയെ മറികടക്കാന്‍ തിടുക്കം കൂടി സ്റ്റാന്റിനുള്ളിലേക്ക് ഇരച്ചെത്തി. തുടര്‍ന്ന് ഇരു ബസ്സുകളും ഒരേ സമയം സ്റ്റാന്റിനു പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ മുന്നില്‍ പോയിരുന്ന തെക്കിനിയത്തു ബസ്സിനു പിന്നില്‍ കുഴിപ്പില്‍ മോട്ടോഴ്സ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കുഴിപ്പില്‍ മോട്ടോഴ്സിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. ഇതേ തുടര്‍ന്ന് ബസ് ജീവനക്കാര്‍ തമ്മില്‍ അല്‍പ നേരം വാക്കേറ്റമുണ്ടായി. 15 മിനുട്ടോളം ഗതാഗതം തടസ്സപ്പെട്ടു. ആഴ്ചകള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്ത് വച്ച് തന്നെയാണ് പെട്ടെന്ന് ബ്രേക്കിട്ട സ്വകാര്യ ബസ്സിനു പിന്നില്‍ കെ.എസ്.ആര്‍.ടി.സി. ഇടിച്ചതും

പഞ്ചായത്തിനെതിരെ ബി.ജെ.പിയുടെ പ്രതിഷേധ ധര്‍ണ്ണ


വേളൂക്കര ; പഞ്ചായത്തില്‍ അഴിമതിയും ദുര്‍ഭരണവും നടക്കുന്നുവെന്നാരോപിച്ച്‌ ഭരണ സമിതിക്കെതിരെ പഞ്ചായത്ത്‌ ഓഫീസിനു മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട്‌ ഇ. മുരളീധരന്‍ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്‌തു. കര്‍ഷകമോര്‍ച്ച ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ കെ.വി.കെ കുട്ടി, ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി കൃപേഷ്‌ ചെമ്മണ്ട, കെ.ആര്‍ രാജേഷ്‌, വി.എന്‍ ഉണ്ണികൃഷ്‌ണന്‍, പത്മാവതി സന്തോഷ്‌, എം.ഐ വാസുദേവന്‍, ഉണ്ണികൃഷ്‌ണന്‍ മണപറമ്പില്‍, ശിവനുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.

തീവ്രവാദത്തിനെതിരെ ദേശസ്‌നേഹ സദസ്സ്‌


ഇരിങ്ങാലക്കുട : ക്വിറ്റ്‌ ഇന്ത്യാ ദിനത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വര്‍ഗ്ഗീയതയ്‌ക്കും തീവ്രവാദത്തിനുമെതിരെ ഇരിങ്ങാലക്കുടയില്‍ 'ദേശസ്‌നേഹ സദസ്സ്‌'നടത്തി. ആല്‍ത്തറയ്‌ക്കല്‍ നടന്ന യോഗത്തില്‍ ബാലചന്ദ്രന്‍ വടക്കേടത്ത്‌ ദേശസ്‌നേഹ ജ്വാല കൊളുത്തി ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ഷാറ്റോ കുര്യന്‍ ദേശരക്ഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അജോ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.എസ്‌ അനില്‍കുമാര്‍, അഡ്വ. ആന്റണി തെക്കേക്കര, പി.കെ ഭാസി, ജോമോന്‍ വലിയവീട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു


കാട്ടൂര്‍: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യ ദിനവും യൂത്ത് കോണ്‍ഗ്രസ് ജന്മദിനവും ആചരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ഐ. അഷറഫ് പതാക ഉയര്‍ത്തി. അജോ ജോണ്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജോമോന്‍ വലിയവീട്ടില്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റോ ജി. ആലപ്പാട്ട്, ബിനു ബാലകൃഷ്ണന്‍, ഷാജു പള്ളിപ്പാടന്‍, സലീം എടക്കാട്ടുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നാഷണല്‍ എല്‍പി സ്കൂള്‍ പിടിഎ


ഇരിങ്ങാലക്കുട: നാഷണല്‍ എല്‍പി സ്കൂള്‍ പിടിഎ പൊതുയോഗത്തില്‍ പിടിഎ പ്രസിഡന്റ് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. മാനേജര്‍ രുഗ്മിണി രാമചന്ദ്രന്‍, വി.പി.ആര്‍. മേനോന്‍, എ.എം. അംബികാദേവി, പി.ഒ. ആനി, സപ്ന ഡേവീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ മൈക്ക് സെറ്റിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് എ.സി. സുരേഷ് നിര്‍വഹിച്ചു. ഭാരവാഹികളായി എ.സി. സുരേഷ്-പ്രസിഡന്റ്, ശാന്തി ആനന്ദ്-വൈസ് പ്രസിഡന്റ്, ലീല രാമദാസ്-മാതൃസംഘം പ്രസിഡന്റ് തുടങ്ങിയവരെ തെരഞ്ഞെടുത്തു.

വേളൂക്കര പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്തു


കൊറ്റനല്ലൂര്‍: വേളൂക്കര ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എഴുതിയ ഗ്രാമപഞ്ചായത്ത് അഭിവാദന ഗാനത്തിന്റെ സിഡി പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അമ്പാടി വേണു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ നാരായണന്‍ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സമ്പൂര്‍ണ പാര്‍പ്പിട പഞ്ചായത്ത് പ്രഖ്യാപനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രേമരാജനും വെളിച്ച വിപ്ളവം പ്രഖ്യാപനം ജില്ലാ പഞ്ചായത്തംഗം കെ. ശ്രീകുമാറും ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കിയ വിദ്യാലയങ്ങള്‍ക്ക് ട്രോഫി വിതരണം ജില്ലാ പഞ്ചായത്തംഗം കെ.സി. ത്യാഗരാജനും നിര്‍വഹിച്ചു.

എസ്എന്‍ഡിപി വാര്‍ഷിക യോഗം


അവിട്ടത്തൂര്‍: എസ്എന്‍ഡിപി ശാഖ വനിതാ സംഘത്തിന്റെയും മൈക്രോ ഫൈനാന്‍സ് യൂണിറ്റുകളുടെയും വാര്‍ഷിക പൊയുയോഗം ശാഖാമന്ദിരത്തില്‍ ചേര്‍ന്നു. ശാഖാ പ്രസിഡന്റ് എ.എ. ബാലന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രത്നവല്ലി മോഹനന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വനിതാസംഘം സെക്രട്ടറി ലത ലോഹിതാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ.എം. വിജയകൃഷ്ണന്‍, കെ.കെ. പ്രഭാകരന്‍, അനു മോഹന്‍, അജിത ബെന്നി, സാവിത്രി വിജയന്‍, പ്രഭ രവീന്ദ്രബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സാവിത്രി വിജയന്‍-പ്രസിഡന്റ്, രത്നവല്ലി മോഹന്‍-വൈസ് പ്രസിഡന്റ്, ഇന്ദിര രവീന്ദ്രന്‍-സെക്രട്ടറി തുടങ്ങിയവരെ തെരഞ്ഞെടുത്തു.

കാഷ്വാലിറ്റി, ഒപി ബില്‍ഡിംഗിന്റെ ശിലാസ്ഥാപനം നടത്തി


ഇരിങ്ങാലക്കുട: നഗരസഭ ഗവ.താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മിക്കുന്ന കാഷ്വാലിറ്റി ആന്‍ഡ് ഒപി ബില്‍ഡിംഗിന്റെ ശിലാസ്ഥാപനകര്‍മം റവന്യുമന്ത്രി കെ.പി. രാജേന്ദ്രന്‍ നിര്‍വഹിച്ചു. ആശുപത്രി കോമ്പൌണ്ടില്‍ നടന്ന യോഗത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്സണ്‍, വൈസ് ചെയര്‍മാന്‍ സതീഷ് പുളിയത്ത്, എന്‍. രാധാകൃഷ്ണന്‍ മാസ്റര്‍, ആന്റോ പെരുമ്പുള്ളി, ഉല്ലാസ് കളക്കാട്ട്, റോക്കി ആളൂക്കാരന്‍, തനൂഫ് കരീം, എ.ടി. വര്‍ഗീസ്, പോളി കുറ്റിക്കാടന്‍, ബേബി ജോസ് കാട്ട്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

മൈ കല്യാണ്‍ ഇരിങ്ങാലക്കുടയില്‍


ഇരിങ്ങാലക്കുട : കല്യാണ്‍ ജ്വല്ലേഴ്സിന്റെ കസ്റ്റമര്‍ സര്‍വീസ് സെന്ററായ " മൈ കല്യാണ്‍ " ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ കനറാ ബാങ്കിന് സമീപമുള്ള ഉഷസ് കോംപ്ലക്സിലാണ് മൈ കല്യാണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്.കല്യാണരാമന്‍ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേശ്‌ കല്യാണരാമന്‍, മറ്റു പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു

യൂത്ത്‌ ഫ്രണ്ട്‌(എം) സംസ്ഥാന ഭാരവാഹികള്‍ക്ക് അനുമോദനം


ഇരിങ്ങാലക്കുട : തൃശ്ശൂര്‍‍ ജില്ലയില്‍ നിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത്‌ ഫ്രണ്ട്‌(എം) സംസ്ഥാന ഭാരവാഹികളെ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.അനുമോദന സമ്മേളനം എം.എല്‍.എ അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. ടി.പി ഫ്രാന്‍സിസ്‌ അദ്ധ്യക്ഷത വഹിച്ചു. റോക്കി ആളൂക്കാരന്‍, ഷൈജു ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ നിന്നും പുതുതായി കണ്ണന്‍ കെ.വി, ജോഷി എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും, അഡ്വ.റോയ്‌ ജോര്‍ജ്ജിനെ ജില്ലാ സെക്രട്ടറിയായും, ജൂലിയസ്‌ ആന്റണി, വര്‍ഗീസ്‌ തരകന്‍ എന്നിവരെ സര്‍ഗ്ഗവേദി കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.

ഇവര്‍ മാതൃകാ അധ്യാപകര്‍


ജില്ലാ പി.ടി.എയുടെ മാതൃകാദ്ധ്യാപകര്‍ക്കുള്ള അവാര്‍ഡ്‌ സര്‍ക്കാര്‍ വിഭാഗത്തില്‍ നടവരമ്പ്‌ ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ അദ്ധ്യാപിക സി.ബി ഷക്കീലയ്‌ക്കും, ഏയ്‌ഡഡ്‌ വിഭാഗത്തില്‍ എടതിരിഞ്ഞി എച്ച്‌.ഡി.പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ അദ്ധ്യാപിക പി. ശ്രീദേവിയ്‌ക്കും ലഭിച്ചു.

കേരള വനിതാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം


ഇരിങ്ങാലക്കുട : കേരള വനിതാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം എം.എല്‍.എ അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. കേരള വനിതാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.യു.മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷീല സ്റ്റീഫന്‍ മുഖ്യപ്രഭാഷണം നടത്തി. അറയ്ക്കല്‍ ബാലകൃഷ്ണ പിള്ള, എ.എല്‍.സെബാസ്റ്റ്യന്‍, മേരി സെബാസ്റ്റ്യന്‍, ബേബി മാത്യൂ, റോസിലി, നാഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ മിനി മോഹന്‍ദാസ്‌ തുടങ്ങിയവര്‍ സംസാരിച്ചു,

പയറും കടലയും മാത്രം ! ; കിഴുത്താനിയില്‍ ഓണച്ചന്ത ബഹളമയം


ഇരിങ്ങാലക്കുട : കാറളം സര്‍വീസ് സഹകരണ ബാങ്ക് കിഴുത്താനി സെന്ററില്‍ നടത്തുന്ന നീതി ഓണച്ചന്ത ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സാധനസാമഗ്രികള്‍ തീര്‍ന്നത് വിതരണം അവതാളത്തിലാക്കി. ഇതില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ ഓണച്ചന്തയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. രാവിലെ 9 മണിയോടെ ആരംഭിച്ച ഓണച്ചന്ത 11 മണിയോടെ സാധന സാമഗ്രികള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ഭാഗികമായി നിര്‍ത്തിവക്കുകയായിരുന്നു. അല്പസമയത്തിനു ശേഷം അവശേഷിച്ച ചെറുപയറും കടലയും മാത്രം വിതരണം ചെയ്തു തുടങ്ങി. ഇതിനിടെ ജില്ലാ സിവില്‍ സപ്ലൈസ് കൊര്‍പ്പറെഷനിലേക്ക് നാട്ടുകാരില്‍ ചിലര്‍ വിളിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. എല്ലാ ഓണച്ചന്തകള്‍ക്കും നല്‍കിയിട്ടുള്ള അത്രയും തന്നെ സാധന സാമഗ്രികള്‍ ഇവിടേക്കും നല്കിയിട്ടുണ്ടെന്നായിരുന്നു ജില്ലാ സിവില്‍ സപ്ലൈസ് കോര്‍പ്പറെഷനില്‍ നിന്നും ലഭിച്ച മറുപടി. ഇതോടെ സബ്സിഡി നിരക്കില്‍ ലഭിച്ച സാധന സാമഗ്രികള്‍ മറിച്ചു വിറ്റുവെന്ന ആരോപണവുമായി ബഹളം വച്ച ഒരു വിഭാഗം നാട്ടുകാര്‍ ഓണച്ചന്തയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. രാവിലെ എഴുമണി മുതല്‍ ക്യൂ നിന്നിരുന്ന പലരും ഇക്കൂട്ടതിലുണ്ടായിരുന്നതായും പറയുന്നുണ്ട്. എന്നാല്‍ പായ്ക്ക് ചെയ്ത സാധന സാമഗ്രികള്‍ തീര്‍ന്നതിനെ തുടര്‍ന്നാണ്‌ വിതരണം അവതാളത്തിലായതെന്നും ഇവ മറിച്ചു വിറ്റുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു . പാവപ്പെട്ടവന്റെ ഓണസദ്യ സമൃദ്ധമാക്കിയിരുന്ന ഓണച്ചന്തയില്‍ പയറും കടലയും മാത്രമേ ലഭ്യമാകൂ എന്ന സ്ഥിതിവിശേഷം നാട്ടുകാരെ ദുരിതത്തിലാക്കിയിട്ടുണ്ട്.

ശ്രീനാരായണ ഗുരുജയന്തി ആഘോഷം 25ന്‌


ഇരിങ്ങാലക്കുട : ഈ വര്‍ഷത്തെ ശ്രീനാരായണഗുരു ജയന്തി ആഗസ്‌റ്റ്‌ 25 ബുധനാഴ്‌ച ശ്രീ വിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ ആഘോഷിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്‍.എന്‍.ബി.എസ്‌ സമാജം, എസ്‌.എന്‍.വൈ.എസ്‌, മുകുന്ദപുരം എസ്‌.എന്‍.ഡി.പി യൂണിയന്‍, ശാഖാ യോഗങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ആഘോഷം. ഇതോടനുബന്ധിച്ച് ആഗസ്‌റ്റ്‌ 15ന്‌ എസ്‌.എന്‍.വൈ.എസ്‌ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരവും സാഹിത്യ മത്സരവും നടക്കും. 24 ന് അഖിലകേരള പൂക്കള മത്സരം നടക്കും. 25 ന് രാവിലെ 10 ന് എസ്‌.എന്‍.ബി.എസ്‌ സമാജം പ്രസിഡണ്ട്‌ അശോകന്‍ മണക്കുന്നത്ത്‌ പതാക ഉയര്‍ത്തും. വൈകീട്ട്‌ 3 മണി മുതല്‍ വിവിധ ശാഖകളില്‍ നിന്നുമെത്തുന്ന ഘോഷയാത്രകള്‍ നഗരം ചുറ്റി ക്ഷേത്രാങ്കനത്തിലെത്തും. തുടര്‍ന്ന്‌ നടക്കുന്ന പൊതു സമ്മേളനം റിട്ട : ജസ്റ്റിസ്‌ കെ. സുകുമാരന്‍ ഉദാഘാടനം ചെയ്യും. ചലച്ചിത്ര താരം ഇന്നസെന്റ്‌ വിശിഷ്ടാതിഥിയായിരിക്കും. എം.എല്‍.എ അഡ്വ തോമസ്‌ ഉണ്ണിയാടന്‍ മുഖ്യതിഥിയാകും. എം.കെ അശോകന്‍ അദ്ധ്യക്ഷത വഹിക്കും. മുകുന്ദപുരം എസ.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് കെ.കെ ബിനു അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനാന്തരം കൊച്ചിന്‍ സ്റ്റാര്‍വോയ്‌സ്‌ ഓര്‍ക്കസ്‌ട്ര അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും. അശോകന്‍ മണക്കുന്നത്ത്‌, പി.കെ പ്രസന്നന്‍, രാമാനന്ദന്‍ ചെറാക്കുളം, ശശി വെളിയത്ത്‌, വേണു തോട്ടുങ്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

ലിമിറ്റഡ് സ്റോപ് ബസുകളുടെ ടൈമിംഗിലുള്ള അശാസ്ത്രീയത പരിഹരിക്കണമെന്ന്


ഇരിങ്ങാലക്കുട: തൃശൂര്‍-ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ സ്റേറ്റ് ഹൈവേ റൂട്ടിലെ കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റോപ് ബസുകളുടെ ചെയിന്‍ സര്‍വീസിന്റെ ഭാഗമായി ബസുകളുടെ ടൈമിംഗിലുള്ള അശാസ്ത്രീയത പരിഹരിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതിയോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു.അശരണരായ സ്ത്രീകള്‍ക്കുവേണ്ടി പുതിയ സ്കീമായ സ്വയം തൊഴില്‍ കണ്െടത്തല്‍-ശരണ്യ ആരംഭിച്ചിട്ടുണ്െടന്നും വിധവ, അവിവാഹിതര്‍, വിവാഹമോചനം നേടിയവര്‍ എന്നിവര്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷിക്കാമെന്നും എംപ്ളോയ്മെന്റ് ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. ഓണക്കാലത്ത് എല്ലാ കാര്‍ഡുടമകള്‍ക്കും അര കിലോ പഞ്ചസാര പ്രത്യേകമായി അനുവദിച്ചിട്ടുള്ളതായി അസി. സപ്ളൈ ഓഫീസര്‍ അറിയിച്ചു.

റേഷന്‍ വില നിലവാരം പ്രസിദ്ധീകരിച്ചു


ഇരിങ്ങാലക്കുട : റേഷന്‍കടകളിലൂടെ വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ വില ജില്ലാ സപ്ലൈ ഓഫിസര്‍ പ്രസിദ്ധീകരിച്ചു. വിലവിവരം ചുവടെ : ബി.പി.എല്‍ /അന്ത്യോദയ അന്നയോജന അരിയും ഗോതമ്പും കിലോ 2 രൂപ , എ. പി. എല്‍. അരി കിലോ 8 . 90 , എ. പി.എല്‍. ഗോതമ്പ് , കിലോ 6 . 70 , മണെ്ണണ്ണ ലിറ്ററിന് 12 . 30 മുതല്‍ 12 . 40 വരെ , പഞ്ച സാര കിലോ 13 . 50 , സ്‌പെഷല്‍ അരി (വിലകൂടിയത് ) കിലോ 12. 70 രൂപ , ഗോതമ്പ് കിലോ9 . 20 . എല്ലാ കാര്‍ഡുടമകള്‍ക്കും അരക്കിലോ പഞ്ചസാര റേഷന്‍വിലയ്ക്ക് തന്നെ ഓണം സെപ്ഷലായി നല്‍കാവുന്നതാണ്. എല്ലാ വ്യാപാരികളും സ്‌റ്റോക്ക് ബോര്‍ഡും വിലവിവരവും പൊതുജനങ്ങള്‍ക്ക് കൃത്യമായി കാണാവുന്ന രീതിയിലും വ്യക്തമായി വായിക്കാവുന്ന രീതിയിലും പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് സപ്ലൈ ഓഫിസര്‍ അറിയിച്ചു. സിവില്‍ സപ്ലൈസ് വകുപ്പ് നല്‍കുന്ന ലൈസന്‍സ് എല്ലാ വ്യാപാരി കളും പുതുക്കി സൂക്ഷിക്കേണ്ടതും പരിശോധനക്ക് നല്‍കേണ്ടതുമാണ്. അമിതവില ഈടാക്കുന്നവര്‍ക്ക് എതിരെയും നിയമാനുസൃതമല്ലാതെ സാധനങ്ങള്‍ സൂക്ഷിക്കുകയും ക്രയവിക്രയം ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായി നടപടി സ്വീകരിക്കണം.

കോണ്‍ഗ്രസ് (ഐ) പ്രവര്‍ത്തക കണ്‍വെന്‍ഷന്‍


ഇരിങ്ങാലക്കുട : കോണ്‍ഗ്രസ് (ഐ) ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടന്നു. ഡി.സി.സി. പ്രസിഡന്റ് ബെന്നി ബഹനാന്‍ ഉദ്ഘാടനം ചെയ്തു. ആന്റോ പെരുമ്പുള്ളി അധ്യക്ഷത വഹിച്ചു. ആര്‍.എ.മാധവന്‍, ഒ.അബ്ദു റഹിമാന്‍, ഡി.സി.സി. സെക്രട്ടറി അഡ്വ.എം.എസ്. അനില്‍ കുമാര്‍, എം.പി.ജാക്സന്‍, ആണി ആന്റണി, വര്‍ഗീസ്‌ കൈതാരത്ത്, എം.പി.സുകുമാരന്‍, സുനില്‍ അന്തിക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതിഭാ സംഗമവും മഹാത്മാ പുരസ്കാര വിതരണവും


കരുവന്നൂര്‍ ; മഹാത്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സെന്റ്‌ ജോസഫ് ഹൈസ്കൂള്‍ ഹാളില്‍ പ്രതിഭാ സംഗമവും മഹാത്മാ പുരസ്കാര വിതരണവും നടത്തി. ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോജി തെക്കൂടന്‍ അധ്യക്ഷടിഹ വഹിച്ചു. പി.ബി.സത്യന്‍, എ.ജെ.ആന്റണി, ഹോളിക്രോസ് സ്കൂള്‍ ഹെഡ്മിസ്ട്രസ് സി.ജെ.മെറീന, സ്കൂള്‍ ഹെഡ് മിസ്ട്രസ് ധന്യ ബാസ്റ്റ്യന്‍, സി.മേരി ആന്റോ, നീതു എം.ഡി, ജെയിന്‍ സി.ടോം, കെ.ശിവരാമന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ വാര്‍ഷിക സമ്മേളനം


ഇരിങ്ങാലക്കുട ; ഇരിങ്ങാലക്കുട റെയ്ഞ്ച് മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി.) വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു. സംസ്ഥാന സെക്രട്ടറി ആര്‍.സുശീലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഡി.സുനില്‍കുമാര്‍, എ.എന്‍.രാജന്‍, ടി.കെ.സുധീഷ്‌, എ.ടി.വര്‍ഗീസ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

ബി.എസ്‌.എന്‍.എല്‍ ദേശീയ ബാഡ്‌മിന്റണ്‍ ടൂര്‍ണ്ണമെന്റിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി


ഇരിങ്ങാലക്കുട : പത്താമത്‌ ദേശീയ ബി.എസ്‌.എന്‍.എല്‍ ബാഡ്‌മിന്റണ്‍ ടൂര്‍ണ്ണമെന്റ്‌ ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. കേരള സര്‍ക്കിള്‍ സി.ജി.എം പ്രേമചന്ദ്ര പതാക ഉയര്‍ത്തി. ഡോ.തോമസ്‌ ഫിലിപ്പ്‌ അദ്ധ്യക്ഷത വഹിച്ചു. മുന്‍ അന്താരാഷ്ട്ര ബാഡ്‌മിന്റണ്‍ കളിക്കാരന്‍ ജസീല്‍.പി.ഇസ്‌മയില്‍ മുഖ്യാതിഥിയായി. ജി. മത്തായി, ജോര്‍ജ്ജ്‌ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ 200 ലധികം പേര്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റ്‌ 12 ന് സമാപിക്കും

താലൂക്ക് വികസന സമിതിയോഗം ;നാളികേര വികസന ബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശനം


ഇരിങ്ങാലക്കുട : താലൂക്ക് വികസന സമിതി യോഗത്തില്‍ നാളികേര വികസന ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനം. നാളികേര കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം വൈകുന്നതിനുള്ള പ്രധാനകാരണം നാളികേര വികസന ബോര്‍ഡാണെന്നാണ് താലൂക്ക് വികസന സമിതിയോഗത്തില്‍ ഉയര്‍ന്ന പ്രധാന ആരോപണം. എന്നാല്‍ കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഇരുപത്തൊമ്പതാം തിയതി വരെയുള്ള എല്ലാ നഷ്ടപരിഹാരവും ബോര്‍ഡിന് കൈമാറിയിട്ടുണ്ടെന്നും കൃഷി വകുപ്പ് യോഗത്തെ അറിയിച്ചു. നഷ്ടപരിഹാരം വൈകുന്നത് കലക്ടറുടെ ശ്രദ്ധയില്‍ പെടുത്താന്‍ താലൂക്ക് വികസന സമിതി യോഗം താലൂക്ക് ഓഫീസറോട് നിര്‍ദേശിച്ചു.

സമാന്തര പ്രവര്‍ത്തനം നടത്തുന്നവര്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കെ.പി.എം.എസ് ജില്ലാ നേതൃത്വം


ഇരിങ്ങാലക്കുട : കേരള പുലയര്‍ മഹാസഭ (കെ.പി.എം.എസ്‌) ന്റെ പേരില്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കെ.പി.എം.എസ്‌ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.പി.എം.എസിന്റെ മുന്‍ ജനറല്‍ സെക്രട്ടറിപുന്നല ശ്രീകുമാര്‍, അസിസ്റ്റന്റ്‌ സെക്രട്ടറി വി. ശ്രീധരന്‍, സംഘടനാ സെക്രട്ടറി കെ.കെ പുരുഷോത്തമന്‍ എന്നിവരെ അഴിമതിയുടെ പേരില്‍ പുറത്താക്കിയിരുന്നു. എന്നാല്‍ പുറത്താക്കിയതിനു ശേഷം ഇവര്‍ സംസ്ഥാന വ്യാപകമായി കെ.പി.എം.എസ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതേ തുടര്‍ന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് ടി.വി.ബാബു ഇവര്‍ക്കെതിരെ തിരുവനന്തപുരം ഒന്നാം ക്ലാസ്സ്‌ അഡീഷ്‌ണല്‍ മുന്‍സിഫ്‌ കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ കോടതി കെ.പി.എം.എസിന് അനുകൂല്ലമായി വിധി പ്രസ്താവിച്ചു. കെ.പി.എം.എസ് എന്നാ പേരോ, ലെറ്റര്‍ പാഡോ, സീലുകളോ, രജിസ്‌റ്ററുകളോ, പതാകകളോ സമാന്തര പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നത്‌ നിരോധിച്ചുകൊണ്ട്‌ വിധി വന്നുവെന്ന്‌ ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു..കെ.പി.എം.എസിന്റെ പേരില്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ ഇനിമുതല്‍ കോടതിയലക്ഷ്യത്തിന്‌ ഇടയാക്കുമെന്നും, സമാന്തര പ്രവര്‍ത്തനം നടത്തുന്നവര്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്നും ജില്ലാ ജില്ലാ സെക്രട്ടറി പി.പി.മുരളി, പ്രസിഡണ്ട്‌ സി.എ.ശിവന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.വി.ശിവന്‍ എന്നിവര്‍ അറിയിച്ചു.

അനധികൃത ഗ്യാസ് വില്പന നടത്തിയയാള്‍ പിടിയില്‍


പുല്ലൂര്‍ : ഗാര്‍ഹിക ഉപയോഗത്തിനുള്ള ഗ്യാസ് സിലിണ്ടറുകളില്‍ നിന്നും പാചക വാതകം ഊറ്റിയെടുത്ത് വാഹനങ്ങള്‍ക്ക് ഇന്ധനമായി വില്‍ക്കുന്നയാളെ ഇരിങ്ങാലക്കുട പോലീസ് പിടികൂടി. പുല്ലൂര്‍ തുമ്പരത്തി വീട്ടില്‍ ടി.എന്‍.സോമനെയാണ് എസ്.ഐ.പ്രേമാനന്ദ കൃഷ്ണന്‍ പിടികൂടിയത്. ഇയാളുടെ വീട്ടില്‍ വച്ചാണ് പാചകവാതകം ഊറ്റി വില്പന നടത്തിയിരുന്നതെന്നും പറയുന്നു. ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു.

അണികള്‍ക്ക് പുത്തനുണര്‍വ്വ് ; പൊതുമുതല്‍ സംരക്ഷണ സംഗമം ശ്രദ്ധേയമായി


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ ഭരണത്തിനെതിരെ എല്‍.ഡി.എഫ് നടത്തിയ പൊതു മുതല്‍ സംരക്ഷണ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജനപങ്കാളിത്തം കുറയുന്നത് മൂലം എല്‍.ഡി.എഫിന് ഇരിങ്ങാലക്കുടയില്‍ ശിഥിലീകരണം സംഭവിക്കുന്നുവെന്ന് നഗരസഭാ ചെയര്‍മാന്‍ എം.പി.ജാക്സന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ച് മണിക്കൂറുകള്‍ക്കകം എല്‍.ഡി.എഫ് ആല്‍ത്തറക്കല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ചെയര്‍മാന്റെ ആരോപണത്തിനുള്ള ശക്തമായ മറുപടി എന്നാ നിലയ്ക്ക് നൂറുകണക്കിന് അണികള്‍ പങ്കുചേര്‍ന്നത്. കഴിഞ്ഞ ദിവസം കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങില്‍ ജനപ്രാതിനിധ്യം ഇല്ലാതെ പോയത് ഇടതുപക്ഷത്തിന്റെ ശിഥിലീകരണത്തിന്റെ ഭാഗമാണെന്ന് പ്രസ്താവിച്ച ചെയര്‍മാന്റെ നാവടപ്പിക്കും വിധമാണ് പരിപാടിയുടെ ജനപങ്കാളിത്തമെന്നു നേതാക്കള്‍ പറയുന്നു. ഏതായാലും ചെയര്‍മാന്റെ ആരോപണങ്ങള്‍ ഇടതുപക്ഷത്തിന് പുത്തനുണര്‍വ്വ് പകര്‍ന്നിരിക്കുകയാണെന്ന് പൊതുമുതല്‍ സംരക്ഷണ സംഗമത്തിന്റെ വിജയം സൂചിപ്പിക്കുന്നു. സംഗമത്തിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ ചന്ദ്രന്‍ നിര്‍വ്വഹിച്ചു. സി.പി.ഐ നേതാവ് എ.ടി വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. യോഗത്തിനു മുന്നോടിയായി അണികള്‍ പൊതുമുതല്‍ സംരക്ഷണ പ്രതിജ്ഞയെടുത്തു. അഡ്വ. എ.എം പ്രകാശന്‍, ഉല്ലാസ് കളക്കാട്ട്, ടി.പി ദിലീപ്, ടി.കെ.സുധീഷ്‌, അഡ്വ.കെ.ആര്‍.വിജയ തുടങ്ങിയവര്‍ സംബന്ധിച്ചു.

വെള്ളാങ്കല്ലൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷീര സംഗമം


വെള്ളാങ്കല്ലൂര്‍ ‍ : ക്ഷീര വികസന വകുപ്പിന്റേയും, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക്‌ പഞ്ചായത്തിന്റേയും ബ്ലോക്കിലെ ക്ഷീരോത്‌പാദക സഹകരണ സംഘങ്ങളുടേയും ആഭിമുഖ്യത്തില്‍ ബ്ലോക്ക്‌ ക്ഷീരസംഗമം നടന്നു. മാള എം.എല്‍.എ. എ.കെ ചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബീന മജീദ്‌ മികച്ച കറവ പശുവിനുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്‌ കെ.വി സുജിത്ത്‌ലാല്‍ കറവ പശുക്കള്‍ക്കുള്ള പ്രോത്സാഹന സമ്മാനം നല്‍കി. ജില്ലാ പഞ്ചായത്ത്‌ അംഗം കെ.ശ്രീകുമാര്‍ കിടാരികള്‍ക്കുള്ള പ്രോത്സാഹന സമ്മാനദാനം നിര്‍വ്വഹിച്ചു. കേരള ഫീഡ്‌സ്‌ എം.ഡി ഡോ.എം സുരേഷ്‌കുമാര്‍ മികച്ച കന്നുക്കുട്ടികള്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. എം.വി രാജ്‌കുമാര്‍, രവിരാജന്‍ മാസ്റ്റര്‍, ടി.വി അബ്ദു, രജനി ബാബു, കെ.കെ.നന്ദനന്‍, പി.പി.ബിന്ദുമോന്‍, മിനി രവീന്ദ്രദാസ്, യു.മഹേഷ്‌, ജോര്‍ജ് മാത്യു, ഷാജി അറ്റാശ്ശേരി, ടി.എന്‍ സത്യന്‍, വി.യു.ബേബി, സി.എ.വിന്സന്റ്, അനില്‍, അനീഷ പ്രഭാകരന്‍, എം.വി.ധര്‍മന്‍, വി.എസ്.വിധു, എ.കെ.മുരളി, ഷൈജ എം.കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

ഇരിങ്ങാലക്കുട നഗരസഭ പകല്‍ വീട് ഉദ്ഘാടനം ചെയ്തു


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആസാദ്‌ റോഡിലെ ജവഹര്‍ നഗറില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം നിര്‍മ്മിച്ച പകല്‍ വീടിന്റെ ഉദ്ഘാടനം എം.എല്‍.എ അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ നിര്‍വഹിച്ചു. ജവഹര്‍ നഗറിലെ അന്തേവാസികള്‍ക്ക് ഒന്നിച്ചു ചേരാനും സൗഹൃദം പങ്കിടാനുമായാണ് പകല്‍ വീട് നിര്‍മ്മിച്ചിരിക്കുന്നത് .നഗരസഭ ചെയര്‍മാന്‍ എം.പി.ജാക്സന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ സതീഷ്‌ പുളിയത്ത്, കൌണ്‍സിലര്‍മാരായ എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍, മോളി കുര്യന്‍, പത്മജ രാജേന്ദ്രന്‍ , ബേബി ജോസ് കാറ്റല, റോക്കി ആലൂക്കാരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

ഓണോപഹരമായി "അത്തം പത്ത്" വീഡിയോ ആല്‍ബം


ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് ലൈബ്രറി കൌണ്‍സില്‍ ഓണോപഹരമായി പുറത്തിറക്കുന്ന "അത്തം പത്ത്" വീഡിയോ ആല്‍ബം സംഗീത സംവിധായകന്‍ പ്രതാപ് സിംഗ് പ്രകാശനം ചെയ്തു.ഓണക്കാല പാട്ടുകളടങ്ങിയ ഒന്‍പതു പാട്ടുകളാണ് ആല്‍ബത്തിലുള്ളത്. ഖാദര്‍ പട്ടേപ്പാടം രചനയും ജോജി ജോനസ് സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുള്ള ഗാനങ്ങള്‍ ബിജു നാരായണന്‍, സുജാത തുടങ്ങിയവരാണ് പാടിയിട്ടുള്ളത്. പ്രകാശന ചടങ്ങില്‍ ഐ.ബാലഗോപാല്‍, എം.എം.ചന്ദ്രശേഖര്‍, പി.എ.ശോജന്‍, സി.വി.ജൂല എന്നിവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

ആളൂരില്‍ അമ്മയും മൂന്ന് മക്കളും മരിച്ച നിലയില്‍


ആളൂര്‍: ആളൂരില്‍ അമ്മയേയും മൂന്നു പെണ്‍ മക്കളേയും വിഷം അകത്തുചെന്ന് മരിച്ചനിലയില്‍ കണ്െടത്തി. ആളൂര്‍ മാടവന ജോയിയുടെ ഭാര്യ ഗ്രേസി(40), മക്കളായ ജിനി(12), വിനി(10), റിനി (ഏഴ്) എന്നിവരെയാണ് ഇന്നുപുലര്‍ച്ചെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. പുലര്‍ച്ചെ കുട്ടികളുടെ ഞെരക്കം കേട്ടും ഫ്യുറഡാന്റെ ഗന്ധത്താലും ഉണര്‍ന്ന ജോയിയാണ് അവശനിലയില്‍ ഇവരെ കണ്ടത്.ഉടന്‍ സമീപത്തെ മുറിയിലുണ്ടായിരുന്ന പിതാവ് കുഞ്ഞിപ്പൈലോതിനെയും സമീപത്തെ വീടുകളിലുള്ള ബന്ധുക്കളേയും വിളിച്ചുണര്‍ത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോയി കട്ടിലിലും ഭാര്യയും മക്കളും താഴെയുമാണ് കിടന്നിരുന്നത്. ഒമ്പതുമണിക്ക് ഭക്ഷണം കഴിഞ്ഞശേഷമാണ് വിഷം കഴിച്ചതെന്ന് കരുതുന്നു. സംസാരശേഷിയില്ലാത്തയാളാണ് ജോയിയെന്ന് പറയുന്നു. ജോയി സമീപത്തെ വെളിച്ചെണ്ണ മില്ലില്‍ ജോലി ചെയ്യുന്നുണ്ട്. ഭാര്യ ഗ്രേസി കൂലിപ്പണിക്കും പോകുന്നുണ്ട്. സാമ്പത്തികബാധ്യതകളില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഗ്രേസി മിക്കസമയവും മരണത്തെ പറ്റി സംസാരിക്കുമായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചതായി പോലീസ് പറയുന്നു. ഒരുമാസം മുമ്പ് ഗ്രേസിയുടെ മാതാവ് ഇവിടെ വന്നപ്പോള്‍ ഫ്യൂറഡാന്റെ കുപ്പി കണ്ട് എടുത്തുകളഞ്ഞിരുന്നതായും പോലീസ് പറഞ്ഞു

last updated 9:30am, August 11th 2010


current news   |   news archives    previous page | next page