|
www.irinjalakudalive.com
scroll down for
todays detail news |
|
|
| വല്ലക്കുന്നില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്‌റ്റിലിടിച്ച് മറിഞ്ഞു |
|
വല്ലക്കുന്ന് : വല്ലക്കുന്ന് അല്‍ഫോന്‍സ പള്ളിക്ക് സമീപം സമീപം നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്‌റ്റിലിടിച്ച ശേഷം തലകീഴായി തൊട്ടടുത്ത വീട്ടുപറമ്പിലേക്ക് മറിഞ്ഞു. നെടുപറമ്പില്‍ വിത്സന്റെ വീട്ടുപറമ്പിലേക്ക് മറിഞ്ഞ കാര്‍ കൃഷിക്കായി ഒരുക്കിയ മണ്‍തിട്ടയില്‍ ഇടിച്ചു നിന്നതിനാല്‍ വീട്ടിലേക്കു ഇടിച്ചുകയറിയില്ല. വൈദ്യുതാഘാതമെല്‍ക്കാതെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വന്‍ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത് ഒടിഞ്ഞ പോസ്റ്റില്‍ നിന്നും വൈദ്യുതി പ്രവഹിക്കുന്നതാണ്. കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുത ബന്ധം വിശ്ചേദിച്ചതിന് ശേഷമാണ് ഇരിങ്ങാലക്കുട പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത് . ശനിയാഴ്‌ച രാത്രി പതിനോന്നരക്കാണ് അപകടമുണ്ടായത്. ചാലക്കുടിയില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ആള്‍ട്ടോ കാറില്‍ കേരളദീപം പ്രസ്സ് ഉടമ നെജിയും തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ നിസാരമായി പരിക്കേറ്റ ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരായ റോയ്, വിത്സണ്‍, ജിമ്മി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.
|
|

|
| സി.പി.ഐ. (എം) കാല്‍നട പ്രചരണജാഥ |
|
കാട്ടൂര്‍ : കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.ഐ(എം) നടത്തുന്ന ഉപരോധ സമരത്തിന്റെ ഭാഗമായുള്ള കാല്‍നട പ്രചരണ ജാഥ കാട്ടൂരില്‍ നിന്നാരംഭിച്ചു. സി.പി.ഐ(എം) ജില്ലാ സെക്രട്ടറി ബേബി ജോണ്‍ ജഥാ ക്യാപ്റ്റന്‍ ഉല്ലാസ് കളക്കാട്ടിന് പതാക കൈമാറിക്കൊണ്ട് ഉല്‍ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ കെ.സി പ്രേമരാജന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി ദിവാകരന്‍ മാസ്റ്റര്‍, വി. രാമചന്ദ്രന്‍, വി.എ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
|
|

|
| രാമായണ പാരായണം വീടുകളില്‍ ആരംഭിച്ചു |
|
ഇരിങ്ങാലക്കുട : സംഗമധര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക മാസത്തിലെ രാമായണ പാരായണം വീടുകളില്‍ ആരംഭിച്ചു. പായ്ക്കാട്ട് ശ്രീധരന്‍ നമ്പൂതിരിയുടെ വസതിയിലും പേഷ്കാര്‍ റോഡിലെ വെളുത്താട്ടില്‍ സുരേഷിന്റെ വസതിയിലും കൊരുമ്പിശേരി രാഘവന്‍ തായെരിയുടെ വീട്ടിലുമാണ് രാമായണ പാരായണം നടന്നത്. വെളുത്താട്ടില്‍ സുരേഷിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ഡോ. മഹേഷ് മുഖ്യപ്രഭാഷണം നടത്തി
|
|

|
| കുന്നിനു മുകളിലേക്കുള്ള റോഡ് തകരുന്നു ; നാട്ടുകാര്‍ ഭീതിയില്‍ |
|
കരൂപ്പടന്ന : കരൂപ്പടന്ന മുസാഫിരിക്കുന്നിനെ കരൂപ്പടന്ന സെന്ററുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് തകര്‍ന്നത് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. 500 മീറ്ററോളം വരുന്ന കോണ്ക്രീറ്റ് റോഡിന്റെ അരികുകളാണ് കനത്ത മഴയില്‍ തകര്‍ന്നത്. മുസാഫിരിക്കുന്നു നിവാസിക്ലള്‍ക്ക് കരൂപ്പടന്നയിലെത്തുന്നതിനുള്ള ഏറ്റവും എളുപ്പ മാര്‍ഗമാണ് ഈ റോഡ്. റോഡ് തകര്‍ന്നതോടെ രണ്ടു കിലോമീറ്ററോളം ചുറ്റി വേണം ഇവിടുത്തുകാര്‍ക്ക് കരൂപ്പടന്നയിലെത്താന്‍. രണ്ടു വര്‍ഷം മുന്‍പാണ് ഈ റോഡ് നിര്‍മിച്ചത്. കുത്തനെയുള്ള റോഡ് ടാര്‍ ചെയ്യുന്നതിന് പകരം കോണ്‍ക്രീറ്റ് ചെയ്തതിനെതിരെ അന്ന് തന്നെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഈ എതിര്‍പ്പുകളെ അവഗണിച്ചാണ് ജില്ലാ പഞ്ചായത്ത് ഈ റോഡ് നിര്‍മിച്ചത്. അരികുകള്‍ കൃത്യമായി കേട്ടാത്തതിനെതിരെ അഴിമതിയടക്കമുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. മഴക്കാലങ്ങളില്‍ റോഡില്‍ പായല്‍ നിറയുന്നതിനെ തുടര്‍ന്ന് ഇത് വഴി സഞ്ചരിക്കുന്ന വാഹനങ്ങളും കാല്‍നടക്കാരും തെന്നി വീഴുന്നത് നിത്യ സംഭവമായിരുന്നു. ഇപ്പോള്‍ റോഡ് തകര്‍ന്നതോടെ റോഡിനിരുവശവും കയര്‍ കെട്ടി അതില്‍ പിടിച്ചാണ് നാട്ടുകാര്‍ സഞ്ചരിക്കുന്നത്. കുട്ടികളെ ഇത് വഴി വിടാന്‍ രക്ഷിതാക്കളും മറിക്കുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് റോഡ് തകര്‍ന്നത്. അധികൃതരെ വിവരമറിയിച്ചിട്ടും ഇത് വരെ ആരും സ്ഥലത്തെത്തിയിട്ടില്ല. റോഡിന്റെ മുകള്‍ ഭാഗങ്ങള്‍ ഇപ്പോള്‍ വിണ്ടു കീറിയ നിലയിലാണ്. പണ്ട് കല്‍പ്പടവുകളായിരുന്ന ഇവിടം വാഹന സൌകര്യത്തിനായാണ് റോഡാക്കി മാറ്റിയത്. എന്നാല്‍ പണ്ട് കാല്‍നടയെങ്കിലും സാധ്യമായിരുന്ന റോഡ് എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴുമെന്ന നിലയില്‍ അപകട ഭീഷണിയുയര്‍ത്തുകയാണ് .
|
|

|
| വാര്‍ധക്യത്തിന്റെ ദൈന്യതക്ക് മേല്‍ സാന്ത്വനത്തിന്റെ 'സ്നേഹക്കൂടു'മായി വിദ്യാര്‍ത്ഥികള്‍ ശാന്തിഭവനിലെത്തി |
|
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട ഗവ: ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ശാന്തിസദനത്തിലെ നിരാലംബരായ വൃദ്ധര്‍ക്ക് സ്നേഹസാന്ത്വനമായി സ്‌നേഹക്കൂട് ഒരുക്കി. ഇരിങ്ങാലക്കുട ഗവ: ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന്റെയും, ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിലാണ് വൃദ്ധസദനങ്ങളില്‍ വേദനയോടെ അന്തിയുറങ്ങുന്ന മാതാപിതാക്കള്‍ക്ക് സ്നേഹത്തിന്റെ മാധുര്യം നല്‍കുന്ന 'സ്നേഹക്കൂടു'മായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തുന്നത്. ആഴ്ചയില്‍ വിവിധ ദിനങ്ങളിലായി നഗരത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇരിങ്ങാലക്കുടയിലെ ദൈവ പരിപാലന ഭവനം, അഭയ ഭവന്‍, സാന്ത്വനം, ശാന്തി സദന്‍, പ്രതീക്ഷാ ഭവന്‍ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലാണ് സ്നേഹ ഗാനം, സ്നേഹ വിരുന്ന് , സ്നേഹ സാന്ത്വനം,കലാപരിപാടികള്‍ എന്നിവയടങ്ങുന്ന സ്നേഹക്കൂട് ഒരുക്കുക. ഇതിന്റെ ആദ്യ ഘട്ടമാണ് ശനിയാഴ്ച ശാന്തി ഭവനില്‍ നടന്നത്. എം.എല്‍.എ അഡ്വ. തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി പി.കെ.രഞ്ചന്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.പ്രേമാനന്ദ കൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. ഡി.ഇ.ഒ കെ.ലളിത മുഖ്യാതിഥിയായി. അബ്ദുല്‍ ഹക്ക് മാസ്റ്റര്‍, ഡോ.ജയപ്രകാശ്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ മോളി തുടങ്ങിയവര്‍ സംസാരിച്ചു. ജനമൈത്രി പോലീസിനു നേതൃത്വം നല്‍കുന്ന എ.എസ്.ഐ സുരേഷ്, ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
|
|

|
| സൗജന്യ പരീക്ഷാ പരിശീലനം സമാപിച്ചു |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 24ന് നടക്കുന്ന പി.എസ്.സി ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്‌സ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തിയ സൗജന്യ പരീക്ഷാ പരിശീലനം സമാപിച്ചു. സമാപന സമ്മേളനം എം.എല്‍.എം അഡ്വ.തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൌണ്‍സിലര്‍ ഇന്ദിരാ ദേവി അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രേമരാജന്‍ , എംപ്ലോയ്മെന്റ് ഡെപ്യൂ ട്ടി ഡയറക്ടര്‍ റെയ്നോള്‍ട് തുടങ്ങിയവര്‍ സംസാരിച്ചു
|
|

|
| ജീവന്‍ രക്ഷിക്കാന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പരാതി |
|
ഇരിങ്ങാലക്കുട : തൃശ്ശൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ക്ക് നേരെയുള്ള സ്വകാര്യ ബസ്സ് ജീവനക്കാരുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷ ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ക്കും, റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കും പരാതി നല്‍കി. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ജീവനും ബസ്സുകള്‍ക്കും സംരക്ഷണം നല്‍കണമെന്ന ആവശ്യവും പരാതിയിലുണ്ട് . സ്വകാര്യ ബസ്സുകള്‍ മരണപ്പാച്ചില്‍ നടത്തിയിരുന്ന ഈ നോട്ടിഫൈഡ് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ വന്നതോടെ ജനങ്ങള്‍ കെ.എസ്.ആര്‍.ടി.സിയെ സ്വീകരിച്ചു. സ്വകാര്യ ബസ്സുകള്‍ക്ക് കനത്ത വരുമാന നഷ്ടവും ഇത് വഴിയുണ്ടായി. ഇതേ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയുടെ യാത്ര മുടക്കാന്‍ പല തന്ത്രങ്ങളും സ്വകാര്യന്മാര്‍ പയറ്റി തുടങ്ങി. കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിച്ചു രണ്ടാമത്തെ ദിവസം തന്നെ സ്വകാര്യ ബസ്സുകള്‍ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ് സ്റ്റാന്റില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് മാര്‍ഗ്ഗ തടസ്സമുണ്ടാക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്യുന്നതടക്കമുള്ള തന്ത്രങ്ങളെ കുറിച്ച് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തതാണ് . ദിവസങ്ങള്‍ക്കു മുന്‍പ് കരൂപ്പടന്നയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ സ്വകാര്യ ബസ്ജീവനക്കാരന്‍ മര്‍ദ്ദിച്ചതും ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസം ഇതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി.ക്ക് മുന്നില്‍ പെട്ടെന്ന് ബ്രേക്കിട്ട സ്വകാര്യ ബസ്സിനു പിന്നില്‍ കെ.എസ്.ആര്‍.ടി.സി ഇടിച്ചിരുന്നു. ഈ സംഭവങ്ങള്‍ സംബന്ധിച്ച് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം നല്‍കിയ റിപ്പോര്‍ട്ടിന് സമാനമായ വസ്തുതകള്‍ ഉള്‍ക്കൊള്ളൂന്ന പരാതിയാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നല്‍കിയിട്ടുള്ളത്.
|
|

|
| നാലമ്പല ദര്‍ശനത്തിന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങി |
|
ഇരിങ്ങാലക്കുട : നാലമ്പല ദര്‍ശനത്തിനായി അനുവദിച്ച രണ്ടു കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വീസ് ആരംഭിച്ചു . കൂടല്‍മാണിക്യ ക്ഷേത്ര സന്നിധിയില്‍ നിന്നാണ് ബസ്സ് പുറപ്പെടുന്നത്. സര്‍വ്വീസുകളുടെ ഉദ്‌ഘാടനം ശനിയാഴ്‌ച രാവിലെ ക്ഷേത്ര സന്നിധിയില്‍ ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ തോമസ് ഉണ്ണിയാടന്‍ നിര്‍വ്വഹിച്ചു. ദേവസ്വം ചെയര്‍മാന്‍ പി.തങ്കപ്പന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ സതീഷ് പുളിയത്ത്, വനജ ധര്‍മരാജന്‍, രാജേഷ് ബാലകൃഷ്ണന്‍, കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പി.എ.ഉമ്മര്‍ കുഞ്ഞി കാട്ടിക്കുളം ഭരതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
|
|

|
| കുന്നത്തറ കുടിവെള്ള പദ്ധതി ഉദ്‌ഘാടനം |
|
മുരിയാട് :മുരിയാട് ഗ്രാമപഞ്ചായത്തിലെ കുന്നത്തറ പ്രദേശത്തെ ജനങ്ങളുടെ രൂക്ഷമായ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കുന്നത്തറ കുടിവെള്ള പദ്ധതിക്കു തുടക്കമായി. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ടായ 11 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്തിന്റെ പട്ടിക ജാതി വികസന ഫണ്ടായ 5.5 ലക്ഷം രൂപയും ചിലവ് ചെയ്‌താണ് പദ്ധതി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അമ്പാടി വേണു പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതാ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി പീതാംബരന്‍ പദ്ധതി സമര്‍പ്പണം നടത്തി. മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബാബു കളത്തിങ്കല്‍ പദ്ധതി വിശദീകരണം നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണി ഉണ്ണികൃഷ്‌ണന്‍, വൈസ് പ്രസിഡണ്ട് എം.ബി രാഘവന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ വേലായുധന്‍, ടി ശശീധരന്‍, പി പീതാംബരന്‍, കെ.യു വിജയന്‍ എന്നിവര്‍ സംസാരിച്ചു.
|
|

|
| ഫുട്ബോള്‍ കിറ്റ് വിതരണം ചെയ്തു |
|
കല്ലേറ്റുംകര : ആളൂര്‍ ഗ്രാമപഞ്ചായത്ത് 2013 വരെ നല്‍കുന്ന വിഷന്‍ ഇന്ത്യ ഫുട്ബോള്‍ പരിശീലനത്തില്‍ ഈ വര്‍ഷത്തെ ഫുട്ബോള്‍ കിറ്റ് വിതരണം ചെയ്തു. ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മൊയ്തീന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍.ജോജോ, ഫുട്ബോള്‍ പരിശീലകന്‍ തോമസ്, കോ ഓര്‍ഡിനേറ്റര്‍ ജോണ്‍സന്‍ മാസ്റ്റര്‍, ജെസ്സി, ഷാജു തുടങ്ങിയവര്‍ സംസാരിച്ചു
|
|

|
| നഗരസഭ ഓണചന്തയ്ക്ക് സംഘാടകസമിതിയായി |
|
ഇരിങ്ങാലക്കുട: കുടുംബശ്രീ-ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ് 13 മുതല്‍ 23 വരെ നഗരസഭ ടൌണ്‍ ഹാളില്‍ നടത്തുന്ന ഓണച്ചന്തയുടെ സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതിയുടെ ചെയര്‍മാനായി മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.പി. ജാക്സണ്‍, വൈസ് ചെയര്‍മാനായി ക്ഷേമകാര്യ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പത്മജ രാജേന്ദ്രന്‍, കണ്‍വീനറായി സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷംല ഷാജിയെയും ജോയിന്റ് കണ്‍വീനറായി അമ്പിളി മാധവനേയും തെരഞ്ഞെടുത്തു.
|
|

|
| കുടുംബശ്രീക്ക് പുതിയ വാഹനങ്ങളും ഉപകരണങ്ങളും |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കുടുംബശ്രീ മാലിന്യ ശേഖരണ യൂണിറ്റ് പുതുതായി വാങ്ങിയ വാഹനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഉപകര ന ങ്ങളുടെ വിതരണോദ്ഘാടനവും നഗരസഭ ചെയര്‍മാന്‍ എം.പി ജാക്സണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സീനിയര്‍ കൌണ്‍സിലര്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കൌണ്‍സിലര്മാരായ കെ.വേണുഗോപാല്‍, സി. മോഹന്‍ദാസ്, കെ.കെ.ഹരിദാസ്, നഗരസഭാ സെക്രട്ടറി പി.കെ.സജീവ്, കെ.എ.സുരേഷ്, ഗിരിജ മോഹന്‍, ബാബുരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു .
|
|

|
| പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സിന്ധു തിയേറ്ററിനു മുന്നിലെ പ്രിയ ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ നഗരസഭ അധികൃതര്‍ പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിലാണ് ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. നഗരസഭ ആരോഗ്യ വിഭാഗം സൂപ്പര്‍ വൈസര്‍ സുരേഷ്, ഇന്‍സ്പെക്ടര്‍ ബാബുരാജ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
|
|

|
| അനധികൃത മണല്‍ കടത്ത് സംഘം പിടിയില്‍ |
|
ഇരിങ്ങാലക്കുട : കരുവന്നൂരില്‍ വഞ്ചിയില്‍ അനധികൃതമായി മണല്‍ കടത്തിയിരുന്ന 6 അംഗ സംഘത്തെ ഇരിങ്ങാലക്കുട പോലീസ് പിടികൂടി. കാറളം പുത്തന്‍പുരക്കല്‍ സന്തോഷ്(38), കരുവന്നൂര്‍ ചക്കാംബി വീട്ടില്‍ സൂര്യന്‍ (48)ഇയാളുടെ സഹോദരന്‍ ഗിരി (43 ) , ചേലക്കടവ് വെള്ളാനി വീട്ടില്‍ അശോകന്‍(54), സഹോദരന്‍ വിത്സണ്‍(50) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് . കരുവന്നൂര്‍ പുഴയില്‍ നിന്നും മണല്‍ വാരുന്നതിനിടെയാണ് ഇരിങ്ങാലക്കുട എസ്.ഐ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്.
|
|

|
| ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് തറക്കല്ലിട്ടു |
|
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ തറക്കല്ലിടല്‍ കര്‍മം നടന്നു. ക്രൈസ്റ്റ് ആശ്രമാധിപന്‍ ഫാ. ജോസ് സ്റ്റീഫന്‍ മേനാച്ചേരി സി.എം.ഐ ശില ആശീര്‍വദിച്ചു. രക്ഷാകര്‍ത്താക്കളുടെ നേതൃത്വത്തിലാണ് സ്റ്റേഡിയം നിര്‍മാണം നടക്കുന്നത്. സ്റ്റേഡിയത്തിന് 60 മീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയും ഉണ്ടായിരിക്കും. കേരളത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളില്‍ ഒന്നായിരിക്കും ഇരിങ്ങാലക്കുടയില്‍ നിര്‍മിക്കുവാന്‍ പോകുന്ന ഈ ഇന്‍ഡോര്‍ സ്റ്റേഡിയം.
|
|

|
| എടത്തിരുത്തി പള്ളിയില്‍ ഊട്ടുതിരുനാള്‍ 25ന് |
|
എടത്തിരുത്തി: കര്‍മലമാതാ ദേവാലയത്തില്‍ പരിശുദ്ധ കര്‍മലമാതാവിന്റെയും വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെയും ഊട്ടുതിരുനാള്‍ 25 ന് ആഘോഷിക്കും. നാളെ വൈകീട്ട് അഞ്ചിന് വികാരി ഫാ. ജോയ് പുത്തന്‍വീട്ടില്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് ലദീഞ്ഞ്, ദിവ്യബലി, സന്ദേശം തുടങ്ങിയവ ഉണ്ടായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകീട്ട് ലദീഞ്ഞ്, നൊവേന, ദിവ്യബലി തുടങ്ങിയവ ഉണ്ടായിരിക്കും. 24 ന് ദിവ്യബലിക്കുശേഷം നേര്‍ച്ചതേന്‍ ആശീര്‍വാദം. രൂപത വികാരി ജനറാള്‍ മോണ്‍ വിന്‍സെന്റ് ആലപ്പാട്ട് മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്ന് പ്രദക്ഷിണം, വര്‍ണമഴ. തിരുനാള്‍ ദിനമായ 25 ന് രാവിലെ 6.30 ന് ദിവ്യബലി, എട്ടിന് നേര്‍ച്ച ഊട്ട് ആശീര്‍വാദം, ദിവ്യബലി, 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ശിശുക്കള്‍ക്ക് നേര്‍ച്ചയൂട്ട്. വൈകീട്ട് അഞ്ചിന് ദിവ്യബലി തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. 26 ന് രാവിലെ 6.45 ന് പരേതര്‍ക്കുവേണ്ടിയുള്ള ദിവ്യബലി, ഒപ്പീസ്. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോയ് പുത്തന്‍വീട്ടില്‍, അസി. വികാരി ഫാ. അനില്‍ പുതുശേരി, കൈക്കാരന്‍മാരായ പി.പി. ജോസ്, ഫിജോ ആന്റണി, ജനറല്‍ കണ്‍വീനര്‍ ലാലു മാളിയേക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.
|
|

|
| അധികൃതരുടെ നിസ്സംഗത ; ഇരിങ്ങാലക്കുട മിനി ബസ് സ്റ്റാന്റ്, ലോറികളുടെ ഇഷ്ട പാര്‍ക്കിംഗ് കേന്ദ്രമാകുന്നു |
|
ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സുകള്‍ അവഗണിക്കുന്ന ഇരിങ്ങാലക്കുട മിനി ബസ് സ്റ്റാന്റ് ലോറികളുടെ ഇഷ്ട പാര്‍ക്കിംഗ് കേന്ദ്രമാകുന്നു. ഇരിങ്ങാലക്കുടയിലെ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായാണ് മാര്‍ക്കറ്റ് പരിസരത്തെ മിനി ബസ് സ്റ്റാന്റില്‍ ബസ്സുകള്‍ പോകണമെന്ന നിയമം കൊണ്ടുവന്നത്. എന്നാല്‍ അന്ന് മുതല്‍ തന്നെ സ്വകാര്യ ബസ്സുകള്‍ നിയമ ലംഘനം നടത്തുന്നത് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം പുറത്തു കൊണ്ടു വന്നിരുന്നു. മിനി ബസ് സ്റ്റാന്റില്‍ പോകേണ്ട കാട്ടൂര്‍ , പെരിഞ്ഞനം ഭാഗത്തേക്കുള്ള ബസ്സുകള്‍ അയ്യങ്കാവ് മൈതാനിയിലും കാട്ടൂര്‍ റോഡിലും വിശ്രമിക്കുന്നതും ഇതേ തുടര്‍ന്ന് മിനി ബസ് സ്റ്റാന്റ് അനാഥത്വത്തിലേക്ക് നീങ്ങുന്നതും പുറത്തു കൊണ്ടു വന്നതും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമാണ്. പിന്നീട് മറ്റു മാധ്യമങ്ങളും ഈ വിഷയം ഏറ്റു പിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇരിങ്ങാലക്കുട എസ്.ഐ.പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തില്‍ നടപടികള്‍ ഉണ്ടാകുകയും ബസ്സുകള്‍ വീണ്ടും സ്റ്റാന്റിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ് ഇടപെടലുകള്‍ അവസാനിച്ചതോടെ ബസ്സുകള്‍ വരാതെയായ മിനി ബസ് സ്റ്റാന്റ് ഇപ്പോള്‍ ലോറികളുടെ ഇഷ്ട പാര്‍ക്കിംഗ് കേന്ദ്രമാണ് . പാര്‍ക്കിംഗ് ഫീസ് നല്‍കാതെ എത്ര ദിവസം വേണമെങ്കിലും സുരക്ഷിതമായി പാര്‍ക്ക് ചെയ്യമെന്നതിനാലാണിത്. മാര്‍ക്കറ്റിലേക്കും ഇരിങ്ങാലക്കുടയിലെ മറ്റു ഭാഗങ്ങളിലേക്കും ചരക്കുകളുമായി എത്തുന്ന ലോറികള്‍ ഇപ്പോള്‍ മിനി ബസ് സ്റ്റാന്റിലാണ് പാര്‍ക്ക് ചെയ്യുന്നത്. തിരികെ ചരക്കുമായി പോകാനുള്ള അന്യ സംസ്ഥാന ലോറികള്‍ രണ്ടും മൂന്നും ദിവസം സ്റ്റാന്റില്‍ നിര്‍ത്തിയിടാറുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ നടപടിയെടുക്കേണ്ട നഗരസഭാ അധികൃതര്‍ തികഞ്ഞ നിസ്സംഗത പാലിക്കുകയാണ്.
|
|

|
| വില്ലേജ് ഓഫീസറുടെ രണ്ടാം വരവ് 'മധുര'തരമാക്കി പൌരാവലി |
|
പൊറത്തിശ്ശേരി : നാടിനു പ്രിയപ്പെട്ട വില്ലേജ് ഓഫീസറുടെ രണ്ടാം വരവ് ജനങ്ങളും പഞ്ചായത്ത് പ്രസിഡന്റുമടങ്ങുന്ന പൌരാവലി 'മധുര'തരമായി ആഘോഷിച്ചു. വ്യക്തി വിരോധം തീര്‍ക്കുന്നതിന് വിജിലന്‍സില്‍ നല്‍കിയ വ്യാജപരാതി മൂലം കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം ലഭിച്ച പൊറത്തിശ്ശേരി വില്ലേജ് ഓഫീസറായിരുന്ന രേഖ അജിത്തിന്റെ തിരിച്ചു വരവാണ് ജനങ്ങളെ ആഹ്ലാദ ഭരിതരാക്കിയത് . വിജിലന്‍സിന്റെ അന്വേഷണത്തില്‍ കുറ്റക്കാരിയല്ലെന്ന് തെളിഞ്ഞതോടെയാണ് രേഖയുടെ രണ്ടാം വരവ് സാധ്യമായത്. പഞ്ചായത്ത് പുറംപോക്കു ഭൂമി സ്വകാര്യ വ്യക്തി കൈവശപ്പെടുത്തുകയും, വില്ലേജ് രേഖകളുടെ അടിസ്ഥാനത്തില്‍ തനിക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായ ഊരകം വില്ലേജ് ഓഫീസറായിരുന്ന രേഖയ്‌ക്കെതിരെ എട്ടുമന സ്വദേശി രാമകൃഷ്‌ണന്‍ വിജിലന്‍സില്‍ പരാതിപ്പെട്ടിരുന്നു. വിജിലന്‍സിന്റെ രണ്ട് അന്വേഷണങ്ങളിലും പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ കള്ളപരാതി നല്‍കിയ രാമകൃഷ്ണനെതിരെ നടപടിയെടുക്കുന്നതിനും രേഖയെ പൊറത്തിശ്ശേരി വില്ലേജില്‍ തന്നെ തിരികെ നിയമിക്കുവാനും ഹൈക്കോടതി ഉത്തരവുണ്ടായി. സത്യസന്ധയായ വില്ലേജ് ഓഫീസറെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തില്‍ പൌരാവലി നാട്ടുകാര്‍ക്ക് ലഡ്ഡു വിതരണം നടത്തുകയും ചെയ്തു. രേഖക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പൌരാവലി യോഗത്തില്‍ പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി രാജുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം കെ.കെ അബ്ദുള്ളകുട്ടി, കെ.എസ് പത്മനാഭന്‍, കണ്ണാക്കുളം സുധന്‍, രവി എന്നിവര്‍ സംസാരിച്ചു.
|
|

|
| മികച്ച വിദ്യാര്‍ത്ഥിക്ക് പ്രസ് ക്ലബ്ബിന്റെ പുരസ്കാരം |
|
ഇരിങ്ങാലക്കുട : എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ഇരിങ്ങാലക്കുട ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ ഗ്രീഷ്‌മയ്‌ക്ക് ഇരിങ്ങാലക്കുട പ്രസ്സ്‌ക്ലബ്ബ് ഉപഹാരം നല്‍കി അനുമോദിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാന്‍ എം.പി ജാക്‌സണ്‍ ഉപഹാര സമര്‍പ്പണം നടത്തി. ഇരിങ്ങാലക്കുട പ്രസ്സ്‌ക്ലബ്ബ് പ്രസിഡണ്ട് കെ.കെ ചന്ദ്രന്‍ അദ്ധ്യക്ഷത വഹി ചു . സെക്രട്ടറി ഷോബി .കെ.പോള്‍ , വൈസ് പ്രസിഡന്റ് സി.കെ.രാഗേഷ്, ട്രഷറര്‍ സിബിന്‍ ടി.ജി., അംഗങ്ങളായ റഊഫ് കരൂപ്പടന്ന, പി.ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
|
|

|
| കപില വേണു അന്താരാഷ്ട്ര അഭിനയ ശില്‌പശാലയിലേക്ക് |
|
ഇരിങ്ങാലക്കുട : ലോകപ്രശസ്‌ത നാട്യാചാര്യന്‍ മിന്‍തനാകയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അഭിനയ ശില്‌പശാലയിലേക്ക് കൂടിയാട്ടം കലാകാരി കപില വേണുവിനെ തിരഞ്ഞെടുത്തു. ജപ്പാനിലെ ഹകുഷു ഗ്രാമത്തില്‍ സംഘടിപ്പിക്കുന്ന ശില്‌പശാല 16 മുതല്‍ ആഗസ്റ്റ് 23 വരെ നീണ്ടുനില്‍ക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് പേരാണ് ശില്‌പശാലയില്‍ പങ്കെടുക്കുന്നത്.
|
|

|
| സ്വകാര്യ ബസ് ജീവനക്കാരന്‍ കെ.എസ്.ആര്‍.ടി.സി.ഡ്രൈവറെ മര്‍ദ്ദിച്ചു |
|
ഇരിങ്ങാലക്കുട : തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ക്ക് ലഭിച്ച സ്വീകാര്യതയില്‍ വിറളിപൂണ്ട സ്വകാര്യ ബസ് ജീവനക്കാരന്‍ കെ.എസ്.ആര്‍.ടി.സി.ഡ്രൈവറെ മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം രാത്രി കരൂപ്പടന്ന പള്ളിനട സ്റ്റോപ്പിലാണ് സംഭവം. തൃശ്ശൂരില്‍ നിന്നും കൊടുങ്ങല്ലൂര്‍ക്ക് പോയിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്തിരുന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ വള്ളിവട്ടം കോഴിക്കാട് സ്വദേശി സിബിനാഥാണ് ഡ്രൈവറെ മര്‍ദ്ദിച്ചത്. സ്റ്റോപ്പില്ലാത്ത പള്ളിനടയില്‍ ബസ് നിര്‍ത്തണമെന്ന ഇയാളുടെ ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതാണ് മര്‍ദ്ദനത്തിനു കാരണമെന്നാണ് പോലീസ് ഭാഷ്യമെങ്കിലും ഈ റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസ്സുകളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ വൈര്യമാണ് സംഭവത്തിനു പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. പരുക്കേറ്റ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ ആനാപ്പുഴ പുളിക്കപ്പറമ്പില്‍ രാജേഷ് (39 )നെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
|
|

|
| ഫയര്‍ ഫോഴ്സിന്റെ കൃത്യത ; വീട്ടമ്മക്ക് പുതുജീവന്‍ |
|
കാറളം : കിണറ്റില്‍ വീണ വീട്ടമ്മക്ക് ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സിന്റെ കൃത്യത പുതുജീവനേകി. വെള്ളാനി കൂടക്കര വീട്ടില്‍ ശശികല (45 )യെയാണ് 35 അടി താഴ്ചയുള്ള കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് ശശികല വീട്ടുമുറ്റത്തെ കിണറിലേക്ക് കാല്‍ വഴുതി വീണത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി, ഈ സമയം മുങ്ങിത്താണു തുടങ്ങിയിരുന്ന ശശികലക്ക് ഫയര്‍ ഫോഴ്സിന്റെ സമയോചിതമായ ഇടപെടലാണ് ജീവന്‍ തിരിച്ചു നല്‍കിയത്. സ്റ്റേഷന്‍ ഓഫീസര്‍ എസ.എസ.പ്രിന്‍സ്, എം.എസ്.രമേശ്, പി.ടി.പ്രദീപ്, കെ.ആര്‍.ജോസ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
|
|

|
| ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിനുള്ളില്‍ പെട്ടെന്ന് ബ്രേക്കിട്ട സ്വകാര്യ ബസ്സിനു പിന്നില്‍ കെ.എസ്.ആര്‍.ടി.സിയിടിച്ചു |
|
ഇരിങ്ങാലക്കുട : തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ക്ക് നേരെയുള്ള സ്വകാര്യ ബസ്സുകളുടെ അതിക്രമം തുടരുന്നു. ബുധനാഴ്ച വൈകിട്ട് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയുടെ യാത്ര തടസ്സപ്പെസുത്തുന്നതിനായി പെട്ടെന്ന് ബ്രേക്കിട്ട സ്വകാര്യ ബസ്സിനു പിന്നില്‍ കെ.എസ്.ആര്‍.ടി.സിയിടിച്ചു. തൃശൂര്‍ക്ക് പോയിരുന്ന ബസ്സിനു മുന്നില്‍ വച്ച് കൊടുങ്ങല്ലൂര്‍ക്ക് പോയിരുന്ന രാജു മോട്ടോര്‍സ് എന്ന സ്വകാര്യ ബസ്സ് പെട്ടെന്ന് ബ്രെക്കിടുകയായിരുന്നു. ഈ സമയം സ്റ്റാന്റില്‍ നിന്ന് പുറത്തേക്ക് നീങ്ങുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസ്സിനു പിന്നിലിടിച്ചു. ഇതേ തുടര്‍ന്ന് അര മണിക്കൂറോളം സ്റ്റാന്റില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇരിങ്ങാലക്കുട പോലീസ് രണ്ടു ബസ്സുകളും കസ്റ്റഡിയിലെടുത്തു.
|
|

|
| ചെറുമുക്ക് ക്ഷേത്രത്തിലെ തീര്‍ത്ഥക്കുളം സമര്‍പ്പണം |
|
ഇരിങ്ങാലക്കുട : ചെറുമുക്ക് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച ക്ഷേത്രക്കുളം തന്ത്രി നകരമണ്ണ് മനക്കല്‍ ബ്രഹ്മശ്രീ ത്രിവിക്രമന്‍ നമ്പൂതിരി ദേവനു സമര്‍പ്പിച്ചു. പുണ്യാഹം, പഞ്ചഗവ്യം, കലശം എന്നീ കര്‍മ്മങ്ങള്‍ക്കുശേഷം 'ശരവണതീര്‍ത്ഥം' എന്ന് നാമകരണം ചെയ്‌തുകൊണ്ടാണ് തന്ത്രികള്‍ ദേവന് സമര്‍പ്പണം നടത്തിയത്. നാല് ലക്ഷം രൂപയാണ് കുളത്തിന്റെ നിര്‍മ്മാണ ചെലവ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പു ഉണ്ടായിരുന്ന കുളം മണ്ണിടിഞ്ഞു മൂടിയതായി ക്ഷേത്രത്തില്‍ വച്ചു നടന്ന ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഴയ കുളത്തിന്റെ സ്ഥലവും അവശിഷ്ടങ്ങശും കണ്ടുപിടിച്ചുകൊണ്ടായിരുന്നു പുതിയ കുളത്തിന്റെ നിര്‍മ്മിതി ആരംഭിച്ചത്. വെട്ടുക്കല്ലില്‍ പണിതുയര്‍ത്തിയ ഈ കുളം ക്ഷേത്രാവശ്യങ്ങള്‍ക്കു മാത്രമായി ഉപയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സമിതി പ്രസിഡണ്ട് അഡ്വ.മധുസൂദനമേനോന്‍ കുളത്തിന്റെ മുഖ്യ ശില്‌പികളെ ഓണപ്പുടവ നല്‍കി ആദരിച്ചു.
|
|

|
| പുരസ്കാരത്തിന് അപേക്ഷിക്കാം |
|
കരുവന്നൂര്‍: മഹാത്മാ സാംസ്കാരികവേദി പൊറത്തിശേരി പഞ്ചായത്ത് കമ്മിറ്റിയുടെ വാര്‍ഷികപൊതുയോഗത്തില്‍ എസ്എസ്എല്‍സി, പ്ളസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും നൂറുമേനി വിജയം നേടിയ വിദ്യാലയങ്ങളെയും പുരസ്കാരം നല്‍കി ആദരിക്കുവാന്‍ തീരുമാനിച്ചു. പ്രസിഡന്റ് ജോജി തെക്കൂടന്‍ അധ്യക്ഷത വഹിച്ചു. മാര്‍ക്ക് ലിസ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതമുള്ള അപേക്ഷകള്‍ ജോജി തെക്കൂടന്‍, പ്രസിഡന്റ്, മഹാത്മാ സാംസ്കാരിക വേദി, പി.ഒ. കരുവന്നൂര്‍, ഇരിങ്ങാലക്കുട, പിന്‍-680 711 എന്ന വിലാസത്തില്‍ 25 ന് മുമ്പ് അയക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
|
|

|
| ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന് തൃശൂര്‍ എം.പി പി.സി.ചാക്കോയുടെ നവീകരണ പദ്ധതികള്‍ |
|
ഇരിങ്ങാലക്കുട : തൃശൂര്‍ എം.പി പി.സി.ചാക്കോ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന് നവീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബില്‍ നേരിട്ടെത്തി സൌകര്യങ്ങള്‍ വീക്ഷിച്ച ശേഷമാണ് അദ്ദേഹം ക്ലബ്ബ് അംഗങ്ങളോട് നവീകരണ പദ്ധതി പ്രഖ്യാപിച്ചത്. കേരളത്തിലെ മറ്റു പ്രസ് ക്ലബ്ബുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്റര്‍നെറ്റ് വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഇരിങ്ങാലക്കുടയിലുള്ള സ്വാധീനത്തെ പ്രശംസിച്ച അദ്ദേഹം വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പത്രപ്രവര്‍ത്തകര്‍ പ്രയോജനപ്പെടുത്തണമെന്നും പറഞ്ഞു. ഇരിങ്ങാലക്കുട പ്രസ്` ക്ലബ്ബിന് ഒരു ഇന്റര്‍നെറ്റ് ഡിജിറ്റല്‍ ലൈബ്രറിയുടെ ആവശ്യകത ഏറെയാണെന്നും ഇത് എം.പിയെന്ന നിലയില്‍ അനുവദിക്കാമെന്നും അദ്ദേഹം ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി. പ്രസ് ക്ലബ്ബ് ശീതീകരണ സംവിധാനത്തിനും ഓഫീസ് ആധുനിക വത്കരണത്തിന് സഹായം അദ്ദേഹം വാഗ്ദാനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍മാന്‍ എം.പി.ജാക്സനും പി.സി.ചാക്കോയ്ക്കൊപ്പം ഉണ്ടായിരുന്നു . പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.കെ. ചന്ദ്രന്‍, സെക്രട്ടറി ഷോബി.കെ. പോള്‍ , ട്രഷറര്‍ ടി.ജി.സിബിന്‍, ജോ.സെക്രട്ടറി ഷാജന്‍ ചക്കാലക്കല്‍, ജി .വേണുഗോപാല്‍, വി.ആര്‍.സുകുമാരന്‍, ഷാജു ഓട്ടക്കാരന്‍, പി.ശ്രീനിവാസന്‍, സി.വി രാമകൃഷ്ണന്‍, മൂലയില്‍ വിജയകുമാര്‍, കെ.സി.പ്രേമരാജന്‍ എന്നിവര്‍ സംബന്ധിച്ചു.
|
|

|
| ഫെഡറല്‍ബാങ്ക് ഇരിങ്ങാലക്കുടയിലെരണ്ടാമത്തെ ശാഖ തുടങ്ങി |
|
ഇരിങ്ങാലക്കുട: ഫെഡറല്‍ബാങ്കിന്റെ ഇരിങ്ങാലക്കുടയിലെ രണ്ടാമത്തെ ശാഖ പാട്ടമാളി റോഡില്‍ കിട്ടായി ടവറില്‍ പ്രവര്‍ത്തനം തുടങ്ങി. ബാങ്കിന്റെ 705ാമത് ശാഖയാണ് ഇരിങ്ങാലക്കുടയില്‍ തുടങ്ങിയത്. ഫോണ്‍ : 0480 2832120, 9895949629.
|
|

|
| ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തിന്റെ സ്ഥാപകദിനം ആഘോഷിച്ചു |
|
ഇരിങ്ങാലക്കുട : 55 വര്‍ഷം പിന്നിട്ട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തിന്റെ സ്ഥാപകദിനം ആഘോഷിച്ചു . കേന്ദ്ര സംഗീതനാടക അക്കാദമി ജനറല്‍ കൌണ്‍സില്‍ അംഗം വേണുജി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കലാനിലയം പ്രസിഡന്റ് പി.കെ.ഭരതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ ഉണ്ണായി വാര്യര്‍ സമ്മാനത്തിന് അര്‍ഹനായ മദ്ദള വിദഗ്ദ്ധന്‍ തൃക്കൂര്‍ ഉണ്ണികൃഷ്ണന് വേണുജി ഉപഹാരവും പ്രശസ്തി പത്രവും നല്‍കി. 2010 ല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ കലാനിലയം വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദദാനം സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ നിര്‍വഹിച്ചു. ഇവര്‍ക്കുള്ള എന്‍ഡോവ്മെന്റുകള്‍ സി.ജെ.ശിവശങ്കരന്‍ സമ്മാനിച്ചു . കലാനിലയം ട്രഷറര്‍ പി.എന്‍.ലക്ഷ്മണന്‍ ബഹുമതി പത്രികാ സമര്‍പ്പണം നടത്തി. കെ.നരേന്ദ്ര വാര്യര്‍ ഉണ്ണായി വാര്യര്‍ അനുസ്മരണം നടത്തി., കെ.എന്‍.ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രഫ.എം.ചന്ദ്രന്‍, വി.എന്‍.കൃഷ്ണന്‍ കുട്ടി, കെ.ശിവദാസ്, പി.എസ്.രാകേഷ്, പി.കുഞ്ചുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാനിലയം ട്രൂപ്പിന്റെ ബാലി വിജയം കഥകളി അരങ്ങേറി.
|
|

|
| വിദ്യാലയങ്ങളില്‍ ഏകീകൃത സിലബസ് നടപ്പാക്കണമെന്ന് |
|
ഇരിങ്ങാലക്കുട : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ സ്വകാര്യ വിദ്യാലയങ്ങളുടെ ഭീഷണിയെ അതിജീവിക്കുന്നതിന് ഏകീകൃത സിലബസ് നടപ്പാക്കണമെന്ന് പി.സി.ചാക്കോ എം.പി. ജി.എസ്.ടി.യു ജില്ലാ നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എന്‍.ഗോവിന്ദന്‍ കുട്ടി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.എം.സുരേന്ദ്രന്‍, അശോകന്‍, ജി.എസ്.ടി.യു ജില്ലാ സെക്രട്ടറി സി.എസ.അബ്ദുല്‍ ഹക്ക്, പി.ജെ.ബിജു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന വിദ്യാഭ്യാസ അവകാശത്തെ കുറിച്ചുള്ള സെമിനാറില്‍ ഡോ.എം.വി മുകുന്ദന്‍ വിഷയം അവതരിപ്പിച്ചു .
|
|

|
| ക്രൈസ്റ്റ് കോളേജ് ഭൗമ-പരിസ്ഥിതി ശാസ്‌ത്ര വകുപ്പ് ഇനി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഏക ഗവേഷണ കേന്ദ്രം |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഭൗമ-പരിസ്ഥിതി ശാസ്‌ത്ര വകുപ്പിനെ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലെ ഏക ഗവേഷണ കേന്ദ്രമായി അംഗീകരിച്ചു. മാസങ്ങള്‍ക്കു മുമ്പ് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ കമ്മിറ്റി കോളേജ് സന്ദര്‍ശിച്ചിരുന്നു. ഭൗമ-പരിസ്ഥിതി ശാസ്‌ത്ര വകുപ്പ് സന്ദര്‍ശിച്ച് വിശദമായ പഠനം നടത്തി ഈ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോളേജിന് പദവി ലഭിച്ചത്. 2010 ജൂലൈ 16ന് വൈസ് ചാന്‍സലറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് ക്രൈസ്‌റ്റിലെ ഭൗമ-പരിസ്ഥിതി ശാസ്‌ത്ര വകുപ്പിനു ഗവേഷണ കേന്ദ്രമെന്ന പദവി നല്‍കാന്‍ തീരുമാനിച്ചത്. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ഗവേഷണ പദ്ധതികള്‍ ഏറ്റെടുക്കുവാനും ഡോക്ടറേറ്റ് പഠനത്തിനു വേണ്ടി ഗവേഷണ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുവാനും ഭൗമ-പരിസ്ഥിതി ശാസ്‌ത്ര വകുപ്പിന് ഇതു മൂലം സാധിക്കുമെന്ന് ക്രൈസ്റ്റ് കോളേജ് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു .
|
|

|
| പോലീസിന്റെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടികളെന്ന് ആഭ്യന്തരമന്ത്രി |
|
കാട്ടൂര്‍ : വര്‍ദ്ധിച്ച ആത്മാഭിമാനത്തോടെ പോലീസിന് ജോലി ചെയ്യാനുള്ള സാഹചര്യം സംസ്ഥാനത്ത് നിലവില്‍ വരുത്തുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. കാട്ടൂര്‍ പോലീസ് സ്റ്റേഷന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തമായി കെട്ടിടവും സ്ഥലവുമില്ലാതെ വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട് പോലീസ് സ്റ്റേഷനുകള്‍ കേരളത്തിലുണ്ട്. ഇത് ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ പോലീസിന് തടസ്സമാകുന്നുമുണ്ട്. ഈ സ്ഥിതിവിശേഷം അവസാനിപ്പിക്കുന്നതിനായി ഈ വര്‍ഷം തന്നെ എല്ലാ പോലീസ് സ്റ്റെഷനുകള്‍ക്കും സ്വന്തം സ്ഥലവും കെട്ടിടവും നല്‍കുമെന്നും സ്റ്റെഷനുകളില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ലേലം ചെയ്യുമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. പോലീസിന്റെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുന്നതിനായി നടപ്പില്‍ വരുത്തുന്ന ഒട്ടനവധി പദ്ധതികളെക്കുറിച്ചും ആഭ്യന്തര മന്ത്രി വിശദീകരിച്ചു. കേരള പോലീസിലെ ഒഴിവുകള്‍ നികത്തുന്നതിനായി ഈ വര്‍ഷം തന്നെ പി.എസ്.സി റാങ്ക് ലിസ്റ്റിലെ പതിനായിരം പേരെ റിക്രൂട്ട് ചെയ്യും. പോലീസില്‍ നിന്നും സമര്‍ത്ഥരായവരെ ഉള്‍പ്പെടുത്തി 2 കമ്പനി കമാന്‍ഡോ വിംഗ് രൂപീകരിക്കും. മോഷണം മാത്രം അന്വേഷിച്ചാല്‍ ഇന്നത്തെ സാഹചര്യത്തില്‍ കേരള പോലീസിന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല തീവ്രവാദം കേരളത്തിലേക്ക് കൂടി വ്യാപിച്ച സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കുന്നതിന് പോലീസിന് പ്രത്യേക പരിശീലനം നല്‍കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഈ വര്‍ഷം നൂറു പോലീസ് സ്റ്റെഷനുകളില്‍ കൂടി ജനമൈത്രി പദ്ധതി ആരംഭിക്കും .150 പോലീസ് സ്റ്റേഷനുകള്‍ സ്ത്രീ സൌഹൃദ സ്റ്റെഷനുകളാക്കും. പരാതി നല്‍കാന്‍ വരുന്ന സ്ത്രീകള്‍ക്ക് സൌജന്യ നിയമ സഹായം നല്‍കുന്നതിന് സ്ഥിരം വനിതാ അഭിഭാഷകയുടെ സാന്നിധ്യം ഉണ്ടാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
|
|

|
| കാട്ടൂര്‍ പോലീസ് സ്റ്റേഷന്റെ പുതിയ മന്ദിരം ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു |
|
കാട്ടൂര്‍ : കാട്ടൂര്‍ പോലീസ് സ്റ്റേഷന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. അഡ്വ. തോമസ് ഉണ്ണിയാടന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പി.സി. ചാക്കോ എംപി മുഖ്യാതിഥിയായി. പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ബി.എസ്. മുഹമ്മദ് യാസിന്‍ ഐപിഎസ്, ജില്ലാ പോലീസ് സൂപ്രണ്ട് എം.പി. ദിനേശ് ഐപിഎസ് ,ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി ഉണ്ണിക്കൃഷ്ണന്‍, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ. മുഹമ്മദ് സൈനുല്‍ ആബ്ദീന്‍, ജില്ലാ പഞ്ചായത്തംഗം കെ. ശ്രീകുമാര്‍, ബ്ളോക്ക് പഞ്ചായത്തംഗം സി.എ. ആന്‍ഡ്രൂസ് മാസ്റര്‍, കരീം ടി. അബ്ദുള്ള, തുടങ്ങിയവര്‍ പ്രസംഗിച്ചു.
|
|

|
| 1960 ലെ പണിമുടക്ക് ;അന്‍പതാം വാര്‍ഷികം ആചരിച്ചു |
|
ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ 1960ല്‍ നടത്തിയ ഐതിഹാസികമായ പണിമുടക്കിന്റെ അന്‍പതാം വാര്‍ഷികം ആചരിച്ചു. വാര്‍ഷികാചരണത്തിന്റെ ഭാഗമായി നടന്ന എന്‍.എഫ്.പി.ഇ ഇരിങ്ങാലക്കുട യൂണിയനുകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ കോണ്‍ഫെഡറെഷന്‍ ഓഫ് സെന്‍ട്രല്‍ ഗവന്മെന്റ് എംപ്ലോയീസ് സംസ്ഥാന പ്രസിഡന്റ് വി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സി.ബാലകൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വച്ച് 1960 ലെ പണിമുടക്കില്‍ പങ്കെടുത്ത വി.പരമേശ്വരന്‍നായര്‍, പ്രഭാകരന്‍മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. വി.എ.മോഹനന്‍, കെ.എസ്.സുഗതന്‍, ടി.കെ.ശശീധരന്‍ എന്നിവര്‍ സംസാരിച്ചു.എന്‍.എഫ്.പി.ഇ യുടെ ആഭിമുഖ്യത്തില്‍ ജൂലൈ 13 മുതല്‍ തപാല്‍ ജീവനക്കാര്‍ അഖിലേന്ത്യാ വ്യാപകമായി നടത്തുന്ന പണിമുടക്കിന് കണ്‍വെന്‍ഷന്‍ അഭിവാദ്യമര്‍പ്പിച്ചു
|
|

|
| പുനരധിവാസ പാക്കേജ് ജലരേഖയായി ; മുസാഫിരിക്കുന്ന് നിവാസികളെ പ്രാണഭീതിയിലാക്കി മണ്ണിടിച്ചില്‍ |
|
കരൂപ്പടന്ന ; അടിക്കടി മണ്ണിടിച്ചില്‍ ഉണ്ടാകുന്ന കരൂപ്പടന്ന മുസാഫിരിക്കുന്നില്‍ അറുപതോളം കുടുംബങ്ങള്‍ ഇപ്പോഴും പ്രാണഭീതിയില്‍ കഴിയുന്നു. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ മുസാഫിരിക്കുന്നിന്റെ പല ഭാഗങ്ങളും ഏതു സമയത്തും ഇടിഞ്ഞു വീഴാവുന്ന നിലയിലാണ്. ചില ഭാഗങ്ങളിലെ മണ്ണ് മഴവെള്ളത്തിനൊപ്പം ഒലിച്ചുപോയി തുടങ്ങി. രണ്ടുവര്‍ഷം മുന്‍പ് ഇവിടെ മണ്ണിടിഞ്ഞ് കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു. അന്ന് റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ , ജില്ലാ കലക്ടര്‍, എ.കെ.ചന്ദ്രന്‍ എം.എല്‍.എ തുടങ്ങിയ ഉന്നതര്‍ സ്ഥലം സന്ദര്‍ശിച്ച് നല്‍കിയ പുനരധിവാസ പാക്കേജുകളടക്കമുള്ള വാഗ്ദാനങ്ങള്‍ ജലരേഖയായി. ജലരേഖയായ ഈ പ്രഖ്യാപനം നടത്തി ഒന്നര വര്‍ഷത്തിനു ശേഷം മുസാഫിരിക്കുന്നിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 60 ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപിച്ച് മന്ത്രി ഒന്ന് കൂടി ജനങ്ങളെ കബളിപ്പിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു എന്നല്ലാതെ ഈ പ്രഖ്യാപനം കൊണ്ട് മറ്റൊന്നും ഉണ്ടായില്ല. മുസാഫിരിക്കുന്നിലെ അപകടാവസ്ഥ പ്രതിദിനം വര്‍ദ്ധിക്കുകയാണ്. കുന്നിനു മുകളില്‍ നിന്ന് താഴേക്കു മുപ്പതടിയോളം താഴ്ച്ചയുണ്ട്. ഇതിനിടയില്‍ ഓരോ തട്ടുകളിലായി അഞ്ചും ആറും വീടുകള്‍ വീതവും ഉണ്ട്. മണ്ണിടിച്ചില്‍ ഇനിയും തുടര്‍ന്നാല്‍ ഈ വീടുകള്‍ 30 അടിയോളം താഴ്ചയിലേക്ക് നിലം പതിക്കും. മണ്ണിടിച്ചില്‍ തടയാന്‍ ഭിത്തി കെട്ടി സംരക്ഷിക്കുമെന്നാണ് അധികൃതര്‍ മുന്‍പ് പറഞ്ഞിരുന്നത്. എന്നാല്‍ പ്രാരംഭ നടപടികള്‍ പോലും ഇതുവരെ ഉണ്ടായിട്ടില്ല. മഴ കനക്കുമ്പോള്‍ പ്രാണഭീതിയില്‍ ഓരോ മുസാഫിരിക്കുന്നു നിവാസിയുടെയും നെഞ്ഞിടിപ്പ് കൂടുകയാണ് .
|
|

|
| വിദൂഷക കഥാപാത്രങ്ങളുടെ അപൂര്‍വ്വ സംഗമം ; മാധവ നാട്യോത്സവം സമാപിച്ചു |
|
ഇരിങ്ങാലക്കുട ; കൂടിയാട്ടത്തിന്റെ ഇതിഹാസമായിരുന്ന ഗുരു അമ്മന്നൂര്‍ മാധവ ചാക്യാരുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ സ്മാരക ഗുരുകുലം ഗുരു സ്മരണയായി സംഘടിപ്പിച്ച മാധവ നാട്യോത്സവം (വിദൂഷക മഹോത്സവം ) സമാപിച്ചു. ശാകുന്തളം കൂടിയാട്ടത്തിന്റെ നൂറ്റിയൊന്നാം രംഗാവതരണത്തോടെയാണ് മാധവ നാട്യോത്സവം സമാപിച്ചത്. ഡോ.സി.എം നീലകണ്ഠന്‍, വേണുജി, ഡോ.എം.വി.നാരായണന്‍, പ്രഫ.ജി.ദിലീപന്‍, അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍ , ഉഷാ നങ്ങ്യാര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. വിദൂഷക കഥാപാത്രങ്ങളെ മാര്‍ഗി മധു (മന്ത്രാങ്കം), കലാമണ്ഡലം രാമാ ചാക്യാര്‍ (ഭാഗവദജ്ജുഗ്ഗീയം )അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍ (നാഗാനന്ദം , ശാകുന്തളം), അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ (സുഭദ്ര ധനന്ജയം ) , മാര്‍ഗി സജീവ് നാരായണ ചാക്യാര്‍ (തപതീസംവരണം) , പി.കെ.ജി നമ്പ്യാര്‍ (സ്വപ്ന വാസവദത്തം)എന്നിവര്‍ അവതരിപ്പിച്ചു. വേഷത്തിലും മേളത്തിലുമായി അന്‍പതോളം കലാകാരന്മാരാണ് വിദൂഷക കഥാപാത്രങ്ങളുടെ അപൂര്‍വ്വ സംഗമത്തോടനുബന്ധിച്ച് അരങ്ങിലെത്തിയത്.
|
|

|
| ഇന്റര്‍നാഷണല്‍ മ്യൂസിക് ഇന്റെഗ്രേഷന്‍ അവാര്‍ഡിന് ഏക ഇന്ത്യന്‍ നോമിനിയായത് ഇരിങ്ങാലക്കുട സ്വദേശി |
|
ഇരിങ്ങാലക്കുട : ഇന്റര്‍നാഷണല്‍ മ്യൂസിക് ഇന്റെഗ്രേഷന്‍ അവാര്‍ഡ് 2009 ന് ഇന്ത്യയില്‍ നിന്നുമുള്ള ഏക നോമിനിയായത് ഒരു ഇരിങ്ങാലക്കുട സ്വദേശി. ഇരിങ്ങാലക്കുട കണ്ടേശ്വരത്ത് കിഴക്കേ കാത്തോളില്‍ മധുസൂദനന്റെയും (മാനേജര്‍, സൌത്ത് ഇന്ത്യന്‍ ബാങ്ക്, തൃശൂര്‍ )വിജയത്തിന്റെയും ഏക മകനായ ആനന്ദ് മധുസൂദനനാണ് ഇന്ത്യയില്‍ നിന്നുമുള്ള ഏക നോമിനി. അന്തര്‍ദേശീയ തലത്തില്‍ തന്നെ അഞ്ചു പേര്‍ക്ക് മാത്രമാണ് ഈ അവാര്‍ഡിന് നോമിനേഷന്‍ നല്‍കിയത്. ലണ്ടന്‍ ആസ്ഥാനമായുള്ള ഇന്റര്‍ നാഷണല്‍ മ്യൂസിക് കൌണ്‍സില്‍ ആണ് ഈ അവാര്‍ഡ് നല്‍കി വരുന്നത്. പോപ് ഫോക്ക് വിഭാഗത്തില്‍ ആനന്ദ് ചിട്ടപ്പെടുത്തിയ ഗന്ധര്‍വാസ് ആല്‍ബത്തിലെ പൂവായ് നീ എന്നാ ഗാനത്തിന്റെ സംഗീതത്തിനാണ് ഈ അംഗീകാരം. ചെന്നൈയിലെ സ്കൂള്‍ ഓഫ് ഓഡിയോ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 2008 ല്‍ ഓഡിയോ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടിയ ആനന്ദ് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സുഹൃത്തിന്റെ കവിതയ്ക്ക് നല്‍കിയ സംഗീതത്തിന്റെ പുനരാവിഷ്കരണമാണ് 'പൂവായ് നീ 'യില്‍ നടത്തിയത്.
|
|

|
| വിവാഹ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസ് അന്വേഷിക്കാന്‍ കോടതി ഉത്തരവ് |
|
അവിട്ടത്തൂര്‍ : മുന്‍ വിവാഹം മറച്ചുവച്ച് മറ്റൊരു വിവാഹം കഴിക്കുകയും ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്താന്‍ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ഉത്തരവിട്ടു. താഴേക്കാട് അറക്കല്‍ വിലക്കനാടന്‍ ജോര്‍ജിന്റെ മകള്‍ ജൂലി (29 )യുടെ പരാതി പ്രകാരമാണ് അവിട്ടത്തൂര്‍ കോക്കാട്ട് ജോജി പോള്‍ , കോക്കാട്ട് പോളി , മേരി പോളി, ബിന്ദു പോളി എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്. ജൂലിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ ; ജോണി പോള്‍ നേരത്തെ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് പ്രായം കുറച്ച് പറഞ്ഞും തന്നെ വിവാഹം കഴിച്ചു. വിവാഹത്തിനു ശേഷം പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ജോജി പോളും മറ്റുള്ളവരും തട്ടിയെടുത്തു. വിവാഹ സമയത്ത് 37 വയസുണ്ടായിരുന്ന ജോജി പോള്‍ 28 വയസ്സേ ഉള്ളൂ എന്നാണ് പരാതിക്കാരിയെയും കുടുംബത്തെയും ധരിപ്പിച്ചിരുന്നത്. ജോജി പോള്‍ ഒല്ലൂര്‍ സ്വദേശിയായ സ്ത്രീയെ മുന്‍പ് വിവാഹം ചെയ്തിട്ടുണ്ടെന്നും ആ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്നും തട്ടിപ്പ് നടത്തിയതിനു ശേഷമാണ് അവിടെ നിന്നും മുങ്ങിയതെന്നും താന്‍ ഈയിടെയാണ് അറിഞ്ഞതെന്ന് ജൂലി പരാതിയില്‍ പറയുന്നു. ബലാല്‍സംഘം, വിശ്വാസവഞ്ചന, ചതി, മുന്‍ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിക്കല്‍ തുടങ്ങിയ കുറ്റങ്ങളിലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. പരാതിക്കാരിക്ക് വേണ്ടി അഡ്വ.സിബിജോസ് കളത്തിങ്കല്‍ ഹാജരായി.
|
|

|
| അഖിലകേരള ക്വിസ് മത്സരം ; നാഷണല്‍ സ്കൂള്‍ ജേതാക്കള്‍ |
|
ഇരിങ്ങാലക്കുട : വിദ്യാര്‍ത്ഥികളില്‍ നിന്നും മണ്മറഞ്ഞു പോകുന്ന വായനാശീലവും പൊതു വിജ്ഞാനവും വളര്‍ത്തി എടുക്കുന്നതിനായി ലോര്‍ഡ്സ് അക്കാദമി അഖിലകേരള ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ദേവകി രാമനാഥന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ഫിജോ ജോസഫ് ക്വിസ് മാസ്റ്ററായി. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹയര്‍ സെക്കന്ററി സ്കൂളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളും കോളേജ് വിഭാഗത്തില്‍ തൃശൂര്‍ സെന്റ് മേരീസ് കോളേജും ജേതാക്കളായി. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം ഇരിങ്ങാലക്കുട രൂപത്ത പ്രഥമ ബിഷപ്പ് മാര്‍ ജെയിംസ് പഴയാറ്റില്‍ ഉദ്ഘാടനം ചെയ്തു. ലോര്‍ഡ്സ് അക്കാദമി മാനേജിംഗ് ഡയറക്ടര്‍ രഞ്ജിത്ത് കെ.ആര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് പ്രതിനിധി ശ്രീരൂപ രാമനാഥന്‍, ലോര്‍ഡ്സ് അക്കാദമി ഓര്‍ഗനൈസിംഗ് സെക്രട്ടറി അജോ ജോണ്‍സന്‍ തുടങ്ങിയവര്‍ സംസാരിച്ചു .
|
|

|
| ഇരിങ്ങാലക്കുട മേഖലയില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം തുടരുന്നു ; എടക്കുളത്ത് പള്ളി ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച |
|
എടക്കുളം ; ഒരിടവേളക്ക് ശേഷം ഇരിങ്ങാലക്കുട മേഖലയില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇത്തവണ മോഷണം നടന്നത് എടക്കുളം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നത്. പുല്ലൂരില്‍ പള്ളി ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടന്നു ദിവസങ്ങള്‍ക്കകമാണ് എടക്കുളത്ത് സമാന രീതിയില്‍ മോഷണം അരങ്ങേറിയത്.ഈ രണ്ടു സംഭവങ്ങളിലും മോഷ്ടാവ് അവലംബിച്ച രീതികളില്‍ സമാനതകളേറെയാണ്. സമീപകാലത്ത് തന്നെ വല്ലക്കുന്ന് കപ്പെളയിലും മോഷണം നടന്നിരുന്നു. കഴിഞ്ഞ വര്‍ഷവും മണ്‍സൂണ്‍ കാലത്ത് ഇരിങ്ങാലക്കുട മേഖലയിലെ ആരാധനാലയങ്ങളില്‍ തുടര്‍ച്ചയായി മോഷണം നടന്നിരുന്നു. തിരുസ്വരൂപത്തിനു സമീപം സ്ഥാപിച്ചിരുന്ന ഭണ്ടാരമാണ് പള്ളിയുടെ മുന്നിലെ ജനല്‍ കമ്പി വളച്ച് അകത്തു കയറിയ മോഷ്ടാവ് കുത്തി തുറന്നത്. രാവിലെ പള്ളിയിലെത്തിയ കൈക്കാരന്‍ ബേബിയാണ് മോഷണം നടന്നത് അറിഞ്ഞത്. തുടര്‍ന്ന് കാട്ടൂര്‍ പോലീസില്‍ വിവരമറിയിച്ചു. കാട്ടൂര്‍ എസ്.ഐ.സോണി മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.
|
|

|
| എട്ടരലക്ഷം വിനിയോഗിച്ചില്ല ; ജില്ലാ പഞ്ചായത്ത് റോഡ് വെള്ളത്തിനടിയില്‍ ; കുളി കഴിഞ്ഞ് നാട്ടുകാര്‍ കോടതിയിലേക്ക് |
|
കാട്ടൂര്‍ : ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥമൂലം കാട്ടൂര്‍ എസ്.എന്‍.ഡി.പി ഹൈസ്കൂള്‍ റോഡ് ശോചനീയാവസ്ഥയില്‍ . മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടിലായ റോഡ് സഞ്ചാര യോഗ്യമാക്കിയില്ലെങ്കില്‍ അധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നാട്ടുകാര്‍. ഇതിന്റെ ഭാഗമായി നാട്ടുകാര്‍ റോഡിലെ വെള്ളക്കെട്ടില്‍ കുളിച്ച് പ്രതിഷേധിച്ചു. കാട്ടൂര്‍ ഗവ.സ്കൂളിലെക്കും പോമ്പേ സെന്റ് മേരീസ് സ്കൂളിലേക്കും നിരവധി വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന റോഡാണിത്. കാട്ടൂര്‍ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഏക റോഡു കൂടിയാണിത്. കാറളം, വെള്ളാനി പ്രദേശങ്ങളിലുള്ളവര്‍ക്ക് കാട്ടൂര്‍ മാര്‍ക്കറ്റിലെക്കും മറ്റും എത്താനുള്ള എളുപ്പ മാര്‍ഗമാണ് രണ്ടു കിലോ മീറ്ററോളം വരുന്ന ഈ റോഡ്. നാട്ടിക ഫര്‍ക്ക കുടിവെള്ള പദ്ധതിക്കായി വെള്ളാനിയില്‍ നിന്നുള്ള പൈപ്പുകള്‍ ഈ റോഡിലൂടെയാണ് കടന്നു പോകുന്നത്. പൈപ്പുകള്‍ മാറ്റുന്നതിനായി മാസങ്ങള്‍ക്ക് മുന്‍പ് പൊളിച്ചിരുന്നു. പുതിയ പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചിട്ടും തകര്‍ന്ന റോഡ് ഗതാഗതയോഗ്യമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. റോഡിന്റെ അറ്റകുറ്റപ്പണിക്കായി 8 ,50 ,000 രൂപ വാട്ടര്‍ അതോറിറ്റി ജില്ലാ പഞ്ചായത്തിന് കൈമാറിയിരുന്നു. ഇത് എവിടെയെന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒരു രൂപവുമില്ല . ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥരാണ് നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി . ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ബസ് റൂട്ടുള്ള ഈ റോഡിന്റെ നിര്‍മ്മാണത്തിനായി ടെണ്ടര്‍ നടപടി ആരംഭിക്കാന്‍ പോലും സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥ രുടെ അനാ സ്ഥ ക്കെ തിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സമീപവാസികള്‍
|
|

|
|
last updated
9:10am,
JULY 25th 2010 |