ബസുകളില്‍ എയ്റോണ്‍ സംബന്ധിച്ച പരാതിയിന്മേല്‍ കോടതി മുമ്പാകെ വിശദീകരണം നല്‍കാന്‍ ആര്‍.ടി.ഒ വിനോട് ഉത്തരവ്
ഇരിങ്ങാലക്കുട: തൃശൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നീ റൂട്ടുകളിലെ ബസുകള്‍ എയ്റോണ്‍ ഉപയോഗിക്കുന്നതിനെതിരെ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സി.എം.പി 7532 /08 നമ്പറായി ഇരിങ്ങാലക്കുടയിലുള്ള ജിജോയ്.പി.ആര്‍ പരാതി ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസിനോട് ക്രൈം രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ 2008 ല്‍ ഉത്തരവിടുകയും ഉണ്ടായി. എന്നാല്‍ പോലീസ് കേസന്വേഷിക്കാതെ ബസുകളില്‍ എയ്റോണ്‍ ഉപയോഗിക്കുന്നില്ല എന്ന റിപ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കോടതി ജിജോയുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തി അതിനെക്കുറിച്ച് വേണ്ട നടപടികള്‍ എടുക്കുന്നതിനായി റിജീണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലേക്ക് 2011 ജനുവരി 20 ന് നിര്‍ദ്ദേശം നല്‍കി ഉത്തരവായിട്ടുള്ളതാണ്. എന്നാല്‍ നാളിതുവരെ യാതൊരു റിപ്പോര്‍ട്ടുകളോ അന്വേഷണമോ നടത്താത്തതിനെ തുടര്‍ന്ന് ആര്‍.ടി.ഒ വിനോട് അതിന്റെ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫാസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പി.എന്‍ .സീത ഉത്തരവിട്ടത്. കോടതി മുമ്പാകെ ഫെബ്രുവരി 9 ന് നേരിട്ട് ഹാജരാകാന്‍ ആര്‍.ടി.ഒ വിനോട് ഉത്തരവായിട്ടുള്ളതാണ്. ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ എയ്റോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളതും മോട്ടോര്‍ വാഹന നിയമം അനുസരിച്ച് കുറ്റകരവും ശിക്ഷാര്‍ഹാവുമാണ്. ബസുകളില്‍ സ്പീഡ് ഗവര്‍ണ്ണര്‍ ഘടിപ്പിക്കത്തവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരനുവേണ്ടി അഡ്വ.പി.പ്രമോദ്, അഡ്വ.പി.മണികണ്ഠന്‍ , അഡ്വ.രശ്മി പ്രമോദ് എന്നിവര്‍ ഹാജരായി.
സബ് ജയിലില്‍നിന്ന് കാല്‍നടക്കാര്‍ക്ക് ശല്യമാകുന്ന രീതിയില്‍ മാലിന്യമൊഴുകുന്നു, മുനിസിപ്പാലിറ്റിക്ക് നിസംഗത
ഇരിങ്ങാലക്കുട: മാലിന്യപ്രശ്നം രൂക്ഷമായ ഇരിങ്ങാലക്കുടയില്‍ കോടതിവിധിയെ തുടര്‍ന്ന് ഹോട്ടലുകളുടെയും മറ്റും പൊതുകാനയിലേക്ക് മാലിന്യം ഒഴുക്കിവിടുന്ന പൈപ്പുകള്‍ സിമന്റ് ഇട്ട് അടക്കുന്ന നഗരസഭാ അധികൃതര്‍ പക്ഷെ നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന സബ് ജയിലില്‍ നിന്നും മാലിന്യം പുറത്തേക്ക് ഒഴുകി കാല്‍നടക്കാര്‍ക്ക് ശല്യമാകുന്നതിനെതിരെ നിസംഗത പാലിക്കുന്നുവെന്ന പരാതി ഉയരുന്നു. ഠാണാവിലെ സബ് ജയിലില്‍നിന്നും പൈപ്പ് പുറത്തേക്ക് തള്ളി നടപ്പാതയില്‍ മാലിന്യം വീഴുന്ന രീതിയിലാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. ഇതുവഴി പോകുന്ന കാല്‍നടക്കാരുടെ മേല്‍ മാലിന്യം തെറിക്കാറുണ്ട്. മഴവെള്ളം ഒഴികെ മറ്റു മാലിന്യങ്ങള്‍ പൊതുകാനയിലേക്ക് ഒഴുക്കാന്‍ പാടില്ലെന്ന നിയമം ഒരു സര്‍ക്കാര്‍ സ്ഥാപനം തെറ്റിക്കുന്നതിന് എതിരെ നഗരസഭാ നടപടി എടുക്കാത്തതിലാണ് പ്രതിഷേധം. എന്നാല്‍ ഗുരുതര മാലിന്യപ്രശ്നം ഉണ്ടാകുന്ന ഹോട്ടലുകളുടെ മാലിന്യപൈപ്പുകള്‍ അടക്കുകയാണ് പ്രഥമ പരിഗണനയെന്നും അതിനുശേഷം മുറക്ക് മറ്റുള്ളവയും അടക്കുമെന്ന് നഗരസഭാ ആരോഗ്യവിഭാഗം ഇതേപറ്റിയുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മാള ഗവ.ഐ.ടി.ഐയില്‍ വിദേശ രാജ്യങ്ങളില്‍ ജോലി സാധ്യതയുള്ളതും നോര്‍ക്ക റൂട്ട് സിന്റെ സഹകരണത്തോടെ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ് എന്ന ഹ്രസ്വകാലകോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എട്ടാംക്ളാസ് പാസായിരി ക്കണം. അല്ലെങ്കില്‍ ഇംഗ്ളീഷ്ഭാഷയില്‍ പ്രാവീണ്യം 18വയസ്സ് തികഞ്ഞിരിക്കണം. അപേക്ഷ ഫെബ്രുവരി 10 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ 0480-2893121 എന്ന നമ്പറില്‍ നിന്ന് ലഭിക്കും