ഓര്‍മ്മക്കുറിപ്പ്
ഉമ്മര്‍ ഫാറൂഖ്.വി.എം , കരൂപ്പടന്ന, സൗദി
അറേബ്യ
ഇരുവശത്തും
പടര്‍ന്ന് കാടുപിടിച്ച് നില്‍ക്കുന്ന
വേലികള്‍. ഇടവഴികള്‍
നേരെച്ചെന്നവസാനിക്കുന്നത് നെല്‍പാടത്തിലാണ്.
നെല്ലെല്ലാം വിളഞ്ഞ് മകരകൊയ്ത്തും
കാത്തുകിടക്കുന്നു. വിശാലമായ നെല്‍പാടം -
മഞ്ഞപുതപ്പ് പുതച്ചപോലെ ആണ്. വയല്‍
കടന്നുവേണം സ്കൂളിലെത്താന്‍ . വയല്‍
മദ്ധ്യേ വീതികൂടിയ വരമ്പുണ്ട്. വരമ്പിന്
നടുവില്‍ ഒരു വഴിച്ചാലും. ആള്‍
സഞ്ചാരത്താല്‍ പുല്ല് മാഞ്ഞ് മണല്‍
പുറത്തായി കിടക്കുന്ന വഴിച്ചാല്‍ പാമ്പ്
പോകുന്നതുപോലെ വളഞ്ഞും പുളഞ്ഞും പോകുന്നത്
അങ്ങ് ദൂരെവരെ കാണാം. വരമ്പത്ത് നിരനിരയായി
നില്‍ക്കുന്ന തെങ്ങുകള്‍ ഗ്രാമത്തിന്റെ
പ്രതാപം വിളിച്ചറിയിച്ച് തലയെടുപ്പോടെ നില്‍ക്കുന്നു.
തേങ്ങ തിങ്ങിനില്‍ക്കുന്നത് കൊണ്ടാകാം
തെങ്ങിന്‍തല ഓരോവശത്തേക്ക്
ചെരിഞ്ഞിരിപ്പുണ്ട്. പന്തല്‍പോലെ വിടര്‍ന്ന്
നില്‍ക്കുന്ന പച്ചയോലകള്‍. പച്ചയോലകളില്‍
ഉറികള്‍ തൂങ്ങികിടക്കുന്നത് പോലെ
കിളിക്കൂടുകള്‍ കാണാം. കൊയ്തുകാലങ്ങളില്‍
എങ്ങുനിന്നോ ദേശാടനം ചെയ്തുവരുന്ന
കുഞ്ഞാറ്റക്കിളികളുടെതാണ് കൂടുകള്‍.
കൊയ്തുകാലത്തെത്തുകയും കൊയ്ത്തുകഴിഞ്ഞ്
പാടങ്ങള്‍ കാലിയാകുന്നതോടെ അവ
അപ്രത്യക്ഷമാവുകയും ചെയ്യും. കൂടുകളില്‍നിന്നും
തലപുറത്തിട്ടിരിക്കുന്ന കുഞ്ഞുകിളികള്‍
എല്ലാ ദിക്കിലേക്കും തലവെട്ടിച്ച്
നോക്കുന്നത് കാണാം. പാടത്തുനിന്നും നെല്‍മണി
കൊണ്ടുവരാന്‍ പോയ അമ്മയെ
തിരക്കുന്നതായിരിക്കും.
പ്രകൃതി - സന്തോഷം ഇളംകാറ്റായെത്തുമ്പോള്‍
കൂടുകള്‍ പള്ളിമണി ആടുന്നതുപോലെ
ആടിയുലയുന്നത് കാണാം. സ്കൂള്‍ പിള്ളേര്‍
കൂട്ടില്‍ കല്ലെറിഞ്ഞ് കിളികള്‍
കൂട്ടത്തോടെ പറന്നകലുന്നതും നോക്കി
രസിക്കാറുണ്ട്. ഇതെല്ലാം കണ്ട് പ്രകൃതി
സന്തോഷിച്ചങ്ങനെയിരിക്കും. എന്തൊരു
സുന്ദരമായ പ്രകൃതി സൗന്ദര്യദൃശ്യമാണത്.
ഇന്നതെല്ലാം മാഞ്ഞുപോയിരിക്കുന്നു. വര്‍ഷങ്ങള്‍
പിന്നിട്ടപ്പോള്‍ കൊയ്ത്ത്
കാത്തുകിടക്കുന്ന നെല്‍പാടങ്ങളോ, ആള്‍ക്കാര്‍
പോകുന്ന പാടവരമ്പുകളോ, നിരനിരയായ്
നിന്നിരുന്ന തെങ്ങുകളോ അതില്‍
കൂടുവെച്ചിരുന്ന കുഞ്ഞാറ്റക്കിളികളോ
ഇന്നെങ്ങും കാണാനില്ലാതായി. പ്രകൃതിയുടെ
അമര്‍ഷം ഒരു തേങ്ങലായി കേള്‍ക്കുന്നുണ്ട്.
എന്നന്നേക്കുമായി മാഞ്ഞുപോയ ആ പ്രകൃതി
മനോഹരദൃശ്യം ഏതാനും ചില മനുഷ്യ മനസുകളില്‍
ഇന്നും മായാതെ കിടക്കുന്നു.