കാലിത്തീറ്റ കമ്പനിയിൽ നിന്നുള്ള മാലിന്യങ്ങൾ കണ്ണമ്പുഴ പാടവും മുരിയാട് ചിറയെയും മലിനമാക്കുന്നു

മുരിയാട് : കല്ലേറ്റുംക്കരയിലെ കാലിത്തീറ്റ ഫാക്റ്ററിയിൽ ഉത്പാദനത്തിന് ശേഷം കൂട്ടിയിട്ടിരിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ മാലിന്യ ശേഖരത്തിൽ മഴയെ തുടർന്ന് ഊർന്നിറങ്ങിയ ജലം സമീപ തോടുകളിലൂടെ കണ്ണമ്പുഴ പാടത്തും അതിനു ശേഷം ജനസാന്ദ്രതയുള്ള മേഖലയിലെ തോടുകളിലൂടെ ഒഴുകി മുരിയാട് ചിറയിൽ എത്തിച്ചേർന്ന് മലിനമാക്കുന്നു. ചോളം ചീഞ്ഞ മണവും കറുത്തിരുണ്ട നിറവുമാണ് തോടുകളിലൂടെ ഒഴുകുന്ന വെള്ളത്തിന്. കഴിഞ്ഞ ദിവസം തോട്ടിലെ ചെറുമീനുകളും ഇവിടെ ചത്തു പൊന്തിയ നിലയിൽ കാണപ്പെട്ടിരുന്നു.


കുടിവെള്ളത്തിന് ഒഴിച്ച് മറ്റു ആവശ്യങ്ങൾക്ക് സമീപ പ്രദേശങ്ങളിലെ ആളുകൾ ഈ തോട്ടിലെ വെള്ളത്തിനെയാണ് ആശ്രയിച്ചിരുന്നത്. ഇപ്പോൾ വെള്ളം ദേഹത്ത് വീണാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായി നാട്ടുകാർ പരാതിപ്പെട്ട് തുടങ്ങിയീട്ടുണ്ട് ഈ മേഖലയിൽ പെടുന്ന മുരിയാട് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ജസ്റ്റിനും ആളൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ഷാജനും സ്ഥലം സന്ദർശിച്ച് നിജ സ്ഥിതികൾ ബോധ്യപ്പെട്ടിട്ടുള്ളതാണ്.

മാസങ്ങൾക്കു മുൻപും ഇതുപോലെ മലിന ജലം ഒഴുകിയപ്പോൾ നാട്ടുകാർ കമ്പനിയിൽ സംഘടിച്ചെത്തി പ്രശ്ന പരിഹാരത്തിന് ആവശ്യമുന്നയിച്ചിരുന്നു. അധികൃതർ വേണ്ടത്ര ശ്രദ്ധ ഈ കാര്യത്തിൽ പുലർത്തിയില്ലെങ്കിൽ ഈ മേഖലയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നുള്ള ആശങ്കയിലാണ് നാട്ടുകാർ.

Leave a comment

743total visits,2visits today

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top