ഗസല്‍ ഈണങ്ങളിലൂടെ ഇരിങ്ങാലക്കുടയെ കീഴടക്കി ഷഹബാസ് പെയ്തിറങ്ങി

ഇരിങ്ങാലക്കുട : ഷഹബാസ് അമൻ പാടുകയല്ല മറിച്ച് മനുഷ്യമനസ്സുകളിലേക്ക് പെയ്തിറങ്ങുകയായിരുന്നു ഇരിങ്ങാലക്കുടയിലെ വർഷകാലസന്ധ്യയിൽ. സംഗമഭൂമിയെ പുളകമണിയിച്ച് ആ ആലാപനം കർണ്ണാടക ഹിന്ദുസ്ഥാനി അപൂർവ സംഗീതധാരകളെ സമന്വയിപ്പിച്ച് സംഗീതപ്രേമികൾക്കുള്ള വിലതീരാത്ത വിരുന്നു തന്നെയായിരുന്നു സേവ് ഇരിങ്ങാലക്കുട സംഘടിപ്പിച്ച പരിപാടി. ഗൃഹാതുരത്തിന്റെ വാതിൽ തുറന്ന ഈ സംഗീത നിശയിൽ ഉത്തരഭാരതത്തിലെ മൺമറഞ്ഞ മഹാപ്രതിഭകളുടെ അനശ്വരമായ ഓർമ്മകൾ പ്രതിഫലിപ്പിച്ചുകൊണ്ടാണ് ഷഹബാസ് തന്റെ ദൗത്യം നിറവേറ്റിയത്.

ഹേമന്ദ് കുമാർ, മന്നാഡേ, മഹമൂദ് തുടങ്ങിയവർ ആത്മസമർപ്പണം നടത്തിയ ഖയാലുകളുടെ തിരിനാട്ടാലും, പുതുപ്പിറവിയും ഇരിങ്ങാലക്കുടക്ക് പുതിയൊരനുഭവമായിരുന്നു. സംഗീതം സാന്ത്വനമാണെന്നും അതിന്റെ അതിർത്തികൾ ആത്മാവിന്റെ അന്തരാളങ്ങൾ വരെയാണെന്നും അനുവാചകൻ അനുഭവിച്ചറിഞ്ഞു. ബാബുരാജ് എന്ന ബാബുക്കയും മറ്റും ചേർന്ന് കോഴിക്കോടൻ മണ്ണിൽ പറിച്ചുനട്ട ഈ സംഗീത പാരമ്പര്യം മലയാളത്തിന് ഒരു മയിലാഞ്ചി മൊഞ്ചിന്റെ മനോഹാരിത പകർന്നുനൽകി. പ്രണയം അനശ്വരമാണെന്നും പ്രയാഭേദമന്യേ സംഗീതത്തിന്റെ ചിറകിൽ പാറിപ്പറക്കുമ്പോൾ അനുഭൂതി അണപൊട്ടി ഒഴുകുമെന്നും എം സി പി കൺവെൻഷൻ സെന്ററിലെ നിറഞ്ഞ സദസ്സ് തന്നെ തെളിവ് നൽകി. ‘സേവ് ‘ എന്ന സന്നദ്ധ സംഘടനയുടെ സാന്ത്വനസ്പർശം കൂടിയായിരുന്നു ഈ പരിപാടി. നിരാലംബരായ രോഗികൾക്ക് സമാശ്വാസം അരുളുക എന്ന സദുദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ ആയിരങ്ങൾ സഹായഹസ്തവുമായി അണിനിൽക്കുമെന്ന ഉറപ്പുകൂടിയാണ് ഈ സംഗീതസായാഹ്നം തുറന്നുകാട്ടിയത്.

പ്രമുഖ കുച്ചിപ്പുടി നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധനായിരുന്നു ചടങ്ങിന്റെ അവതാരിക. സേവ് ഇരിങ്ങാലക്കുട നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം കൃഷി മന്ത്രി വി എസ് സുനിൽ കുമാർ നിർവ്വഹിച്ചു. ചീകിത്സക്കായുള്ള ആധുനിക ഉപകരണങ്ങൾ സേവ് പോലെയുള്ള സംഘടനകൾ സർക്കാർ ജനറൽ ആശുപത്രിക്കി നൽകുന്നതിലൂടെ രോഗികൾക്ക് മെച്ചമായ ചീകിത്സ പണം മുടക്കാതെ ഇത്തരം ആശുപത്രികളിൽ ലഭിക്കുമെന്നുള്ളത് നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ അദ്ധ്യക്ഷനായിരുന്നു. പ്രമുഖ ക്യാൻസർ വിദഗ്ധനായ ഡോ. ഗംഗാധരൻ ആമുഖ പ്രഭാഷണം നടത്തി. സർക്കാർ ആശുപത്രിക്കി വേണ്ടി സന്നദ്ധ സംഘടനയായ സേവ് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. സേവ് ചെയർമാൻ അബ്‌ദുൾ സമദ്, ഡോ. ഗംഗാധരനെ ആദരിച്ചു. തൃശൂർ എം പി സി എൻ ജയദേവൻ, ഇരിങ്ങാലക്കുട നഗരസഭ ചെയർ പേഴ്സൺ നിമ്മ്യ ഷിജു എന്നിവർ ആശംസകൾ നേർന്നു. സേവ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി അഡ്വ. പി ജെ ജോബി സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ മനീഷ് വി അരിക്കാട്ട് നന്ദിയും പറഞ്ഞു

Leave a comment

  • 37
  •  
  •  
  •  
  •  
  •  
  •  
Top