നെല്ല്സംഭരണം : സപ്ലൈകോയും മില്ലുടമകളും കർഷകരെ ചൂഷണം ചെയുന്നു – കോൾകർഷകർ

ഇരിങ്ങാലക്കുട : കോൾ കർഷകരെ സപ്ലൈകോ യും മില്ലുടമകളും ഒത്തു ചേർന്ന് ചൂഷണം ചെയുന്നത് പരിഹാരം കാണാതെ സർക്കാർ അവലംബിക്കുന്ന മൗനത്തിൽ കർഷകർക്ക് പ്രതിഷേധം. കരുവന്നൂർ പുഴയുടെ തെക്കുഭാഗത്തെ കോൾ കർഷകർ തൃശൂർ ജില്ലാ കോൾകർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 16 തിയതി കിഴുത്താണി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ കോൾകർഷക കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് പത്ര സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. ജില്ലാ കോൾകർഷക സംഘം പ്രസിഡന്റ് എൻ എം ബാലകൃഷ്‌ണൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ ഉദ്‌ഘാടനം നിർവ്വഹിക്കുന്നു.

കോൾകർഷകർ ഉത്പാദിപ്പിക്കുന്ന നെല്ല് വിറ്റഴിക്കുന്നതിന് വേണ്ടി വരുന്ന ബുദ്ധിമുട്ടുകളും പ്രാഥമിക ചിലവുകളും ഇപ്പോൾ വഹിച്ചു കൊണ്ടിരിക്കുന്നത് കൃഷിക്കാരാണ്. കൃഷിക്കാരിൽ നിന്നും നേരിട്ട് നെല്ലെടുക്കുന്നത് മില്ലുടമകളാണ് പ്രാഥമികചിലവുകൾക്കായ് സർക്കാർ ഏജൻസിയായ സപ്ലൈക്കോയിൽ നിന്നും ഒരു കിലോ നെല്ലിന് 49 പൈസ നൽകി വരുന്നു. നെല്ല് ചാക്കിലാക്കുന്നതിനും തൂക്കം നോക്കുന്നതിനും ഒരു കിലോക്ക് 37 പൈസയും വണ്ടിയിൽ കയറ്റുന്നതിന് 12 പൈസയും സപ്ലൈക്കോ മില്ലുടമകൾക്ക് നൽകുന്നുണ്ടെങ്കിലും ഈ ജോലികളെല്ലാം കർഷകരെകൊണ്ട് ചെയ്യിച്ചും 12 പൈസ മാത്രമാണ് മില്ലുടമകൾ കർഷകർക്ക് നൽകുന്നത്.

സപ്ലൈക്കോ യും മില്ലുടമകളും തമ്മിലുള്ള കരാറനുസരിച്ച് വാഹനം വരുന്ന സ്ഥലത്ത് നെല്ല് എത്തിച്ചു കൊടുക്കേണ്ടതായ ബാധ്യത മാത്രമാണ് കൃഷിക്കാർക്കുള്ളത്. സപ്ലൈകോ യും മില്ലുടമകളും നടത്തുന്ന ഈ ചൂഷണത്തിലും ഒത്തുകളിയിലും കൃഷിക്കാർക്കുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതിന് അടുത്ത ഘട്ടം മുതൽ കൃഷിയിറക്കേണ്ടതില്ലെന്ന് കൃഷിക്കാർ തീരുമാനിച്ചിട്ടുള്ളതായി പത്രസമ്മേളനത്തിൽ ഭാരവാഹികളറിയിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top